17 January Sunday
കേരളത്തിന്‌ പുതിയ അനുഭവവും സംസ്‌കാരവും പകർന്നു നൽകിയാകും ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പ്‌

ബൊക്കെ, ഹാരം, ഷാൾ.... യ്യോ; വേണ്ടായേ!

വെബ് ഡെസ്‌ക്‌Updated: Friday Nov 6, 2020


തിരുവനന്തപുരം
കോവിഡ്‌കാലത്ത്‌ നടക്കുന്ന തദ്ദേശഭരണ തെരഞ്ഞെടുപ്പ്‌ കേരളത്തിന്‌ പുതിയ അനുഭവമാകും. നിയമസഭയിലേക്കുള്ള ഉപതെരഞ്ഞെടുപ്പ്‌ കോവിഡ്‌ കാരണം ഒഴിവാക്കിയിരുന്നു. എന്നാൽ, തദ്ദേശ തെരഞ്ഞെടുപ്പ്‌ ഭരണഘടനാ ബാധ്യതയായതിനാൽ അൽപ്പം വൈകിയാണെങ്കിലും നടത്തുകയാണ്‌. അതേസമയം, എല്ലാ കോവിഡ്‌ മാനദണ്ഡങ്ങളും തെരഞ്ഞെടുപ്പിൽ കർശനമായും പാലിക്കും. ഉദ്യോഗസ്ഥ പരിശീലനംമുതൽ വോട്ടെടുപ്പുവരെ എല്ലാത്തിലും ഇത്‌ ബാധകം

പത്രിക നൽകാൻ 3 പേർ മാത്രം
നാമനിർദേശ പത്രിക സ്വീകരിക്കുന്നതിന് വലിയ ഹാൾ ഒരുക്കണം. ഒരു സ്ഥാനാർഥിയുടെ ആളുകൾക്കുമാത്രം ഒരുസമയം പ്രവേശനം.

സ്ഥാനാർഥിയോ നിർദേശകനോ ഉൾപ്പെടെ മൂന്നുപേരിൽ കൂടരുത്‌. സാമൂഹ്യ അകലം, മാസ്ക്, - സാനിറ്റൈസർ എന്നിവ നിർബന്ധം. പത്രിക നൽകാൻ മുൻകൂർ സമയം നൽകാം. പത്രിക സ്വീകരിക്കുന്ന ഉദ്യോഗസ്ഥർ മാസ്ക്, കൈയുറ, ഫെയ്സ് ഷീൽഡ് എന്നിവ ധരിക്കണം. 

കെട്ടിവയ്‌ക്കുന്ന തുക ട്രഷറിയിലോ തദ്ദേശ സ്ഥാപനങ്ങളിലോ അടച്ചതിന്റെ ചെലാൻ/രസീത് ഹാജരാക്കാം.  പത്രിക നൽകുന്ന സ്ഥാനാർഥിക്ക് ഒരു വാഹനംമാത്രം. ആൾക്കൂട്ടമോ ജാഥയോ വാഹനവ്യൂഹമോ പാടില്ല.  കണ്ടെയ്‌ൻമെന്റ് സോണികളിലുള്ളവരോ ക്വാറന്റൈനിലുള്ളവരോ മുൻകൂട്ടി അറിയിക്കണം. അവർക്ക് പ്രത്യേക സമയം അനുവദിക്കണം.

സ്ഥാനാർഥി കോവിഡ് പോസിറ്റീവോ ക്വാറന്റൈനിലോ ആണെങ്കിൽ പത്രിക നിർദേശകൻ മുഖാന്തരം സമർപ്പിക്കണം. സൂക്ഷ്മപരിശോധനയ്‌ക്ക്‌ സ്ഥാനാർഥികൾക്കും നിർദേശകർക്കും ഏജന്റുമാർക്കുംമാത്രം പ്രവേശനം. പരമാവധി 30 പേർ മാത്രം. 


