04 June Sunday

ചൊവ്വര ബഷീർ ; വിടപറഞ്ഞത്‌ 
അരങ്ങിലെ ‘ഒറ്റയാൻ’

കെ ഡി ജോസഫ്‌Updated: Thursday Mar 2, 2023

ജന്മദിനം എന്ന നാടകത്തിൽ ചൊവ്വര ബഷീർ


കാലടി
നാലുപതിറ്റാണ്ട്‌ അരങ്ങിൽ നിറഞ്ഞാടിയ അതികായനെയാണ്‌ ചൊവ്വര ബഷീറിന്റെ മരണത്തിലൂടെ നാടകലോകത്തിന്‌ നഷ്ടമായത്‌. അമേച്വർ നാടകത്തിലൂടെയാണ്‌ തുടക്കമെങ്കിലും പ്രൊഫഷണൽ നാടകവേദിയിൽ ശോഭിച്ച ബഷീർ, ഏകപാത്ര നാടകങ്ങളിലും കഴിവുതെളിയിച്ച പ്രതിഭയായിരുന്നു. അങ്കമാലി, ആലുവ മേഖലയിലെ നാടകസമിതികളായ മാനിഷാദ, പൗർണമി, അനഘ, കാലടി തിയറ്റേഴ്സ്, പ്രഭാത് തിയറ്റേഴ്സ്, തിരുവനന്തപുരത്തെ കേളി, യവനിക എന്നീ സമിതികളുടേതായി നൂറിലധികം നാടകങ്ങളിൽ അഭിനേതാവായി.

വർഷങ്ങളായി ഏകപാത്ര നാടകം അവതരിപ്പിക്കുകയായിരുന്നു. അഷറഫ് മല്ലിശേരി രചിച്ച്‌ സഹീർ അലി സംവിധാനം ചെയ്ത വൈക്കം മുഹമ്മദ്‌ ബഷീറിന്റെ കഥ ‘ജന്മദിനം’ നൂറുകണക്കിന് സ്റ്റേജുകളിൽ അവതരിപ്പിച്ചു. കളമശേരി അപ്പോളോ ടയേഴ്സ് ജീവനക്കാരൻ ഷാജി കരിപ്പായിയുടെ ‘കാവൽക്കാരൻ’ ആണ്‌ ഒടുവിൽ അവതരിപ്പിച്ചുവന്ന ശ്രദ്ധേയ ഏകപാത്ര നാടകം. വിദ്യാർഥിയായിരിക്കെ സ്കൂൾ നാടകങ്ങളിലെ അഭിനയം കണ്ട്‌ അധ്യാപകൻ എം കെ വാര്യരാണ് ബഷീറിലെ നടനെ തിരിച്ചറിയുന്നത്. യവനിക ഗോപാലകൃഷ്ണൻ, ഫ്രാൻസിസ് ടി മാവേലിക്കര, ശ്രീമൂലനഗരം മോഹൻ എന്നിവരോടൊപ്പം നിരവധി നാടകങ്ങളിൽ ഒരുമിച്ചുപ്രവർത്തിച്ചു.

നെല്ലിക്കോട് ഭാസ്കരൻ, എം കെ വാരിയർ, കെ എസ് നമ്പൂതിരി, കെ എം ധർമൻ തുടങ്ങിയവരോടൊപ്പവും പ്രവർത്തിച്ചു. നായകനായി അഭിനയിച്ച ആദ്യനാടകം വിക്രമൻനായരുടെ ‘അഷ്ടബന്ധം’. തുടർന്ന് ശ്രീമൂലനഗരം മോഹൻ എഴുതി നെല്ലിക്കോട് ഭാസ്കരൻ സംവിധാനം ചെയ്ത അഴിമുഖം കേരളത്തിൽ മൂന്നുവർഷം തുടർച്ചയായി അവതരിപ്പിച്ചു. അഴിമുഖത്തിലൂടെയാണ്‌ ബഷീർ കൂടുതൽ അറിയപ്പെട്ടത്. എച്ച്എംടിയിലെ സഹപ്രവർത്തകനും ആത്മമിത്രവുമായിരുന്ന സോളമൻ ജോസഫ് ഒരുക്കിയ ഇലകൊഴിയും കാലമെന്ന ആദ്യകാല ടിവി സീരിയലിലും അഭിനേതാവായി.

ഭരത് പി ജെ ആന്റണിയുടെ ജീവിതത്തെ ആസ്പദമാക്കി സഹീർ അലി സംവിധാനം ചെയ്ത നിഷേധിയുടെ കാതൽ, സഹീറിന്റെ തന്നെ അരുത് ഇത്‌ പുഴയാണ്, വിനോദ്‌കുമാർ സംവിധാനം ചെയ്ത് 2017ലെ സാഹിത്യ അക്കാദമി അവാർഡ് നേടിയ ബോംബെ ടെയ്‌ലേഴ്‌സ് എന്നിവ ബഷീർ വേഷമിട്ട പ്രശസ്‌ത നാടകങ്ങളാണ്‌. എച്ച്എംടിയിൽ ആർട്സ് ക്ലബ് മെമ്പർ, ക്രെഡിറ്റ് സഹകരണസംഘം പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചു. നാടകം തലയ്ക്കുപിടിച്ചകാലത്ത്‌ പലപ്പോഴും ബഷീറിന്റെ ജോലി മുൾമുനയിലായിരുന്നു. സ്ഥാനക്കയറ്റം നഷ്ടപ്പെട്ടു. ശമ്പളമില്ലാത്ത അവധികൾ കുടുംബബജറ്റിനെ താളംതെറ്റിച്ചു. കുറച്ചുകാലം നാടകത്തിൽനിന്ന് വിട്ടുനിന്നെങ്കിലും വീണ്ടും അരങ്ങിന്റെ വിളിയിൽ വീഴുകയായിരുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top