18 February Monday

നാസിക്കിൽ നിന്നുയർന്നത് നിലനിൽപ്പിനുള്ള പോരാട്ടം: ഡോ. ഡി എൽ കരാഡ്

സുജിത്‌ ബേബിUpdated: Saturday Mar 24, 2018

കോഴിക്കോട് > കേന്ദ്രസർക്കാരിനും മഹാരാഷ്ട്ര സർക്കാരിനും എതിരെ ആഞ്ഞടിച്ച കർഷകപ്രക്ഷോഭത്തിന്റെ പ്രഭവകേന്ദ്രമായിരുന്നു നാസിക്. മഹാരാഷ്ട്രയുടെ പാതയോരങ്ങളെ പ്രകമ്പനം കൊള്ളിച്ച മഹാപ്രവാഹം ആരംഭിച്ച നാസിക്കിൽനിന്നാണ് ഡോ. ഡി എൽ കരാഡ് സിഐടിയു ജനറൽ കൗൺസിലിനെത്തിയത്. വൈദ്യവിദ്യാർഥിയായിരിക്കെ വിദ്യാർഥി പ്രസ്ഥാനത്തിന്റെ കരുത്തുറ്റ നേതാവായി. പിന്നീട് മഹാരാഷ്ട്രയിലെ തൊഴിലാളി സമരങ്ങൾക്ക് നേതൃത്വം നൽകി. കർഷകരും തൊഴിലാളികളും നടത്തുന്ന യോജിച്ച പോരാട്ടത്തിന് നേതൃത്വം നൽകുന്ന പ്രധാനികളിൽ ഒരാളാണ് അദ്ദേ.

വ്യാവസായികമായി മുന്നേറിയ സംസ്ഥാനമായിട്ടും ഇവിടെ ഗ്രാമങ്ങളിൽ ജനജീവിതം ദുരിതപൂർണമാണ്. നഗരത്തിന്റെ തിളക്കം തൊഴിലാളികളുടെയും കർഷകരുടെയും ജീവിതത്തിനില്ല. സർക്കാർ നയങ്ങളും തീരുമാനങ്ങളും മൂലം തകർത്തെറിയപ്പെട്ടെ ജനത ചെങ്കൊടിയേന്തി പിടിച്ചുനിൽക്കാനുള്ള അവസാന പോരാട്ടമാണ് നടക്കുന്നത് സിഐടിയു മഹാരാഷ്ട്ര സംസ്ഥാന ജനറൽ സെക്രട്ടറി കൂടിയായ ഡോ. കരാഡ് 'ദേശാഭിമാനി'യോട് പറഞ്ഞു.

30 ലക്ഷത്തിലധികം വ്യാവസായിക തൊഴിലാളികൾ മാത്രം മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിലുണ്ട്. സ്വകാര്യവൽക്കരണവും കരാർവൽക്കരണവും  തൊഴിലാളികളുടെ സ്ഥിതി ദയനീയമാക്കി. വ്യവസായ സ്ഥാപനങ്ങളിൽ സ്ഥിരം നിയമനം വേണ്ട എന്നതാണ് സർക്കാർ നിലപാട്. നിയമന നിരോധനമാണ് നിലനിൽക്കുന്നത്. മൂന്ന് ലക്ഷം തസ്തികയാണ് ഒഴിഞ്ഞുകിടക്കുന്നത്. ബജറ്റിൽ പ്രഖ്യാപിച്ച ഒഴിവുകൾ പോലും നികത്തുന്നില്ല. 85 ശതമാനത്തിൽ അധികമാണ് സംസ്ഥാനത്തെ സാക്ഷരതാ നിരക്ക്. നിരവധി പ്രൊഫഷണൽ വിദ്യാർഥികൾ എല്ലാ വർഷവും പുറത്തിറങ്ങുന്നുണ്ട്. ഇവരിൽ ഭൂരിഭാഗവും തൊഴിൽരഹിതരാണ്.എല്ലാ വിഭാഗം തൊഴിലാളികളും സമരപാതയിലാണ്. 40 ദിവസം നീണ്ട സമരവും പിന്നീട് 20 ദിവസം നീണ്ട സമരവും നടന്നു. കർഷകരുടെയും തൊഴിലാളികളുടെയും യോജിച്ച പോരാട്ടത്തിനാണ് സിഐടിയു നേതൃത്വം നൽകുന്നത്. വിദ്യാർഥികളും യുവജനങ്ങളും സ്ത്രീകളുമെല്ലാം ഈ പോരാട്ടത്തിലുണ്ട്.

