17 August Wednesday

സമരമാണ്‌ ആയുധം, പോരാട്ടമാണ്‌ രാഷ്ട്രീയം

ഇ എൻ അജയകുമാർUpdated: Tuesday Nov 16, 2021

ജി രാമകൃഷ്ണൻ


ചെന്നൈ
കസ്‌റ്റഡി മരണത്തിനെതിരായ പ്രതിഷേധത്തിനപ്പുറം രാജാക്കണ്ണ്‌ കേസ്‌ ഉയർത്തിവിട്ട കുറേയേറെ ചോദ്യങ്ങളുണ്ട്‌. സിനിമയിൽ പൂരിപ്പിക്കാതെ വിട്ട ഈ ചോദ്യങ്ങളുടെ ഉത്തരംതേടിയുള്ള നിരന്തരപോരാട്ടമാണ്‌ തമിഴ്‌നാട്ടിലെ ഇടതുപക്ഷ രാഷ്ട്രീയ പ്രവർത്തനം. അതിനെ നയിക്കുന്നതാകട്ടെ സിപിഐ എമ്മും.

ഇത്തരം നിരവധി പ്രക്ഷോഭങ്ങൾക്ക്‌ നടുവിലാണ്‌ ഓരോ പാർടിപ്രവർത്തകനും.  ഒന്നോരണ്ടോ ദിവസംകൊണ്ട്‌ തീരുന്നതല്ല,  മാസങ്ങളോ വർഷങ്ങളോ നീളുന്നവയായിരുന്നു നീതിക്കും ന്യായത്തിനും വേണ്ടിയും അടിച്ചമർത്തലുകൾക്കുമെതിരായ  ഈ സമരങ്ങൾ. തമിഴകത്തിന്റെ മുക്കിലും മൂലയിലും നിരവധി സമരങ്ങൾ സിപിഐ എം ഏറ്റെടുത്തു. 99 ശതമാനത്തിലും വിജയിച്ചു. പിറകോട്ടടിയും ദുരിതവും ഭീഷണികളും എല്ലാം സഹിച്ച്‌ പാർടിയുടെ മഹത്തായ മുന്നേറ്റത്തിനൊപ്പം നീതിക്കായുള്ള പോരാട്ടവും മുന്നോട്ടുകൊണ്ടുപോയി.

രാജാക്കണ്ണ്‌ കേസിലും 1993മുതൽ 2016വരെനീണ്ട പോരാട്ടമായിരുന്നു  ഏറ്റെടുത്തത്‌. തൂത്തുക്കുടി ജില്ലയിലെ കൊടിയംകുളത്ത്‌ രണ്ടു സമുദായങ്ങൾ ഏറ്റുമുട്ടിയതിലെ ഇരകൾക്ക്‌ വേണ്ടി സുപ്രീം കോടതിയിൽിനിന്നാണ്‌ നീതി ലഭ്യമാക്കിയത്‌. 

തൂത്തുക്കുടി ജില്ലയിലെ പാർവതി, രത്‌നവേൽ നാടാർ, കുറുക്കാട്ടൂർ ശേഖർ, പൂവാനി ഗണേശൻ, സാത്താൻകുളം അരുൺഭാരത്‌, താളമുത്തു നഗർ വിൻസെന്റ്‌ എന്നിവർ ലോക്കപ്പിൽ കൊലചെയ്യപ്പെട്ടവരായിരുന്നു. ഈ കേസുകളും സിപിഐ എമ്മാണ്‌ നടത്തിയത്‌. താളമുത്തു നഗർ വിൻസെന്റ്‌ കൊല്ലപ്പെട്ടപ്പോൾ സംസ്ഥാന സെക്രട്ടറി എൻ ശങ്കരയ്യ നേരിട്ടെത്തി പ്രക്ഷോഭം നയിച്ചു.

വച്ചാത്തി ആദിവാസി ഗ്രാമത്തിൽ വനംവകുപ്പുകാരും പൊലീസും നടത്തിയ കൊടുംപീഡനവും ലോക്കപ്പ്‌ മർദനവും കോയമ്പത്തൂർ ചിന്നാമ്പതി ആദിവാസി കോളനിയിൽ വനംവകുപ്പുകാരുടെ കൊടിയ പീഡനവും  പുറംലോകത്തെത്തിച്ചതും സിപിഐ എമ്മായിരുന്നു.  തിരുവണ്ണാമല ജില്ലയിൽ 60 വർഷമായി അന്യമായിരുന്ന, ഇരുള വിഭാഗക്കാരൻ രാമന്റെ ഭൂമി തിരികെ വാങ്ങിനൽകി. 2019ന്‌ ആരംഭിച്ച കേസിൽ 2021 സെപ്‌തംബർ 30നാണ്‌ ഭൂമി തിരികെ നേടിയെടുത്തത്‌.

