27 September Sunday

ഭൂമിയുടെ കാന്തിക മണ്ഡലത്തിലെ അപകടകരമല്ല വിള്ളല്‍

സാബു ജോസ്Updated: Thursday Nov 17, 2016


ഭൂമിയുടെ കാന്തികവലയത്തില്‍ വിള്ളലുണ്ടായോ?  ഈ വിള്ളല്‍ വലുതായാല്‍ കാന്തികവലയം ക്രമേണ അപ്രത്യക്ഷമാകുമോ? അഭ്യൂഹങ്ങള്‍ പലതും പരന്നെങ്കിലും പറയത്തക്ക പ്രത്യാഘാതങ്ങളുണ്ടാക്കുന്നതല്ല കഴിഞ്ഞവര്‍ഷം റെക്കോഡ് ചെയ്ത, അടുത്തയിടെ പുറത്തുവിട്ട പഠനറിപ്പോര്‍ട്ടുകള്‍്.

  സൌരവികിരണങ്ങളില്‍നിന്നും കോസ്മിക് കിരണങ്ങളുടെ ആക്രമണത്തില്‍നിന്നും ഭൂമിയെ സംരക്ഷിക്കുന്നത് ഭൂമിക്കുചുറ്റുമുള്ള കാന്തികമണ്ഡലമാണ്. വര്‍ഷങ്ങളെടുത്തായാലും കാന്തികമണ്ഡലം ഇല്ലാതായാല്‍ ഭൌമാന്തരീക്ഷത്തെ അതു സാരമായി ബാധിക്കും. അതാണ് ഇതു വലിയ ചര്‍ച്ചയായായത്.

എന്താണ് ഭൂമിയുടെ കാന്തികമണ്ഡലത്തിന് സംഭവിച്ചതെന്ന് പരിശോധിക്കാം. 2015 ജൂണ്‍ 22ന് ഭൌമാന്തരീക്ഷത്തിലേക്ക് വീശിയടിച്ച സൌരകൊടുങ്കാറ്റിന്റെ പ്രത്യാഘാതം റെക്കോഡ്ചെയ്ത ഗ്രേപ്സ്-3 മ്യുവോണ്‍ ടെലസ്കോപ്പ് പുറത്തുവിട്ട റിപ്പോര്‍ട്ടാണ് അഭ്യൂഹത്തിന് ആധാരം. മണിക്കൂറില്‍ 25 ലക്ഷം കിലോമീറ്ററാണ് ഈ സൌരകൊടുങ്കാറ്റിന്റെ വേഗം. സൂര്യന്റെ അന്തരീക്ഷമായ  കൊറോണയില്‍നിന്ന് സ്പേസിലേക്ക് പുറന്തള്ളുന്ന ദ്രവ്യപ്രവാഹമാണ് സൌരകൊടുങ്കാറ്റ് എന്ന് അറിയപ്പെടുന്നത്. പ്ളാസ്മയും, കോസ്മിക് കിരണങ്ങളും, അയോണുകളും ഉന്നത ഊര്‍ജനിലയിലുള്ള  കണികകളുമാണ് ഈ പ്രവാഹത്തിലുള്ളത്. ഇത്തരം സൌരവാതങ്ങള്‍ ഭൂമിയിലെത്തിയാല്‍ അത് ഭൌമജീവനെ ഉന്മൂലനംചെയ്യും. ഭൂമിക്കു ചുറ്റുമുള്ള കാന്തികമണ്ഡലമാണ് സൌരവാതങ്ങളെ തടഞ്ഞുനിര്‍ത്തുന്നത്.

ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ചിന്റെ നിയന്ത്രണത്തിലുള്ളതും ലോകത്തിലെ ഏറ്റവും വലുതും സംവേദനക്ഷമതയുള്ളതുമായ കോസ്മിക് റേ മോണിറ്ററാണ് ഊട്ടിയിലുളള ഗ്രേപ്സ്-3 മ്യൂവോണ്‍ ടെലസ്കോപ്പ്. ഗ്രേപ്സ്-3 റെക്കോഡ്ചെയ്ത ശാസ്ത്രജ്ഞര്‍ സൌരകൊടുങ്കാറ്റിന്റെ ആക്രമണം ഭൂമിയുടെ കാന്തികമണ്ഡലത്തെ ഭൂമിയുടെ വ്യാസാര്‍ധത്തിന്റെ നാലു മടങ്ങ് അളവില്‍ ചുരുക്കിയതായി കണ്ടെത്തി. ഈ കാരണത്താല്‍ ഭൂമിയുടെ കാന്തികമണ്ഡലത്തില്‍ വിള്ളലും ഉണ്ടായിട്ടുണ്ട്. എന്നാല്‍ അഭ്യൂഹങ്ങള്‍ പരക്കുന്നതുപോലെ അത്ര അപകടകരമല്ല ഇപ്പോള്‍ ഉണ്ടായിട്ടുള്ള വിള്ളല്‍. ചില പ്രദേശങ്ങളില്‍ ടെലിവിഷന്‍ സംപ്രേഷണത്തില്‍ തടസ്സങ്ങള്‍ നേരിട്ടിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനത്തിനും മനുഷ്യരില്‍ രോഗസാധ്യത വര്‍ധിപ്പിക്കുന്നതിനും ഇത് കാരണമാകുന്നുണ്ട്. ബഹിരാകാശസഞ്ചാരികളാണ്  ഏറെ ശ്രദ്ധിക്കേണ്ടത്. ബഹിരാകാശത്തുള്ള കൃത്രിമ ഉപഗ്രഹങ്ങളുടെ പ്രവര്‍ത്തനത്തെയും പ്രതികൂലമായി സ്വാധീനിക്കാന്‍ സാധ്യതയുണ്ട്.

എന്താണ് കാന്തികമണ്ഡലം
ഭൂകേന്ദ്രത്തില്‍നിന്ന് സ്പേസിലേക്ക് വ്യാപിച്ചുകിടക്കുന്ന കാന്തികമണ്ഡലമാണ് ജിയോ മാഗ്നറ്റിക് ഫീല്‍ഡ് അഥവാ ഭൂകാന്തിക ക്ഷേത്രം. 25 മുതല്‍ 65 മൈക്രോ ടെസ്ല (0.25 മുതല്‍ 0.65 ഗോസ്)വരെയാണ് ഈ മണ്ഡലത്തിന്റെ കാന്തികമാനം. കാന്തദണ്ഡില്‍നിന്നുള്ള കാന്തിക ബലരേഖകള്‍ക്ക് സമാനമാണ് ഈ കാന്തികബല രേഖകളും. ഭൂമിയുടെ ഉത്തരധ്രുവത്തില്‍നിന്ന് 10 ഡിഗ്രി ചരിഞ്ഞാണ് കാന്തികധ്രുവം സ്ഥിതി ചെയ്യുന്നത്. ഒരു കാന്തദണ്ഡ് സ്വതന്ത്രമായി തൂക്കിയിട്ടാല്‍ അത് തെക്കു വടക്ക് നില്‍ക്കുന്നത് ഈ കാന്തികമണ്ഡലംകാരണമാണ്. കാന്തദണ്ഡിന്റെ വടക്ക് എപ്പോഴും ഭൂമിയുടെ വടക്കോട്ട് ചൂണ്ടിനില്‍ക്കാന്‍ കാരണം ഭൂമിയുടെ കാന്തിക ദക്ഷിണധ്രുവം ഉത്തര ധ്രുവമേഖലയിലായതുകൊണ്ടാണ്. എന്നാല്‍ ഒരു കാന്തദണ്ഡില്‍നിന്ന് വ്യത്യസ്തമായി ഭൂമിയുടെ കാന്തികമണ്ഡലം എപ്പോഴും ചാഞ്ചാടിക്കൊണ്ടിരിക്കും. ഭൂകേന്ദ്രത്തിലെ ജിയോ ഡൈനമോയുടെ പ്രവര്‍ത്തനമാണ് ഇതിനു കാരണം. ഭൂമിയുടെ ഉറച്ച കേന്ദ്രവും (കോര്‍), അതിനുപുറമെയുള്ള ഉരുകിയ പാറയും, ഇരുമ്പിന്റെ ധാതുക്കളുമടങ്ങിയ മാന്റിലുമാണ്     ജിയോ  ഡൈനമോയുടെ പ്രവര്‍ത്തനത്തിനാധാരം. ഭൂമിയുടെ കാന്തികധ്രുവം കൃത്യമായി ഭൂമിശാസ്ത്രപരമായ ഉത്തര-ദക്ഷിണ ധ്രുവങ്ങളാകില്ല എന്നര്‍ഥം. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കിടയില്‍ കാന്തികധ്രുവങ്ങള്‍ തലതിരിയാറുമുണ്ട്. കാന്തികധ്രുവങ്ങള്‍ തലതിരിയുന്നതിന്റെ അടയാളങ്ങള്‍ ഭൌമാന്തര്‍ഭാഗത്തുള്ള ആഗ്നേയ ശിലകളില്‍ മുദ്രണം ചെയ്യപ്പെടും. ഫലകചലനത്തെക്കുറിച്ച് പഠിക്കുന്നതിന് സഹായകമാണ് ഈ അടയാളപ്പെടുത്തലുകള്‍.
 

