19 September Sunday

ആദ്യം ഒരു തീരുമാനത്തിലെത്തൂ; ദിവസവും വ്യത്യസ്ത മരണക്കണക്കുമായി മനോരമ

വെബ് ഡെസ്‌ക്‌Updated: Monday Jul 5, 2021


തിരുവനന്തപുരം
മുഴുവൻ കോവിഡ്‌ മരണവും സർക്കാർ റിപ്പോർട്ട്‌ ചെയ്യുന്നില്ലെന്ന്‌ സ്ഥാപിക്കാൻ പേജുകൾ അനവധി ചെലവഴിക്കുന്ന ചില മാധ്യമങ്ങൾ ആശ്രയിക്കുന്നത്‌ കള്ളക്കണക്ക്‌. പ്രതിപക്ഷത്തിന്‌ പ്രതിരോധശേഷി കൂട്ടാനാണ്‌ വേലയെങ്കിലും ഫലത്തിൽ ഉള്ളതുകൂടി ചോരുന്നു. ആദ്യം പറഞ്ഞത്‌ ഇരട്ടി മരണം എന്നാണ്‌. പിന്നെ പറഞ്ഞു; മൂന്നിരട്ടി, നാലിരട്ടി, അഞ്ചിരട്ടി... അങ്ങനെപോയി.  

സർക്കാർ പറയുന്നതോ? എത്രയോ ആകട്ടെ, വിട്ടുപോയെങ്കിൽ കൂട്ടിച്ചേർക്കാം എന്നാണ്‌. പോരാ, കണക്ക്‌ ഞങ്ങൾ നിരത്തുമെന്നാണ്‌  ചിലരുടെ വാശി. അത്ര വാശിയാണെങ്കിൽ കണക്ക്‌ കണക്കാകണം. മനോരമ ആദ്യം പറഞ്ഞു ആറുജില്ലയിൽ 7000 പേർ പുറത്തെന്ന്‌. പിന്നെ പറഞ്ഞു സഹായം വെട്ടിനിരത്തനാണ്‌ പരിപാടിയെന്ന്‌. ഞായറാഴ്‌ചയായപ്പോഴേക്കും പിടിവിട്ടു.

സ്വയം ഗവേഷണം ചെയ്ത്‌ കണ്ടെത്തി,  ‘റിപ്പോർട്ട്‌ ചെയ്യപ്പെടാതെ 13,000 കോവിഡ്‌ മരണം’ എന്ന്‌ ഒന്നാം പേജ്‌. ‘മറച്ച്‌ വച്ചത്‌ തിരിച്ചടിയായി; മരണം അഞ്ചിരട്ടിയായേക്കും’  എന്ന്‌ പത്താം പേജ്‌. അങ്ങനെ പല പേജിൽ പല കണക്ക്‌. വായനക്കാർക്ക്‌ സംഗതി തിരിയാൻ മറ്റെങ്ങും പോകണ്ട. കാലമിത്ര മാറിയിട്ടും ആ പഴയ പണി തുടരുന്നുവെന്നുമാത്രം.


കേരളത്തിന്റെ 
പരിശോധനാ രീതി 
മികച്ചതെന്ന്‌ വിദഗ്ധർ
കേരളം അവലംബിക്കുന്ന കോവിഡ്‌ പരിശോധനാരീതി മികച്ചതെന്ന്‌ വിദഗ്ധർ. ഒരു ദേശീയ മാധ്യമത്തിൽ വന്ന വാർത്തയിലാണ്‌ ഇക്കാര്യം പറയുന്നത്‌. ജില്ലാതലത്തിലും പ്രാദേശികതലത്തിലും കൃത്യമായി തരംതിരിച്ചുള്ള പരിശോധന മറ്റ്‌ സംസ്ഥാനങ്ങളേക്കാൾ കേരളത്തിൽ നല്ല രീതിയിൽ നടക്കുന്നുണ്ടെന്ന്‌ ബംഗളൂരു പബ്ലിക്‌ ഹെൽത്ത്‌ ഫൗണ്ടേഷൻ ഓഫ്‌ ഇന്ത്യയിലെ രോഗപര്യവേക്ഷകനായ ഡോ. ഗിരിധർ ബാബു പറഞ്ഞു. രാജ്യത്ത്‌ മറ്റ്‌ ഗ്രാമങ്ങളിൽ രോഗമില്ലാത്തത്‌ അവിടെ വ്യാപനം ഇല്ലാത്തതുകൊണ്ടല്ലെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ കൂടുതൽ കേസുകൾ റിപ്പോർട്ട്‌ ചെയ്യുന്നത്‌ രാജ്യത്തെ മറ്റുഭാഗങ്ങളെ അപേക്ഷിച്ച്‌ കണ്ടുപിടിക്കപ്പെടാത്ത രോഗികളുടെ എണ്ണം കുറവായതുകൊണ്ടാണെന്ന്‌ അശോക സർവകലാശാല ഫിസിക്സ്‌ ആൻഡ്‌ ബയോളജി വിഭാഗം പ്രൊഫസർ  ഗൗതം മേനോൻ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ കർശന നടപടിയും വ്യക്തിഗതമായി ഓരോരുത്തരും പാലിച്ച മുൻകരുതലുംമൂലം രോഗവ്യാപനം സാവധാനത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