തിരുവള്ളൂർ ജില്ലയിലെ കുമ്മിഡിപൂണ്ടിക്കു  സമീപത്തെ ആത്തുപാക്കം പഞ്ചായത്ത്‌  പ്രസിഡന്റ്‌ ദളിതനായ അമൃതത്തിന്‌ സവർണ വിലക്കിനെതുടർന്ന്‌  സ്വാതന്ത്ര്യദിനത്തിൽ ദേശീയപതാക ഉയർത്താനായില്ല. സിപിഐ എം, അയിത്തോച്ചാടനമുന്നണി ഇടപെട്ടാണ്‌ അദ്ദേഹം പതാക ഉയർത്തിയത്‌.

മഴയും മലവെള്ളപ്പാച്ചിലും ആദിവാസികളുടെ കോളനിതന്നെ ഇല്ലാതാക്കിയപ്പോൾ കണ്ണീരൊപ്പിയതും സിപിഐ എമ്മായിരുന്നു.  പൊള്ളാച്ചിക്കടുത്ത വാൾപാറയിലെ 21 ആദിവാസി കുടുംബങ്ങൾക്ക്‌  ഭൂമിയും പട്ടയവും ലഭിക്കാൻ 2019 മുതൽ സമരത്തിലായിരുന്നു.

ആശ്രയം സിപിഐ എം മാത്രം
ജനസംഖ്യയിൽ ഒരു ശതമാനംമാത്രമാണ്‌ ആദിവാസികൾ. എവിടെ മോഷണം നടന്നാലും ആദിവാസികൾ അറസ്‌റ്റിലാവും. പിന്നെ കൊടിയ പീഡനമാകും നേരിടേണ്ടിവരിക. ഇതിനെതിരായി സിപിഐ എം മലൈവാഴ്‌വ്‌ മക്കൾ സംഘം രൂപീകരിച്ചു. സംഘം വിവിധതലത്തിൽ ഇടപെടുന്നുണ്ടെന്ന്‌  പൊളിറ്റ്‌ ബ്യൂറോ അംഗം ജി രാമകൃഷ്‌ണൻ പറഞ്ഞു. അടിച്ചമർത്തലിനെതിരെയും നീതി നിഷേധത്തിനെതിരെയും നിരന്തര പോരാട്ടത്തിലാണ്‌ ഞങ്ങൾ. തൂത്തുക്കുടിയിലെ നന്ദഗോപാൽ, പത്മിനി കേസ്‌, കമ്മാപുരം രാജാക്കണ്ണ്‌ കേസ്‌. കൊടിയങ്കുളം ജാതിസംഘർഷകേസ്‌ തുടങ്ങിയവ  സിപിഐ എം നടത്തിയതാണ്‌. എല്ലാറ്റിലും  ഇരകൾക്ക്‌ നീതിയും നഷ്ടപരിഹാരവും നേടിക്കൊടുക്കാൻ കഴിഞ്ഞതായി സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്‌ണൻ പറഞ്ഞു.

കേരളത്തിലെ ഇരുളർ  
കേരളത്തിൽ അട്ടപ്പാടിയിലാണ് ഇരുളർ ഏറെയുള്ളത്. തമിഴ്നാട്ടിലെ ഇരുളരുമായി ഭാഷയിലും ആചാരങ്ങളിലും മാത്രമാണ് സാമ്യം. തമിഴ്നാട്ടിനെ അപേക്ഷിച്ച് അട്ടപ്പാടിയിലുള്ളവർക്ക്‌ മികച്ച ജീവിതസാഹചര്യങ്ങളാണ്‌. അവകാശങ്ങളെയും ജീവിതത്തെയുംകുറിച്ച് ആത്മവിശ്വാസത്തോടെ സംസാരിക്കുന്നവരാണിവർ. സർക്കാർ സഹായങ്ങളും താമസിക്കാൻ നല്ല വീടുകളും  കൃഷിയുമുണ്ട്. വിദ്യാഭ്യാസ–-ചികിത്സാ സൗകര്യങ്ങളിലും മുന്നിലാണ്‌. ഇവരിൽ ഏറെപേർക്ക്‌ സർക്കാർ ജോലിയുമുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top