30 May Saturday

പക്ഷികൾക്കും പട്ടികൾക്കും പട്ടിണി

വെബ് ഡെസ്‌ക്‌Updated: Saturday Mar 28, 2020


കോഴിക്കോട്‌
തെരുവ്‌ നായകൾക്കും പക്ഷികൾക്കും കിളികൾക്കും ഇത്‌ പട്ടിണിക്കാലം. തെരുവുനായകളും കാക്കകളും പരുന്തുകളും ഇരതേടി അലയുന്നകാഴ്‌ചകളാണ്‌ സംസ്ഥാനത്തെങ്ങും. അടച്ചുപൂട്ടൽ നാലാം ദിവസം പിന്നിടുമ്പോൾ ഭക്ഷണം കിട്ടാത്ത തെരുവ്‌ നായകൾ പരാക്രമികളാവുന്നു.

ഹോട്ടലുകൾ, അറവുശാലകൾ എന്നിവിടങ്ങളിൽ നിന്നുള്ള മാലിന്യമായിരുന്നു തെരുവു നായകളുടെ പ്രധാന ഭക്ഷണം. കോവിഡ്‌ 19 പശ്‌ചാത്തലത്തിൽ അടച്ചുപൂട്ടൽ പ്രഖ്യാപിച്ചതോടെ ഹോട്ടലുകൾ  അടഞ്ഞു. നഗരങ്ങളിൽ പാർസൽ വിതരണം മാത്രമാണുള്ളത്‌. ഇതോടെ മാലിന്യം കുറഞ്ഞു. പട്ടിണി മൂന്നു നാൾ പിന്നിട്ടതോടെ നായകൾ അക്രമാസക്തമായി കാൽനട യാത്രക്കാർക്കും ഇരുചക്രവാഹനക്കാർക്കും  ഭീഷണിയായി. രാത്രി സഞ്ചരിക്കുന്നവരാണ്‌ നായകളുടെ ആക്രമണത്തിന്‌ കൂടുതലും ഇരയാകുന്നത്‌.

അവശിഷ്ടങ്ങൾ ഭക്ഷിക്കുന്ന കാക്കകളെയും ചക്കിപ്പരുന്തുകളെയും നിയന്ത്രണം സാരമായി ബാധിച്ചിട്ടുണ്ട്‌. ഹാർബറുകൾ അടച്ചതും പ്രതിസന്ധിയായി.  മാലിന്യത്തിൽ നിന്നുള്ള പ്രാണികളെ ഭക്ഷിക്കുന്ന കാലിമുണ്ടി, മൈന തുടങ്ങിയ കിളികളും, ഹാർബറിൽ ചെറുമത്സ്യങ്ങളെയും പ്രാണികളെയും തിന്ന്‌ ജീവിക്കുന്ന കൊറ്റി വർഗത്തിൽപ്പെട്ട പക്ഷികൾ, അങ്ങാടിക്കുരുവികൾ തുടങ്ങിയവയും പ്രതിസന്ധി നേരിടുകയാണ്‌. വരും ദിവസങ്ങളിൽ ഇവയുടെ അതിജീവനം പ്രയാസമാവുമെന്ന്‌  സുവോളജിക്കൽ സർവേ ഓഫ്‌ ഇന്ത്യ(പുണെ)യിലെ പ്രമുഖ പക്ഷിശാസ്‌ത്രജ്ഞൻ ജാഫർ പാലാട്ട്‌ പറഞ്ഞു.

പക്ഷികൾ  സ്വാഭാവികമായും അതിജീവനത്തിന്റെ വഴി തേടും. ആ രീതിയിൽ എലി, പാമ്പ്‌ തുടങ്ങിയ ഇരകളിലേക്ക്‌ അവയുടെ ഭക്ഷ്യശൃംഖല വ്യാപിപ്പിക്കും. അടുത്ത ഘട്ടത്തിൽ ഇത്തരം ജീവികളുടെ എണ്ണത്തിൽ കുറവുണ്ടായേക്കുമെന്നും അദ്ദേഹം പറഞ്ഞു.  കാക്കയുൾപ്പെടെയുള്ള പക്ഷികൾ കൂടുകൂട്ടി മുട്ട വിരിയിക്കുന്ന സമയമാണിത്‌. ഈ കാലത്ത്‌ ഭക്ഷണത്തിലുണ്ടാകുന്ന കുറവ്‌ പ്രജനനത്തെയും കാര്യമായി ബാധിച്ചേക്കും.

മൃഗങ്ങൾക്കും പക്ഷികൾക്കും കരുതൽ
തെരുവുനായകൾക്കും വളർത്തുമൃഗങ്ങൾക്കും പക്ഷികൾക്കും സർക്കാരിന്റെ കരുതൽ. തെരുവുനായ്‌ക്കൾ ഭക്ഷണം കിട്ടിയില്ലെങ്കിൽ അക്രമാസക്തമാകും. അതിനാൽ അവയ്‌ക്ക്‌ ഭക്ഷണമെത്തിക്കാൻ തദ്ദേശ സ്ഥാപനങ്ങൾ പദ്ധതി തയ്യാറാക്കണം. പശു, ആട്‌, കോഴി, താറാവ്‌, വളർത്തു നായ്‌ക്കൾ തുടങ്ങിയവയ്‌ക്കുള്ള തീറ്റ തടസ്സമില്ലാതെ ലഭ്യമാക്കും. കാവുകളിലെ കുരങ്ങുകൾ പട്ടിണിയിലാണ്‌. അവയ്‌ക്ക്‌ ക്ഷേത്രഅധികൃതർ ഭക്ഷണം നൽകണം. മൃഗങ്ങളുടെ ക്ഷേമം ഉറപ്പാക്കുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും സംഘടനകൾക്കും തദ്ദേശഭരണ സ്ഥാപനങ്ങൾക്കും സഞ്ചാരത്തിന് പൊലീസ്‌ പാസ്‌ നൽകും. ഇക്കാര്യങ്ങൾ ഏകോപിപ്പിക്കുന്നതിന്‌ എഡിജിപി ബി സന്ധ്യയെ പൊലീസ്‌ മേധാവി ചുമതലപ്പെടുത്തി. 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top