25 April Thursday

അറുപത്തിയാറിലും അഭ്യാസി

സി ജെ ഹരികുമാര്‍Updated: Tuesday Apr 3, 2018


സൈക്കിളില്‍ എന്തൊക്കെ അഭ്യാസങ്ങളാണ് റഷീദ് ഇക്ക കാണിക്കുക എന്ന് ചോദിച്ച് കഴിഞ്ഞില്ല, അറുപത്തിയാറുകാരനായ സൈക്കിള്‍ രാജന്‍ എന്ന തോണ്ടമണ്ണില്‍ റഷീദ് ഇട്ടാവട്ടമുള്ള മുറ്റത്തേക്ക് ചാടിയിറങ്ങി സൈക്കിളിന്റെ ഹാന്‍ഡിലില്‍ ഇരിപ്പുറപ്പിച്ചു. അയ്യോ മതി, ചുറ്റും നിന്നവര്‍ക്ക് ഭയം പെരുവിരലിലൂടെ അരിച്ചുകയറുന്നു. ഇല്ല കഴിഞ്ഞിട്ടില്ല ജിംനാസ്റ്റിക്‌സ് ചെയ്യുന്ന  ചെറുപ്പുക്കാരായ യുവാക്കളെ നാണിപ്പിക്കും വിധം രാജന്‍ സൈക്കിളിന്റെ മുന്‍ ടയറില്‍ കൈകള്‍ ഊന്നി കാലുകള്‍ ആകാശത്തേക്ക് ഉയര്‍ത്തി. സമീപത്ത് കളിച്ചുകൊണ്ടിരുന്ന  കുട്ടികളെല്ലാം ഇത് കണ്ട് അദ്ദേഹത്തിന്റെ ചുറ്റും കൂടി. ഇതാണ് സൈക്കിള്‍ രാജന്‍.  സൈക്കിളാണ് രാജന് എല്ലാം. അറുപത്തിയാറിന്റെ തെല്ല് ശാരീരിക വിഷമതകള്‍ ഉണ്ടെങ്കിലും സൈക്കിളില്‍ കയറുമ്പോള്‍ ഇരുപതുകാരനായി മാറുമെന്ന്  രാജന്‍ തന്നെ സാക്ഷ്യപ്പെടുത്തുന്ന

സൈക്കിള്‍ അഭ്യാസത്തോടുള്ള പ്രണയം


തന്റെ 14ാം വയസില്‍ പത്തനംതിട്ട അനുരാഗ് തീയേറ്റര്‍ സ്ഥിതിചെയ്യുന്നിടത്ത് സൈക്കിള്‍ യഞ്ജക്കാരന്‍ ആറ്റിങ്ങല്‍ ഗോപിയുടെ സൈക്കിള്‍ അഭ്യാസം കാണാനിടയായതാണ് റഷീദിനെ സൈക്കിള്‍ രാജന്‍ ആക്കി മാറ്റിയതിന് കാരണം. സൈക്കിള്‍ ഓടിക്കുമായിരുന്നെങ്കിലും ഗോപിയുടെയും അനുജന്‍ രാജന്റെയും അഭ്യാസങ്ങള്‍ തലയ്ക്ക് പിടിച്ചെന്ന് റഷീദ് എന്ന സൈക്കിള്‍ രാജന്‍ പറയുന്നു. ആറ്റിങ്ങല്‍ ഗോപി പത്തനംതിട്ട വിട്ടപ്പോള്‍ റഷീദും ഒപ്പം പോയി. ആദ്യം അഞ്ചല്‍, പിന്നീട് പലസ്ഥലങ്ങളിലും. തുടര്‍ന്ന് അവരില്‍ ഒരാളായി അഭ്യാസിയായി മാറി. നാല് വര്‍ഷത്തിന് ശേഷമാണ് തിരിച്ചെത്തിയത്. പിന്നീട് ജീവിത പ്രാരാബ്ധങ്ങള്‍ കാരണം ഡ്രൈവറായി ജോലിയില്‍ പ്രവേശിച്ചു. ഇരുപത് വയസ് വരെ ഡ്രൈവര്‍ ജോലി തുടര്‍ന്നു. വീണ്ടും അഭ്യാസങ്ങളുടെ ലോകത്തേക്ക് ആരാധകരും തെരുവ് സര്‍ക്കസ് കമ്പനികളും കൂട്ടിക്കൊണ്ടുപോയി.

