23 September Saturday

ആനകളുടെ കാരണവർ

പി വി ജീജോ jeejodeshabhimani@gmail.comUpdated: Sunday Oct 16, 2022

ചാമിയാശാൻ

ആനകളെക്കുറിച്ച്‌ പറയുന്നതെന്തും ആനക്കാര്യം തന്നെ. അപ്പോൾ  അറുപതാണ്ടായി ആനകൾക്കൊപ്പം ജീവിച്ച ഒരാളുടെ ജീവിതമായാലോ. അത്‌ ആനപുരാണമാകും. കരിവീരന്മാരെ  പരിപാലിച്ചും സ്‌നേഹിച്ചും ശാസിച്ചും  എഴുന്നള്ളിച്ചുമുള്ള  ആനക്കാരന്റെ  ജീവിതം പറഞ്ഞുകേട്ട ആനക്കഥയിലും വലുതാകും. കുറുകറുത്ത ആനയോടുള്ള സ്‌നേഹചാരുത, അന്യാദൃശമായ ആനക്കമ്പം. അതിന്റെ തുടർച്ചയായി മക്കൾ നാലുപേരും കൊച്ചുമകനും ആനപ്പാപ്പാനാവുക.   സഹോദരിയുടെ രണ്ടു മക്കളുംകൂടി ചേർന്നാൽ പൂക്കൂട്ടത്തിൽ ചാമിയാശാന്റെ വീട്ടിൽ പാപ്പാന്മാരുടെ പൂരമായി.  പാലക്കാട്‌ കോങ്ങാടാണ്‌ ഈ ആനക്കുടുംബം. കോങ്ങാട്ടെ ചെറായ ഭരതൻകുന്ന്‌ പാറശേരി പൂക്കൂട്ടത്തിൽ ചാമിയുടെ ജീവിതത്തിൽ നിറയെ ആനച്ചൂരാണ്‌.

ചിന്നംവിളിക്കും മദപ്പാടിനും  കൊമ്പുകുലുക്കലിനുമപ്പുറം ആനകൾ സ്‌നേഹിക്കാനറിയാവുന്ന,  സ്‌നേഹിക്കേണ്ട ജീവികളാണെന്ന വലിയ പാഠമാണ്‌ ഈ മനുഷ്യൻ പകർന്നുനൽകുന്നത്‌.  പിച്ചാത്തിയും കൈമഴുവും ചങ്ങലകളും തോട്ടിയുമായി ആനകളെ ക്രൂരമായി തല്ലിച്ചതയ്‌ക്കുന്ന പാപ്പാന്മാരുടെ വംശത്തിൽ ഇദ്ദേഹം പെടില്ല. അതിനാലാകാം വെറ്ററിനറി സർവകലാശാല വിദ്യാർഥികൾക്കും  ഗുരുവായൂർ ആനക്കോട്ടയിലും വന–-മൃഗസംരക്ഷണ വകുപ്പിലും പരിസ്ഥിതിക്യാമ്പുകളിലും എൺപത്‌ പിന്നിട്ട ചാമിയാശാൻ  ‘ആനമാഷാ’കുന്നത്‌. മക്കളെപ്പോലെ ആനകളെ പരിപാലിച്ച്‌ പൂമുള്ളി ആറാംതമ്പുരാന്റെ (നീലകണ്‌ഠൻ നമ്പൂതിരിപ്പാട്‌) യടക്കം പ്രീതിയാർജിച്ച ചാമിയാശാൻ കേരളത്തിലെ ആനപ്പാപ്പാന്മാരിൽ തലയെടുപ്പുള്ള പ്രശസ്‌തനാണ്‌.  നൂറോളം ആനകളുടെ പാപ്പാൻ, ആറോളം ആനകളുടെ ഉടമ. മക്കളടക്കം പാപ്പാന്മാർ– -ആനയെ വെല്ലുന്ന ആനക്കഥയാണ്‌ ചാമിയാശാന്‌ പറയാനുള്ളത്‌.   ആനകളുടെ ശാസ്‌ത്രവും പ്രകൃതവും മർമലക്ഷണവും വിവരിക്കുന്ന പ്രശസ്‌തമായ ‘മാതംഗലീല ’വായിച്ചുപഠിച്ചിട്ടില്ല പൂക്കൂട്ടത്തിൽ ചാമിയാശാൻ. എന്നാൽ ആനകളെക്കുറിച്ച്‌ മാതംഗലീലയിലുള്ളതിനപ്പുറവും അറിയാം. 

