02 December Monday

ചേലക്കര പെരുമ

കെ എ നിധിൻ നാഥ്‌ nidhinnath@gmail.comUpdated: Sunday Nov 10, 2024

ഫോട്ടോ: ജ​ഗത് ലാൽ

ഭാരതപ്പുഴയുടെ തീരത്ത്‌ വില്വാമലക്കുന്നിൽ ഇരുന്നാണ്‌ വി കെ എൻ മലയാള സാഹിത്യത്തിന്റെ നെറുകയിലേക്ക്‌ എഴുതിക്കയറിയത്‌. ആ കാലത്ത്‌ നിളാ തീരത്ത്‌ കേരളീയ കലാപഠനത്തിനായി വള്ളത്തോൾ സ്ഥാപിച്ച കലാമണ്ഡലം പുതിയ സാധ്യതകൾ തുറന്നിട്ടിരുന്നു. ഹാസ്യവിമർശങ്ങളിലൂടെ വി കെ എന്നിന്റെ ചാട്ടുളി പോലുള്ള അക്ഷരങ്ങൾ സമൂഹത്തിലേക്ക്‌ തറച്ചുകയറിയ കാലത്ത്‌  ബ്രാഹ്മണ്യത്തിൽനിന്ന്‌ പുറത്തുചാടി തുപ്പേട്ടൻ നാടകം എഴുതി.

ശ്വാസം മുട്ടിക്കുന്ന ചട്ടക്കൂടുകളിൽനിന്ന്‌ പുറത്തു കടക്കാനുള്ള ശ്രമങ്ങൾ പ്രതിഫലിച്ച എഴുത്ത്‌ സമൂഹത്തിലേക്കും പടർന്നു. വള്ളത്തോളും വി കെ എന്നും തുപ്പേട്ടനും ചേർന്ന്‌  സൃഷ്ടിച്ചെടുത്ത സാംസ്‌കാരിക ഭൂമികയാണ്‌ ചേലക്കരയുടേത്‌. കലയും സംസ്‌കാരവും ഇഴകൂടി കിടക്കുന്ന വൈവിധ്യങ്ങളുടെ നാട്‌. ഉത്സവാരവങ്ങളും കലയും കലാകാരന്മാരും ഒക്കെ ചേരുന്ന തലപ്പൊക്കം. തൊഴിലാളികൾ അവരുടെ അധ്വാനത്തിൽ പടുത്തുയർത്തിയ ജീവിതങ്ങളാണ്‌ ചേലക്കരയുടെ ഈടുവയ്‌പ്‌.

സംഘടിത പ്രക്ഷോഭങ്ങളുടെ ഭൂമി കൂടിയാണ്‌ ചേലക്കര. എളനാട്‌ ഭൂസമരം കേരളത്തിന്റെ സമര ചരിത്രത്തിലെ ജ്വലിക്കുന്ന ഏടാണ്‌. മിച്ചഭൂമി സമരത്തിന്‌ മുന്നോടിയായാണ്‌ ചേലക്കരയുടെ മലയോര ഭൂമിയായ എളനാട്‌ കർഷകതൊഴിലാളികൾ സമരം സംഘടിപ്പിച്ചത്‌. പതമ്പിനും കൂലിക്കും വേണ്ടിയായിരുന്നു സമരം. എട്ട്‌ പറ നെല്ലിന്‌ ഒരു പറ നെല്ലായിരുന്നു കൂലി. സ്‌ത്രീകൾക്ക്‌ അഞ്ച്‌ പറയ്ക്ക്‌ ഒന്നും പുരുഷന്മാർക്ക്‌ ഏഴ്‌ പറയ്ക്ക്‌ ഒന്നും വേണമെന്ന്‌ ആവശ്യപ്പെട്ടായിരുന്നു പ്രക്ഷോഭം.

ഇതിനിടയിലാണ്‌ സിപിഐ എം ചേലക്കര എളനാട് ലോക്കൽ കമ്മിറ്റി അംഗവും കർഷക തൊഴിലാളി യൂണിയൻ തലപ്പള്ളി താലൂക്ക് കമ്മിറ്റി അംഗവുമായ സി വി ദാമോദരൻ രക്തസാക്ഷിയായത്‌. ഭൂസമരത്തിന്‌ നേതൃത്വം നൽകിയതിനെ തുടർന്ന്‌ 1973 ജനുവരി 28ന് കോൺഗ്രസുകാർ ദാമോദരനെ കൊലപ്പെടുത്തുകയായിരുന്നു. ദാമോദരന്റെ രക്ഷസാക്ഷിത്വം ഇടതുപക്ഷ പ്രസ്ഥാനത്തിനും തൊഴിലാളി അവകാശ പോരാട്ടങ്ങൾക്കും കരുത്തേകി.



