13 June Sunday
കിട്ടിയത്‌ 524.01; ചെലവിട്ടത്‌ 730.22 കോടി

വാക്‌സിനിലും തോൽപ്പിക്കാനാകില്ല നമ്മളെ

റഷീദ്‌ ആനപ്പുറംUpdated: Thursday Apr 22, 2021


തിരുവനന്തപുരം
കോവിഡ്‌ വാക്‌സിന്‌ വിലയിട്ട്‌ സംസ്ഥാനങ്ങളെ ഭീതിയിലാക്കിയ കേന്ദ്രനയത്തിനെതിരെ സാമൂഹ്യ മാധ്യമങ്ങളിലും മറ്റും പ്രതിഷേധം കനത്തു. ഒപ്പം ഏത്‌  സാമ്പത്തിക പ്രതിസന്ധിക്കിടയിലും കേരളത്തിൽ വാക്‌സിൻ  സൗജന്യമായിരിക്കുമെന്ന്‌ പ്രഖ്യാപിച്ച  മുഖ്യമന്ത്രിയോട്‌ ഐക്യദാർഢ്യവും പടരുകയാണ്‌. ഇതിന്റെ ഭാഗമായി  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ വാക്‌സിൻ തുക അയക്കുകയാണ്‌ ജനങ്ങൾ. ജനങ്ങളുടെ ജീവന്‌ വിലയിട്ട കേന്ദ്ര സർക്കാരിന്റെ  വെല്ലുവിളി ഏറ്റെടുക്കുന്നുവെന്ന ഒരു ജനതയുടെ പ്രഖ്യാപനമാകുകയാണ്‌ ഈ പിന്തുണ. വ്യാഴാഴ്‌ച  മാത്രം നൂറുകണക്കിനുപേരാണ്‌ സിഎംഡിആർഎഫിലേക്ക്‌ വിവിധ ബാങ്കുകൾ വഴി വാക്‌സിൻ പണമയച്ചത്‌. 22 ലക്ഷംരൂപ‌ ഇങ്ങനെ ലഭിച്ചു‌.  അയച്ച തുകയുടെ രസീത്‌ സാമൂഹ്യമാധ്യമങ്ങളിൽ ഇട്ടും ക്യാമ്പയിൻ തുടരുന്നുണ്ട്‌. വാക്‌സിനുള്ള ജനങ്ങളുടെ സാമ്പത്തിക സഹായം പ്രത്യേക പോർട്ടലിൽ രേഖപ്പെടുത്തുന്നത്  കാര്യമടക്കം ആലോചിക്കുകയാണ്‌ അധികൃതർ. ഇതുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ വെള്ളിയാഴ്ച നടക്കുന്ന ഇന്നതതല യോഗത്തിൽ തീതുമാനിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.


 

വരും ദിവസങ്ങളിലും സഹായം  പ്രവഹിക്കാനാണ്‌ സാധ്യത.  ബുധനാഴ്‌ച രാത്രിതന്നെ ഒട്ടേറെപേർ തങ്ങൾ സൗജന്യമായി എടുത്ത വാക്‌സിന്‌ 400 രുപയും അതിൽകൂടുതലും  തുക  അയച്ചു. ചിലർ കുടുംബത്തിലെ എല്ലാവരുടെയും എണ്ണം കണക്കാക്കിയും തുക അയച്ചു.    കോവിഡ്‌മൂലം സാമ്പത്തിക പ്രതിസന്ധിയിലായ സംസ്ഥാനങ്ങളുടെ ചുമലിൽ കൂടുതൽ ഭാരം അടിച്ചേൽപ്പിച്ചാണ്‌ കേന്ദ്രസർക്കാർ പുതിയ വാക്‌സിനേഷൻ നയം പ്രഖ്യാപിച്ചത്‌. ഇതനുസരിച്ച്‌ 400 രൂപയ്‌ക്ക്‌ സംസ്ഥാനം വാക്‌സിൻ വാങ്ങണം.  വിപണിയിൽ മത്സരം വരുമ്പോൾ ഈ തുക പിന്നെയും കൂടും. ഈ ഭാരം ജനങ്ങളുടെ ചുമലിലിട്ട്‌ തടിയൂരാതെ സൗജന്യവാക്‌സിൻ എന്ന ആദ്യ പ്രഖ്യാപനത്തിൽതന്നെ സംസ്ഥാന സർക്കാർ ഉറച്ചുനിന്നു.

കിട്ടിയത്‌ 524.01; ചെലവിട്ടത്‌ 730.22 കോടി
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ (സിഎംഡിആർഎഫ്‌) കോവിഡ്‌ സഹായമായി  ലഭിച്ചത്‌ 524.01 കോടിരൂപ. കഴിഞ്ഞ വർഷം മാർച്ച്‌ 22 മുതൽ വ്യാഴാഴ്‌ച വരെയുള്ള കണക്കാണിത്‌. എന്നാൽ നിധിയിൽനിന്ന്‌ കോവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങൾക്കും ക്ഷേമ പ്രവർത്തനങ്ങൾക്കും മാത്രം ചെലവഴിച്ചത്‌ 730.22 കോടിയാണ്‌. നിധിയിൽ കോവിഡ്‌ സഹായവും ചെലവും പ്രത്യേകമായാണ്‌ രേഖപ്പെടുത്തുന്നത്‌. പ്രളയകാലത്തും ഈ രീതിയാണ്‌ സ്വീകരിച്ചത്‌. കോവിഡ്‌ കാലത്ത്‌ ആരും പട്ടിണികിടക്കാതിരിക്കാൻ ഭക്ഷ്യധാന്യങ്ങളും കിറ്റും സൗജന്യമായി നൽകാനാണ്‌ കൂടുതൽ പണം ചെലവഴിച്ചത്‌. സിവിൽ സപ്ലൈസ്‌ വകുപ്പിന്‌ 350 കോടിയും സപ്ലൈകോയ്‌ക്ക്‌ 100 കോടിരൂപയും നൽകി. പാവപ്പെട്ട കുടുംബങ്ങൾക്ക്‌ സാമ്പത്തിക സഹായത്തിന്‌ സഹകരണവകുപ്പിന്‌ 147.82 കോടിയും നൽകി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top