റാന്നി
ആ വയോധിക ദമ്പതികൾ ഇവിടെയുണ്ട്, സന്തോഷത്തോടെയും ആരോഗ്യത്തോടെയും. ഒരിക്കൽ നാടാകെ ഉറ്റുനോക്കിയിരുന്നു ഇവരുടെ ആരോഗ്യസ്ഥിതി. അസുഖത്തെ തോൽപിച്ചപ്പോൾ രാജ്യമാകെ അറിഞ്ഞു, അഭിമാനിച്ചു. കോവിഡ് ഭേദമായ രാജ്യത്തെ ഏറ്റവും പ്രായംചെന്നവർ –- റാന്നി ഐത്തല പട്ടയിൽ തോമസും(93) ഭാര്യ മറിയാമ്മയും(88).
കോവിഡ് ആദ്യമായി റിപ്പോർട്ട്ചെയ്ത ഇറ്റലി കുടുംബത്തിലുള്ളതാണ് ഇവർ. ഇവരുടെ ചികിത്സ വെല്ലുവിളിയോടെ ഏറ്റെടുത്ത്, ജീവിതത്തിലേക്ക് കൈപ്പിടിച്ച് തിരികെയെത്തിക്കാൻ കഴിഞ്ഞത് ആരോഗ്യവകുപ്പിന്റെ ആത്മാർഥ പ്രവർത്തനംകൊണ്ടു മാത്രമാണ്.
രോഗം സ്ഥിരീകരിച്ചപ്പോൾ മരണഭയമായിരുന്നു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാരുടെയും ആരോഗ്യ പ്രവർത്തകരുടെയും വാക്കുകൾ ധൈര്യം പകർന്നു. ആത്മാർഥതയും സ്നേഹവും നിറഞ്ഞ പരിചരണം ദമ്പതികളെ ജീവിതത്തിലേക്ക് തിരികെയെത്തിച്ചു. രോഗമുക്തരായി ആശുപത്രിവിടുമ്പോൾ ആരോഗ്യവകുപ്പിനും സംസ്ഥാന സർക്കാരിനും ബന്ധുക്കൾ അകമഴിഞ്ഞ് നന്ദി പറഞ്ഞു. "മറ്റെങ്ങും കാണാത്ത കരുതലോടെയുള്ള പ്രവർത്തനങ്ങളാണ് സർക്കാർ ചെയ്യുന്നത്. നല്ലൊരു ആരോഗ്യമന്ത്രിയാണ് നമുക്കുള്ളത്. സർക്കാരിന്റെയും ആരോഗ്യ പ്രവർത്തരുടെയും ഒത്തൊരുമയും എടുത്തുപറയണം'. സർക്കാർ ആശുപത്രിയെക്കുറിച്ചുള്ള കാഴ്ചപ്പാട് തന്നെ മാറ്റിമറിച്ച പരിചരണമാണ് ലഭിച്ചതെന്നും ബന്ധുക്കൾ പറഞ്ഞു.
രാജു ഏബ്രഹാം എംഎൽഎ നേരിട്ടെത്തിയാണ് ഇവർക്ക് ചികിത്സയ്ക്ക് പോകാനുള്ള ആംബുലൻസ് എത്തിച്ചത്. കോവിഡ് ഭീതിയിൽ ഐത്തല ഭാഗത്തെ ആളുകൾ ക്വാറന്റൈനിലായപ്പോൾ എംഎൽഎ വീടുകളിൽ ഭക്ഷ്യകിറ്റുകളുംനൽകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..