ചോലയിൽനിന്നുണ്ടായ ചേലക്കര

1762-ലെ തിരുവിതാംകൂർ–- കൊച്ചി ഉടമ്പടിയുടെ അടിസ്ഥാനത്തിൽ സാമൂതിരിയുമായി നടത്തിയ യുദ്ധത്തിന് ഡിലനോയിയുടെ നേതൃത്വത്തിലുള്ള തിരുവിതാംകൂർ സൈന്യം അന്ത്യംകുറിച്ചത്‌ ചേലക്കരയായിരുന്നു. കൊച്ചിയുടെ ഒരു ജില്ലാതലസ്ഥാനമാണ്‌ അന്ന്‌ ചേലക്കര. ചേലക്കരയ്ക്ക്‌ വരുന്നതിനുമുമ്പായി ഒരു നദിക്കുകുറുകെയുള്ള പാലം കടക്കുന്നതായി ചരിത്രരേഖകളിലുണ്ട്‌. ഈ നദി അഥവാ ചോലയാകണം ചേലക്കരയുടെ സ്ഥലനാമകരണത്തിലേക്ക്‌ നയിച്ചത്‌. ചോല ‘ചേല'യിൽ ലോപിച്ചു.

ഇടതോരം

ചേലക്കര മണ്ഡലത്തെ 28 വർഷമായി സിപിഐ എമ്മാണ്‌ നിയമസഭയിൽ പ്രതിനിധാനം ചെയ്യുന്നത്‌. 1996–-2016 വരെ തുടർച്ചയായി നാല്‌ തവണയും 2021–-2024 ജൂൺവരെ മൂന്നു വർഷവും കെ രാധാകൃഷ്ണനായിരുന്നു എംഎൽഎ. 2016–-2021 വരെ നിലവിലെ എൽഡിഎഫ്‌ സ്ഥാനാർഥി യു ആർ പ്രദീപും സഭയിലെത്തി. 1967ൽ രൂപീകൃതമായതുമുതൽ നാല്‌ തവണ തുടർച്ചയായി കോൺഗ്രസ്‌ ജയിച്ചു. 1982ൽ സി കെ ചക്രപാണിയിലൂടെ ആദ്യമായി ഇടതുപക്ഷം വിജയിച്ചു.

എന്നാൽ, 1987ൽ എം എ കുട്ടപ്പനിലൂടെ കോൺഗ്രസ്‌ തിരിച്ചുപിടിച്ചു. 1991ൽ എം പി താമിയിലൂടെ നിലനിർത്തി. 1996ൽ ഇടതുപക്ഷത്തേക്ക്‌ മാറിയ മണ്ഡലം പിന്നീട്‌ ഇടതോരത്ത്‌ നിലയുറപ്പിച്ചു. നിലവിൽ ഒമ്പത്‌ പഞ്ചായത്തിൽ ആറിലും എൽഡിഎഫ്‌ ഭരണമാണ്‌. മൂന്നു ജില്ലാ പഞ്ചായത്ത്‌ ഡിവിഷനും പഴയന്നൂർ ബ്ലോക്ക്‌ പഞ്ചായത്തും വടക്കാഞ്ചേരി ബ്ലോക്ക്‌ പഞ്ചായത്തും ഇടതുപക്ഷത്തിനൊപ്പമാണ്‌.

