19 September Sunday

സ്റ്റുഡന്റ്‌സ് ഫെഡറേഷന് നേതൃത്വം; ബാല്യംമുതല്‍ പോരാട്ടവീര്യം; അറിയപ്പെടാത്ത കമ്യൂണിസ്റ്റ്

വെബ് ഡെസ്‌ക്‌Updated: Saturday Jul 10, 2021

ഇഎംഎസ്സിനൊപ്പം പി കെ വാരിയർ

പി കെ വാരിയരിലെ വൈദ്യനെ എല്ലാവരും അറിഞ്ഞു. എന്നാൽ കമ്യൂണിസ്റ്റുകാരനെ പലർക്കും പിടിയില്ലായിരുന്നു. ആര്യവൈദ്യശാലയെ കാരണവരുടെ കൈയടക്കത്തോടെ പരിപാലിക്കാനായത് മനസിലെ കമ്യൂണിസ്റ്റ് ആഭിമുഖ്യത്താൽ. അത് ആത്മകഥയായ ‘സ്മൃതിപർവ’ത്തിൽ വ്യക്തം.

സ്കൂൾ പഠനം ഗുരുവായൂർ സത്യഗ്രഹ കാലത്തായിരുന്നതിനാൽ ആ അലയൊലികളറിഞ്ഞു. സ്കൂൾ വാർഷികത്തിന് മുഖ്യാതിഥിയായി സായിപ്പിനെ ക്ഷണിച്ചപ്പോൾ പ്രതിഷേധിച്ച് കാക്കി യൂണിഫോമിന് ബദലായി ഖദർമുണ്ടും കുപ്പായവും ധരിച്ച് മാർച്ച്ചെയ്തു. ബാല്യത്തിലെ പോരാട്ടവീര്യം അന്ത്യംവരെയുണ്ടായി. 1937ൽ രാജാസ് ഹൈസ്കൂളിലെയും ആയുർവേദ കോളേജിലെയും വിദ്യാർഥികളെ സംഘടിപ്പിച്ച് ഓൾ കേരള സ്റ്റുഡന്റ്സ് ഫെഡറേഷൻ ശാഖ കോട്ടയ്ക്കലിൽ ആരംഭിക്കാൻ നേതൃത്വം നൽകിയവരിൽ പ്രധാനി. ആദ്യ ചർച്ചാസമ്മേളനം ഉദ്ഘാടനംചെയ്തത് കെ കേളപ്പൻ.

മലബാർ ക്രിസ്ത്യൻ കോളേജിൽ ചേർന്ന മൂന്നാം വാർഷിക പ്രതിനിധിയുമായി. എൻ വി കെ വാരിയർ (എൻ വി കൃഷ്ണൻകുട്ടിവാരിയർ)ക്കൊപ്പമായിരുന്നു പങ്കെടുത്തത്. സെക്രട്ടറി കല്ലാട്ട് കൃഷ്ണൻ. പി കൃഷ്ണപിള്ള, മഞ്ജുനാഥറാവു, ഇ കെ നായനാർ തുടങ്ങിയ നേതാക്കളും. ലഘുലേഖ രഹസ്യമായി വിതരണം ചെയ്തത്‌ ആവേശകരമായി. ദേശാഭിമാനിയുടെ വിതരണക്കാരനും പിന്നീട് വാരിയരുടെ ഡ്രൈവറുമായ മൊയ്തീൻകുട്ടിയായിരുന്നു പ്രധാനി.

