28 February Friday

തമിഴകത്ത്‌ മൂന്നാമൂഴം

വെബ് ഡെസ്‌ക്‌Updated: Friday Jan 24, 2020

തൊഴിലാളികളുടെ അവകാശ പോരാട്ടങ്ങൾക്കൊപ്പം തൊട്ടുകൂടായ‌്മ, ജാതി വിവേചനം എന്നിവയ്‌ക്കെതിരെയും സംസ്ഥാനത്തെ പുരോഗമന തൊഴിലാളി പ്രസ്ഥാനം പോരാട്ടം നയിക്കുകയാണ്‌


ചെന്നൈ  
സിഐടിയു അഖിലേന്ത്യാ സമ്മേളനത്തിന്‌ ദ്രാവിഡ മണ്ണ്‌ സാക്ഷ്യംവഹിക്കുന്നത്‌ ഇത്‌ മൂന്നാം തവണ. 1979ൽ ചെന്നൈയിൽ നടന്ന നാലാം അഖിലേന്ത്യാ സമ്മേളനത്തിനും 2003ൽ പതിനൊന്നാം സമ്മേളനത്തിനും തമിഴ‌്നാട‌് വേദിയായി. 2020ൽ 16–-ാം സമ്മേളനത്തിനായി ഒരുങ്ങുമ്പോൾ തൊഴിലാളി മുന്നേറ്റത്തിന്റെ  ആവേശകരമായ വിജയഗാഥയാണ‌് ദ്രാവിഡ മണ്ണ‌ിന‌് പറയാനുള്ളത‌്. 1979ൽ 1.25 ലക്ഷംമാത്രം അംഗങ്ങളുണ്ടായിരുന്ന സിഐടിയുവിന്റെ സംസ്ഥാനത്തെ ഇന്നത്തെ അംഗസഖ്യ 6 ലക്ഷം. സംഘടിതമേഖലയിൽ 2.5 ലക്ഷം പേരും അസംഘടിത മേഖലയിൽ 3.5 ലക്ഷം പേരും സിഐടിയുവിന്റെ ചെങ്കൊടിക്ക‌് കീഴിൽ അണിനിരക്കുന്നു.

തൊഴിലാളികളുടെ അവകാശ പോരാട്ടങ്ങൾക്കൊപ്പം തൊട്ടുകൂടായ‌്മ, ജാതി വിവേചനം എന്നിവയ്‌ക്കെതിരെയും സംസ്ഥാനത്തെ പുരോഗമന തൊഴിലാളി പ്രസ്ഥാനം പോരാട്ടം നയിക്കുകയാണ്‌. അഞ്ച‌് പതിറ്റാണ്ട‌് തുടർച്ചയായി തൊഴിലിടങ്ങളിൽ നടത്തിയ പോരാട്ടമാണ‌് ഈ കുതിപ്പിന് കാരണമെന്ന‌് സിഐടിയു തമിഴ‌്നാട‌് സംസ്ഥാന പ്രസിഡന്റും 16–-ാം അഖിലേന്ത്യാ സമ്മേളനത്തിന്റെ  സംഘാടകസമിതി ചെയർമാനുമായ എ സൗന്ദർരാജൻ  പറഞ്ഞു.

