26 October Monday

ഇതിലും ഭേദം കോവിഡ്‌! ചികിത്സയുടെ മറവിൽ ജനങ്ങളെ കൊള്ളയടിച്ച്‌ സ്വകാര്യ ആരോഗ്യമേഖല

വെബ് ഡെസ്‌ക്‌Updated: Thursday Aug 20, 2020

തിരുവനന്തപുരം
കേരളത്തിനു പുറത്ത്‌ കോവിഡ്‌ ചികിത്സയുടെ മറവിൽ ജനങ്ങളെ കൊള്ളയടിക്കുകയാണ്‌‌ സ്വകാര്യ ആരോഗ്യമേഖല. സംസ്ഥാന സർക്കാരുകൾ ചികിത്സ നിരക്ക്‌ നിശ്ചയിച്ചിട്ടുണ്ടെങ്കിലും അതൊന്നും പാലിക്കപ്പെടുന്നില്ല. പ്രതിദിനം 15,000 മുതൽ ലക്ഷങ്ങൾവരെ ഈടാക്കുന്ന ആശുപത്രികളുണ്ട്‌. സ്വകാര്യ ആശുപത്രികളിൽ സർക്കാർ നിരക്ക്‌ പ്രദർശിപ്പിക്കുന്നുപോലുമില്ല. പരാതികളിൽ നടപടിയെടുക്കാൻ കേന്ദ്ര–- സംസ്ഥാന സർക്കാരുകൾ തയ്യാറാകുന്നുമില്ല. സ്വകാര്യ ആശുപത്രികളിലെ അമിത ഫീസ്‌ ഇൻഷുറൻസ്‌ കമ്പനികൾ അംഗീകരിക്കാത്തതും സാധാരണ രോഗികളെ വലയ്‌ക്കുന്നു‌.

ബിൽ കണ്ട്‌ അന്തംവിട്ട്‌ അലി
ന്യൂഡൽഹി ദ്വാരക സ്വദേശി റിസ്‌വാൻ അലി കോവിഡ്‌ ബാധിതനായ അച്ഛനെ സാകേത്‌ മാക്‌സ്‌ ആശുപത്രിയിൽ‌ പ്രവേശിപ്പിച്ചു‌. രണ്ടാം ദിവസം കിട്ടിയ ബിൽ തുക 1.73 ലക്ഷം രൂപ‌. ഐസൊലേഷൻ കിടക്കയ്‌ക്ക്‌ 10,000,  ഐസിയുവിന്‌ 15,000, വെന്റിലേറ്റർ ഉൾപ്പെടെയുള്ള ഐസിയു ചികിത്സയ്‌ക്ക്‌ 18000–- സർക്കാർ നിശ്ചയിച്ച നിരക്കാണിത്‌‌.  

ആന്ധ്രയിൽ സ്വകാര്യമേഖലമാത്രം
ആന്ധ്രയിൽ ആരോഗ്യ പ്രവർത്തകരിൽ ഭൂരിഭാഗവും രോഗികളായതോടെ സർക്കാർ ആരോഗ്യ സംവിധാനം തകർന്നു. ജില്ലാകേന്ദ്രങ്ങളിലെ കോവിഡ്‌ ആശുപത്രികളിൽ പരിചരിക്കാൻ ആളില്ല. സർക്കാർതന്നെ ജനങ്ങളോട്‌ സ്വകാര്യമേഖലയെ ആശ്രയിക്കാൻ നിർദേശിച്ചു. അതിനാൽ, സാമ്പത്തികശേഷിയില്ലാത്തവർ രോഗികളായാലും വീട്ടിൽത്തന്നെ കഴിയേണ്ടി വരുന്നു.

ചെറുകിട ആശുപത്രികളിൽ പത്തുദിവസ പാക്കേജ്‌. താമസത്തിനുമാത്രം 1.5 ലക്ഷം രൂപ. മരുന്ന്‌, പിപിഇ കിറ്റ്‌, മറ്റ്‌ ചെലവുകൾ എന്നിവയ്‌ക്ക്‌ വേറെയും. കോർപറേറ്റ്‌ ആശുപത്രികളിൽ 20,000 മുതൽ 50,000 ‌വരെ പ്രതിദിന വാടക.

തമിഴ്‌നാട്ടിൽ ലക്ഷങ്ങൾ കൊയ്യുന്നു
തമിഴ്‌നാട്ടിൽ ഗുരുതരാവസ്ഥയിലല്ലാത്ത രോഗികൾക്ക്‌ പ്രതിദിനം 5000. ഐസിയുവിന്‌ 9000 മുതൽ 10000 വരെ. വെന്റിലേറ്റർ ഉൾപ്പെടെ ഐസിയു–- 12,600 മുതൽ 14000 വരെ. പ്രത്യേക രോഗാവസ്ഥകൾ ഉള്ളവർക്ക്‌ വെന്റിലേറ്റർ സഹായം വേണ്ടിവന്നാൽ 15,000 വരെ. ഡോക്ടർ ഫീസ്‌, പിപിഇ കിറ്റ്‌, അണുനശീകരണം എന്നിവ ഉൾപ്പെടെയുള്ള സർക്കാർ നിരക്കാണിത്‌. എന്നാൽ, സ്വകാര്യമേഖലയിൽ യഥാർഥത്തിൽ ഈടാക്കുന്നതോ ഇതിലും എത്രയോ ഇരട്ടി. നാഗർകോവിലിൽ പ്രതിദിനം 18,000 വരെ ഈടാക്കുമ്പോൾ ചെന്നൈ ഉൾപ്പെടെയുള്ള ഇടങ്ങളിലെ വൻകിട ആശുപത്രികൾ ലക്ഷങ്ങൾ കൊയ്യുന്നു.


