05 July Tuesday

രാമചന്ദ്ര ഡോം...അധസ്ഥിതരുടെ പോരാളി

എം പ്രശാന്ത്‌Updated: Sunday Apr 10, 2022

ഇ കെ നായനാർ നഗർ (കണ്ണൂർ)> ബംഗാളിലെ ഏറ്റവും പിന്നോക്ക പട്ടികജാതി ജനവിഭാഗമാണ്‌ ഡോമുകൾ. പരമ്പരാഗതമായി ശവങ്ങൾ മറവുചെയ്യുന്ന നാടോടി ജനവിഭാഗം. കടുത്ത ജാതിവിവേചനം നേരിടുന്നവർ. സവർണർ തൊട്ടുകൂടാത്തവരായി കണക്കാക്കുന്നവർ. സാമൂഹികമായും വിദ്യാഭ്യാസപരമായും ഇപ്പോഴും ഏറെ പിന്നോക്കം. സാക്ഷരത നാൽപ്പത്‌ ശതമാനം മാത്രം. എന്നാൽ എല്ലാ പ്രതികൂല സാഹചര്യങ്ങളോടും പോരടിച്ച്‌ ചെങ്കൊടി തണലിൽ ഡോം വിഭാഗത്തിലൊരാൾ പഠിച്ച്‌ ഉന്നത ബിരുദങ്ങൾ നേടി. ഡോം വിഭാഗത്തിൽ നിന്നുള്ള ആദ്യ എംബിബിഎസുകാരനായി. എംപിയായി. ഇപ്പോഴിതാ സിപിഐഎമ്മിന്റെ സമുന്നത സമിതിയായ പൊളിറ്റ്‌ബ്യൂറോയിൽ. ദളിത്‌ വിഭാഗത്തിൽ നിന്ന്‌ പിബിയിൽ എത്തുന്ന ആദ്യ വ്യക്തിയെന്ന നിയോഗം കൂടി ഏറ്റെടുക്കുകയാണ്‌ രാമചന്ദ്ര ഡോം എന്ന അറുപത്തിമൂന്നുകാരൻ.

രാഷ്ട്രീയ പ്രവർത്തനത്തിന്റെ തിരക്കുകൾക്കിടയിലും ഡോക്‌ടറുടെ കുപ്പായം ഡോം അഴിച്ചിട്ടില്ല. എപ്പോഴും സ്‌റ്റെതസ്‌കോപ്പ്‌ കൂടെയുണ്ടാകും. ബിർഭൂം ജില്ലയുടെ ആസ്ഥാനമായ സുരിയിലെ വീട്ടിൽ രാമചന്ദ്ര ഡോം എത്തുമ്പോഴെല്ലാം രോഗികളുടെ തിരക്കാണ്‌. ഫീസൊന്നും വാങ്ങാതെയുള്ള ചികിൽസ. കോവിഡ്‌ കാലത്തും ഡോം രോഗികളെ സൗജന്യമായി ചികിൽസിച്ചു. ഒപ്പം ഭക്ഷണവും അവശ്യവസ്‌തുക്കളും എത്തിക്കുന്നതടക്കം കോവിഡ്‌ ദുരിതാശ്വാസ പ്രവർത്തനങ്ങളിലും റെഡ്‌വളണ്ടിയർമാർക്കൊപ്പം മുന്നിലുണ്ടായിരുന്നു.

ബിർഭൂമിലെ ചില്ലാ ഗ്രാമത്തിൽ 1959 ഫെബ്രുവരി എട്ടിനാണ്‌ ജനനം. അച്‌ഛൻ പീരുപദ ഡോം മരപ്പണിക്കാരനായിരുന്നു. അമ്മ അചലബാല ഡോം. യാതനകൾ നിറഞ്ഞതായിരുന്നു കുട്ടിക്കാലം. കടുത്ത ദാരിദ്ര്യം. പഠനത്തിൽ മിടുക്കനായിരുന്ന ഡോം ജാതിവിവേചനങ്ങളെ കൂസാതെ മുന്നേറി. പഠനകാലത്ത്‌ എസ്‌എഫ്‌ഐയുടെ സജീവ പ്രവർത്തകൻ. കൊൽക്കത്തയിലെ എൻആർഎസ്‌ മെഡിക്കൽ കോളേജിലായിരുന്നു എംബിബിഎസ്‌ പഠനം. ഹോസ്‌റ്റൽ ഫീസിന്‌ പണമില്ലാത്തതിനാൽ പലപ്പോഴും പാർടി ഓഫീസിലായിരുന്നു താമസവും പഠനവും. എംബിബിഎസ്‌ പൂർത്തീകരിച്ച ശേഷം ബിർഭൂമിലേക്ക്‌ മടങ്ങി. ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റിയംഗമായി. 1977 ൽ പാർടി അംഗം. 1989 ൽ ബിർഭൂമിൽ നിന്ന്‌ ലോക്‌സഭാംഗമായി. 1991, 96, 98, 99, 2004 വർഷങ്ങളിൽ നിന്ന്‌ ബിർഭൂമിൽ നിന്ന്‌ എംപിയായി. 2009 ൽ ബോൽപ്പുരിൽ നിന്ന്‌ ജയിച്ചു. സിപിഐഎമ്മിന്റെ ലോക്‌സഭാ ചീഫ്‌വിപ്പായിരുന്നു. 2014 ൽ തോറ്റു.


തൃണമൂൽ അധികാരത്തിലെത്തിയ ശേഷം പലവട്ടം ആക്രമിക്കപ്പെട്ടു. 2015 നവംബറിൽ ബിർഭൂമിലെ മയൂരേശ്വറിൽ പ്രതിപക്ഷ പ്രതിഷേധത്തെ നയിച്ചതിന്‌ തൃണമൂലുകാർ ക്രൂരമായി മർദ്ദിച്ചു. 2018 ഏപ്രിലിൽ നൽഹട്ടിയിൽ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിൽ പത്രിക സമർപ്പിക്കാനായി പ്രവർത്തകർക്കൊപ്പം പ്രകടനമായി നീങ്ങവെ തൃണമൂലുകാരുടെ അടിയേറ്റ്‌ ചോര വാർന്നൊലിച്ച നിലയിൽ ഡോമിന്റെ ചിത്രം വലിയ വാർത്താപ്രാധാന്യം നേടി. ബിർഭൂമിൽ ഇപ്പോഴും തൃണമൂൽ തേർവാഴ്‌ചയെ അക്രമത്തെ നെഞ്ചുറപ്പോടെ നേരിടുകയാണ്‌ രാമചന്ദ്ര ഡോം എന്ന പോരാളി. ദളിത്‌ വിഭാഗത്തിന്റെ ഉന്നമനത്തിനായി ദേശീയതലത്തിൽ രൂപീകരിക്കപ്പെട്ട ദളിത്‌ ശോഷൺ മുക്തിമഞ്ചിന്റെ ജനറൽ സെക്രട്ടറി കൂടിയാണ്‌. ബന്ദന ഡോമാണ്‌ ഭാര്യ. ഒരു മകൾ.

 കേന്ദ്രക്കമ്മിറ്റി അംഗങ്ങളുടെ ചിത്രങ്ങൾ ഇവിടെ കാണാം


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top