06 August Friday

കോവിഡിനെ തോല്‍പ്പിച്ച് 
104ന്റെ കരുത്ത്‌

വെബ് ഡെസ്‌ക്‌Updated: Saturday Jun 12, 2021

കോവിഡ്‌മുക്തയായ ജാനകിയമ്മയെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിയിലെ ഡോക്‌ടർമാരും ജീവനക്കാരും വീട്ടിലേക്ക്‌ യാത്രയാക്കുന്നു


പരിയാരം
നൂറ്റിനാലാം വയസ്സിൽ കോവിഡിനെ തോൽപ്പിച്ച്‌ ജാനകിയമ്മ ആശുപത്രി വിട്ടു. പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രി ഐസിയുവിൽ ഉൾപ്പെടെ 11 ദിവസത്തെ ചികിത്സയ്‌ക്കുശേഷമാണ് കോവിഡ്മുക്തയായത്.    ജാനകിയമ്മയ്ക്ക് വിദഗ്ധ പരിചരണം നൽകി ജീവിതത്തിലേക്ക് തിരികെക്കൊണ്ടുവന്ന കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ ഡോക്ടർമാർ ഉൾപ്പെടെയുള്ള എല്ലാ ജീവനക്കാരെയും ആരോഗ്യമന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു. ജാനകിയമ്മയുടെ ആത്മവിശ്വാസം എല്ലാവർക്കും പ്രചോദനമാണെന്നും മന്ത്രി പറഞ്ഞു.

മെയ് 31നാണ് തളിപ്പറമ്പ് കോവിഡ് കെയർ സെന്ററിൽനിന്ന്‌ ഓക്സിജൻ കുറഞ്ഞ അവസ്ഥയിൽ ജാനകിയമ്മയെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ഗുരുതരാവസ്ഥയിലായിരുന്ന ജാനകിയമ്മയെ ഐസിയുവിൽ പ്രവേശിപ്പിച്ച് വിദഗ്ധ ചികിത്സ നൽകി. കോവിഡ് നോഡൽ ഓഫീസർ ഡോ. പ്രമോദിന്റെ നേതൃത്വത്തിൽ മെഡിസിൻ, അനസ്തേഷ്യ, പൾമണറി മെഡിസിൻ തുടങ്ങിയ വിഭാഗങ്ങളിലെ ഡോക്ടർമാരാണ് ചികിത്സിച്ചത്‌.

65 വയസ്സനുമുകളിലുള്ളവർ ഹൈ റിസ്‌ക് വിഭാഗത്തിൽപെടുമ്പോഴാണ് 104 വയസ്സുകാരിയെ മികച്ച പരിചരണത്തിലൂടെ ജീവിതത്തിലേക്ക് തിരികെക്കൊണ്ടുവന്നത്. മഞ്ചേരി ഗവ. മെഡിക്കൽ കോളേജിൽ 110 വയസുകാരിയും കൊല്ലം മെഡിക്കൽ കോളേജിൽ 105 വയസുകാരിയും നേരത്തെ കോവിഡ്മുക്തരായിരുന്നു.

ജാനകിയമ്മയുടെ മകന്റെ ഭാര്യയും അമ്മയും കോവിഡ് ബാധിച്ച് ചികിത്സയിലാണ്. രോഗമുക്തി നേടിയ ജാനകിയമ്മയെ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഇൻചാർജ് ഡോ. എസ് അജിത്ത്, ആശുപത്രി സൂപ്രണ്ട് ഡോ. കെ സുദീപ് എന്നിവരുടെ നേതൃത്വത്തിൽ ആശുപത്രി അധികൃതരും ജീവനക്കാരും ചേർന്ന് വീട്ടിലേക്ക് യാത്രയാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top