23 September Wednesday

പതറില്ല നമ്മൾ ; മുന്നൊരുക്കം ഉഷാർ, രോഗപ്രതിരോധം മൂന്ന്‌ തട്ടിൽ

വെബ് ഡെസ്‌ക്‌Updated: Thursday Jul 30, 2020

അതിതീവ്ര വ്യാപനത്തിന്റെ മൂന്നാംഘട്ടത്തിലാണ്‌ നാം. ആദ്യ രണ്ടു ഘട്ടത്തിൽ സംസ്ഥാനത്തിന്‌ പുറത്തുനിന്ന്‌ എത്തിയവരായിരുന്നു 90 ശതമാനം രോഗികളും. നിലവിൽ വിവിധ ജില്ലകളിൽ നൂറിലധികം കോവിഡ്‌ അതിവ്യാപന (ക്ലസ്റ്റർ) മേഖലകളുണ്ട്‌. ആകെ രോഗികളുടെ 55.63 ശതമാനവും പ്രതിദിന രോഗികളുടെ 81 ശതമാനവും സമ്പർക്കംമൂലമായതാണ്‌.

സെപ്‌തംബറിൽ ദിവസം 8000 വരെ!
സെപ്‌തംബറോടെ സംസ്ഥാനത്ത്‌ ദിവസം 5000 മുതൽ 8000 വരെ രോഗികൾ ഉണ്ടായേക്കാം. അടുത്ത പത്തുദിവസത്തിനുള്ളിൽ ചികിത്സയിൽ ഉള്ളവരുടെ എണ്ണം 50,000 മുതൽ 70,000 വരെ ആയേക്കാമെന്നും ദുരന്തനിവാരണ അതോറിറ്റിയുടെ പുതിയ റിപ്പോർട്ടിലുണ്ട്‌.  45,000 വരെ രോഗികൾക്ക്‌ ലക്ഷണങ്ങളൊന്നും ഉണ്ടാകില്ലെന്നും ആരോഗ്യവകുപ്പ്‌ കണക്കാക്കുന്നു. മൂന്ന്‌ ശതമാനത്തോളംമാത്രമായിരിക്കും ഗുരുതര രോഗികൾ.

ഇതിന്‌ അനുസൃതമായ തയ്യാറെടുപ്പുകളും സർക്കാർ നടത്തുന്നുണ്ട്‌. തദ്ദേശസ്ഥാപന അടിസ്ഥാനത്തിൽ പ്രഥമതല ചികിത്സാകേന്ദ്രങ്ങൾ ഒരുങ്ങുന്നു. ഗുരുതര രോഗമുള്ളവരെമാത്രം കോവിഡ്‌ ആശുപത്രിയിലാക്കും. ലക്ഷണങ്ങൾ ഇല്ലാത്തവർക്കായി വീട്ടുചികിത്സാ സംവിധാനവും പരിഗണനയിലുണ്ട്‌. സ്വകാര്യമേഖലയുടെകൂടി പങ്കാളിത്തത്തോടെ ചികിത്സ വ്യാപകമാക്കി.

477 ആരോഗ്യപ്രവർത്തകർക്കും രോഗം
രാജ്യത്ത്‌ ഇതുവരെ 104 ഡോക്ടർമാരുടെ ജീവൻ നഷ്ടമായി. മഹാരാഷ്ട്ര, തമിഴ്‌നാട്‌, ഡൽഹി, ഗുജറാത്ത്‌ സംസ്ഥാനങ്ങളിലാണ്‌ ഇതിൽ ഭൂരിഭാഗവും. ജൂലൈ 13 വരെയുള്ള കണക്കാണ്‌ ഇത്‌. 10 നേഴ്‌സുമാരും മറ്റ്‌ 15 ആരോഗ്യപ്രവർത്തകരും മരിച്ചു.
ആരോഗ്യപ്രവർത്തകരുടെ സുരക്ഷയ്‌ക്ക്‌ വലിയ പ്രാധാന്യം നൽകുന്ന സംസ്ഥാനത്ത്‌ ഇതുവരെ കോവിഡ്‌ ബാധിതരായ ഭൂരിഭാഗവും കോവിഡ്‌ മുക്തരായി. ഇതിൽ പലരും കോവിഡ്‌ ഡ്യൂട്ടിയിൽ തിരികെ എത്തി‌. ബുധനാഴ്‌ചവരെ സംസ്ഥാനത്ത്‌ 477 ആരോഗ്യപ്രവർത്തകർ കോവിഡ്‌ ബാധിതരായി.

ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാൻ സുരക്ഷാകവചം ഉൾപ്പെടെയുള്ളവ ഉറപ്പാക്കുന്നു. കോവിഡ്‌ ഡ്യൂട്ടിക്കുശേഷം നിശ്ചിതകാലം നിരീക്ഷണം. കോവിഡ്‌ ടെസ്റ്റിനുശേഷം തിരികെ ഡ്യൂട്ടിയിലേക്ക്‌. കോവിഡിനെതിരായ പോരാട്ടത്തിൽ മുന്നണിപ്പോരാളികളാണ്‌ ഇവർ.

