18 February Monday

നാണയങ്ങളുടെയും പുരാവസ്‌തുക്കളുടെയും 'ഉടയോന്‍'

സി ജെ ഹരികുമാര്‍/ ഫോട്ടോ: ജയകൃഷ്ണന്‍ ഓമല്ലൂര്‍Updated: Monday Mar 12, 2018

സിബി തന്റെ മ്യൂസിയത്തില്‍

ചീട്ടുകള്‍ കൊണ്ടുള്ള ചെറിയ മാജിക്കുകള്‍ കാണിച്ചായിരുന്നു സിബി മാജിക്ക് എന്ന അദ്ഭുതലോകത്തേക്ക് കടന്നുചെന്നത്. ചീട്ടുകളിയില്‍ രാജാവിന് വലിയ പ്രാധാന്യമാണ് നല്‍കാറ്. എല്ലാത്തിന്റെയും ഉടയോന്‍ എന്നും രാജാവ് എന്നത് കൊണ്ട് ചിലപ്പോള്‍ അര്‍ഥമാക്കും. അത് പോലെ തന്നെയാണ് സിബിയും. പഴയ വസ്തുക്കളുടെയും നാണയങ്ങളുടെയും പുതിയ നോട്ടുകളുടെയും എല്ലാം ഉടമസ്ഥന്‍ അഥവാ സൂക്ഷിപ്പുകാരന്‍.  പത്തനംതിട്ട ഓമല്ലൂര്‍ മുള്ളനിക്കാട് വളകല്ല് പുരയിലെ സിബിയുടെ വീട്ടിലെ  ഏത് അലമാര തുറന്നാലും ലഭിക്കുക നാണയങ്ങള്‍ മാത്രമാണ്. അറിവില്ലാത്തവര്‍ക്ക് പഴഞ്ചന്‍ നാണയ തുട്ട് എന്ന് തോന്നിപ്പോകുമെങ്കിലും നമ്മളാരും കേട്ടിട്ടും കണ്ടിട്ടുമില്ലാത്ത രാജ്യങ്ങളിലെ ഔദ്യോഗിക നാണയങ്ങള്‍ ആവും അവയെല്ലാം. പലതും വളരെ വിലയേറിയതും അപൂര്‍വമായി ലഭിക്കുന്നവയും. സിബി വളരെ കഷ്ടപ്പെട്ട് ശേഖരിച്ചവയാണ് ഇവയില്‍ ഓരോന്നും.

മജീഷ്യനോ അതോ സഞ്ചാരിയോ

 
പത്തനംതിട്ട മൈലപ്രയില്‍ ഐടിസി പഠനം പൂര്‍ത്തിയാക്കിയ സിബി ജോലി അന്വേഷിച്ച് നടക്കുന്ന കാലത്താണ് 1996 ല്‍ പത്തനംതിട്ട ശ്രീ ചിത്തിര ടൗണ്‍ഹാളില്‍ മാജിക് ഉപകരണങ്ങള്‍ പ്രദര്‍ശിപ്പിച്ച കോഴിക്കോട്ടുകാരന്‍ പ്രഹ്‌ളാദനെ കാണുന്നത്. പ്രഹ്‌ളാദന്‍ പകര്‍ന്നു നല്‍കിയ മാജിക് പാഠങ്ങളും ടൗണ്‍ഹാളില്‍ നിന്ന് വാങ്ങിയ മാജിക് ഉപകരണങ്ങളും സിബിയുടെ ജീവിതത്തെ മാറ്റി മറിക്കുകയായിരുന്നു. നാട്ടില്‍ കൂട്ടുകാര്‍ക്കിടയിലും മറ്റും ചില്ലറ ജാലവിദ്യ അവതരിപ്പിച്ച് നടക്കുമ്പോളാണ് ദുബായില്‍ ജോലി ലഭിച്ച് പോകുന്നത്. ഇതിനിടെ ദുബായിലും ജാലവിദ്യകള്‍ പരീക്ഷിച്ചു.
  

