28 September Monday

ചാന്ദ്രയാൻ 2 - കുതിപ്പും കിതപ്പും

വെബ് ഡെസ്‌ക്‌Updated: Saturday Dec 28, 2019

ഇന്ത്യയുടെ രണ്ടാം ചാന്ദ്ര ദൗത്യത്തിന്റെ കുതിപ്പും കിതപ്പും 2019 കണ്ടു. ചാന്ദ്രയാൻ–-2 വിക്ഷേപണം വിജയകരമായിരുന്നെങ്കിലും ചന്ദ്രപ്രതലത്തിൽ സോഫ്‌റ്റ്‌ ലാന്റ്‌ ചെയ്യാനുള്ള ദൗത്യം അവസാന നിമിഷം അപ്രതീക്ഷിതമായി പരാജയപ്പെടുകയായിരുന്നു. ജൂലൈ 15 നാണ്‌ വിക്ഷേപണം ആദ്യം നിശ്‌ചയിച്ചിരുന്നത്‌. ജിഎസ്‌എൽവി മാർക്ക്‌ 3 റോക്കറ്റിലെ ഇന്ധനടാങ്കിൽ ചോർച്ച കണ്ടതിനെത്തുടർന്ന്‌ വിക്ഷേപണം അവസാനം മാറ്റി. തകരാർ പരിഹരിച്ച്‌ ഒരാഴ്‌ചക്കുള്ളിൽ വിക്ഷേപണം നടത്താൻ കഴിഞ്ഞത്‌ ഐഎസ്‌ആർഒക്ക്‌ നേട്ടമായി. 22 ന്‌ ശ്രീഹരിക്കോട്ടയിൽ നിന്ന്‌ ചാന്ദ്രയാൻ–-2 പേടകം യാത്ര തുടങ്ങി. പടിപടിയായി ഭൂമിയുടെ ഭ്രമണപഥത്തിൽ നിന്ന്‌ പേടകത്തെ ഉയർത്തി. ആഗസ്‌റ്റ്‌ 14 ന്‌ ചാന്ദ്രയാൻ–-2 ചന്ദ്രന്റെ ആകർഷണ വലയത്തിലായി. അഞ്ചു തവണയായി ഭ്രമണപഥം താഴ്‌ത്തി.


 

സെപ്‌തംബർ 2 ന്‌ വിക്രം ലാന്റർ പേടകത്തിൽ നിന്ന്‌ വേർപെട്ടു. ലാൻഡറും ഓർബിറ്ററും രണ്ടു പഥങ്ങളിൽ ചന്ദ്രനെ ചുറ്റിത്തുടങ്ങി.  തുടർന്നുള്ള ദിവസങ്ങളിൽ ലാന്ററിന്റെ പഥം താഴ്‌ത്തലും വിജയകരമായി പൂർത്തിയാക്കി. തുടർന്ന്‌ സെപ്‌തംബർ 7 ന്‌ പുലർച്ചെ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ സോഫ്‌റ്റ്‌ ലാന്റ്‌ ചെയ്യാനുളള ശ്രമത്തിനിടെ വിക്രം ലാൻഡർ നിയന്ത്രണം വിട്ട്‌ ഇടിച്ചിറങ്ങി തകർന്നു. വേഗത നിയന്ത്രണ സംവിധാനത്തിനും സോഫ്‌റ്റ്‌വെയറിനും അപ്രതീക്ഷിതമായുണ്ടായ തകരാറാണ്‌ സ്വപ്‌നദൗത്യം പരാജയപ്പെടാൻ കാരണമായത്‌. ഓർബിറ്റർ ഇപ്പോഴും ചന്ദ്രനെ വലംവച്ച്‌ വിവര ശേഖരണം നടത്തിക്കൊണ്ടിരിക്കുകയാണ്‌.
 

ലക്ഷ്യത്തിലേക്ക്‌ തൊടുത്ത പേടകങ്ങൾ
2019 ൽ വിദേശ രാജ്യങ്ങളുടേതടക്കം നിരവധി ഉപഗ്രഹങ്ങളെ വിജയകരമായി ഐഎസ്‌ആർഒ വിക്ഷേപിച്ചു. ജനുവരി 24 ന്‌ മൈക്രോസാറ്റ്‌–-ആർ, കലാംസാറ്റ്‌ വി2 എന്നിവ വിക്ഷേപിച്ചായിരുന്നു തുടക്കം. വിക്ഷേപണ വാഹനമായ പിഎസ്‌എൽവി സി 44 ന്റെ നാലാംഘട്ടം ഉപയോഗപ്പെടുത്തിയുള്ള ഓർബിറ്റൽ പ്ലാറ്റ്‌ഫോം പരീക്ഷണവും വിജയകരമായി.
 

ഏപ്രിൽ 1 :
പിഎസ്‌എൽവി സി 45 വിക്ഷേപണം : എമിസാറ്റ്‌ ഉപഗ്രഹമടക്കം 28 ഉപഗ്രഹങ്ങളെ ഒന്നിച്ചു ലക്ഷ്യത്തിലെത്തിച്ചു. ഇവയിൽ 24 എണ്ണം അമേരിക്കയുടേതായിരുന്നു

മെയ്‌ 22
പിഎസ്‌എൽവി 46 വിക്ഷേപണം: ഇന്ത്യയുടെ വിവിധോദ്ദേശ ഉപഗ്രഹമായ റിസാറ്റ്‌ 2 ബി ലക്ഷ്യത്തിലെത്തി.

നവംബർ 27
പിഎസ്‌എൽവി സി 47 വിക്ഷേപണം: ഇന്ത്യയുടെ കാർട്ടോസാറ്റ്‌ –-3 അടക്കം 14 ഉപഗ്രഹങ്ങൾ ലക്ഷ്യ കണ്ടു. യുഎസ്‌എ യുടെ 13 നാനോ ഉപഗ്രഹങ്ങളാണ്‌ ഇക്കൂട്ടത്തിലുണ്ടായിരുന്നത്‌.

ഡിസംബർ 11
പിഎസ്‌എൽവി 48 വിക്ഷേപണം ഐഎസ്‌ആർഒയുടെ വിശ്വസ്‌ത വിക്ഷേപണ വാഹനമായ പിഎസ്‌എൽവിയുടെ അമ്പതാമത്‌ ദൗത്യം. ഇന്ത്യയുടെ റിസാറ്റ്‌ 2ബിആർ1നൊപ്പം വിദേശ രാജ്യങ്ങളുടെ ഒമ്പത്‌ ഉപഗ്രഹങ്ങളും ഒന്നിച്ച്‌ ലക്ഷ്യത്തിലെത്തി.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top