07 June Sunday

‘‘എല്ലാം കത്തിയ മണം ഇപ്പോഴും അവിടെയുണ്ട്‌’’-

വെബ് ഡെസ്‌ക്‌Updated: Saturday Mar 7, 2020

ഡൽഹിയിലെ കലാപബാധിത പ്രദേശങ്ങൾ സന്ദർശിച്ച സുപ്രീംകോടതി മുൻ ജഡ്‌ജി കുര്യൻ ജോസഫിന്റെ അനുഭവസാക്ഷ്യം

ഡൽഹിയിലെ കലാപബാധിത പ്രദേശങ്ങൾ സുപ്രീംകോടതി മുൻ ജഡ്‌ജിമാരായ വിക്രംജിത്‌ സെൻ, എ കെ പട്‌നായിക്ക്‌ എന്നിവർക്കൊപ്പം സന്ദർശിച്ചു. ഹൃദയം തകരുന്ന നിരവധി രംഗങ്ങൾക്ക്‌ സാക്ഷിയായി. വീട്‌ നഷ്ടപ്പെട്ടവർ, വിവാഹത്തിന്‌ ഒരുക്കിവച്ച ആഭരണങ്ങളും പണവും നഷ്ടമായവർ, ഉപജീവനമാർഗം ഇല്ലാതായവർ, വാഹനങ്ങൾ നഷ്ടപ്പെട്ടവർ–- അങ്ങനെ നിരവധി പേരോട്‌ സംസാരിച്ചു. 

വിലപ്പെട്ടതെല്ലാം കത്തിക്കരിഞ്ഞ ദയനീയ ദൃശ്യങ്ങളാണ്‌ എങ്ങും.  ഹൃദയഭേദകമാണ്‌ ദുരിതാശ്വാസക്യാമ്പുകളിലെ ദൃശ്യങ്ങൾ. അവർക്ക്‌ തിരിച്ചുപോകാൻ പേടിയാണ്‌. എവിടേക്ക്‌ പോകുമെന്നും അറിയില്ല. പോയിട്ട്‌ കാര്യമില്ല. താമസിക്കാൻ പറ്റിയ സാഹചര്യവുമല്ല. നാശനഷ്ടങ്ങൾക്കു പുറമെ പല വീടുകളും കൊള്ളയടിച്ചു. പല സ്‌ത്രീകൾക്കും അവരുടെ പുരുഷന്മാർ എവിടെയാണെന്ന്‌ അറിയില്ല.  പരിക്കേറ്റവരെയും പഠനോപകരണങ്ങൾ നഷ്ടമായ കുട്ടികളെയും കണ്ടു.




ഇനിയെന്തുചെയ്യണം
സംസ്ഥാന, ദേശീയ നിയമസേവന അതോറിറ്റികളുടെയും ഗൗരവതരമായ ഒരിടപെടൽ കാണാൻ കഴിഞ്ഞില്ല. അവർ  ഉണർന്ന്‌ പ്രവർത്തിക്കേണ്ട സമയമാണിത്‌. ഒട്ടേറെ എൻജിഒകൾ അവിടെ പ്രവർത്തിക്കുന്നുണ്ട്‌. എല്ലാം ഏകോപിപ്പിക്കുന്ന ഔദ്യോഗിക സംവിധാനം ആവശ്യമുണ്ട്‌. രേഖകൾ നഷ്ടപ്പെട്ടവർക്ക്‌ അത്‌ ഉണ്ടാക്കിക്കൊടുക്കണം. അർഹമായ നഷ്ടപരിഹാരം ഉറപ്പാക്കണം. അതിന്‌, ലീഗൽ സർവീസ്‌ അതോറിറ്റിയുടെ ഹെൽപ്‌ ഡെസ്‌ക്‌ അവിടെ ഉണ്ടായിരുന്നെങ്കിൽ വലിയ വ്യത്യാസം ഉണ്ടാകുമായിരുന്നു.

അഭിഭാഷകരുടെ സാന്നിധ്യത്തിലൂടെ ആളുകൾക്ക്‌ വലിയ ആശ്വാസം കിട്ടും. അഭിഭാഷകസംഘടനകൾവഴി കൂടുതൽ അഭിഭാഷകർ കലാപബാധിത മേഖലകളിൽ ചെല്ലണം. ഡൽഹിയിലെ നിയമവിദ്യാലയങ്ങളിലെ അധ്യാപകരും വിദ്യാർഥികളും അവിടെ എത്തണം. ഭരണഘടനാമൂല്യങ്ങളും പൗരന്മാരെന്ന നിലയിലുള്ള അവകാശങ്ങളും കടമകളും മനസ്സിലാക്കാൻ കലാപപ്രദേശങ്ങളിലെ സന്നദ്ധപ്രവർത്തനംപോലെ വലിയ അനുഭവപാഠം വേറെ ഉണ്ടാകില്ല. ഇന്ത്യ എന്നാൽ മതമോ ജാതിയോ വർണമോ ഭാഷയോ അല്ലെന്ന്‌ മനസ്സിലാക്കാൻ ഇതിലും വലിയ അവസരമില്ല.



 


പ്രധാന വാർത്തകൾ
 Top