  

ഷാര്‍ജയില്‍ ഒരു സഞ്ചാരബോട്ടില്‍ ജാലവിദ്യ കാട്ടുമ്പോള്‍ പരിചയപ്പെട്ട യാത്രക്കാരന്‍ നിര്‍ദ്ദേശിച്ചത് അനുസരിച്ച് മുംബൈയില്‍ ഒരു അഭിമുഖത്തില്‍ സിബി പങ്കെടുത്തു. തുടര്‍ന്ന്  അമേരിക്കന്‍ ആഡംബര കപ്പലില്‍ ക്ലോസപ്പ് മജീഷ്യനായി ജോലി ലഭിച്ചു. ഇതോടെ സിബിയിലെ സഞ്ചാരിയും പുരാവസ്തുഗവേഷകനും ഉണരുകയായിരുന്നു. അമേരിക്കയിലെ ജനങ്ങള്‍ സ്വര്‍ണ്ണത്തിനേക്കാള്‍ ഉപരി നിക്ഷേപമായി നാണയങ്ങളെ സ്‌നേഹിക്കുന്നത് സിബിക്ക് പുതിയ അനുഭവമായി. ഇതോടെ സിബിയും വ്യത്യസ്ത രാജ്യങ്ങളിലെ നാണയങ്ങള്‍ ശേഖരിക്കാന്‍ ആരംഭിച്ചു. ഇതോടൊപ്പം വിവിധ രാജ്യങ്ങളില്‍നിന്ന് 'ഷോര്‍ട്ട് ഗ്ലാസ്'(രാജ്യത്തിന്റെ ചിത്രം ആലേഖനം ചെയ്ത ചെറിയ ഗ്ലാസ്) വാങ്ങാനും ആരംഭിച്ചു. ഇതിനോടകം 73 രാജ്യങ്ങളാണ് സിബി സന്ദര്‍ശിച്ചിരിക്കുന്നത്.

സ്വര്‍ണ്ണം കൊണ്ടുള്ള നോട്ട് , 14 പൂജ്യമുള്ള പത്തുലക്ഷം കോടിയുടെ നോട്ട്

 

സിബിയുടെ  കൈവശമുള്ള നോട്ടുകളിലും നാണയങ്ങളിലും പ്രധാന ആകര്‍ഷണം വൈവിധ്യവും കൗതുകവുമാണ്. ലോകത്ത് തന്നെ ആദ്യമെന്ന് പറയാവുന്ന പൂര്‍ണ്ണമായും സ്വര്‍ണ്ണത്തില്‍ നിര്‍മിച്ച നോട്ടാണ് ഇതില്‍ പ്രധാനം. വെസ്റ്റ്ഇന്‍ഡീസിലെ ചെറു രാജ്യമായ ആന്റിഗ്വബര്‍മുഡയാണ് സ്വര്‍ണ്ണം കൊണ്ടുള്ള നോട്ട് പുറത്തിറക്കിയത്. 23 കാരറ്റ് സ്വര്‍ണ്ണത്തില്‍ 100 ഡോളര്‍ മൂല്യത്തില്‍ പുറത്തിറക്കിയ നോട്ടിന് ഏകദേശം 20,000 രൂപയുടെ മൂല്യം ഇന്ന് വിപണിയിലുണ്ട്. സിബാംവെ പുറത്തിറക്കിയ 14 പൂജ്യമുള്ള പത്ത് ലക്ഷം കോടിയുടെ ഒറ്റനോട്ടാണ് ശേഖരത്തിലെ മറ്റൊരു താരം. നോട്ടിലെ പൂജ്യങ്ങളുടെ എണ്ണത്തിന്റെ കാര്യത്തില്‍ ഗിന്നസ് ബുക്കില്‍ ഇടം നേടിയ നോട്ട് പിന്നീട് സിംബാവെ നിര്‍ത്തലാക്കി.
  