തലമപ്പന്തിന്റെ കായികപ്പെരുമ


ഓണമെന്നാൽ ചേലക്കരക്കാർക്ക്‌ തലമപ്പന്തുകളിയും കൂടിയാണ്‌. ചേലക്കരയിലെ ഏറ്റവും വലിയ കായിക വിനോദം. കാലുകൊണ്ടും കൈ കൊണ്ടും അടിച്ചു കളിക്കും. തലമ, ഒറ്റ, എരട, തൊടമ, പിടിച്ചാൻ, കാക്കോടി, ഓടി എന്നീ വിഭാഗങ്ങളിലായി മുമ്മൂന്നു വീതമുള്ള ഏഴു കളികളാണുള്ളത്. മൃഗത്തോലിൽ ചകിരിച്ചോറു പൊതിഞ്ഞുണ്ടാക്കുന്ന പന്തുകൊണ്ടാണ് കളി. പന്ത്‌ കൈകൊണ്ടുപിടിച്ചും കാലുകൊണ്ടടിച്ചുകളഞ്ഞും പട്ടക്കുറ്റിയിൽ എറിഞ്ഞു കൊള്ളിച്ചും കളിക്കുന്ന ടീമംഗത്തെ എതിർ ടീമിന് ഔട്ടാക്കാം. ഇപ്രകാരം ഔട്ടാകാതെനിന്ന് ഒരു വട്ടം കളി പൂർത്തിയാക്കുന്ന ടീമിന് ഒരു പട്ടം കിട്ടും. ആദ്യം രണ്ടു പട്ടം നേടുന്ന ടീം വിജയിക്കും. മിനിറ്റുകൾ കൊണ്ട് തീരുന്ന കളി ചിലപ്പോൾ മണിക്കൂറുകൾ നീളും. ദിവസങ്ങൾ നീണ്ടുപോയ മത്സരങ്ങളും ഏറെയാണ്.

ഉത്സവങ്ങളുടെ നാട്‌

മധ്യ കേരളത്തിലെ ഉത്സവങ്ങൾ തുടങ്ങുന്നതും അവസാനിക്കുന്നതും തിരുവില്വാമലയിൽനിന്നാണ്‌. വില്വാദ്രിനാഥ ക്ഷേത്രത്തിൽ തുടങ്ങി പറക്കോട്ടുകാവ്‌ താലപ്പൊലിവരെ നീളുന്ന ഉത്സവകാലം. മതസൗഹാർദത്തിന്റെ പ്രതീകമായ കാളിയാ റോഡ് ചന്ദനക്കുടം നേർച്ച, ചേലക്കര സെന്റ് ജോർജ് ഓർത്തഡോക്സ്‌ പള്ളി പെരുന്നാൾ, അന്തിമഹാകാളൻ കാവ്‌ വേല, മായന്നൂർ കാവ്‌, ചെറുത്തുരുത്തി കോഴിമാംപറമ്പ്‌ പൂരം, വരവൂർ നേർച്ച ഇങ്ങനെ വിവിധ ഉത്സവങ്ങളുടെ ഇടം കൂടിയാണ്‌ ചേലക്കര. ഐതിഹ്യപ്പെരുമയാണ്‌ കോഴി അമ്പലം എന്നറിയപ്പെടുന്ന പഴയന്നുർ ക്ഷേത്രം. കോഴിയെ പറത്തുന്നതും ഊട്ടുന്നതുമാണ്‌ ഇവിടത്തെ മുഖ്യ വഴിപാട്. ക്ഷേത്രത്തിനോട്‌ ചേർന്ന്‌ കൊട്ടാരവുമുണ്ട്‌.

കലാഭൂമിക


കേരളീയ നൃത്തകലകൾ അഭ്യസിപ്പിക്കുന്നതിനായി 1930ൽ വള്ളത്തോൾ നാരായണ മേനോനും മണക്കുളം മുകുന്ദരാജയും ചേർന്ന്‌ സ്ഥാപിച്ച കലാമണ്ഡലം ഇന്ന്‌ ലോക സാംസ്‌കാരിക ഭൂപടത്തിൽ സ്ഥാനം നേടിയെടുത്തു. കഥകളി, മോഹിനിയാട്ടം, കൂടിയാട്ടം, തുള്ളൽ, നങ്ങ്യാർകൂത്ത്, പഞ്ചവാദ്യം എന്നിവയാണ് ഇവിടെ പഠിപ്പിക്കുന്നത്. ഗുരുകുല വിദ്യാഭ്യാസ രീതിയാണ്‌ പിൻതുടരുന്നത്‌. നാല്‌ വർഷം മുമ്പാണ്‌ കലാമണ്ഡലത്തിൽ കഥകളി പഠനത്തിൽ നിലനിന്നിരുന്ന ലിംഗ വിവേചനം എൽഡിഎഫ്‌ സർക്കാർ ചരിത്രപരമായ തീരുമാനത്തിലൂടെ അവസാനിപ്പിച്ചത്‌. നേരത്തേ ആൺകുട്ടികൾക്ക്‌ മാത്രമാണ്‌ കഥകളി പഠിക്കാൻ അവസരമുണ്ടായിരുന്നത്‌.