സൌരവാതങ്ങള്‍ വീശുമ്പോള്‍
ഭൂമിയുടെ കാന്തികക്ഷേത്രത്തിന്റെ പ്രവര്‍ത്തനഫലമായി ഭൌമാന്തരീക്ഷത്തില്‍ അയണോസ്ഫിയറിനു മുകളില്‍ പതിനായിരക്കക്കിന് കിലോമീറ്റര്‍ വ്യാപിച്ചുകിടക്കുന്ന മേഖലയാണ് മാഗ്നറ്റോസ്ഫിയര്‍. സൌരവാതങ്ങള്‍ എന്ന ചാര്‍ജിതകണങ്ങളെയും കോസ്മിക് കിരണങ്ങളെയും തടഞ്ഞുനിര്‍ത്തുന്നതില്‍ മുഖ്യപങ്കു വഹിക്കുന്നത് മാഗ്നറ്റോസ്ഫിയറാണ്. സൌരവാതങ്ങള്‍ തീവ്രമാകുന്നത് മാഗ്നറ്റോസ്ഫിയറിനെ തകര്‍ക്കാറുണ്ട്. സൌരാന്തരീക്ഷമായ കൊറോണയില്‍നിന്ന് പുറന്തള്ളുന്ന ചാര്‍ജിത കണികകളുടെ പ്രവാഹമാണ് സൌരവാതങ്ങള്‍ എന്നറിയപ്പെടുന്നത്. സെക്കന്‍ഡില്‍ 200 മുതല്‍ 1000 കിലോമീറ്റര്‍വരെ വേഗത്തിലാണ് സൌരവാതങ്ങള്‍ വീശുന്നത്. സൌരവാതങ്ങളുടെ മര്‍ദവും ഭൂകാന്തിക ക്ഷേത്രത്തിന്റെ മര്‍ദവും തുല്യമാകുന്ന മേഖലയാണ് മാഗ്നറ്റോപോസ്. ഇവിടെയാണ് മാഗ്നറ്റോസ്ഫിയറിന്റെ അതിര്‍ത്തി. സൌരവാതങ്ങളുടെ പ്രഹരം കാരണം സൂര്യന് അഭിമുഖമായ വശത്ത് മാഗ്നറ്റോസ്ഫിയര്‍ ഭൂമിയുടെ വ്യാസാര്‍ധത്തിന്റെ 10 മടങ്ങും എതിര്‍വശത്ത് 200 മടങ്ങും വരെ വ്യാപിച്ചിരിക്കും. മാഗ്നറ്റോസ്ഫിയറിന്റെ ഉള്ളിലാണ് പ്ളാസ്മാസ്ഫിയര്‍ കാണപ്പെടുന്നത്. ഊര്‍ജനില കുറഞ്ഞ ചാര്‍ജിതകണങ്ങള്‍ (പ്ളാസ്മ) നിറഞ്ഞ മേഖലയാണിത്. ‘ഭൌമോപരിതലത്തില്‍നിന്ന് 60 കിലോമീറ്റര്‍മുതല്‍ 24,000 കിലോമീറ്റര്‍വരെയാണ്  ഈ മേഖല കാണപ്പെടുന്നത്. ഭൌമാന്തരീക്ഷ പാളിയായ അയണോസ്ഫിയറും ഈ മേഖലയിലാണുള്ളത്. പ്ളാസ്മാസ്ഫിയര്‍ ഭൂമിയെ ചുറ്റിക്കൊണ്ടാണിരിക്കുന്നത്. ടയറിന്റെ ആകൃതിയിലുള്ള ഏകകേന്ദ്രീകൃത നിരയായി കാണപ്പെടുന്ന മേഖലയാണ് വാന്‍ അലന്‍ റേഡിയേഷന്‍ ബെല്‍റ്റ്. 10 മില്യണ്‍ ഇലക്ട്രോണ്‍ വോള്‍ട്ട്വരെ ഉയര്‍ന്ന  ഊര്‍ജനിലയിലുള്ള അയോണുകളാണ് ഈ മേഖലയിലുള്ളത്. ഇന്നര്‍ ബെല്‍റ്റ് 1,000 മുതല്‍ 12,000 കിലോമിറ്റര്‍വരെയും ഔട്ടര്‍ബെല്‍റ്റ് 20,000 മുതല്‍ 60,000 കിലോമീറ്റര്‍വരെയും വിസ്താരമുള്ളതാണ്. സൌരപ്രതിഭാസങ്ങള്‍ കാരണം പല  ഇടങ്ങളിലും പ്ളാസ്മാസ്ഫിയറും വാന്‍ അലന്‍ റേഡിയേഷന്‍ ബെല്‍റ്റും കൂടിക്കലര്‍ന്നാണ് കാണപ്പെടുന്നത്.