സൈക്കിള്‍ മാത്രമല്ല കാളവണ്ടിയും നെഞ്ചിലേറ്റും


ഏകദേശം ഏഴെട്ട് കിലോ വരുന്ന സൈക്കിള്‍ പല്ല് ഉപയോഗിച്ച് കടിച്ച് ഉയര്‍ത്തി നിര്‍ത്തും രാജന്‍. നിത്യാഭ്യാസി ആനയെ എടുത്തുയര്‍ത്തും എന്ന പഴമക്കാരുടെ ചൊല്ല് അന്വര്‍ഥമാക്കുന്നതാണ് രാജന്റെ ഈ പ്രകടനം. എട്ട് വര്‍ഷം കൊണ്ട് താന്‍ സ്വയം കണ്ടെത്തി പരിശീലിച്ച് എടുത്തതാണ് ഈ അഭ്യാസമെന്ന് രാജന്‍ പറയുന്നു. ആദ്യം രണ്ട് പല്ലുകളുടെ അറ്റം അടന്ന് പോയി. എന്നാല്‍, പിന്നീട് ഈ പല്ലുകള്‍ കൊണ്ട് തന്നെ സൈക്കിള്‍ എടുത്ത് ഉയര്‍ത്താനായി. ഡ്രൈവര്‍ ജോലി ഉപേക്ഷിച്ച് തെരുവോര സര്‍ക്കസുകാരുടെയും, ഡാന്‍സ് സംഘങ്ങളുടെ കൂടെയും കേരളം ചുറ്റിയ രാജന്‍ വിവിധ അഭ്യാസങ്ങള്‍ കാണിച്ച് കാണികളെ അമ്പരപ്പിക്കുകയും രസിപ്പിക്കുകയും ചെയ്തു.
  പതിനാല് ആളുകളെ കയറ്റിയ കാളവണ്ടി  അരച്ചാക്ക് കുപ്പിച്ചില്ലില്‍ കിടന്ന് നെഞ്ചിലൂടെ കയറ്റിയിറക്കുന്നത് അവയില്‍ ഒന്ന്. ഏത് നാട്ടിലാണെങ്കിലും അവിടുന്ന് ലഭിക്കുന്നതില്‍ ഏറ്റവും വലിയ ആട്ടുകല്ല് രണ്ടെണ്ണം നെഞ്ചില്‍ കയറ്റിവച്ച് അതില്‍ കരിങ്കല്ല് വച്ച് കൂടത്തിന് തല്ലിപ്പൊട്ടിക്കുന്നതായിരുന്നു ഇടക്കാലത്ത് രാജന്റെ പ്രധാന ഐറ്റം. എന്നാല്‍ തന്റെ പ്രകടനങ്ങള്‍ ജീവന് ഭീഷണിയുള്ളവയാണെന്ന് കാഴ്ചക്കാര്‍ തന്നെ സ്‌നേഹത്തോടെ പറഞ്ഞ് പിന്തിരിപ്പിക്കുമായിരുന്നുവെന്ന് രാജന്‍ പറയുന്നു. തന്റെ ജീവിക്കാനുള്ള അഭ്യാസങ്ങള്‍ കണ്ട് നെഞ്ച്‌പൊട്ടി കരഞ്ഞിട്ടുള്ള സ്ത്രീകള്‍ പലയിടത്തും ഉണ്ടായിരുന്നതായി രാജന്‍ പറയുന്നു. ബള്‍ബ് നെറ്റി ഉപയോഗിച്ച് അടിച്ചുപൊട്ടിക്കുക. കത്തുന്ന ബീഡി നാവിലേക്ക്  ഇട്ട് നാവ് പൊള്ളാതെയും കെട്ടുപോകാതെയും തിരികെ എടുക്കുക തുടങ്ങി നിരവധി നമ്പറുകളാണ് രാജന്റെ കൈയിലുള്ളത്.


അഭ്യാസത്തിലെ ഇടവേള


31ാം വയസില്‍ കുടുംബക്കാരുടെയും നാട്ടുകാരുടെയും നിര്‍ബന്ധവും മറ്റും കാരണം അഭ്യാസപ്രകടനങ്ങള്‍ രാജന്‍ അവസാനിപ്പിച്ചു. വീട്ടുകാരുടെ ഭയമായിരുന്നു പ്രധാന പ്രശ്‌നം. ചില സ്ഥലങ്ങളില്‍ പരിപാടികള്‍ സ്ഥിരമായി  നടത്തുമ്പോള്‍ ഭാര്യ വീടെടുത്ത് കൂടെ താമസിക്കുമായിരുന്നു. എന്നാല്‍ ഇതു വരെ തന്റെ ഒരു അഭ്യാസപ്രകടനവും കാണാന്‍ ഭാര്യ ഫാത്തിമാബീവി എത്തിയിട്ടില്ലെന്ന് രാജന്‍ പറയുന്നു.ഭാര്യ ഉള്‍പ്പെടെയുള്ളവരുടെ നിര്‍ബന്ധമാണ് അഭ്യാസപ്രകടനങ്ങള്‍ നിര്‍ത്താന്‍ കാരണമായത്. പിന്നീട് വിവിധ ജോലികള്‍ ചെയ്താണ് ജീവിച്ചത്. കൃഷി, കയ്യാലപ്പണി, ഡ്രൈവര്‍ തുടങ്ങി രാജന്‍ കൈവയ്ക്കാത്ത മേഖലകള്‍ വിരളമാണ്. ഷിഹാസ്, ഷാനവാസ്, ഷീജ എന്നീ മൂന്ന് മക്കളാണുള്ളത്. എല്ലാവരും വളര്‍ന്ന് വലുതായി സ്വന്തം കാലില്‍ നില്‍ക്കുന്നു.

