23 March Saturday

‘എന്നെ ഞെട്ടിച്ച കലൈഞ്ജറുടെ ഫോൺവിളി’

വെബ് ഡെസ്‌ക്‌Updated: Wednesday Aug 8, 2018

നടനും എഴുത്തുകാരനും സംവിധായകനുമായി തിരക്കായപ്പോൾ അത്ഭുതങ്ങൾ സംഭവിച്ചുകൊണ്ടേയിരുന്നു. അതിലൊന്നാണ് പൂമ്പുഹാറിൽനിന്നുള്ള ഫോൺ. വിളിച്ചയാൾ പറഞ്ഞു: കലൈഞ്ജർക്ക് കാണണം. ഞാൻ ഞെട്ടി. കാണാൻ പറയുന്നത് കരുണാനിധി. എം ജി ആർ മുതൽ വമ്പന്മാരെ പ്രധാന കഥാപാത്രങ്ങളാക്കി ചിത്രങ്ങൾ നിർമിച്ച പൂമ്പുഹാറിന്റെ ഉടമ. തമിഴ്സിനിമയിലെ എം ടിയെന്ന് വിളിക്കാവുന്ന തിരക്കഥാകൃത്ത്. ചെല്ലുമ്പോൾ നിറഞ്ഞ ചിരിയുമായി കരുണാനിധി. മലയാളത്തിൽ വിജയം നേടിയ 'മൂന്നുമാസങ്ങൾക്കുമുമ്പ്' തമിഴിലെടുക്കാനാണ് ചെല്ലാൻ പറഞ്ഞത്. രണ്ടുമണിക്കൂർ സംസാരിച്ചു.

എഗ്രിമെന്റിൽ ഒപ്പുവെച്ചു. കുറേ വർഷം തമിഴിൽ എഴുതാതിരുന്ന കലൈഞ്ജർ തിരക്കഥയെഴുതുന്ന ചിത്രമാണ് പാശപ്പറവകൾ. കരുണാനിധിയുടെ കൂടെനിന്നു ഫോട്ടോയെടുത്താൽ അവൻ തമിഴർക്ക് പ്രിയങ്കരനാകുമെന്നൊരവസ്ഥയിലാണ് അദ്ദേഹത്തിന്റെ തിരക്കഥയിൽ ഞാൻ സിനിമ സംവിധാനം ചെയ്യുന്നത്. തമിഴിലാണ് സംസാരിച്ചത്. വ്യാകരണം തെറ്റുമ്പോൾ കലൈഞ്ജർ പറയും. അനീഫ് മലയാളത്തിലെ പേസ്ങ്കോ. എനക്ക് തെരിയും. ചർച്ചക്കിടയിലെല്ലാം കലൈഞ്ജറും എം ജി ആറും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ചോദിച്ചു. രസകരമായ പല സംഭവങ്ങളും പറഞ്ഞു. ആ ബന്ധത്തിൽ മറക്കാൻ കഴിയാത്ത പലതുമുണ്ട്. ഒന്നു പറയാം: "ഹിന്ദിക്കെതിരായ സമരം. എന്റെ നേതൃത്വത്തിൽ ജാഥ, ട്രെയിൻ തടയൽ. അറസ്റ്റ്ചെയ്ത് ജയിലിലടച്ചു. ഒരുമാസം സേലം ജയിലിൽ.

റിലീസായി ഏർക്കാട് എക്സ്പ്രസ്സിൽ വരുമ്പോൾ പ്രധാന പത്രങ്ങളിലൊന്ന് കലൈഞ്ജർ എക്സ്പ്രസ് എന്നാണ് പേരിട്ടത്. എഗ്മൂറിലെത്തുമ്പോൾ ജനപ്രളയം. ഡോർ തുറന്ന് ആദ്യം പുറത്തിറങ്ങിയ എം ജി ആർ എന്നെയും തോളിലേറ്റി കാറിൽ കയറ്റി വിട്ടു''. അങ്ങനെ എത്ര സംഭവങ്ങൾ. മലയാളത്തിൽ പലരും തമിഴ്ചിത്രങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും കലൈഞ്ജറുടെ കോമ്പിനേഷൻ എനിക്കേ ലഭിച്ചുള്ളൂ. എപ്പോൾ ചോദിച്ചാലും തിരക്കഥപോലെ ഏത് സീക്വൻസിനെക്കുറിച്ചും പറയും. വർക്ക് കഴിഞ്ഞ് റിലീസ് തിരുമാനിച്ചു. പാശപ്പറവകൾ ഇറങ്ങുമ്പോൾ മറ്റ് മൂന്ന് പടംകൂടി റിലീസ്ചെയ്തു. ഒന്ന് ഫാസിലിന്റെ ബൊമ്മക്കുട്ടി അമ്മാവൂക്ക്. മാമ്മാട്ടിക്കുട്ടിയമ്മയുടെ  റീമേക്ക്. ഒരേ സമയം പല പടങ്ങൾ റിലീസായെങ്കിലും പാശപ്പറവകൾ 150 ദിവസം റെക്കോർഡ് സൃഷ്ടിച്ചു. അതിന്റെ ആഘോഷം ഡിഎം കെ പൊതുയോഗംപോലെ.

