04 October Tuesday

ഗൂഢാലോചനക്കേസുകളില്‍ തളരാതെ

വെബ് ഡെസ്‌ക്‌Updated: Saturday Aug 13, 2022

മീററ്റ് ഗൂഢാലോചനക്കേസിൽ അറസ്റ്റിലായ കമ്യൂണിസ്റ്റ് നേതാക്കൾ

സ്വാതന്ത്ര്യസമരത്തിലെ കമ്യൂണിസ്റ്റ് പാർടി ഇടപെടൽ ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ സ്വഭാവത്തെയും ഉള്ളടക്കത്തെയും ഏറെ സ്വാധീനിച്ചു. സ്വാതന്ത്ര്യസമരത്തിന്റെ സജീവമായ വിപ്ലവധാരയുടെ ചാലകശക്തിയായി കമ്യൂണിസ്റ്റ് പാർടി.  കമ്യൂണിസ്റ്റ്‌ പാർടിയുടെ ഇടപെടലുകളുടെയും തൊഴിലാളികളെയും കർഷകരെയും സംഘടിപ്പിച്ചുള്ള പണിമുടക്കുകളുടെയും അപകടം ബ്രിട്ടീഷ് ഭരണകൂടം തുടക്കത്തിൽത്തന്നെ തിരിച്ചറിഞ്ഞു.

ബ്രിട്ടീഷ് വൈസ്രോയിമുതൽ ദേശീയ പത്രങ്ങളും നേതാക്കളുംവരെ കമ്യൂണിസ്റ്റു‌കാർക്കെതിരെ അപവാദം പ്രചരിപ്പിച്ചു. “കമ്യൂണിസ്റ്റ് സിദ്ധാന്തങ്ങളുടെ അസ്വസ്ഥതയും ഉൽക്കണ്ഠയും ഉളവാക്കുന്ന വ്യാപനം തടയാൻ സർക്കാർ നടപടി സ്വീകരിക്കു”മെന്ന് വൈസ്രോയിയായിരുന്ന ഇർവിൻ 1929ൽ ലെജിസ്ലേറ്റീവ് കൗൺസിലിൽ പ്രഖ്യാപിച്ചു. ഇന്ത്യയിലെ ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെ റിപ്പോർട്ടുകളിൽ “വാഹകരില്ലാതെ വ്യാപിക്കുകയും പ്രതിരോധിക്കുന്ന ശക്തികളിൽനിന്ന് ഊർജം കൈവരിക്കുകയും ചെയ്യുന്ന കമ്യൂണിസം എന്ന ആശയത്തെ’’ തടയുന്ന ജോലി ദുഷ്കരമാണെന്ന്‌ രേഖപ്പെടുത്തി. കമ്യൂണിസ്റ്റ് ആശയത്തിന്റെ പ്രചാരം തടയാൻ  നിരവധി കള്ളക്കേസ്‌ ഗൂഢാലോചന കേസുകളായി രജിസ്റ്റർ ചെയ്‌തു.

പെഷാവർ ഗൂഢാലോചനക്കേസ്

1922–-24 കാലയളവിൽ സോവിയറ്റ് യൂണിയൻ വഴി ഇന്ത്യയിലേക്ക്‌ കടക്കാൻ ശ്രമിച്ച കമ്യൂണിസ്റ്റ് നേതാക്കളെ ഗൂഢാലോചന കേസിൽ കുടുക്കി. അഞ്ചു കേസാണ് ചുമത്തിയത്. ബ്രിട്ടീഷ് സർക്കാരിനെ പുറത്താക്കാൻ ഗൂഢാലോചന നടത്തിയെന്ന ഒന്നാമത്തെ പെഷാവർ കേസിൽ 1922 മെയ് 31ന് വിധി പറഞ്ഞു. മുഹമ്മദ്‌ അക്‌ബർ, ബഹദുർ ഖാൻ എന്നിവരെ രണ്ടു വർഷവും ഒരു വർഷവുമായി കഠിന തടവിന് ശിക്ഷിച്ചു. രണ്ടാം കേസിൽ മുഹമ്മദ്‌ അക്‌ബറിനെ ഏഴുവർഷത്തേക്കും മുഹമ്മദ്‌ ഹസ്സൻ, ഗുലാം മെഹബൂബ്‌ എന്നിവരെ അഞ്ചു വർഷത്തേക്കും ശിക്ഷിച്ചു. മൂന്നാം കേസിൽ എട്ടു പ്രതികൾ. അക്‌ബർ ഷാ, ഗഫ്‌ർ റഹ്‌മാൻ, ഫിറോസ്‌ ഉദ്ദീൻ, അബ്ദുൾ മജീദ്‌, ഹബീബ്‌ അഹമ്മദ്‌, സുൽത്താൻ മുഹമ്മദ്‌, റഫീഖ്‌ അഹമ്മദ്‌ എന്നിവരെ ശിക്ഷിച്ചു. നാലാമത്തെ കേസിൽ മുഹമ്മദ് ഷെഫീഖിനെ 1924 ഏപ്രിൽ 24ന്  മൂന്നുവർഷം കഠിനതടവിന് ശിക്ഷിച്ചു. അഞ്ചാം കേസിൽ ഫസലുൽ ഇലാഹി ഗുർബാനെ മൂന്നുവർഷത്തെ കഠിനതടവിന് ശിക്ഷിച്ചു.