സോവിയറ്റ് യൂണിയനെതിരായ ഹിറ്റ്ലറുടെ ആക്രമണ പശ്ചാത്തലത്തിൽ ദേശീയ‐അന്തർദേശീയബോധം ഏറ്റുമുട്ടിയപ്പോൾ 1942ൽ സ്വാതന്ത്ര്യദാഹവുമായി പഠിപ്പ് നിർത്തി വാരിയരും. യുദ്ധവിരുദ്ധ പ്രചാരണത്തിൽ നിലമ്പൂർ, മഞ്ചേരി, പരപ്പനങ്ങാടി മേഖലകളിൽ പാർടി ചുമതല വഹിച്ചു. “മഞ്ചേരിയിൽ പാർടി ഓഫീസ് ആദ്യം നാലുംകൂടിയയിടത്തായിരുന്നു. പിന്നെ കച്ചേരിപ്പടിയിലേക്ക്. സാധനങ്ങൾ തലച്ചുമടായി കൊണ്ടുവരണം. ആളുകളെ കിട്ടില്ല, കൊടുക്കാൻ കാശുമില്ല. ഞങ്ങളെല്ലാം അവ കച്ചേരിപ്പടിയിലെത്തിച്ചു. അങ്ങനെയാണ് ഓഫീസ് തുടങ്ങിയത്. പിന്നെ അനവധി പ്രാവശ്യം മഞ്ചേരിയിൽനിന്ന് കോട്ടക്കലിലേക്കും തിരിച്ചും നടന്നിട്ടുണ്ട്. രാത്രി മുഴുവൻ. എന്തെങ്കിലും സാധനങ്ങൾ കൊണ്ടുപോകാനുണ്ടാകും. അല്ലെങ്കിൽ സന്ദേശം എത്തിക്കണം. ഒരു വർഷത്തോളം അതായിരുന്നു പ്രവർത്തനം.’’സ്വാതന്ത്ര്യ പ്രസ്ഥാനത്തിലും കമ്യൂണിസ്റ്റ് പാർടിയിലും ആകൃഷ്ടനായി പ്രൊഫഷണൽ വിദ്യാഭ്യാസം ഒരു ഘട്ടത്തിൽ ഉപേക്ഷിക്കാൻ തയ്യാറായതായിരുന്നു അദ്ദേഹം.

വീട്ടുകാരുടെ നിർബന്ധത്തെതുടർന്ന് വീണ്ടും കോളേജിൽ ചേർന്ന് ആയുർവേദ ബിരുദം നേടി. പിന്നെ അമ്മാവന്റെ നിർദേശപ്രകാരം ആര്യവൈദ്യശാലയുടെ ചുമതലയിലേക്ക്. അദ്ദേഹത്തിന്റെ മരണശേഷം ട്രസ്റ്റ് ബോർഡിലേക്കും. ജ്യേഷ്ഠന്റെ മരണശേഷം മാനേജിങ് ട്രസ്റ്റിയായി. അവിടെ സമരമുണ്ട്, മാനേജ്മെന്റ് നിലപാടുകളുണ്ട്, വിട്ടുവീഴ്ചകളുണ്ട്, അതിനപ്പുറം സാർവദേശീയ കമ്യൂണിസ്റ്റ് കാഴ്ചപ്പാടുമുണ്ടായി. ട്രസ്റ്റിയായി ചുമതലയേറ്റശേഷം തൊഴിലാളി സമരമുണ്ടായപ്പോൾ രമ്യമായി തീർക്കാൻ വാരിയർക്ക് തുണയായത് കമ്യൂണിസ്റ്റ് വീക്ഷണം. 1956ലാണ് ആദ്യ സമരം. മുമ്പും പിന്നീടും മാനേജ്മെന്റും തൊഴിലാളികളും മാതൃകാ ബന്ധം പിന്തുടരുന്നു. ആ വർഷം ഓണം അവിട്ടത്തിന് അവധി പ്രഖ്യാപിച്ചപ്പോൾ കൂലികൂടി ആവശ്യപ്പെട്ടതായിരുന്നു പ്രശ്നത്തിനിടയാക്കിയത്. കുത്തിയിരുന്ന തൊഴിലാളികളുമായി ചർച്ചചെയ്ത് പ്രശ്നം തീർത്തു.