തിയറ്ററിനുമുന്നിൽ സ്റ്റേജ് കെട്ടി ട്യൂബ് ലൈറ്റ് നിരത്തി ജനങ്ങളുടെ സാന്നിധ്യത്തിൽ. ചികിത്സക്ക് വിദേശത്തുപോയ എം ജി ആർ വരുന്നത് അതേ സമയം. ഭരണ കാലാവധി തീരാൻ മാസങ്ങളേയുള്ളൂ. ചടങ്ങിൽ പ്രസംഗിക്കവെ ഞാൻ ഒരുകാര്യം പറഞ്ഞു. അടുത്ത മുതൽവർ കലൈഞ്ജറാണെന്ന്. കയ്യടിയോടെയാണ് ജനം അത് സ്വീകരിച്ചത്. പിറ്റേ ദിവസത്തെ പത്രങ്ങളിൽ പ്രസംഗം പ്രാധാന്യത്തോടെ. മാസങ്ങൾക്കുശേഷം തെരഞ്ഞെടുപ്പ്. ഡിഎംകെ യോഗങ്ങളിൽ ഞാനും. ഫലപ്രഖ്യാപനം വന്ന ദിവസം എന്നത്തെയുംപോലെ പുലർച്ചെ ഓടാൻ പോയി. തിരിച്ചുവന്നപ്പോൾ കേൾക്കുന്നത് ഡിഎംകെയുടെ ജയത്തെക്കുറിച്ച്. കലൈഞ്ജറെ വീട്ടിൽ ചെന്ന് അഭിനന്ദിച്ചു.അവിടെ അദ്ദേഹവും മുരശൊലി മാരന്റെ അനുജൻ മുരശൊലി ശെൽവവും ഞാനും മാത്രം.

രാത്രി രണ്ടുമണിക്കാണ് ഇറങ്ങുന്നത്. 13വർഷത്തിനുശേഷമുള്ള വിജയാഹ്ലാദം വീടിനുപുറത്തും. ജയിച്ചവരും സിനിമാക്കാരുമെല്ലാം നിറഞ്ഞു. ഫലപ്രഖ്യാപനം കേൾക്കേ ഊണുകഴിക്കാനിരുന്നപ്പോൾ കലൈഞ്ജർ പറഞ്ഞു: ഈ മുറിയിൽ രണ്ട് മലയാളികളേ ഇരുന്നുള്ളൂ. ഒന്ന് എം ജിആർ ഇപ്പോൾ അനീഫ്. ഡിഎംകെ മന്ത്രിസഭ അധികാരത്തിൽവന്നു.

ഞാൻ സംവിധാനംചെയ്യുന്ന രണ്ടാമത്തെ തമിഴ് പടത്തിന്റെ പ്രാരംഭ നടപടി തുടങ്ങി. മലയാളത്തിൽ വിജയിച്ച എന്റെതന്നെ കഥയായ ‘സന്ദർഭ’ത്തിന്റെ റീമേക്ക്.  മുഖ്യമന്ത്രി എഴുതുന്ന തിരക്കഥയുടെ സംവിധായകൻ എന്നപേരും എനിക്കുകിട്ടി. ശേഷം എവിടെച്ചെന്നാലും ആദരവ്. ആർക്കോഡിലൂടെ കാറിൽ പോകവെ പൊലീസുകാർ സല്യൂട്ട് ചെയ്യും. വീട്ടിലെത്തിയ പല വിതരണക്കാരും പൊന്നാടയണിയിച്ചു. പരിചയമില്ലാത്ത ക്രിയയായതിനാൽ ചമ്മൽ വന്നെങ്കിലും കേരളത്തിലാരും കാണില്ലല്ലോ എന്നോർത്ത് സമാധാനപ്പെട്ടു.

(കൊച്ചിൻ ഹനീഫയുടെ 'പൊയ്പ്പോയ കാലം' ആത്മകഥയിൽനിന്ന്)

പ്രധാന വാർത്തകൾ
 Top