 

ജാഥ വേണ്ട, കൊട്ടിക്കലാശവും
പ്രചാരണത്തിന്റെ ഭാഗമായി വീട്‌ സന്ദർശിക്കാൻ പരമാവധി അഞ്ചുപേർമാത്രം. -റോഡ് ഷോ/ വാഹനറാലി എന്നിവയ്ക്ക്  മൂന്ന്‌ വാഹനംമാത്രം. ജാഥ, ആൾക്കൂട്ടം, കൊട്ടിക്കലാശം എന്നിവ  ഒഴിവാക്കണം. പൊതുയോഗം, കുടുംബയോഗം എന്നിവ കോവിഡ് നിയന്ത്രണം പാലിച്ചുമാത്രം; പൊലീസ്‌ അനുമതി വാങ്ങണം. നോട്ടീസ്/ ലഘുലേഖ എന്നിവ കുറയ്‌ക്കണം; പരമാവധി സോഷ്യൽ മീഡിയ പ്രയോജനപ്പെടുത്തണം.

വോട്ടർമാർ മാസ്ക്, സാനിറ്റൈസർ എന്നിവ ഉപയോഗിക്കണമെന്ന സന്ദേശംകൂടി പ്രചാരണത്തിൽ ഉൾപ്പെടുത്തണം. സ്ഥാനാർഥിക്ക് ഹാരം, ബൊക്കെ, നോട്ടുമാല, ഷാൾ തുടങ്ങിയവ ഇട്ടുള്ള സ്വീകരണം വേണ്ട.

അണുവിമുക്തമാക്കി തുടങ്ങാം
പോളിങ്‌ സാധനങ്ങളുടെ വിതരണ സ്വീകരണകേന്ദ്രങ്ങൾ തലേദിവസവും പോളിങ്‌ ദിവസവും അണുവിമുക്തമാക്കണം. ഓരോ ബൂത്തിലെയും വോട്ടെടുപ്പിനുള്ള സാധനം ഒരാഴ്ചയ്ക്കുമുമ്പ് പ്രത്യേകം പായ്ക്ക് ചെയ്ത് സൂക്ഷിക്കണം. തെരഞ്ഞെടുപ്പ് സാധനങ്ങൾ പായ്ക്ക് ചെയ്യുന്നവരും വിതരണം ചെയ്യുന്നവരും തിരികെ വാങ്ങുന്നവരും നിർബന്ധമായും കൈയുറ, - മാസ്ക് ധരിക്കണം. സാനിറ്റൈസർ ഉപയോഗിക്കണം. ഒരു ബ്ലോക്കിനു കീഴിലുള്ള പഞ്ചായത്തുകൾക്ക് വിതരണത്തിനായി വെവ്വേറെ സമയം നിശ്ചയിക്കണം.

സോപ്പിട്ട്‌ വോട്ടിടാം
എല്ലാ പോളിങ്‌ സ്റ്റേഷനും തലേ ദിവസം അണുവിമുക്തമാക്കണം. പോളിങ്‌ സ്റ്റേഷനിൽ അഞ്ച്‌ പോളിങ്‌ ഉദ്യോഗസ്ഥരും പൊലീസുമുണ്ടാകും.  ബൂത്ത് ഏജന്റുമാർ പത്തി-ൽ കൂടാൻ പാടില്ല. ഇരിപ്പിടങ്ങൾക്ക്‌ സാമൂഹ്യ അകലം വേണം. -പോളിങ്‌ ബൂത്തിനു പുറത്ത് വെള്ളം, സോപ്പ് എന്നിവയും ബൂത്തിനകത്ത് സാനിറ്റൈസറും  കരുതണം.

ബൂത്തിനുമുമ്പിൽ  സാമൂഹ്യ അകലം പാലിച്ച് ക്യൂ നിൽക്കുന്നതിന് നിശ്ചിത അകലത്തിൽ പ്രത്യേകം മാർക്ക് ചെയ്യണം. പ്രായമായവർ, ഭിന്നശേഷിക്കാർ, രോഗികൾ എന്നിവർക്ക് ക്യൂ വേണ്ട. ബൂത്തിനു പുറത്ത് സ്ഥാനാർഥികളുടെ സ്ലിപ്‌ വിതരണം ചെയ്യുന്ന സ്ഥലത്ത് രണ്ടുപേരിൽ കൂടുതൽ വേണ്ട. ഇവർ മാസ്‌കും കൈയുറയും ധരിക്കണം. സോപ്പ്, വെള്ളം, സാനിറ്റൈസർ എന്നിവ വേണം. 