ഷോര്‍ട്‌സ് ഗ്ലാസുകളുടെ അപൂര്‍വ ശേഖരം

ഷോര്‍ട്‌സ് ഗ്ലാസുകളുടെ അപൂര്‍വ ശേഖരം


ഇന്ത്യ സ്വതന്ത്രമായാല്‍ ഉപയോഗിക്കാനായി രണ്ടാം ലോകമഹായുദ്ധ കാലത്ത് സിംഗപൂര്‍ കേന്ദ്രമായി രൂപം കൊണ്ട ആസാദ് ഹിന്ദ് നിര്‍മിച്ച നോട്ടുകളും നാണയങ്ങളും ശേഖരത്തിലുണ്ട്. 194345 വരെ സുഭാഷ്ചന്ദ്ര ബോസായിരുന്നു സംഘത്തിന്റെ തലവന്‍. ഈ നോട്ടുകള്‍ ഒരിക്കലും ഉപയോഗത്തില്‍ വന്നിട്ടില്ല. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ 2010ല്‍ പുറത്തിറക്കിയ ആയിരം രൂപയുടെ  വെള്ളിനാണയം, 500 രൂപാ നാണയം, 1988 ജനുവരി 17ന് ഓസ്‌ട്രേലിയ പുറത്തിറക്കിയ ലോകത്തിലെ ആദ്യത്തെ പ്ലാസ്റ്റിക്ക് നോട്ട് എന്നിവയും ശേഖരത്തിലുണ്ട്.

ബോക്‌സ് ഗ്രാമഫോണ്‍ മുതല്‍ കുഞ്ഞന്‍ ബൈബിള്‍ വരെ

ഇപ്പോഴും  പ്രവര്‍ത്തിക്കുന്ന 1916ലെ ഇംഗ്ലീഷ് നിര്‍മിത ബോക്‌സ് ഗ്രാമഫോണ്‍, ലോകത്തിലെ ഏറ്റവും ചെറിയ ബൈബിള്‍, വിവിധ വര്‍ഷങ്ങളില്‍ ഇന്ത്യ പുറത്തിറക്കിയ പാസ്‌പോര്‍ട്ടുകള്‍, തിരുവിതാംകൂര്‍ നാണയങ്ങളായ ഒരു കാശ്, നാല് കാശ്, ചക്രം, കാല്‍ രൂപ എന്നിവയും സിബിയുടെ ശേഖരത്തിലുണ്ട്. രണ്ടായിരം വര്‍ഷം പഴക്കമുള്ള റോമന്‍ നാണയങ്ങള്‍, രണ്ടാം ലോകമഹായുദ്ധ കാലത്ത് മദ്രാസ് റെജിമെന്റ് ഉപയോഗിച്ച യൂണിഫോം, ബ്രിട്ടീഷ് നിര്‍മിത സൈക്കിള്‍ പമ്പ്, ശിവഗംഗയില്‍ ഉപയോഗിച്ച് വന്ന വളരി ബൂമറാങ്, ചര്‍ക്ക, ആദ്യ കാല ലോട്ടറി, വിന്റേജ് ഫോട്ടോസ്റ്റാറ്റ് മെഷീന്‍ തുടങ്ങിയവയും  പുത്തന്‍പോലെ സിബി സൂക്ഷിച്ചിരിക്കുന്നു.

ലോക റെക്കോഡും, ലിംക ബുക്ക് ഓഫ് റെക്കോഡ്‌സും


മലേഷ്യ പുറത്തിറക്കിയ ലോകത്തിലെ ഏറ്റവും വലിയ നോട്ടാണ് സിബിക്ക് ഇന്ന് രാജ്യാന്തര പ്രസിദ്ധി നേടികൊടുത്തത്. ബ്രിട്ടീഷുകാരില്‍നിന്ന് രാജ്യം സ്വതന്ത്രമായതിന്റെ അറുപതാം വാര്‍ഷികത്തോടനുബന്ധിച്ചാണ് മലേഷ്യന്‍ സര്‍ക്കാര്‍ ബാങ്ക് നെഗ്രാ മലേഷ്യയിലൂടെ പുതിയ നോട്ടുകള്‍ പുറത്തിറക്കിയത്. മലേഷ്യന്‍ കറന്‍സിയായ 60 റിങ്ഗിറ്റിന്റെയും, 600 റിങ്ഗിറ്റിന്റെയും നോട്ടുകളാണ് പുറത്തിറക്കിയത്. 
 