സൌരവാതങ്ങളെ തടഞ്ഞുനിര്‍ത്തുന്നതിനൊപ്പം സൂര്യന്റെ കാന്തികമണ്ഡലമായ ഹീലിയോസ്ഫിയറില്‍നിന്നും മറ്റ് ബഹിരാകാശ സ്രോതസ്സുകളില്‍നിന്നും പുറപ്പെടുന്ന കോസ്മിക് കിരണങ്ങളെയും വഴിതിരിച്ചുവിടുന്നത് മാഗ്നറ്റോസ്ഫിയറാണ്. ചിലപ്പോഴെല്ലാം സൌരവാതങ്ങളിലെ ചാര്‍ജിതകണങ്ങള്‍ മാഗ്നറ്റോസ്ഫിയര്‍ തുളച്ചുകടക്കാറുണ്ട്. കാന്തികബലരേഖകളിലൂടെ അതിവേഗം മുന്നിലേക്കും പിന്നിലേക്കും ചലിക്കുന്ന ഈ കണങ്ങളിലെ പോസിറ്റീവ് ചാര്‍ജുള്ള അയോണുകള്‍ പടിഞ്ഞാറുവശത്തേക്കും നെഗറ്റീവ് അയോണുകള്‍ കിഴക്കുവശത്തേക്കുമാണ് സഞ്ചരിക്കുന്നത്.

