01 July Friday

താമരക്കുമ്പിളല്ലോ മമഹൃദയം

വെബ് ഡെസ്‌ക്‌Updated: Wednesday May 25, 2022


‘കോൺഗ്രസുകാർ ശക്തിപ്രകടനമായി ബിജെപിയിലേക്ക്‌ പോകുന്ന കാലത്ത്‌ ഇത്തരം സില്ലി ചോദ്യങ്ങളൊക്കെ ചോദിക്കാമോ. യുഡിഎഫ്‌ സ്ഥാനാർഥി വോട്ടുതേടി ബിജെപി ഓഫീസിൽ പോയി എന്നൊക്കെ പറഞ്ഞ്‌ ആളെ ചിരിപ്പിച്ച്‌ കൊല്ലരുത്‌.  എന്നായാലും അങ്ങോട്ട്‌ പോകേണ്ടവരല്ലേ. സിപിഐ എം സംഘടിപ്പിച്ച സെമിനാറിൽ പങ്കെടുക്കാനൊന്നുമല്ലല്ലോ പോയത്‌. അങ്ങനെയാണെങ്കിൽ പെട്ടുപോയേനെ’–- തൃക്കാക്കരയിലെ യുഡിഎഫ്‌ സ്ഥാനാർഥി ബിജെപി ഓഫീസിൽ വോട്ടുതേടിയതിനുപിന്നാലെ എറണാകുളത്തെ കോൺഗ്രസ്‌ ആസ്ഥാനത്തുനിന്നുയർന്ന നിശ്വാസത്തിന്റെ ഏകദേശ തർജമ ഇതാകണം.

വേണമെങ്കിൽ ബിജെപിയിലേക്ക്‌ പോകും എന്നു പറഞ്ഞയാൾ ഇപ്പോ പാർടിക്ക്‌ പുറത്തല്ല. കെപിസിസിയുടെ തലപ്പത്താണ്‌. സിപിഐ എം സംഘടിപ്പിച്ച സെമിനാറിൽ പങ്കെടുത്ത എഐസിസി അംഗത്തെ കോൺഗ്രസിൽനിന്ന്‌ പുറത്താക്കാനുള്ള സിദ്ധിയാണ്‌ അതുവഴി മൂപ്പർക്ക്‌ കൈവന്നത്‌.  തൃക്കാക്കരയിലെ യുഡിഎഫ്‌ സ്ഥാനാർഥി ബിജെപി ഓഫീസിൽ വോട്ടുതേടിയതിൽ അസ്വാഭാവികതയൊന്നുമില്ലെന്ന്‌ കണ്ടുപിടിച്ചത്‌ ആരാണെന്നാ വിചാരം.  എല്ലാറ്റിനെയും എതിർക്കാൻമാത്രം വാതുറക്കുന്ന പ്രതിപക്ഷനേതാവ്‌.  സുധാകരനുമായുള്ള സമ്പർക്കഗുണം അത്രയ്‌ക്കുണ്ട്‌.

തൃപ്പൂണിത്തുറയിൽ ബിജെപി വോട്ടുകൾ തനിക്ക്‌ കിട്ടുമെന്ന്‌ കെ ബാബു പറഞ്ഞപ്പോൾ എന്തൊരു പുകിലായിരുന്നു. പറഞ്ഞതിലും കൂടുതൽ പിടിച്ചുകളഞ്ഞല്ലോ കള്ളൻ എന്നു പരിഭവിച്ചു കോൺഗ്രസ്‌. ബിജെപിയുടെ കണക്കിൽ 4.29 ശതമാനം വോട്ട്‌ കുറഞ്ഞപ്പോൾ ബാബുവിന്റെ കീശയിൽ കൂടിയത്‌ 4.58 ശതമാനം വോട്ട്‌. അതാണ്‌ മിടുക്ക്‌.

കേരളത്തിൽ ഒരു സീറ്റിൽപ്പോലും ജയിക്കാനുള്ള വോട്ട്‌ ബിജെപിയുടെ കൈയിലില്ലെന്ന്‌ ആർക്കാണറിയാത്തത്‌. വിൽക്കാനുള്ളത്‌ ഉണ്ടുതാനും. ഓരോ തെരഞ്ഞെടുപ്പിലും തോറ്റ ചരിത്രവും വിറ്റ ചരിത്രവും അവർ ഒറ്റ കാണ്ഡമായാണ്‌ എഴുതുന്നത്‌.  അവസാനജയത്തിലാണ്‌ പ്രതീക്ഷ.  ഇന്ന്‌ വിൽക്കുന്ന വോട്ട്‌ മുഴുവൻ നാളെ ഒരാളായി ഇങ്ങോട്ട്‌ പോരുമല്ലോ എന്ന പ്രതീക്ഷ. തൃക്കാക്കര ഉപതെരഞ്ഞെടുപ്പുകാലത്തുമാത്രം രണ്ട്‌ എണ്ണംപറഞ്ഞ കോൺഗ്രസ്‌ നേതാക്കളാണ്‌ എന്നന്നേക്കുമായി ബിജെപിയിൽ എത്തിയത്‌. ഒരാൾ ഗുജറാത്തിലെ പിസിസി വർക്കിങ് പ്രസിഡന്റ്‌ ഹാർദിക്‌ പട്ടേൽ. മറ്റേത്‌ പഞ്ചാബിലെ മുൻ പിസിസി അധ്യക്ഷൻ സുനിൽ ഝാക്കർ. തൃക്കാക്കരയിലെമാത്രമല്ല, ഭൂമിമലയാളത്തിലെ മുഴുവൻ കോൺഗ്രസും വരിവരിയായി ബിജെപിയിലേക്ക്‌ എത്തുന്ന കാലമാണ്‌ സ്വപ്‌നത്തിലുള്ളത്‌. അതുകൊണ്ടല്ലേ മറ്റു പ്രതീക്ഷകളില്ലാത്തപ്പോഴും ബിജെപിയുടെ സംസ്ഥാന വൈസ്‌ പ്രസിഡന്റുതന്നെ തൃക്കാക്കരയിൽ മത്സരിക്കുന്നത്‌. കാര്യങ്ങൾ ആ നിലവാരത്തിൽ നീങ്ങണമല്ലോ. മുമ്പ്‌ നീങ്ങിയിട്ടുണ്ടല്ലോ. ഏത്‌..?


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top