കാൺപുർ ഗൂഢാലോചനക്കേസ്

1924ൽ ഇന്ത്യയിലെ നവജാത കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഉന്നത നേതൃത്വത്തെയാകെ കാൺപുർ ബോൾഷെവിക് ഗൂഢാലോചനക്കേസിൽ പെടുത്തി വിചാരണ ചെയ്തു. എസ് എ ഡാങ്കെ, മുസഫർ അഹമ്മദ്, നളിനി ഗുപ്ത, ഷൗക്കത്ത് ഉസ്മാനി എന്നിവരെ നാലുവർഷത്തെ തടവിന്‌ ശിക്ഷിച്ചു. ‘ചക്രവർത്തി തിരുമനസ്സിന്റെ ഇന്ത്യയിലെ പരമാധികാരം തകർക്കാൻ ശ്രമിച്ചു’ എന്നായിരുന്നു കുറ്റപത്രം.

മീററ്റ് ഗൂഢാലോചനക്കേസ്

1929 മാർച്ചിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമുന്നത നേതാക്കളായ മുസഫർ അഹമ്മദ്, എസ് എ ഡാങ്കെ, പി സി ജോഷി, ഷൗക്കത്ത് ഉസ്മാനി എന്നിവരുൾപ്പെടെ 31 നേതാക്കളെ മീററ്റ് ഗൂഢാലോചനക്കേസിൽ അറസ്റ്റ് ചെയ്തു. -ഫിലിപ്പ് സ്പ്രാറ്റ്, ബെൻ ബ്രാഡ്ലി, ലെസ്റ്റർ ഹച്ചിൻസൺ- എന്നീ മൂന്ന്‌ ബ്രിട്ടീഷ് കമ്യൂണിസ്റ്റുകാരും ഉൾപ്പെടും. ദേശീയ പ്രസ്ഥാനത്തിൽനിന്ന് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ഒറ്റപ്പെടുത്തി തകർക്കുകയായിരുന്നു ലക്ഷ്യം. മഹാത്മാഗാന്ധി മീററ്റ് തടവുകാരെ ജയിലിൽ സന്ദർശിച്ച് ഐക്യദാർഢ്യം അറിയിച്ചു. ആൽബർട്ട് ഐൻസ്റ്റൈൻ, റൊമാങ് റോളാങ്, ഹാരോൾഡ് ലാസ്കി തുടങ്ങിയ മഹാരഥന്മാരായ ബുദ്ധിജീവികൾ പലരും കേസിനെതിരെ രംഗത്തുവന്നു.

1933 ജനുവരി 16ന് 31 പ്രതികളിൽ നാലു പേരൊഴികെ മറ്റെല്ലാവരെയും നാടുകടത്തലിനും കഠിന തടവിനും ശിക്ഷിച്ചു. മുസഫർ അഹമ്മദിനെ ജീവിതകാലം മുഴുവൻ നാടുകടത്താൻ വിധിച്ചു. എസ്‌ വി ഘാട്ടെ, എസ് എ ഡാങ്കെ, കെ എൻ ജോഗ് ലേക്കർ, ആർ എസ് നിംബ്കർ, ഫിലിപ്പ് സ്പ്രാറ്റ് എന്നിവരെ 12 വർഷത്തേക്കും നാടുകടത്തി. വിചാരണവേളയിൽ കമ്യൂണിസ്റ്റുകാർ നടത്തിയ പ്രസ്താവന ഭാവി ഇന്ത്യയെക്കുറിച്ചുള്ള പാർടിയുടെ കാഴ്ചപ്പാടും കമ്യൂണിസ്റ്റ് പാർടി ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തെ എങ്ങനെ കാണുന്നെന്നും വ്യക്തമാക്കുന്ന രേഖയായി. സാമൂഹിക നീതി, ന്യൂനപക്ഷ സംരക്ഷണം, സ്ത്രീവിമോചനവും തുല്യനീതിയും, മൗലികാവകാശം, ഫെഡറലിസം എന്നിവയെക്കുറിച്ചെല്ലാം വിശദീകരിക്കുന്ന പ്രസ്താവന അവരുടെ ദീർഘവീക്ഷണത്തിന്റെ സാക്ഷ്യമായി. വിചാരണ നടപടി പത്രങ്ങൾ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചതോടെ കമ്യൂണിസ്റ്റ് ആശയം ലക്ഷക്കണക്കിന്‌ ആളുകളിലേക്ക്‌ എത്തി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top