അയോണുകളുടെ ഈ പ്രവാഹം ഭൂമിയുടെ കാന്തികക്ഷേത്രത്തെ ദുര്‍ബലപ്പെടുത്തുകയും അയണോസ്ഫിയറിനെ തുളച്ചുകടന്ന് ഭൌമാന്തരീക്ഷത്തിലുള്ള വാതകങ്ങളുടെ ആറ്റങ്ങളുമായി കൂട്ടിമുട്ടുകയും ചെയ്യും. വ്യത്യസ്ത വര്‍ണങ്ങള്‍ സൃഷ്ടിക്കുന്ന ഈ പ്രഭാവമാണ് ധ്രുവദീപ്തികള്‍ എന്നറിയപ്പെടുന്നത.് എക്സ് കിരണങ്ങള്‍ ഉത്സര്‍ജിക്കുന്നതിനും ഈ പ്രതിഭാസം കാരണമാകും. ഉത്തര ധ്രുവ മേഖലയില്‍ കാണപ്പെടുന്ന ധ്രുവദീപ്തിയെ അറോറ ബോറിയാലിസ് എന്നും ദക്ഷിണധ്രുവ ദീപ്തിയെ അറോറ ഓസ്ട്രാലിസ് എന്നുമാണ് വിളിക്കുന്നത്. കാന്തികബലരേഖകള്‍ കൂടുതല്‍ ശക്തമായ ധ്രുവമേഖലകളില്‍ മാത്രമാണ് ധ്രുവദീപ്തി പ്രത്യക്ഷമാകുന്നത്.

ജെയിംസ് വാന്‍ അലന്‍ എന്ന ജ്യോതിശാസ്ത്ര ഗവേഷകന്റെ പേരിലാണ് വാന്‍ അലന്‍ റേഡിയേഷന്‍ ബെല്‍റ്റ് അറിയപ്പെടുന്നത്. കാന്തികക്ഷേത്രമുള്ള എല്ലാ ഗ്രഹങ്ങള്‍ക്കുചുറ്റും ഇത്തരം റേഡിയേഷന്‍ ബെല്‍റ്റുകള്‍ രൂപംകൊള്ളും. ഊര്‍ജനില കൂടിയ ഇലക്ട്രോണുകളും പ്രോട്ടോണുകളുമാണ് വാന്‍ അലല്‍ ബെല്‍റ്റില്‍ കൂടുതലായി കാണപ്പെടുന്നത്. അല്‍ഫാ പാര്‍ട്ടിക്കിളുകളും (ഹീലിയം അണുകേന്ദ്രം) കാണപ്പെടുന്നുണ്ട്. വാന്‍ അലന്‍ ബെല്‍റ്റ് മറികടക്കുന്ന ബഹിരാശസഞ്ചാരികള്‍ക്കും കൃത്രിമ ഉപഗ്രഹങ്ങള്‍ക്കും ഈ മേഖലയിലുള്ള തീവ്രവികിരണങ്ങള്‍ അപകടം വിതയ്ക്കുന്നുണ്ട്.

