17 September Tuesday
ഇരുപതോളം സ്പീഷീസുകള്‍ വംശനാശത്തിന്റെ നിഴലില്‍

ചുവന്ന പട്ടിക പുതുക്കുമ്പോള്‍...

എന്‍ എസ് അരുണ്‍കുമാര്‍Updated: Wednesday Jan 3, 2018


ഭൌമജീവന്റെ വംശനാശസാധ്യതകള്‍ അ ടിവരയിടുന്ന ചുവന്ന വിവരങ്ങ(Red Data List)ളുടെ ഏറ്റവും പുതിയ പട്ടിക പ്രസിദ്ധീകരിച്ചു. നെല്ല്, ഗോതമ്പ്, കിഴങ്ങുവര്‍ഗങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട ഏകദേശം ഇരുപതോളം സ്പീഷീസുകള്‍ വംശനാശത്തിന്റെ നിഴലിലാണ്. ലോകത്തിന് ഭക്ഷണമൊരുക്കുന്ന കാര്‍ഷികവിളസസ്യങ്ങളുടെ വന്യപൈതൃകം കാത്തുസൂക്ഷിക്കുന്ന ജീവസ്പീഷീസുകളെല്ലാം വംശനാശത്തിലേക്കടുക്കുന്നുവെന്നതാണ് പുതിയ പട്ടിക നല്‍കുന്ന പ്രധാന സൂചനകളിലൊന്ന്.
ദക്ഷിണകിഴക്കനേഷ്യയിലും ആഫ്രിക്കയിലുമാ ണ് നെല്ലിന്റെ വന്യസ്പീഷീസുകള്‍ നാശോന്മു ഖമായിരിക്കുന്നത്. സുസ്ഥിരവിഭവവിനിയോഗം എന്ന കാഴ്ചപ്പാടില്‍നിന്ന് വ്യതിചലിച്ചുകൊണ്ടുള്ള ക്യഷിയും നഗരവല്‍ക്കരണവും വനനശീകരണവുമാണ് ഏഷ്യാ വന്‍കരയിലെ ഭക്ഷ്യവിളകളുടെ വന്യസ്പീഷീസുകളെയാകെ വംശനാശത്തിന്റെ കരിനിഴലിലാഴ്ത്തിയത്. മധ്യപൌരസ്ത്യദേശങ്ങളില്‍ ആഭ്യന്തരകാലുഷ്യങ്ങള്‍ക്കും യുദ്ധക്കെടുതികള്‍ക്കും അകമ്പടിയാവേണ്ടിവന്ന പരിസ്ഥിതിനാശവും ഇതിന് കാരണമാവുന്നു. വന്യമായി നിലനില്‍ക്കുന്ന ജനിതക വൈശിഷ്ട്യങ്ങളുടേതായ വലിയൊരു തറവാട്ടില്‍നിന്ന്, കാര്‍ഷിക സവിശേഷതകളെ മാത്രം പരിപോഷിപ്പിക്കുന്നതിലൂടെ വേര്‍തിരിച്ച് വളര്‍ത്തപ്പെട്ടവയാണ് കാര്‍ഷികവിളകള്‍. രോഗപ്രതിരോധം, പ്രതികൂല സാഹചര്യങ്ങളുടെ അതിജീവനം, ഭക്ഷ്യയോഗ്യമായ ഭാഗങ്ങളുടെ ഉല്‍പാദനശേഷി തുടങ്ങിയ അനവധി സ്വഭാവങ്ങളുടെ സ്ഫുടം ചെയ്യലിലൂടെയാണ് ഒരു വന്യസസ്യം കാര്‍ഷികവിളയാവുന്നത്. നൂറ്റാണ്ടുകളുടെ സമയദൈര്‍ഘ്യവും തലമുറകളുടെ കാത്തിരിപ്പും അനിവാര്യമാക്കുന്ന ഒരു പ്രക്രിയയാണിത്.
അതേസമയം, ഇത്തരത്തില്‍ സംശീലനം ചെ യ്യപ്പെട്ട ഒരു കാര്‍ഷികവിളസസ്യത്തിന് പരിസ്ഥിതിയുമായോ വളര്‍ച്ചാസാഹചര്യങ്ങളുമായോ സമരസപ്പെടുന്നതില്‍ വന്നുചേരുന്ന ഇടര്‍ച്ചകള്‍ പരിഹരിക്കാന്‍ കാര്‍ഷിക ശാസ്ത്രജ്ഞര്‍ക്ക് മടങ്ങിപ്പോകേണ്ടിവരുന്നത് അവയുടെ ആദിമ ജൈവജനിതക തട്ടകങ്ങളിലേക്കാണ്. അവിടെ, അവരുടെ കൈയിലുള്ള പുതിയ വിളസസ്യത്തിന്റെ പഴയ ജനിതകസമ്പദ്സ്വരൂപം ഒരു മാറ്റവുമില്ലാതെ അതിന്റെ വന്യവും തനിമയാര്‍ന്നതുമായ രൂപത്തില്‍ നിലനില്‍ക്കുന്നുണ്ടാവും. ഇന്ന് കൃഷിചെയ്യാനുപയോഗിക്കുന്ന എല്ലാ നെല്‍ച്ചെടിക്കും ഇതരധാന്യവിളകള്‍ക്കും കിഴങ്ങുവിളകള്‍ക്കും ഇത്തരത്തില്‍ അവയുതോയ ഒരു വന്യപൈതൃകസ്ഥാനീയന്‍, ഒരു വനബന്ധു ഉണ്ടാവും. അവയില്‍നിന്നുള്ള ജീനുകളെ കണ്ടെത്തി സന്നിവേശിപ്പിക്കുന്നതിലൂടെയാണ് കാര്‍ഷികവിളകളിലെ ജന്മവൈകല്യങ്ങള്‍ ശാസ്ത്രജ്ഞര്‍ പരിഹരിക്കുന്നത്. രോഗബാധ, വളര്‍ച്ചാമുരടിപ്പ് തുടങ്ങിയുള്ള അനവധി കുഴപ്പങ്ങളെ അതിജീവിക്കാന്‍ ഇതിലൂടെ കാര്‍ഷികശാസ്ത്രജ്ഞര്‍ക്ക് സാധിക്കും. ഇത്തരത്തില്‍, ആവശ്യമുള്ളപ്പോള്‍ സമീപിക്കാവുന്ന അനുപേക്ഷണീയ ജനിതകങ്ങളുടെ വലിയൊരു കലവറ (Gene Pool) കാത്തുസൂക്ഷിക്കുന്നവ എന്ന നിലയ്ക്കാണ് വന്യസ്പീഷീസുകള്‍ പ്രാധാന്യമര്‍ഹിക്കുന്നത്. എന്നാല്‍, വനപരിസ്ഥിതിയുടെയും ജൈവപരിസ്ഥിതിയുടെയും ശോഷണം  ഇത്തരത്തിലുള്ള ജനിതക വീണ്ടെടുപ്പുകളുടെ സാധ്യത എന്നേയ്ക്കുമായി ഇല്ലായ്മചെയ്യുന്നു. ഇത് സൃഷ്ടിക്കുന്ന കാര്‍ഷികവും ജീവപരവുമായ വരുംകാല ദുഃസ്ഥിതികളെ എടുത്തുകാണിക്കുന്നതിലൂടെയാണ് ചുവന്ന വിവരങ്ങളുടെ പുതിയ പട്ടിക അപായ മുന്നറിയിപ്പിന്റെ പുതിയ സൂചകമുയര്‍ത്തി കൂടുതല്‍ ചുവക്കുന്നത്.