നിലവിൽ കഥകളി വേഷം, ചുട്ടി, സംഗീതം തുടങ്ങി എല്ലാ കോഴ്‌സുകളിലും പെൺകുട്ടികളുണ്ട്‌. ആദ്യ ബാച്ചിലെ പെൺകുട്ടികൾ കഴിഞ്ഞ വർഷം അരങ്ങേറ്റം നടത്തി. വടക്കൻ, തെക്കൻ വിഭാഗങ്ങളിലായി എട്ടാം ക്ലാസ്‌ മുതൽ ബിരുദം വരെയായി 42 പെൺകുട്ടികളാണുള്ളത്‌. പെൺകുട്ടികളെമാത്രം പഠിപ്പിച്ചിരുന്ന മോഹിനിയാട്ടത്തിന്‌ ആൺകുട്ടികൾക്ക്‌ പ്രവേശനം നൽകാനും തീരുമാനിച്ചു. കലാമണ്ഡലത്തിന്റെ നടനവേദിയായ കൂത്തമ്പലത്തിൽ പ്രമുഖരുടെ കലാപ്രദർശനങ്ങൾ നടക്കാറുണ്ട്‌. ക്ഷേത്രമതിൽകെട്ടിന്‌ പുറത്ത് ഇത്തരമൊരു കൂത്തമ്പലം കലാമണ്ഡലത്തിൽ മാത്രമാണുള്ളത്. 2006ൽ കൽപ്പിത സർവകലാശാലാ പദവി ലഭിച്ചു. അടിസ്ഥാന വികസനത്തിനൊപ്പം വിനോദ സഞ്ചാരികളെ ആകർഷിക്കാനുള്ള പദ്ധതികൾക്കൂടി ആവിഷ്‌കരിക്കുന്നു.

മേളപ്പെരുമ

മദ്ദളത്തിൽ പ്രഗൽഭരാണ്‌ വെങ്കിച്ച സ്വാമിയും ശിഷ്യനായ കലാമണ്ഡലം അപ്പുക്കുട്ടി പൊതുവാളും. കേരളത്തിലെ പഞ്ചവാദ്യ മേളവിദ്വാനായിരുന്ന വെങ്കിച്ച സ്വാമിയാണ്‌ പഞ്ചവാദ്യത്തിൽ ഉപയോഗിക്കുന്ന ഉപകരണങ്ങളും വാദ്യരീതിയും ചിട്ടപ്പെടുത്തുന്നതിൽ പ്രധാന പങ്ക് വഹിച്ചത്‌. പഞ്ചവാദ്യത്തിലും കഥകളിയിലും മദ്ദളത്തിന്റെ കളി-സംസ്കാരം ചിട്ടപ്പെടുത്തി. അപ്പുക്കുട്ടി പൊതുവാൾ കേരളത്തിലെ താളവാദ്യ സംഘത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ വിലമതിക്കാനാകാത്തതാണ്‌.  സിലോണിലെ നാദസ്വര വിദഗ്‌ധനായ അളവെടി ചിന്നരാജയുടെ കച്ചേരിക്ക്‌ പങ്കെടുത്ത ഏക തകിൽ വിദ്വാനാണ്‌ തിരുവില്വാമല കേശവൻ നായർ. കേരളത്തിലും വിദേശത്തും അറിയപ്പെടുന്ന ഇടക്ക മാസ്റ്ററാണ്‌ തിരുവില്വാമല ഹരി. കലയിലെ ജാതീയതക്കെതിരെ പോരാടി തിമിലവാദനത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച കലാകാരനാണ്‌ തിരുവില്വാമല ഗോപിയാശാൻ. ഇങ്ങനെ നിരവധി കലാകാരന്മാരുടെ ഇടംകൂടിയാണ്‌ ചേലക്കര.