കോവിഡ്‌ ബ്രിഗേഡ്‌
പ്രഥമതല ചികിത്സാകേന്ദ്രങ്ങളുടെ പ്രവർത്തനത്തിന്‌ നേതൃത്വം നൽകാനാണ്‌ കോവിഡ്‌ ബ്രിഗേഡ്‌. ഡോക്ടർമുതൽ വളന്റിയർമാർവരെ ഇതിലുണ്ടാകും. ആരോഗ്യവകുപ്പ്‌ ജീവനക്കാർക്കു പുറമെ, കരാർ അടിസ്ഥാനത്തിൽ കൂടുതൽ ആരോഗ്യപ്രവർത്തകരെ നിയോഗിക്കും. ഇവർക്ക്‌ ഇൻഷുറൻസുമുണ്ടാകും. വേതനം കാലാനുസൃതമായി നിശ്ചയിക്കും. ഇതുവരെ 1679 പേർക്ക്‌ പരിശീലനം നൽകി.

മുന്നൊരുക്കം ഉഷാർ
കോവിഡ്‌ പ്രതിരോധത്തിനായി ഒറ്റ ദിവസം 276 ഡോക്ടർമാരെ പിഎസ്‌സി വഴി നിയമിച്ചു. കാസർകോട്‌ മെഡിക്കൽ കോളേജ് ആശുപത്രിക്കായി 273 തസ്തിക സൃഷ്ടിച്ചു. 980 ഡോക്ടർമാരെ മൂന്ന് മാസത്തേക്കും നിയമിച്ചു. ഇതിന്‌ പുറമെ എൻഎച്ച്എം വഴി 6700 താൽക്കാലിക നിയമനം.

● പ്രഥമ ചികത്സാ കേന്ദ്രങ്ങളിൽ 305 ഡോക്ടർമാർ, 572 നേഴ്‌സുമാർ, 62 ഫാർമസിസ്‌റ്റുകൾ, 27 ലാബ്‌ ടെക്നീഷ്യന്മാർ

●80 വെന്റിലേറ്റർ വാങ്ങി. കേന്ദ്ര സർക്കാരിൽനിന്ന്‌ 270 എണ്ണം ലഭിച്ചു. 50 എണ്ണം ഉടൻ വാങ്ങും.

●6007 വെന്റിലേറ്റർ രാപ്പകൽ പ്രവർത്തിപ്പിക്കാൻ ഓക്സിജൻ സ്‌റ്റോക്ക്‌ ചെയ്തു.

●ഏഴ്‌ മെഡിക്കൽ കോളേജിലും ലിക്വിഡ്‌ ഓക്സിജൻ.

●കോവിഡ്‌ രോഗികൾക്ക്‌ മാത്രമായി 947 ആംബുലൻസ്‌.

●ഇ സഞ്ജീവനി ടെലിമെഡിസിൻ എല്ലാ ജില്ലയിലും.

●50 മൊബൈൽ മെഡിക്കൽ യൂണിറ്റ്‌. 19 എണ്ണം കൂടി ഉടൻ.

●ആരോഗ്യ പ്രവർത്തകർക്ക്‌ 3.38 ലക്ഷം എൻ 95 മാസ്ക്‌, 3.58 ലക്ഷം പിപിഇ കിറ്റ്‌, 14.48 ലക്ഷം ത്രീ ലെയർ മാസ്ക്‌, 40.28 ലക്ഷം ഗ്ലൗസ്‌ സ്റ്റോക്കുണ്ട്‌.
 

രോഗപ്രതിരോധം മൂന്ന്‌ തട്ടിൽ

1) വൈറസ്‌ സമൂഹത്തിലേക്ക്‌ എത്താതിരിക്കാൻ–- രോഗസാധ്യതയുള്ള എല്ലാവരെയും കണ്ടെത്തി നിരീക്ഷണത്തിലാക്കുന്നു. ശാസ്ത്രീയമായി പരിശോധിക്കുന്നു.

2) വൈറസ്‌ സമൂഹത്തിൽ എത്തിയാൽ–- വ്യാപനം ഉണ്ടാകാതിരിക്കാൻ സാമൂഹ്യ അകലം പാലിക്കൽ, ബ്രേക്ക്‌ ദ ചെയിൻ. രോഗം സ്ഥിരീകരിക്കുന്നവർക്ക്‌ ആവശ്യമായ ചികിത്സ.

3) മരണം കുറയ്‌ക്കാൻ–- ആരിലേക്ക്‌ എത്തിയാലാണോ രോഗം കൂടുതൽ ദുരിതം വിതയ്‌ക്കുന്നത്‌, അവരെ സമൂഹത്തിൽനിന്ന്‌, വൈറസിന്റെ പിടിയിൽനിന്ന്‌ മാറ്റിനിർത്തുന്നു–- റിവേഴ്‌സ്‌ ക്വാറന്റൈൻ.

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top