രാജസ്ഥാനിൽ 
അധികമരണം 
അഞ്ചിരട്ടിയിലേറെ
കോൺഗ്രസ്‌ ഭരിക്കുന്ന രാജസ്ഥാനിൽ കോവിഡ്‌ ഒന്നും രണ്ടും തരംഗകാലത്ത്‌ റിപ്പോർട്ട്‌ ചെയ്‌ത ‘അധികമരണം’ ഔദ്യോഗിക കോവിഡ്‌ മരണത്തിന്റെ അഞ്ചിരട്ടിയിലേറെ. ജനന–- മരണ വിവരങ്ങൾ രേഖപ്പെടുത്തുന്ന സിവിൽ രജിസ്‌ട്രേഷൻ  പ്രകാരം 2020 ഏപ്രിൽമുതൽ 2021 മെയ്‌ വരെ രാജസ്ഥാനിൽ 45,088 അധികമരണമുണ്ടായി. എന്നാൽ, ഔദ്യോഗികമായി രേഖപ്പെടുത്തിയ കോവിഡ്‌ മരണം 8,385 മാത്രവും. 2018, 2019 വർഷങ്ങളിലെ മരണക്കണക്കുമായി താരതമ്യപ്പെടുത്തിയാൽ കോവിഡ്‌ മരണങ്ങളെ അപേക്ഷിച്ച്‌ 2020, 21 വർഷങ്ങളിലെ അധികമരണം 5.4 ഇരട്ടി.  
അധികമരണമെല്ലാം കോവിഡായി കണക്കാക്കേണ്ടതില്ലെങ്കിലും കൂടുതലും കോവിഡ്‌ കാരണമാകാമെന്ന്‌ വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നു.

മധ്യപ്രദേശിൽ 
23.8 മടങ്ങ്‌
ബിജെപി ഭരണത്തിലുള്ള മധ്യപ്രദേശിൽ 2020 ഏപ്രിൽ–- 2021 മെയ്‌ കാലയളവിൽ 23.8 മടങ്ങ്‌ അധികമരണം റിപ്പോർട്ട്‌ ചെയ്‌തു. ആന്ധ്രപ്രദേശിൽ 17.9 ഇരട്ടിയും തമിഴ്‌നാട്ടിൽ 6.4 ഇരട്ടിയും കർണാടകത്തിൽ 4.3 ഇരട്ടിയുമാണ്‌ അധികമരണം. കേരളത്തിലാകട്ടെ അധികമരണം 0.4 മടങ്ങ്‌ മാത്രമാണ്‌. സിവിൽ രജിസ്ട്രേഷൻ വിവരങ്ങൾ ലഭ്യമായ സംസ്ഥാനങ്ങളിൽ അധികമരണം ഏറ്റവും കുറവും കേരളത്തിലാണ്‌. കോവിഡ്‌ മരണം കേരളം കുറച്ചുകാട്ടുന്നെന്ന്‌ പ്രതിപക്ഷവും ഒരു വിഭാഗം മാധ്യമങ്ങളും ബോധപൂർവം കുപ്രചാരണം നടത്തുമ്പോഴാണ്‌ അതിന്‌ വിരുദ്ധമായ സിവിൽ രജിസ്‌ട്രേഷൻ കണക്ക്‌ പുറത്തുവന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top