28 February Friday

ശക്തമായ സമരൈക്യം അനിവാര്യം

വെബ് ഡെസ്‌ക്‌Updated: Friday Jan 24, 2020


മുഹമ്മദ‌് അമീൻ നഗർ
കേന്ദ്ര സർക്കാരിന്റെ വർഗീയ, ജനവിരുദ്ധ നയങ്ങൾക്കെതിരെ കൊടിയുടെ നിറങ്ങൾക്ക്‌ അതീതമായ ഐക്യത്തോടെ സമരമുഖം തുറക്കണമെന്ന‌് ട്രേഡ‌് യൂണിയനുകൾ. സിഐടിയു 16–-ാം അഖിലേന്ത്യാ സമ്മേളനത്തിന്റെ ഉദ‌്ഘാടനവേദിയിലാണ‌് വിശാലമായ തൊഴിലാളി ഐക്യത്തിന്റെ കാഹളം മുഴങ്ങിയത‌്.

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണെന്നും ഇതിന്റെ ഇരകളാകുന്നത‌് തൊഴിലാളികളായിരിക്കുമെന്നും ഐഎൻടിയുസി വൈസ‌് പ്രസിഡന്റ‌് ആർ പി കെ മുരുകേശൻ പറഞ്ഞു. പൊതുമേഖലാ സ്ഥാപനങ്ങളിൽ റെയിൽവേയും പ്രതിരോധവും കൽക്കരിമേഖലയും ഉൾപ്പെടെ വിൽപ്പനയ‌്ക്ക‌് വച്ചിരിക്കുകയാണ‌്. പുതിയ തൊഴിൽനയം തൊഴിലാളികളെ അരക്ഷിതാവസ്ഥയിലേക്ക‌് തള്ളിവിടുകയാണ‌്. സ്ഥിരം തൊഴിൽ ഇല്ലാതായി. വേതനം കുറഞ്ഞു. വൻകിട കോർപറേറ്റുകൾക്ക‌് ആനുകൂല്യങ്ങൾ കോരിച്ചൊരിയുമ്പോഴാണ‌് തൊഴിലാളിദ്രോഹ നടപടിയുമായി മോഡി സർക്കാർ മുന്നോട്ടുപോകുന്നത‌്. ജനങ്ങളെ മതത്തിന്റെ പേരിലും ഭിന്നിപ്പിക്കാൻ ബിജെപി ശ്രമിക്കുകയാണ‌്. ഇതിന്റെ ഉത്തമ ദൃഷ്ടാന്തമാണ‌് പൗരത്വ ഭേദഗതി നിയമം. ശക്തമായ തൊഴിലാളിമുന്നേറ്റം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

ബ്രിട്ടീഷ‌് സാമ്രാജ്വത്വത്തിന്റെ ഇരുണ്ടകാലത്തേക്കാണ‌് മോഡി സർക്കാർ ഇന്ത്യയെ നയിക്കുന്നതെന്ന‌് എഐടിയുസി ജനറൽ സെക്രട്ടറി അമർജിത്‌ കൗർ പറഞ്ഞു. ജനാധിപത്യവും ഭരണഘടനയും കടുത്ത ഭീഷണി നേരിടുകയാണ്‌. ഈ സാഹചര്യത്തിൽ തൊഴിലാളികളുടെ കരുത്തുറ്റ പ്രക്ഷോഭങ്ങൾ ഉയർന്നുവരേണ്ടതുണ്ട‌്. 1857ൽ ഒന്നാം സ്വാതന്ത്ര്യസമരത്തിന‌് തുടക്കമിട്ടത‌് തൊഴിലാളികളാണ‌്. ഈ മുന്നേറ്റം ആവർത്തിക്കാൻ യോജിച്ച പ്രക്ഷോഭം അനിവാര്യമാണെന്നും അവർ പറഞ്ഞു.

വിവിധ ട്രേഡ് യൂണിയൻ നേതാക്കളായ സി എ രാജാ ശ്രീധർ (എച്ച‌്എംഎസ‌്), കെ രാധാകൃഷ‌്ണൻ (എഐയുടിയുസി), പി വി കതിരവൻ (ടിയുസിസി), വി ശങ്കർ (എഐസിസിടിയു), സോണിയ ജോർജ‌് (സേവ യൂണിയൻ), എം ഷൺമുഖൻ (എൽപിഎഫ‌്) എന്നിവരും സംസാരിച്ചു.


പ്രധാന വാർത്തകൾ
 Top