മൂന്നര പതിറ്റാണ്ടിന് ശേഷമുള്ള തിരിച്ചുവരവ്


മുപ്പത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം കഴിഞ്ഞവര്‍ഷമാണ് രാജന്‍ വീണ്ടും അഭ്യാസപ്രകടനങ്ങള്‍  കാണിച്ച് തുടങ്ങിയത്. ചെറിയൊരു പന്തയത്തിന്റെ ആവേശത്തില്‍ തുടങ്ങിയതാണെങ്കിലും താനിപ്പോഴും ചെറുപ്പമാണെന്ന വിശ്വാസമാണ്  അഭ്യാസത്തിലേക്ക്  തിരികെ വരാനായതെന്ന്് രാജന്‍ പറയുന്നു. കണ്ണങ്കരമുക്കില്‍ ഒരു ദിവസം വൈകിട്ട് ചെന്നപ്പോള്‍ ഒരു സുഹൃത്താണ് പഴയ സൈക്കിള്‍ അഭ്യാസം ഒന്നുമില്ലേ എന്ന് ചോദിച്ച് പരിഹസിച്ചത്.അതോടെ വാശിയായി. ഹെര്‍ക്കുലീസ് സൈക്കിളിന്റെ ബോഡി വളരെ കഷ്ടപ്പെട്ട് സംഘടിപ്പിച്ച് നന്നാക്കി എടുത്തു. യാത്രാ സൈക്കിളില്‍ അഭ്യാസം കാണിച്ചാലേ തന്റെ പ്രദര്‍ശനത്തില്‍ തട്ടിപ്പില്ലെന്ന് വ്യക്തമാകൂ എന്നാണ് രാജന്റെ പക്ഷം. കണ്ണങ്കരയില്‍ അഭ്യാസ പ്രകടനം നടത്തിയതോടെ വീണ്ടും പലയിടത്തു നിന്നും വിളികള്‍ വരാന്‍ തുടങ്ങി. പിന്നെ കൂടുതല്‍ അസുഖം വരാതിരിക്കാന്‍ അഭ്യാസമാണ് നല്ലതെന്ന് രാജനും തോന്നി.

അപകടസാധ്യത കൂടുതല്‍; പരിശീലനം മാത്രം പോംവഴി

അപകടസാധ്യത വലിയരീതിയിലുള്ള അഭ്യാസങ്ങളാണ് താന്‍ കാണിക്കാറുള്ളതെന്നും സ്ഥിരമായ പരിശീലനം മാത്രമാണ് ഇതിനുള്ള പോംവഴിയെന്നും രാജന്‍ പറയുന്നു. വര്‍ഷങ്ങള്‍ക്കൊണ്ട് താന്‍ സ്വായത്തമാക്കിയ മെയ്‌വഴക്കവും അഭ്യാസങ്ങളും ആരും അനുകരിച്ച് അപകടത്തില്‍ ചാടരുതെന്നും രാജന്‍ മുന്നറിയിപ്പ് നല്‍കുന്നു.

പേടി റോഡിലെ തിരക്ക് മാത്രം

നിലം തൊടാതെനിന്ന് എന്ത് അഭ്യാസം വേണേലും കാണിക്കുന്ന രാജന് ഇപ്പോള്‍ പേടിയുള്ളത് റോഡിലൂടെ അപകടകരമായ രീതിയില്‍ പായുന്ന വാഹനങ്ങളെ മാത്രം. കേരളത്തിലെ റോഡുകളില്‍ ജീവന്‍ കൈയില്‍ പിടിച്ച് വേണം വണ്ടി ഓടിക്കാനെന്ന് രാജന്‍ പറയുന്നു. കഴിഞ്ഞ ദിവസവും ലോറിയുമായി ചങ്ങനാശേരിയില്‍നിന്ന് ലോഡ് എടുക്കാന്‍ പോയി. ട്രാഫിക്ക് നിയമങ്ങള്‍ ഒന്നും അറിയാത്ത, പാലിക്കാത്ത ജനങ്ങളുടെ ഡ്രൈവിങ് മൂലം ഭയന്നാണ് താന്‍ വണ്ടി പത്തനംതിട്ടയില്‍ എത്തിച്ചത്.

അതിനാല്‍  ഓട്ടം പോകുന്നത് ഇപ്പോള്‍ കുറച്ചിരിക്കുകയാണെന്നും രാജന്‍ പറഞ്ഞു.  രാത്രി കാലത്ത് എതിരെ വരുന്ന വാഹനങ്ങള്‍ ലൈറ്റ് ഡിം ചെയ്യാത്തത് മൂലം തനിക്ക് കണ്ണിന് കാഴ്ചക്കുറവ് അനുഭവപെട്ട് തുടങ്ങിയെന്നും രാജന്‍ പറഞ്ഞു.

 

പ്രധാന വാർത്തകൾ
 Top