നെയ്‌ത്ത്‌ ഗ്രാമം

കുത്താമ്പുള്ളി കൈത്തറികളും അവിടത്തെ തറികളിൽ നെയ്തെടുക്കുന്ന വസ്ത്രങ്ങളും പ്രശസ്‌തമാണ്‌. പവർ ലൂമുകളുടെ വരവ്‌ നെയ്‌ത്തിനെ ബാധിച്ചിട്ടുണ്ട്‌. ആയിരത്തിലധികം തറികളിൽ നെയ്‌തുണ്ടായിരുന്നത്‌ ഇന്നിപ്പോൾ 300ൽ താഴെയായി കുറഞ്ഞു. ഇതിൽ ഭൂരിപക്ഷവും കുത്താമ്പുള്ളി, എരവത്തൊടി കേന്ദ്രീകരിച്ച്‌ പ്രവർത്തിക്കുന്ന സഹകരണ സംഘങ്ങളുടെ കീഴിലാണ്‌. പവർ ലൂമിന്‌ കൈത്തറിയേക്കാൾ വില കുറവാണ്‌ എന്നതാണ്‌ ആളുകളെ അതിലേക്ക്‌ ആകർഷിക്കുന്നത്‌. അതേസമയം ഊടും പാവും ചേർത്ത്‌ നെയ്‌തെടുക്കുന്നവയുടെ ഗുണമേന്മയാണ്‌ കൈത്തറി വ്യവസായത്തിനെ നിലനിർത്തുന്നത്‌.

കിള്ളിമംഗലം പുൽപ്പായ, വരവൂർ ഗോൾഡ്‌, ചങ്ങാലിക്കോടൻ

ചേലക്കരയുടെ പെരുമയാണ്‌ കിള്ളിമംഗലം പുൽപ്പായ, വരവൂർ ഗോൾഡ്‌ എന്നറിയപ്പെടുന്ന കൂർക്കയും ചങ്ങാലിക്കോടൻ നേന്ത്രപ്പഴവും. തറിയിൽ നെയ്‌തെടുക്കുന്നവയാണ്‌ കിള്ളിമംഗലം പുൽപ്പായ. ഇന്ത്യയിലെ സംരക്ഷിക്കേണ്ട 42 പാരമ്പര്യ കരകൗശല ഉൽപ്പന്നങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച ഇവയ്ക്ക്‌  ഭൗമസൂചികാ പദവിയുമുണ്ട്‌. മുത്തങ്ങ പുല്ലിനെ സംസ്‌കരിച്ചാണ്‌ പായയാക്കി മാറ്റുന്നത്. 25–- 30 വർഷംവരെ കേടുകൂടാതെ ഇരിക്കും. ഒരു പായ നിർമാണത്തിന് ഒരാഴ്‌ചവരെ സമയമെടുക്കും. പുല്ലിലെ കറ കഴുകിക്കളഞ്ഞതിനുശേഷം ആവശ്യമായ നിറം കലർത്തി വലിയ പാത്രത്തിലെടുത്ത് വേവിച്ചശേഷം ഉണക്കിയെടുക്കും. അതാണ് തറികളിൽ പായയാക്കി മാറ്റുന്നത്. 2400–--4500 രൂപ വരെയാണ്‌ പായയുടെ വില.

വരവൂർ ഗോൾഡ്‌ എന്നറിയപ്പെടുന്ന കൂർക്കയ്ക്ക്‌ ആവശ്യക്കാർ ഏറെയാണ്‌. സാധാരണ വൃശ്ചിക മാസത്തിലാണ് നാട്ടിൻപുറങ്ങളിൽ കൂർക്ക കൃഷി വിളവെടുപ്പ് തുടങ്ങുക. എന്നാൽ, കുടുംബശ്രീയുടെ നേതൃത്വത്തിൽ കൃഷിയിറക്കുന്ന കൂർക്ക മൂന്നു മാസംമുമ്പേ വിപണിയിലെത്തും. വിദേശത്തുനിന്ന്‌ പോലും ആവശ്യക്കാരെത്തുന്നുണ്ട്‌. വിളവെടുക്കുമ്പോഴുള്ള പ്രത്യേക മണം തന്നെയാണ്‌ വരവൂർ ഗോൾഡിനെ മറ്റ് കൂർക്ക ഇനങ്ങളിൽനിന്ന്‌ വേറിട്ട് നിർത്തുന്നത്‌.

