08 April Wednesday

‘ഭീകര വിജയം’

വെബ് ഡെസ്‌ക്‌Updated: Wednesday Feb 12, 2020


ന്യൂഡൽഹി
തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിലുടനീളം കെജ്‌രിവാൾ ഭീകരനാണെന്നു സ്ഥാപിക്കാൻ വിയർത്ത ബിജെപിക്കാർ ഫലം വന്നതോടെ തുറന്നുസമ്മതിച്ചു–- ‘കെജ്‌രിവാളിന്‌ ഡൽഹി സമ്മാനിച്ചത്‌ ഭീകരജയംതന്നെ’. സാധാരണക്കാരുടെ മുഖ്യമന്ത്രിയെന്നും ഡൽഹി കുടുംബങ്ങളിലെ മൂത്തമകനെന്നും മഫ്ലർ മനുഷ്യനെന്നും വിശേഷണങ്ങളുള്ള കെജ്‌രിവാൾ ഹാട്രിക്‌ ജയത്തിലൂടെ ഇന്ത്യൻ രാഷ്ട്രീയത്തിൽ തന്റെ സ്ഥാനമുറപ്പിച്ചു. 2013 ഡിസംബറിൽ 45–-ാം വയസ്സിൽ ഡൽഹിയുടെ പ്രായംകുറഞ്ഞ രണ്ടാമത്തെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞചെയ്‌ത അമ്പത്തിയൊന്നുകാരൻ. രാഷ്ട്രീയത്തിൽ എളുപ്പവഴികളില്ലെന്ന്‌ ഉറച്ചുവിശ്വസിക്കുന്നു.

അഴിമതിവിരുദ്ധതയ്‌ക്കൊപ്പം സാമൂഹ്യസേവന താൽപ്പര്യവുംകൂടി ചേർന്നപ്പോൾ ആദ്യം എൻജിനിയറും പിന്നെ ആദായനികുതിവകുപ്പിൽ ജോയിന്റ്‌ കമീഷണറുമായിരുന്ന കെജ്‌രിവാൾ രാഷ്ട്രീയത്തിൽ സജീവമായി. വിവരാവകാശനിയമത്തെക്കുറിച്ചുള്ള ബോധവൽക്കരണവും കോമൺവെൽത്ത്‌ ഗെയിംസിലെ അഴിമതിക്കെതിരായ പ്രക്ഷോഭവും രാഷ്ട്രീയത്തിലേക്കുള്ള  വഴിതുറന്നു. അണ്ണാ ഹസാരെയ്‌ക്കും കിരൺ ബേദിക്കുമൊപ്പം അഴിമതിക്കെതിരെ നടത്തിയ പോരാട്ടത്തിനുശേഷം 2012 നവംബറിൽ ആം ആദ്‌മി പാർടി രൂപീകരിച്ചു.


 

2013ലെ തെരഞ്ഞെടുപ്പിൽ ന്യൂഡൽഹി മണ്ഡലത്തിൽ ഷീല ദീക്ഷിത്തിനെ 25,864 വോട്ടിന്‌ പരാജയപ്പെടുത്തി. കോൺഗ്രസിന്റെ പിന്തുണയോടെ അധികാരത്തിൽ എത്തിയെങ്കിലും 49 ദിവസത്തിനുശേഷം രാജിവച്ചു.

കോൺഗ്രസിന്റെ നിസ്സഹകരണത്തെതുടർന്ന്‌ ജൻ ലോക്‌പാൽ ബിൽ പാസാക്കാൻ സാധിക്കാത്തതിൽ രോഷം പ്രകടിപ്പിച്ചായിരുന്നു രാജി. 2014ൽ മോഡിക്കെതിരെ വാരാണസിയിൽ മത്സരിച്ച്‌  പോരാട്ടവീര്യം പ്രകടിപ്പിച്ചു. 2015ലെ തെരഞ്ഞെടുപ്പിൽ ആം ആദ്‌മിക്ക്‌ 67 സീറ്റ്‌ നൽകി ഡൽഹി വിശ്വാസം പ്രകടിപ്പിച്ചു.

യോഗേന്ദ്രയാദവും അശുതോഷും പ്രശാന്ത്‌ ഭൂഷണും മറ്റും ആം ആദ്‌മി വിട്ടത്‌ തിരിച്ചടിയായി. കൊടുങ്കാറ്റിൽ ഉലയാതെ ക്ഷേമപ്രവർത്തനങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ കെജ്‌രിവാളിന്‌ കഴിഞ്ഞു. വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിലെ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ മൂന്നാംവട്ടവും കെജ്‌രിവാളിന്‌ മുഖ്യമന്ത്രിക്കസേര ഉറപ്പാക്കാൻ സഹായിച്ചു. ഐആർഎസ്‌ പരിശീലനകാലയളവിൽ പരിചയപ്പെട്ട സുനിതയാണ്‌   ജീവിതപങ്കാളി. ഹർഷിത, പുൽകിത്‌ എന്നിവർ മക്കൾ.


പ്രധാന വാർത്തകൾ
 Top