എന്താണ് ചുവന്ന
വിവരങ്ങളുടെ പട്ടിക?
ജീവികളുടെ വംശനാശനിലയും ദിശയും സൂചിപ്പിക്കുന്നതി നായി ലോകപരിസ്ഥിതിസംഘടന എന്നറിയപ്പെടുന്ന ഇന്റര്‍ നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ (International Union for Conservation of Nature-IUCN)) പ്രസിദ്ധീകരിക്കുന്ന റിപ്പോര്‍ട്ടാണ് 'ചുവന്ന വിവരങ്ങളുടെ പട്ടിക' (IUCN Red List of Threatened Species) എന്നറിയപ്പെടുന്നത്. 1964 മുതല്‍ ഈ പട്ടിക പ്രസിദ്ധീകരിക്കുന്നു. ഓരോ രാജ്യത്തിനുള്ളിലെയും ജീവസ്പീഷീസുകളുടെ വംശനാശനില സംബന്ധമായ അപായസൂചന നല്‍കുന്നതിലൂടെ അതതു രാജ്യങ്ങളിലെ സര്‍ക്കാറുകള്‍ക്ക് പ്രേരകശക്തിയാവുന്നതിലാണ് ചുവന്ന വിവരപ്പട്ടികയുടെ പ്രസക്തി.