തേനൂറും സ്വാദുളള നേന്ത്രവാഴയാണ്‌ചങ്ങാലിക്കോടൻ. മുള്ളൂർക്കര, വരവൂർ മേഖലകളിലാണ്‌ കൂടുതലും കൃഷി ചെയ്യുന്നത്‌. ഉരുണ്ട് ഏണുകളില്ലാത്ത സ്വർണനിറത്തിലുള്ള കായ്കളാണ് വാഴപ്പഴത്തിന്റെ പ്രത്യേകത. ഭൗമസൂചിക പദവിയും ലഭിച്ചിട്ടുണ്ട്‌. ഈ പഴത്തിൽനിന്ന്‌ കുടുംബശ്രീ നിർമിക്കുന്ന ചിപ്‌സ്‌ സർക്കാരിന്റെ ഓണക്കിറ്റിലടക്കം ഇടം പിടിച്ചിട്ടുണ്ട്‌.

പാഞ്ഞാൾ ഫ്രെയിം

മലയാള സിനിമയുടെ പ്രധാന ചിത്രീകരണ ഇടമായി വള്ളുവനാട്‌ മാറിയ കാലത്ത്‌ ലൊക്കേഷൻ തേടി പല സിനിമക്കാരും ഭാരതപ്പുഴ കടന്ന്‌ ചേലക്കരയിലും എത്തിയിരുന്നു. ഒറ്റപ്പാലം–- ഷൊർണൂർ പ്രദേശങ്ങളെ കേന്ദ്രീകരിച്ച് എടുക്കുന്ന സിനിമകളിൽ പാഞ്ഞാൾ സിനിമാക്കാരുടെ ഇഷ്ട ഇടമായി. കാട്ടിൽക്കാവ് സെന്ററും പരിസരവും 30ഓളം സിനിമകളുടെ ഭാഗമായി. സത്യനും ജയഭാരതിയും പ്രധാന കഥാപാത്രങ്ങളായ ‘കുട്ട്യേടത്തി'യിലൂടെയാണ്‌ ആദ്യമായി കാട്ടിൽക്കാവ്‌ സിനിമയിൽ തെളിഞ്ഞത്‌.

1971 ഫെബ്രുവരി 26ന്‌ സിനിമ റിലീസ്‌ ചെയ്‌തശേഷം പിന്നീട് ഒരുപാട്‌ പേർ ഇവിടേക്ക്‌ എത്തി. ഒരിടത്ത്, കടമ്പ, ആധാരം, പെരുവണ്ണാപുരത്തെ വിശേഷങ്ങൾ, മണ്ടൻമാർ ലണ്ടനിൽ, ഈ പുഴയും കടന്ന്, ദേവാസുരം, മന്നാടിയാർ പെണ്ണിന് ചെങ്കോട്ട ചെക്കൻ, ബാലേട്ടൻ, നാട്ടുരാജാവ്, മാടമ്പി, ഉത്തരാസ്വയംവരം, മലർവാടി ആർട്സ് ക്ലബ്, നാടകമേ ഉലകം, ഗോദ എന്നിവയ്ക്കെല്ലാം ലൊക്കേഷനായി. നാട്ടിടവഴികളും ക്ഷേത്രങ്ങളും കുളങ്ങളും മനകളും പാടങ്ങളുമെല്ലാം സിനിമാക്കാരെ ആകർഷിച്ചു. പഴമയുടെ ഭംഗി പേറുന്ന നാല് റോഡുകളുടെ സംഗമഭൂമി എന്നതാണ്‌ കാട്ടിൽക്കാവ് സെന്ററിനെ ഇഷ്ടകേന്ദ്രമാക്കാൻ കാരണം.