ലോങ്മാർച്ചിന് ശേഷം വർധിത വീര്യത്തോടെയും ആവേശത്തോടെയുമാണ് തൊഴിലാളികൾ പ്രക്ഷോഭ രംഗത്തേക്ക് എത്തുന്നത്. ലോങ് മാർച്ച് ആരംഭിച്ച നാസിക് മുതൽ മുംബൈ വരെ ഭക്ഷണവും വെള്ളവും ഉൾപ്പെടെ എല്ലാ സഹായങ്ങളുമായി തൊഴിലാളികളും രംഗത്തുണ്ടായിരുന്നു. സംസ്ഥാന സർക്കാരിന്റെ ഭാഗമായ ശിവസേന ഉൾപ്പെടെ  പരസ്യമായി പിന്തുണച്ചത് ഭാവിയിൽ സർക്കാർവിരുദ്ധ സമരങ്ങൾ ആളിപ്പടരും എന്നതിന്റെ സൂചനയാണ് ഡോ. കരാഡ് പറഞ്ഞു.

പോരാളികളുടെ ഡോക്ടർ
കോഴിക്കോട് > ആതുര സേവന രംഗത്തുനിന്നും തൊഴിലാളി സമരങ്ങളുടെ തീച്ചൂളയിലേക്ക് എത്തിയ പോരാളിയാണ് സിഐടിയു മഹാരാഷ്ട്ര സംസ്ഥാന സെക്രട്ടറിയും സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗവുമായ ഡോ. ഡി എൽ കരാഡ്. വിദ്യാഭ്യാസകാലത്തെ സമരതീക്ഷ്ണമായ അനുഭവങ്ങളിലൂടെയാണ് അദ്ദേഹം രാഷ്ട്രീയ രംഗത്ത് എത്തുന്നത്.

മഹാരാഷ്ട്രയിൽ സ്വാതന്ത്ര്യാനന്തരം നടന്ന കർഷക-തൊഴിലാളി സമരങ്ങൾക്ക് നേതൃത്വം നൽകിയ ഗംഗാധർ അപ്പാ ബുറാണ്ഡെ എന്ന കമ്യൂണിസ്റ്റ് നേതാവിന്റെ പ്രവർത്തന ശൈലി ഇടതുപക്ഷ മനസ്സ് രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്ക് വഹിച്ചു. ബുറാണ്ഡെ ആരംഭിച്ച സ്‌കൂളിലായിരുന്നു ആദ്യകാല വിദ്യാഭ്യാസം. പിന്നീട് മെഡിക്കൽ വിദ്യാഭ്യാസത്തിന് ഔറംഗാബാദിലെത്തിയ അദ്ദേഹം എസ്എഫ്‌ഐയുടെ സജീവ പ്രവർത്തകനായി. 1975 ൽ എസ്എഫ്‌ഐ ഭാരവാഹിയുമായി. പൂർണ സമയ സിഐടിയു പ്രവർത്തകനായി പ്രവർത്തിക്കുമ്പോഴും ആതുര സേവനരംഗത്തും സജീവം. 103 കേസുകൾ തനിക്കെതിരെ നിലവിലുണ്ടെന്നും അതിൽ ഒന്നിൽ കീഴ്‌ക്കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. ആറ് മാസം തുടർച്ചയായി ജയിൽശിക്ഷ അനുഭവിച്ചു. ഹൈക്കോടതിയാണ് ശിക്ഷ ഇളവുചെയ്തത്.

 

പ്രധാന വാർത്തകൾ
 Top