ചുവന്ന വിവരപ്പട്ടികയിലെ പുതുമാറ്റങ്ങള്‍
മുന്‍വര്‍ഷങ്ങളിലെ പട്ടികകളില്‍ സത്വരശ്രദ്ധ ആവശ്യ മില്ലാത്തത്, വംശനാശ സാധ്യതയുള്ളത് (Vulnerable) എ ന്നിങ്ങനെയുള്ള വിഭാഗങ്ങളിലുള്‍പ്പെടുന്നവയായി സൂചി പ്പിക്കപ്പെട്ടിരുന്ന ജീവസ്പീഷീസുകളില്‍ ചിലതിനെ തീവ്ര വംശനാശഭീഷണിയിലായവ (Endangered)യെന്ന ചുവന്ന സൂചകത്തിന്റെ കീഴിലാക്കിയതിലൂടെയും പുതിയ പട്ടിക ശ്രദ്ധേയമാവുന്നു. ഇതിലൊന്നാണ് ഇറാവാഡി ഡോള്‍ഫിന്‍ (Irrawaddy Dolphin). ആന്ധ്രപ്രദേശ്, തമിഴ്നാട്, ഒഡിഷ എന്നിവയുടെ തീരങ്ങളിലും ഗംഗാനദിയുടെയും കൃഷ്ണാനദിയുടെയും അഴിമുഖ മേഖലയിലും ഒഡിഷയിലെ ചിലിക്കാതടാകത്തിലും ഇവ കാണപ്പെടുന്നുണ്ട്. തിമിഗിംലങ്ങളുടെ കുടുംബത്തില്‍ വലിപ്പംകൊണ്ട് ഏറ്റവും ചെറുതായ പോര്‍പോയിസുകളിലൊന്നിനും ഇത്തരത്തില്‍ സ്ഥാനാന്തരണം സംഭവിച്ചു. 'ലിറ്റില്‍ ഇന്ത്യന്‍ പോര്‍പോയിസ് (Little Indian Porpoise) എന്നറിയപ്പെടുന്ന 'ഫിന്‍ലെസ് പോര്‍പോയിസാ' (Fin-less Porpoise)ണത്. കേരളം, തമിഴ്നാട്, കര്‍ണാടക, ഗോവ, ഒഡിഷ, ലക്ഷദ്വീപ് എന്നിവിടങ്ങളോടുചേര്‍ന്ന കടലിലും കലക്കവെള്ളം നിറഞ്ഞ അഴിമുഖഭാഗങ്ങളിലുമാണ് ഇവ കാണപ്പെടുന്നത്. മത്സ്യ ബന്ധനത്തിന് ഗില്‍വലകള്‍ (Gill Nets) ഉപയോഗിക്കുന്നതാണ് ഇവക്ക് ദോഷമാവുന്നത്. ഓസ്ട്രേലിയയിലെ ക്രിസ്മസ്ദ്വീപില്‍ മാത്രം കാണുന്ന മൂന്ന് ഉരഗ സ്പീഷീസുകള്‍ക്ക് വന്യപരിസ്ഥിതിയില്‍ വംശനാശം സംഭവിച്ചുകഴിഞ്ഞ (Extinct in the Wild)തായും പുതിയ പട്ടിക പറയുന്നു. വന്യജീവി കള്ളക്കടത്തും ആവാസവ്യവസ്ഥകളുടെ നാശവും ജപ്പാനിലെ മൂന്നിലൊരുഭാഗം പാമ്പുസ്പീഷീസുകളേയും പല്ലിവര്‍ഗങ്ങളേയും വംശനാശസാധ്യതയിലേക്ക് തള്ളിവിട്ടിരിക്കയാണ്. കൂട്ടത്തില്‍ ശുഭപ്രതീക്ഷയായി അടയാളപ്പെടുത്തിയിരിക്കുന്നത് ന്യൂസിലന്‍ഡിലെ കിവികളെ മാത്രമാണ്. സംരക്ഷണപ്രവര്‍ത്തനങ്ങളാണ് വംശനാശസാധ്യതയില്‍നിന്ന് കിവിപ്പക്ഷികളെ തിരികെയെത്തിച്ചത്. അതേസമയം ആയിരക്കണക്കിന് ജന്തുജീവി സ്പീഷീസുകള്‍ വംശനാശത്തിലേക്കടുക്കുകയാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 91,523 സ്പീഷീസുകളുടെ വംശനാശനില പരിശോധിച്ചതില്‍, 25,821 എണ്ണം വംശനാശഭീഷണിയുള്ളതും (Threatened) 866 വംശനാശം സംഭവിച്ചുകഴിഞ്ഞതും(extinct) 69 എണ്ണം വന്യപരിസ്ഥിതിയില്‍ വംശനാശം സംഭവിച്ചതു(extinct in the wild)മാണ്. 11,783 എണ്ണം വംശനാശ സാധ്യത (Vuln erable)യുള്ളതും 8,455 എണ്ണം വംശനാശ ഭീഷണി നേരിടുന്നവ(Endangered)യും 5,583 എണ്ണം കടുത്ത വംശനാശഭീഷണി നേരിടുന്നവ (Critically Endange red) യുമാണ്.