28 വികസന വർഷങ്ങൾ

കർഷകരും തൊഴിലാളികളും സാധാരണക്കാരും ബഹുഭൂരിപക്ഷമായ ചേലക്കരയിലേക്ക്‌ വികസനത്തിന്റെ പാതവെട്ടിയത്‌ ഇടതുപക്ഷമാണ്‌. വൈദ്യുതിയും വെള്ളവും കിട്ടാക്കനിയായിരുന്നു. ആശുപത്രികളോ വിദ്യാഭ്യാസ സ്ഥാപനങ്ങളോ നല്ല റോഡുകളോ ഇല്ലായിരുന്നു. അവികസിത ചേലക്കരയുടെ പരിമിതികളും പരാധീനതകളും ബോധപൂർവമായ ഇടപെടലുകളിലൂടെ മറികടന്നാണ്‌ ഇന്നത്തെ ചേലക്കര സൃഷ്ടിക്കപ്പെട്ടത്‌. അവഗണനയുടെ കടത്ത്‌ വഞ്ചിക്കാലം കടന്ന്‌ മായന്നൂരിൽ പാലം ഉയർന്നത്‌ പോലെ നാടിന്റെ മുന്നോട്ട്‌ പോക്കിന്‌ വഴിയൊരുക്കിയത്‌ 1996ലെ ഇടതുപക്ഷ വിജയമാണ്‌. വലതുപക്ഷ സ്വാധീന മണ്ഡലമായിരുന്ന ചേലക്കര കെ രാധാകൃഷ്‌ണനിലൂടെ ഇടതോരം ചേർന്നതോടെയാണ്‌ വികസന കാലം പിറന്നത്‌.

വികസനക്കര

വളരെ പിന്നാക്ക മണ്ഡലമായ ചേലക്കരയിന്ന്‌ വികസനത്തിൽ കുതിക്കുകയാണ്‌. അടിസ്ഥാന വിദ്യാഭ്യാസ സൗകര്യം പോലുമില്ലാതിരുന്ന മണ്ഡലത്തിൽ ഇന്ന്‌ എല്ലാ പഞ്ചായത്തിലും മികച്ച ഭൗതിക സാഹചര്യങ്ങളോടെയുള്ള ഹയർ സെക്കൻഡറി സ്‌കൂളുകളുണ്ട്‌. പട്ടികജാതി വിദ്യാർഥികളുടെ പഠനം ലോകോത്തര നിലവാരത്തിലേക്ക്‌ ഉയർത്താൻ മോഡൽ റഡിഡൻഷ്യൽ ഇംഗ്ലീഷ്‌ മീഡിയം സ്‌കൂൾ, പോളി ടെക്‌നിക്‌, ഐടിഐകൾ, ഐഎച്ച്‌ആർഡി, ആർട്‌സ്‌ ആൻഡ്‌ സയൻസ്‌ കോളേജ്‌, എൻജിനിയറിങ്‌ കോളേജ്‌ ഇങ്ങനെ വിദ്യാഭ്യാസ ഹബ്ബായി മാറി. ആരോഗ്യ മേഖലയിൽ ദേശീയ അംഗീകാരം നേടിയ ദേശമംഗലം കുടുംബാരോഗ്യ കേന്ദ്രം, താലൂക്ക്‌ ആശുപത്രിയിൽ ഡയാലിസിസ്‌ കേന്ദ്രം, മികച്ച സൗകര്യങ്ങളോടെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ. മികവിന്റെ കേന്ദ്രമായ ആയുർവേദ ആശുപത്രി ഇങ്ങനെ മികച്ച ചികിത്സാ സൗകര്യങ്ങൾ. പാലങ്ങൾ, റോഡുകൾ തുടങ്ങിയ അടിസ്ഥാന വികസനം.

വരവൂർ വ്യവസായ പാർക്ക്‌ സ്ഥാപിച്ചു. തൊഴിൽ അന്വേഷകരെ സഹായിക്കാൻ കരിയർ ഡെവലപ്പ്‌മെന്റ്‌ സെന്ററടക്കം വികസനത്തിന്റെ പാതയിൽ മുന്നോട്ട്‌ കുതിക്കുകയാണ്‌ ചേലക്കര. കുടുംബശ്രീ, തൊഴിലുറപ്പ്‌, സാമൂഹ്യക്ഷേമ പെൻഷൻ. ചേലക്കരയുടെ സാമ്പത്തിക അടിത്തറ സൃഷ്ടിക്കുന്നതിൽ ഇവ മൂന്നും വഹിച്ച പങ്ക്‌ വലുതാണ്‌. ഇത്‌ മൂന്നും ഇടതുപക്ഷത്തിന്റെ സംഭാവനയാണ്‌. ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുന്നതിൽ പ്രധാന പങ്കുവഹിച്ച ഇടതുപക്ഷത്തിന്റെ സംഭാവനകൾ ജനങ്ങളുടെ മനസ്സിൽ എന്നുമുണ്ട്‌. ആ സ്‌നേഹം നിറഞ്ഞ കരുതൽ കൂടിയാണ്‌ ചേലക്കര.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top