ഒരിക്കലും പണിമുടക്കിന്റെ അന്തരീക്ഷത്തിലേക്കെത്തിയില്ല. 1962ൽ കൂലിവർധന ആവശ്യപ്പെട്ട് പണിമുടക്ക്. സ്ഥിരംതൊഴിലാളികൾക്ക് താൽക്കാലിക വർധനയിലൂടെ പ്രശ്നത്തിന് പരിഹാരമായി. ഇ എം എസ്സിന്റെയും എ കെ ജിയുടെയും സുഹൃത്തായിരുന്ന കോട്ടക്കൽ ശങ്കരവാരിയരാണ് ചുക്കാൻ പിടിച്ചത്. മാനേജ്മെന്റ് തീരുമാനം തൊഴിലാളികളുടെ ഡിമാന്റായി അംഗീകരിപ്പിക്കാനും വാരിയർ നിർദേശിച്ചതോടെ ഇടച്ചിലിന് പരിഹാരമായി. അടുത്ത സമരം 1981ൽ. രഹസ്യം ചോർത്തിയ സെക്യൂരിറ്റി ഓഫീസറെ ഒഴിവാക്കി. യൂണിയനുകൾ പണിമുടക്കി. സമരം പൂർണം. വെള്ളവും വെളിച്ചവും മുടങ്ങി. മാനേജ്മെന്റിനെ എതിർത്ത് മനോരമയിൽ തൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കുംവിധം വാർത്ത. തുടർന്ന് കെ എം മാത്യുവിനെ വിളിച്ച് ശ്രദ്ധയിൽപ്പെടുത്തി. സമരം ശക്തമായതിനെ തുടർന്ന് ധർമാശുപത്രി പൂട്ടാൻ നിർദേശം. അത് വാരിയർ അംഗീകരിച്ചില്ല. പിന്നെയും ചർച്ച. മുഖ്യമന്ത്രി ഇ കെ നായനാർ ഇടപെട്ട് സമരം തീർത്തു. ഇ എം എസ്സിന്റെയും ഇമ്പിച്ചിബാവയുടെയും സഹായവും. സമര പശ്ചാത്തലത്തെക്കുറിച്ചും അത് നേരിട്ട രീതിയെപ്പറ്റിയും ‘സ്മൃതിപർവ’ത്തിൽ പറയുന്നു: “ആര്യവൈദ്യശാലയിൽ ആരംഭം മുതലേ മാനേജ്മെന്റും തൊഴിലാളികളും നല്ല ബന്ധമാണ്. അതിന് രണ്ട് കാരണങ്ങളുണ്ട്. ഒന്ന്, സ്ഥാപനം നന്നായി നടക്കുന്നതിനുവേണ്ട കാര്യം നിർദേശിക്കുമെന്നല്ലാതെ അധികാരഭാവത്തിൽ പെരുമാറുന്ന രീതി മാനേജ്മെന്റിന് ഇല്ല. രണ്ടാമത്തേത്, ഇതൊരു ധർമസ്ഥാപനമാണെന്നും തങ്ങളുമതിന്റെ ഭാഗമാണെന്നുമുള്ള ബോധം തൊഴിലാളികൾക്കുണ്ട്. കാര്യം രമ്യമായി പറഞ്ഞ് മനസ്സിലാക്കാൻ കഴിയാറുണ്ട്. വൈദ്യശാലയുടെ വളർച്ചയിൽ തൊഴിലാളികൾക്കുള്ള പങ്ക് നിസ്സീമം. രണ്ടുമാസം കഴിഞ്ഞ് ആർബിട്രേഷൻ വിധിവന്നു. മാനേജ്മെന്റ് നിലപാട് ശരിവച്ച്. മാനേജ്മെന്റിന്റെ മാതൃകാ പെരുമാറ്റത്തെ വിധി അഭിനന്ദിക്കുകയുംചെയ്തു.’’

മാനേജ്മെന്റിന്റെ ശരികൾക്കൊപ്പം നിൽക്കുമ്പോഴും തൊഴിലാളികൾക്കെതിരായ നിലപാടുകളായി അവ മാറാതിരിക്കാൻ വാരിയർ ജാഗ്രത കാണിച്ചു. വിദ്യാർഥിയായിരുന്നപ്പോഴുണ്ടായ രാഷ്ട്രീയപ്രവർത്തനം തുടർന്നിരുന്നുവെങ്കിൽ, ആയുർവേദത്തിലേക്ക് തിരിഞ്ഞിരുന്നില്ലെങ്കിൽ, മികച്ച നേതാക്കളിൽ ആ പേരുമുണ്ടാകുമായിരുന്നു. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top