 

ബംഗാളിൽ ഡിപ്പോസിറ്റ്‌ വേണം
കോവിഡ്‌ വ്യാപനം രൂക്ഷമാണെങ്കിലും പശ്‌ചിമബംഗാളിൽ ഭൂരിഭാഗവും ആശുപത്രിയിൽ പോകുന്നില്ല. സർക്കാർതലത്തിൽ വേണ്ടത്ര സംവിധാനങ്ങളില്ലാത്തതും സ്വകാര്യമേഖലയിലെ തീവെട്ടിക്കൊള്ളയുമാണ്‌ കാരണം. ഫീസ്‌ നിയന്ത്രണം ഉൾപ്പെടെ സർക്കാർ മാനദണ്ഡം പുറപ്പെടുവിച്ചെങ്കിലും സ്വകാര്യ ആശുപത്രികൾ പാലിക്കുന്നില്ല. ആശുപത്രിയിൽ പ്രവേശിപ്പിക്കുംമുമ്പ്‌ ഭീമമായ ഡിപ്പോസിറ്റ്‌ നൽകണം. അതില്ലാത്തവർക്ക്‌ ചികിത്സയില്ല. ഇൻഷുറൻസ്‌ ഉള്ളവർക്കും ചികിത്സയില്ല. സർക്കാർതലത്തിൽ കോവിഡ്‌ ചികിത്സയ്‌ക്കായി 84 ‌ആശുപത്രിമാത്രം. 11775  കിടക്ക. മിക്കയിടത്തും ഐസിയു, വെന്റിലേന്റർ സൗകര്യങ്ങളില്ല.

കർണാടകത്തിൽവേണം ലക്ഷങ്ങൾ
കർണാടകത്തിൽ ജൂൺ അവസാനമാണ്‌ സ്വകാര്യമേഖലയിലെ നിരക്ക്‌ നിശ്ചയിച്ചത്‌. ജനറൽ വാർഡിന‌് ദിവസേന 5200 മുതൽ 10,000 രൂപ വരെ. ഉയർന്ന വാർഡിന‌്‌ 7000, ഐസലേഷൻ വാർഡിന‌് 8500, വെന്റിലേറ്ററുള്ളതിന‌് 10000. ആശുപത്രികളെ നേരിട്ട്‌ സമീപിക്കുന്നവർക്കും ഇൻഷുറൻസ്‌ ഉള്ളവർക്കും പ്രത്യേക നിരക്ക്‌. എന്നാൽ, ചികിത്സ കഴിഞ്ഞിറങ്ങുന്നവർക്ക‌് ലഭിക്കുന്നത് ‌ലക്ഷങ്ങളുടെ ബിൽ. മിക്ക ആശുപത്രികളും ജനറൽ വാർഡിൽ രോഗികളെ പ്രവേശിപ്പിക്കാൻ തയ്യാറാകുന്നില്ല.

16 ദിവസം, പിപിഇ കിറ്റിനു മാത്രം 2,40,000 രൂപ
മിക്ക സംസ്ഥാനങ്ങളിലും പിപിഇ കിറ്റ്‌, ഭക്ഷണം എന്നിവയുടെ മറവിലാണ്‌ സ്വകാര്യ ആശുപത്രികൾ കോവിഡ്‌ രോഗികളെ കൊള്ളയടിക്കുന്നത്‌. തമിഴ്‌നാട്ടിൽ ഡോക്ടർ ഫീസ്‌, പിപിഇ കിറ്റ്‌, വാർഡുകളിലെ അണുനശീകരണം എന്നിവയ്‌ക്ക്‌ ഉൾപ്പെടെയാണ് നിശ്ചയിച്ച‌ നിരക്കെന്ന്‌‌ ‌സർക്കാർ ഉത്തരവിൽ വ്യക്തമാക്കുന്നു. എന്നാൽ, 16 ദിവസം ചികിത്സയിൽ കഴിഞ്ഞയാളിൽനിന്ന്‌ പിപിഇ കിറ്റിനു മാത്രം 2,40,000 രൂപ ഈടാക്കിയ ആശുപത്രി വരെയുണ്ട്‌. 2000 രൂപ നിരക്കിൽ 120 കിറ്റിനുള്ള തുകയാണ്‌ വാങ്ങിയത്‌. ഒരു കിറ്റിന്‌ 5800 രൂപ വരെ ഈടാക്കിയ സംഭവവും ഉണ്ട്‌. സമീകൃത ആഹാരം തുടങ്ങി പണം കൊയ്യാൻ സ്ഥിരം വഴികൾ വേറെയും. മഹാരാഷ്ട്ര ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ പിപിഇ കിറ്റ്‌, മരുന്നുകൾ, ടെസ്‌റ്റുകൾ എന്നിവ ഒഴികെയുള്ള നിരക്കാണ്‌ നിശ്ചയിച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top