21 September Thursday

ഒന്നാമതാകാൻ വിളംബരം

സ്വന്തം ലേഖികUpdated: Wednesday Sep 7, 2022


കോഴിക്കോട്‌
കൂടുതൽ വായനക്കാരിലൂടെ മലയാളത്തിലെ ഒന്നാമത്തെ  വർത്തമാനപത്രമായി മാറാനുള്ള വിളംബരം മുഴക്കി ദേശാഭിമാനിയുടെ എൺപതാം വാർഷികാഘോഷത്തിന്‌ തിരിതെളിഞ്ഞു. കൂടുതൽ പ്രൊഫഷണൽ മികവോടെ,  കൂടുതൽ വായനക്കാരിലേക്ക്‌  എന്ന ദൗത്യത്തിലേക്ക്‌ ഇനി ദേശാഭിമാനിയുടെ സഞ്ചാരം. തലകുനിക്കാതെയും നട്ടെല്ല്‌ വളയ്‌ക്കാതെയും മുട്ടിലിഴയാതെയും സഞ്ചരിച്ച മാധ്യമ നൈതികതയുടെ 80 വർഷങ്ങളിൽനിന്നുള്ള പുതിയ കുതിപ്പിനാണ്‌ ദേശാഭിമാനിയുടെ ജന്മദേശത്തെ ആഘോഷം സാക്ഷിയായത്‌. ജനതയുടെ അവകാശപോരാട്ടങ്ങളിലും വേദനകളിലും ആശങ്കകളിലും ഒപ്പമുണ്ടായിരുന്ന നാടിന്റെ ജിഹ്വയോടുള്ള വികാരവായ്‌പായിരുന്നു കാലിക്കറ്റ്‌ ട്രേഡ്‌ സെന്ററിലേക്കുള്ള ജനാവലിയുടെ ഒഴുക്ക്‌. വർഗീയ ഫാസിസത്തിനെതിരെ കണ്ണിമയ്‌ക്കാതെ കാവൽനിൽക്കുകയും വിട്ടുവീഴ്‌ചയില്ലാതെ പൊരുതുകയും ചെയ്യുന്ന അക്ഷരനേരിനോടുള്ള ഐക്യപ്പെടലായിരുന്നു എൺപതാം പിറന്നാളിന്‌ സാക്ഷിയായ ജനസഞ്ചയം.

ചൊവ്വ പകൽ 2.30 ഓടെ നാടിന്റെ കലകൾ അരങ്ങിലെത്തിയാണ്‌ ജനസഞ്ചയത്തെ വരവേറ്റത്‌. ഓണനാളുകളിലെ തിരക്കും മഴയും റോഡിലെ മാർഗതടസ്സങ്ങളും വകവയ്‌ക്കാതെ ഉച്ചതൊട്ടേ  ജനം ഒഴുകിയെത്തി. കോഴിക്കോട്‌ യാസിർ കുരിക്കളും സംഘവും അവതരിപ്പിച്ച കോൽക്കളിയും പീതാംബരൻ പന്തീരാങ്കാവും സംഘവും ഒരുക്കിയ തിറയാട്ടവും അരങ്ങുണർത്തി.  ദേശാഭിമാനി മുദ്രാഗാനത്തിന്‌ കലാമണ്ഡലം വിദ്യാർഥിനികൾ ദൃശ്യാവിഷ്‌കാരമൊരുക്കി. കഥകളിയും കുച്ചിപ്പുടിയും ഭരതനാട്യവും മോഹിനിയാട്ടവും ചേർന്ന നൃത്തരൂപങ്ങളുടെ സമന്വയമായിരുന്നു ഇത്‌. 


 

മുഖ്യമന്ത്രി ഉൾപ്പെടെയുള്ള അതിഥികൾ ദേശാഭിമാനിയെന്ന വാർത്താജിഹ്വയുടെ ചരിത്രവും വർത്തമാനവും അനുസ്‌മരിച്ചാണ്‌ സംസാരിച്ചത്‌.  പ്രിയഎഴുത്തുകാരൻ എംടി മനുഷ്യരുടെ അതിജീവനപ്പോരാട്ടത്തെ നയിക്കാൻ ദേശാഭിമാനിയുടെ സാന്നിധ്യത്തെയാണ്‌ ഓർമപ്പെടുത്തിയത്‌. ഉദ്‌ഘാടനസമ്മേളനത്തിന്‌ ശേഷം അരങ്ങേറിയ ഹരീഷ്‌ ശിവരാമകൃഷ്‌ണൻ നയിച്ച  അകം ബാൻഡിന്റെ മെഗാമ്യൂസിക്കൽ ഇവന്റിനെ സംഗീതത്തിന്റെ ദേശമായ കോഴിക്കോട്‌ ആർപ്പുവിളികളോടെയാണ്‌ വരവേറ്റത്‌. ലോകമെമ്പാടും ആരാധകരുള്ള പ്രിയപാട്ടുകാരനൊപ്പം പാടുകയായിരുന്നു സദസ്സ്‌. 

പത്രം വായിക്കുന്ന സാധാരണ മനുഷ്യർ  മുതൽ സാമൂഹ്യരാഷ്ട്രീയ സാംസ്‌കാരിക മേഖലകളിലെ പ്രമുഖർ വരെ സദസ്സിലുണ്ടായിരുന്നു. വ്യവസായ പ്രമുഖർ, മാധ്യമപ്രവർത്തകർ, ജനപ്രതിനിധികൾ,  കലാകാരന്മാർ, പത്ര ഏജന്റുമാർ, വിതരണക്കാർ തുടങ്ങി ദേശാഭിമാനിയെ സ്‌നേഹിക്കുന്നവർ ഒന്നായി സദസ്സിൽ നിറഞ്ഞു.

തിറയാട്ടത്തിൽ 
പെൺചുവട്‌
സ്ത്രീകൾക്ക്‌ അന്യമായ തിറയാട്ട വേദിയിലും പെൺചുവടുകൾ നിറഞ്ഞു. ദേശാഭിമാനി എൺപതാം വാർഷികം ഉദ്‌ഘാടനവേദിയിലാണ്‌ പെൺകുട്ടി വേഷമിട്ട്‌ തിറയാടിയത്‌. പീതാംബരനും സംഘവും അവതരിപ്പിച്ച തിറയാട്ടത്തിൽ കലാമണ്ഡലത്തിൽ നൃത്തം അഭ്യസിക്കുന്ന തൃശൂർ സ്വദേശിനി സീതയാണ്‌ ചമയങ്ങളണിഞ്ഞെത്തിയത്‌. സ്‌ത്രീ കഥാപാത്രങ്ങളെയടക്കം പുരുഷൻമാർ അവതരിപ്പിക്കുന്ന രീതിയാണ്‌ തിറയാട്ടത്തിലുള്ളത്‌. എന്നാൽ പതിവ്‌ തെറ്റിച്ച്‌ പെൺകുട്ടി അരങ്ങിലെത്തിയപ്പോൾ നിറഞ്ഞ കൈയടി. അധ്യാപക വിദ്യാർഥിയായ സീത നൃത്തപരിശീലനത്തിന്റെ ഇടവേളയിലാണ്‌ പീതാംബരന്റെ അടുത്തുനിന്ന്‌ തിറയാട്ടത്തിന്റെ രീതികൾ പഠിച്ചെടുത്തത്‌. വിജിൽരാജ്‌, വിഷ്ണു, ഷിജിൻ എന്നിവരും വേഷമിട്ടു.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top