ലോകത്തിലെ ഏറ്റവും ചെറിയ ബൈബിള്‍

ലോകത്തിലെ ഏറ്റവും ചെറിയ ബൈബിള്‍നോട്ടുകളുടെ വലിപ്പത്തില്‍ ലോക റെക്കോഡിട്ടാണ് 600 റിങ്ഗിറ്റ് നോട്ടുകള്‍ പുറത്തിറക്കുന്നത്. 37 സെന്റീമീറ്റര്‍ നീളവും 22 സെന്റീമീറ്റര്‍ വീതിയും ഉള്ള നോട്ടിന് ഇന്ത്യന്‍ രൂപയുടെ മൂല്യം അനുസരിച്ച് വാങ്ങുമ്പോള്‍ 28,000 രൂപയാകും. ഇന്ത്യയില്‍ ഈ നോട്ട് സ്വന്തമാക്കിയ ആദ്യ വ്യക്തിയും സിബിയാണ്.  വിവിധ രാജ്യങ്ങളുടെ സുഷിരങ്ങളുള്ള നാണയങ്ങള്‍ ശേഖരിച്ചതില്‍ ലിംക ബുക്ക് ഓഫ് റെക്കോഡ്‌സില്‍ ഇടം നേടാനായി കാത്തിരിക്കുകയാണ് സിബി ഇപ്പോള്‍. 102 രാജ്യങ്ങളുടെ നാണയങ്ങളാണ് സിബിയുടെ ശേഖരത്തിലുള്ളത്. 45 രാജ്യങ്ങളുടെ ശേഖരമാണ് ഇതു വരെയുള്ള റെക്കോഡ്.

ട്രാവന്‍കൂര്‍ ഹെറിറ്റേജ് മ്യൂസിയം


സിബിയും സുഹൃത്തുക്കളായ ആര്‍ ഷൈന്‍, ശില സന്തോഷ്, എ അനീഷ്  എന്നീ ചരിത്ര സ്‌നേഹികളുടെ കൂട്ടായ്മയില്‍ രൂപപ്പെട്ടതാണ് ഓമല്ലൂര്‍ ട്രാവന്‍കൂര്‍ ഹെറിറ്റേജ് മ്യൂസിയം. ഓമല്ലൂര്‍ പട്ടാള കാന്റീന് സമീപത്തായി പ്രവര്‍ത്തിക്കുന്ന ഈ സ്വകാര്യ മ്യൂസിയത്തിന്റെ ബാനറിലാണ് സിബിയുടെ അപൂര്‍വ ശേഖരങ്ങളുടെ പ്രദര്‍ശനം സംഘടിപ്പിക്കാറ്. രണ്ടായിരത്തില്‍പരം ചരിത്ര പ്രാധാന്യമുള്ള വസ്തുക്കളാണ് മ്യൂസിയത്തില്‍ ഒരുക്കിയിരിക്കുന്നത്. സ്‌കൂള്‍, കോളേജ്, ക്ലബുകള്‍ തുടങ്ങി പഴമ പരിചയപ്പെടുത്തുവാന്‍ ആഗ്രഹിക്കുന സ്ഥാപനങ്ങള്‍ക്കുവേണ്ടി കുറഞ്ഞ ചെലവില്‍ പ്രദര്‍ശനവും മ്യൂസിയം നടത്തുന്നുണ്ട്.

കുടുംബം

ലോകത്തിലെ ഏറ്റവും വലിയ നോട്ടുമായി സിബി

ലോകത്തിലെ ഏറ്റവും വലിയ നോട്ടുമായി സിബി


ഭാര്യ ലിഞ്ചു, ഏക മകന്‍ ജെയ്ക്ക് എന്നിവരാണ് സിബിയുടെ പ്രധാന പ്രോത്സാഹകരും, വിമര്‍ശകരും. മുന്‍ കരസേന ഉദ്യോഗസ്ഥനായ അച്ഛന്‍ വി ജി ജേക്കബും  അമ്മ സൂസന്‍ ജേക്കബും സിബിക്ക് പൂര്‍ണ്ണ പിന്തുണയായുണ്ട്. സജിയാണ് സിബിയുടെ സഹോദരന്‍.

 

പ്രധാന വാർത്തകൾ
 Top