സിഐടിയു രൂപീകരണത്തിന‌ുമുമ്പ്‌ സംസ്ഥാനത്തെ വ്യവസായ സ്ഥാപനങ്ങളിൽ യൂണിയനുകൾ ഉണ്ടായിരുന്നെങ്കിലും നിയന്ത്രണം മാനേജുമെന്റുകൾക്കായിരുന്നു. എതിർത്താൽ മർദനം ഉറപ്പ്‌, ചിലപ്പോൾ കൊന്നുതള്ളും. തൊഴിലാളികളുടെ ജനാധിപത്യ അവകാശങ്ങൾ കവർന്നെടുക്കുന്നതിനെതിരെ അന്നത്തെ പുരോഗമന തൊഴിലാളി നേതാക്കളായ വി പി ചിണ്ടൻ, ആർ ഉമാനാഥ‌്, രമണി, പി ആർ പരമേശ്വരൻ, കെ എം ഹരിഭട്ട‌്, ആർ കുചേലർ ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ ശക്തമായ പോരാട്ടം നടത്തി. 1967 മുതൽ 1974 വരെ രാജ്യത്താകെയുണ്ടായ തൊഴിലാളി സമരങ്ങളിൽ തമിഴ‌്നാടും മുന്നണിയിൽ ഉണ്ടായി. എംആർഎഫ‌്, അശോക‌് ലെയ്‌ലാൻഡ‌് തുടങ്ങിയ വൻകിട സ്ഥാപനങ്ങളിൽ സമരം നടന്നു.  ആയിരക്കണക്കിന‌് തൊഴിലാളികൾ മാനേജുമെന്റിന്റെ പ്രതികാര നടപടിക്ക‌് വിധേയരായി. നിരവധി പേർക്ക‌് മർദനമേറ്റു. 1968ൽ തീപ്പെട്ടി കമ്പനിയായ വിംകോയിൽ തൊഴിലാളികൾക്ക‌ുനേരെ വെടിവയ‌്പുണ്ടായി. 1973 ജൂലൈയിൽ വി പി ചിണ്ടന‌ുനേരെ വധശ്രമമുണ്ടായി. നേതാക്കൾ പലരെയും ജയിലിലടച്ചു. 

സമരത്തിന്റെ തീച്ചൂളയിൽ 1970ൽ  രൂപം കൊണ്ടതുമുതൽ സിഐടിയു സമരത്തിന്റെ മുന്നണിപ്പോരാളിയായി. സിഐടിയുവിലേക്ക‌് തൊഴിലാളികൾ ഒഴുകിയെത്തി. 1974ലെ പ്രസിദ്ധമായ റെയിൽവേ സമരം തമിഴകത്ത്‌ വൻ മുന്നേറ്റമായി. അടിയന്തരാവസ്ഥയിൽ രഹസ്യമായി തൊഴിലാളികൾക്കൊപ്പം സിഐടിയു പ്രവർത്തിച്ചു. അങ്ങനെ സംഘടന കൂടുതൽ ശക്തിപ്പെട്ടു. ഇടതുപക്ഷത്തിന‌് പുറത്തുള്ളവർ വലിയതോതിൽ സിഐടിയുവിനൊപ്പം അണിചേർന്നു. നിലവിൽ പുതുതലമുറയിൽപ്പെട്ട 52 കമ്പനിയിൽ സിഐടിയു സാന്നിധ്യമുണ്ട‌്.

ദ‌ളിത്‌ അടിച്ചമർത്തലുകൾക്കെതിരെയും ശബ്ദമുയർത്താൻ പുരോഗമന തൊഴിലാളി പ്രസ്ഥാനത്തിന‌് കഴിഞ്ഞു. തൊട്ടുകൂടായ‌്മ നിർമാർജന മുന്നണിയിൽ സിഐടിയുവും പങ്കാളിയാണ‌്. തൊഴിലിടങ്ങളിലെ ദളിത‌് വിരുദ്ധ, സ‌്ത്രീ വിരുദ്ധ പ്രവർത്തനങ്ങളെ ചോദ്യംചെയ്യാനും തിരുത്താനും പ്രസ്ഥാനത്തിന‌് കഴിഞ്ഞു.  27ന‌് ലക്ഷം പേർ അണിനിരക്കുന്ന റാലി സംസ്ഥാനത്തിന്റെ തൊഴിലാളി മുന്നേറ്റത്തിന്റെ പുതുചരിതം രചിക്കുമെന്നും എ സൗന്ദർരാജൻ പറഞ്ഞു.


പ്രധാന വാർത്തകൾ
 Top