     പശ്ചിമഘട്ടത്തിനും മുന്നറിയിപ്പ്
പശ്ചിമഘട്ടത്തിലെ ജൈവവൈവിധ്യവും തകര്‍ച്ചയുടെ വക്കി ലാണെന്ന് ലോകപരിസ്ഥിതിസംഘടന മുന്നറിയിപ്പ് നല്‍കുന്നു. വനനശീകരണവും വനത്തിലേക്കുള്ള കടന്നുകയറ്റവും കൃഷിഭൂ മിക്കായുള്ള വനപരിവര്‍ത്തനവുമാണ് പശ്ചിമഘട്ടത്തിന് ഭീഷ ണിയാവുന്നത്. സവിശേഷശ്രദ്ധ (Significant Concern) പതിയേണ്ട ഇടങ്ങളിലൊന്നായാണ് ലോകപരിസ്ഥിതിസംഘടന പശ്ചിമഘട്ടത്തെ വിലയിരുത്തിയത്. ജര്‍മനിയിലെ ബോണില്‍ നടന്ന ലോക കാലാവസ്ഥാമാറ്റ ഉച്ചകോടിയില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് ലോകപരിസ്ഥിതിസംഘടന ഈ മുന്നറിയിപ്പ് നല്‍കിയത്. 2012ലാണ് യുനെസ്കോ പശ്ചിമഘട്ടത്തെ ലോകപൈതൃകസ്ഥാനങ്ങ(World Heritage Sites)ളിലൊന്നായി പ്രഖ്യാപിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അത്തരം 241 പൈതൃകസ്ഥാനങ്ങളുടെ സ്ഥിതി വിലയിരുത്തുന്ന 'വേള്‍ഡ് ഹെറിറ്റേജ് ഔട്ട്ലുക്ക് (World Heritage Outlook 2017)' എന്നു പേരുള്ള റിപ്പോര്‍ട്ടിലാണ് ഈ പരാമര്‍ശമുള്ളത്. ഉഷ്ണമേഖലയുടേതായ വറുതികളില്‍നിന്ന് പശ്ചിമഘട്ടമേഖലയെ സംരക്ഷിച്ചുപോന്ന പച്ചപ്പിന്റെ പുതപ്പുകള്‍ നഷ്ടമാവുകയാണ്. വന്‍മരങ്ങള്‍ തീര്‍ക്കുന്ന ഹരിത മേലാപ്പുകള്‍ നഷ്ടമായിരിക്കു ന്നു. അവയില്‍ അപരിഹാര്യമാ യ വിള്ളലുകള്‍ വീണു. കാടുമായി ബന്ധപ്പെട്ട് പരമ്പരാഗതമായി ജീവിച്ചുവന്നിരുന്ന മനുഷ്യര്‍, നാളേക്കുമുണ്ടാവണമെന്ന കരുതലോടെ നയിച്ചിരുന്ന ജീവിതശൈലികളുടെ സ്ഥാനത്ത് ദുരപെരുത്ത അധിനിവേശ യന്ത്രക്കൈകള്‍ കടന്നെത്തി. ഇതിലൂടെയുണ്ടാവുന്ന പരിസ്ഥിതിനാശവും ആവാസവ്യവസ്ഥകളുടെ ശോഷണവും ആത്യന്തികമായി ബാധിക്കുക പശ്ചിമഘട്ടത്തിന്റെ തനിമയും തനതുരൂപവും നിലനിര്‍ത്തുന്ന മണ്‍സൂണിനെയാണ്. കേരളത്തിന്റെ കാര്‍ഷികചര്യകളുടെ ആണിക്കല്ലായ മണ്‍സൂണ്‍ ശുഷ്കമാവുന്നത് ഭക്ഷ്യോല്‍പാദനത്തെ പ്രതിസന്ധിയിലാഴ്ത്തുമെന്നും ലോകപ്രകൃതിസംഘടന മുന്നറിയിപ്പ് നല്‍കുന്നു. ഹിമാലയത്തെക്കാള്‍ പഴക്കമുള്ള ജൈവവ്യവസ്ഥയെന്ന നിലയില്‍, പശ്ചിമഘട്ടത്തിനുണ്ടാവുന്ന ഏതൊരു അസ്ഥിരതയും വിനാശകരങ്ങളായ പ്രത്യാഘാതങ്ങളായിരിക്കും സൃഷ്ടിക്കുക. കേരളത്തെക്കൂടാതെ, പശ്ചിമഘട്ടമേഖലയില്‍ പെടുന്ന തമിഴ്നാട്ടിലേയും കര്‍ണാടകത്തിലേയും മഹാരാഷ്ട്രയിലേയും ഗുജറാത്തിലേയും ജനങ്ങള്‍ ഇതിന്റെ കെടുതികള്‍ അനുഭവിക്കേണ്ടിവരുമെന്നും റിപ്പോര്‍ട്ടിലുണ്ട്.

പ്രധാന വാർത്തകൾ
 Top