ബൂത്തിൽ മൂന്നു പേർക്കുമാത്രം കയറാം
-പോളിങ്‌ ഉദ്യോഗസ്ഥർ ഫെയ്സ് ഷീൽഡ്, മാസ്ക്, സാനിറ്റൈസർ, കൈയുറ എന്നിവ നിർബന്ധമായും ഉപയോഗിക്കണം. പോളിങ്‌ ഏജന്റുമാർക്കും മാസ്ക്, സാനിറ്റൈസർ എന്നിവ നിർബന്ധം. 

വോട്ടർമാർ മാസ്‌കിട്ട്‌ ബൂത്തിലേക്ക് പ്രവേശിക്കുമ്പോഴും പുറത്തേയ്ക്കു പോകുമ്പോഴും സാനിറ്റൈസർ ഉപയോഗിക്കണം. തിരിച്ചറിയൽ വേളയിൽമാത്രം ആവശ്യമെങ്കിൽ മാസ്ക് മാറ്റാം. ബൂത്തിനകത്ത് ഒരേസമയം മൂന്ന്‌ വോട്ടർമാർക്കുമാത്രം പ്രവേശനം. വിജയാഹ്ലാദ പ്രകടനങ്ങളും കോവിഡ്‌–-1 9 മാനദണ്ഡം പാലിച്ചുമാത്രമേ നടത്താവൂ.

പുറത്തെ ഉദ്യോഗസ്ഥർക്ക്‌ ക്വാറന്റൈൻ മസ്റ്റ്‌
-വോട്ടിങ്‌ മെഷീനുകൾ പ്രവർത്തന സജ്ജമാണോയെന്ന് ജില്ലാകേന്ദ്രങ്ങളിൽ എൻജിനിയർമാർ പരിശോധിക്കും. കേരളത്തിനു പുറത്തുനിന്ന്‌ വരുന്ന എൻജിനിയർമാർ ക്വാറന്റൈനിൽ പ്രവേശിക്കണം. ഒരാഴ്ചയ്ക്കുശേഷം കോവിഡ് പരിശോധന നടത്തി ജോലി തുടങ്ങണം.

സംവരണ നറുക്കെടുപ്പ്‌: പരാതി പരിഹരിക്കും
തദ്ദേശ സ്ഥാപനങ്ങളുടെ അധ്യക്ഷന്മാരുടെ സംവരണ നറുക്കെടുപ്പുമായി ബന്ധപ്പെട്ട പരാതികളിൽ ഉചിതമായ നടപടി സ്വീകരിക്കുമെന്ന്‌ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ വി ഭാസ്‌കരൻ പറഞ്ഞു. ക്രിസ്‌മസിനുമുമ്പ് പുതിയ തദ്ദേശഭരണ സമിതികൾ അധികാരമേൽക്കും. 11നുശേഷം പുതിയ ഭരണസമിതി ചുമതലയേൽക്കുംവരെ മൂന്നംഗ ഉദ്യോഗസ്ഥ സമിതിക്കാകും ചുമതല. കോവിഡ് പശ്ചാത്തലത്തിൽ ഉദ്യോഗസ്ഥർക്ക് മാസ്ക്, സാനിറ്റൈസർ, ഗ്ലൗസ്, ഫെയ്സ് ഷീൽഡ് എന്നിവ കമീഷൻ ലഭ്യമാക്കും.

കെട്ടിവയ്‌ക്കേണ്ട തുക
പഞ്ചായത്ത്‌     1000 രൂപ
ബ്ലോക്ക്/ നഗരസഭ    2000 രൂപ
ജില്ലാ/ കോർപറേഷൻ    3000 രൂപ
പട്ടികജാതി–- പട്ടികവർഗ
വിഭാഗക്കാർക്ക്  പകുതി തുകമതി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top