ഭൌമധ്രുവങ്ങളിലൂടെ കടന്നുപോകുന്ന നേര്‍രേഖയാണ് ഭൌമഅച്ചുതണ്ട്. ഭൂമിയുടെ ഭ്രമണത്തിനുള്ള അച്ചുതണ്ടാണിത്. ഉത്തര-ദക്ഷിണ ധ്രുവങ്ങള്‍ക്ക് ലംബമായ തലത്തിലൂടെയാണ് ധ്രുവാംശരേഖകള്‍ കടന്നുപോകുന്നത്. ഭൌമാന്തരീക്ഷത്തിന്റെ ലംബതലത്തില്‍ ഭൂമിയുടെ ഉപരിതലത്തിലുള്ള ഒരു വൃത്തമാണ് ‘ഭൂമധ്യരേഖ. ഭൂമധ്യരേഖയിലൂടെ കടന്നുപോകുന്ന എല്ലാ ബിന്ദുക്കളും ഭൌമധ്രുവങ്ങളില്‍നിന്ന് തുല്യ അകലത്തിലാകും. ഭൂമിയുടെ കാന്തികധ്രുവങ്ങളിലൂടെ കടന്നുപോകുന്ന നേര്‍രേഖയാണ് കാന്തികഅക്ഷം. ഇത് ഭൂമധ്യരേഖയില്‍നിന്ന് 17 ഡിഗ്രി അകലത്തിലാകും. ഭൂമിയുടെ കാന്തിക ധ്രുവാംശരേഖകള്‍ ഭൂകാന്തത്തിന്റെ ഉത്തര-ദക്ഷിണ ധ്രുവങ്ങളിലുടെ ലംബദിശയിലാകും കടന്നുപോകുന്നത്. കാന്തികഅക്ഷത്തിന് ലംബമായ തലത്തിലുള്ള ഭൌമോപരിതലത്തിലുള്ള ഒരു വന്‍ വൃത്തമാണ് കാന്തികധ്രുവം. കാന്തിക മധ്യരേഖയിലെ എല്ലാ ബിന്ദുക്കളും കാന്തികധ്രുവങ്ങളില്‍നിന്ന് തുല്യ അകലത്തിലാകും. ഒരു പ്രത്യേക സ്ഥലത്തെ കാന്തികരേഖയ്ക്കും, ഭൂമധ്യരേഖയ്ക്കും ഇടയിലുള്ള കോണളവാണ് ആ പ്രദേശത്തെ ചരിവ്. അത് ഒരുസ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്ക് മാറിക്കൊണ്ടിരിക്കുന്നു. തുല്യ ചരിവുള്ള പ്രദേശങ്ങളെ ബന്ധിപ്പിച്ച് ഭൂപടങ്ങളില്‍ വരയ്ക്കുന്ന രേഖകളെ സമകോണിത (ഐസോഗോണിക്) രേഖകളെന്നും, ഒട്ടും ചരിവില്ലാത്ത പ്രദേശങ്ങളെ ബന്ധിപ്പിച്ച് വരയ്ക്കുന്ന രേഖകളെ നിഷ്കോണിക (അഗോണിക്) രേഖകളെന്നും പറയുന്നു. ഒരു പ്രദേശത്തെ ഭൂകാന്തത്തിന്റെ തിരശ്ചീന ഘട്ടത്തിന്റെയും ഭൂമിയുടെ പരിണത കാന്തികവലയത്തിന്റെയും ഇടയിലുള്ള കോണളവിനെ ആ പ്രദേശത്തിന്റെ ചരിവ് എന്നാണ് പറയുന്നത്. പൂജ്യം ചരിവുള്ള സ്ഥലങ്ങളിലൂടെ കടന്നുപോകുന്ന ബലരേഖകളെ അക്ളിനിക് രേഖകള്‍ എന്നും തുല്യ ചരിവുള്ള സ്ഥലങ്ങളില്‍ക്കൂടി കടന്നുപോകുന്നവയെ ഐസോക്ളിനിക് രേഖകള്‍ എന്നുമാണ് വിളിക്കുന്നത്. ഭൌമോപരിതലത്തിലുള്ള ഒരു സ്ഥലത്തെ ഭൂമിയുടെ തിരശ്ചീനതലത്തിലുള്ള മൊത്തം കാന്തികമണ്ഡലത്തെ തിരശ്ചീനഘടകം എന്നു പറയുന്നു. കാന്തിക കോംപസ് (വടക്കുനോക്കി യന്ത്രം), വെനേഷ്യന്‍ മാഗ്നറ്റോ മീറ്റര്‍ തുടങ്ങിയ ഉപകരണങ്ങള്‍ ഈ ഘടകത്തെ ആശ്രയിച്ചാണ് പ്രവര്‍ത്തിക്കുന്നത്.
പക്ഷികള്‍ക്കും, കടലാമകള്‍ക്കും, മറ്റു പല മൃഗങ്ങള്‍ക്കും ഭൂമിയുടെ കാന്തികക്ഷേത്രം തിരിച്ചറിയാന്‍കഴിയും. പക്ഷികളുടെ ദേശാടനത്തില്‍ കാന്തികമണ്ഡലം സ്വാധീനിക്കുന്നുണ്ട്. കന്നുകാലികള്‍, മാനുകള്‍ തുടങ്ങിയ മൃഗങ്ങള്‍ വിശ്രമിക്കുമ്പോള്‍ തെക്ക്-വടക്ക് ദിശയിലേക്കാണ്കിടക്കുന്നത്. കാന്തികബലരേഖകള്‍ ദുര്‍ബലമാകുന്നത് ദേശാടനപക്ഷികളുടെ ഗതിനിര്‍ണയത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.  


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top