പത്താംവയസ്സിൽ ആനക്കമ്പം

വീടിനടുത്ത്‌ കോട്ടപ്പള്ളി ചിന്നുക്കുട്ടൻ നായർ എന്ന ആനക്കച്ചവടക്കാരനുണ്ടായിരുന്നു.   സ്‌കൂളിൽപോകാതെ ചിന്നുക്കുട്ടൻ നായരുടെ  ആനയെ കാണുക, പാപ്പാന്മാരുടെ വേലകൾ നോക്കുക ഇതൊക്കെയായിരുന്നു കുട്ടിക്കാലത്തെ പതിവ്‌. ‘എനിക്കന്നേ പശു, പൂച്ച, നായ തുടങ്ങി എല്ലാ ജീവികളെയും വലിയ ഇഷ്‌ടാ. അത്‌ ആനയിലേക്ക്‌ വളർന്നു. അടുത്തുള്ള പാറേക്കാട്ടില്ലത്ത്‌ ആനയുണ്ടാരുന്നു. പോർക്കുണ്ടിൽ കുട്ടപ്പൻ പാപ്പാനാരുന്നു മേൽനോട്ടം. അദ്ദേഹത്തിനൊപ്പം കൂടി. ആനയ്‌ക്ക്‌ ഭക്ഷണംകൊണ്ടുകൊടുക്കലാണ്‌ ആദ്യം കിട്ടുന്ന പണി. പനയിൽ കയറി പട്ട വെട്ടണം. പിന്നെ  ആനയെ തുടയ്‌ക്കൽ, അഴിച്ചുമാറ്റൽ... അങ്ങനെയങ്ങനെ കണ്ടും നോക്കിയും പഠിച്ചു.’

തികഞ്ഞ ആനപ്രേമിയായ കുട്ടപ്പൻ പാപ്പാനാണ്‌  ചാമിയാശാന്റെ ഗുരു. ഒളപ്പമണ്ണ മനയിലെ നാക്കുകടിയൻ കേശവൻ നായർ, കാര്യങ്ങൽ ശങ്കരൻ നായർ, പുത്രാടൻ കേശവൻ നായർ, തൃപ്രയാർ തണ്ടാശേരി ആനയുടെ പാപ്പാൻ പത്മനാഭൻ നായർ എന്നിങ്ങനെ അറിയപ്പെടുന്നവരുടെ കാലമാണത്‌.  ചെർപ്പുളശ്ശേരി ക്ഷേത്രത്തിലാണ് ആദ്യം  പാപ്പാനായത്. ഗംഗാധരനായിരുന്ന ആന. അഞ്ചെട്ട് വർഷം ചട്ടക്കാരനായി  അവിടെയുണ്ടായി.  തുടർന്ന്‌ അയ്യന്തോളിൽ അയ്യപ്പന്റെ കൂടെ.  അവിടുന്ന്‌ ആന ഓടിച്ച സംഭവമുണ്ടായി. ശേഷം   തൃശൂരിലെ ശങ്കരംകുളങ്ങര ക്ഷേത്രത്തിൽ. 25 വർഷത്തിലധികം ഒറ്റപ്പാലത്തെ മനിശ്ശേരി ഹരിദാസിന്റെ ആനകൾക്കൊപ്പം. നടൻ ജയറാമൊക്കെ ആനയെ വാങ്ങിയത്‌ മനിശ്ശേരി ഹരിദാസിന്റവിടുന്നായിരുന്നു. പട്ടിമുറി അയ്യപ്പൻകുട്ടി, ക‍ർണൻ, ശങ്കരംകുളങ്ങര ഗണപതി, രാജഗോപാൽ, വിജയൻ തുടങ്ങി ഉത്സവങ്ങൾക്ക്‌ ഗരിമയേകിയ നിരവധി കൊമ്പന്മാരുടെ  സാരഥിയായി. മറക്കാനാകാത്ത ആനകൾ  ശങ്കരംകുളങ്ങര പട്ടിമുറി അയ്യപ്പനും കർണനുമാണ്. അയ്യപ്പൻ ഒറ്റചട്ടാണ്. ഒരാൾക്ക് മാത്രേ ചട്ടാവൂ. നമുക്കെപ്പോഴും കാശ് വന്നുകൊണ്ടിരിക്കും. കർണന്റെ തലയെടുപ്പ്‌ അക്കാലത്ത്‌ ഉത്സവപ്പറമ്പിലെ പ്രൗഢമായ കാഴ്‌ചയായിരുന്നു. പന്ത്രണ്ട്‌വർഷം അവനെന്റൊപ്പമുണ്ടായിരുന്നു. മറ്റൊരു കേമൻ  ശങ്കരംകുളങ്ങര ഗണപതിയാണ്‌. നാടൻ ആനകളിൽ വലിയവനായിരുന്നു ഗണപതി. കർണനും അയ്യപ്പനുമാണ് തനിക്ക്‌ പേര്‌ നേടിത്തന്നതെന്ന്‌ ചാമിയാശാൻ പറയുന്നു.  അന്നാണ്‌ ആനകളെ പലതും വാങ്ങിയത്‌.  ആദ്യം ചേന്നനെ. പിന്നെ തൃപ്പങ്ങോട് സ്വാമിയുടെ  വിജയനെ. മണ്ണാർക്കാട് നിന്ന്  ഗോവിന്ദൻകുട്ടിയെ. പലകാലങ്ങളിലായി ഏഴ്‌ ആനകളെ സ്വന്തമാക്കി.  അവസാനത്തേത്‌ വേലായുധനായിരുന്നു. അവൻ നാലഞ്ച് കൊല്ലം മുമ്പ് ചരിഞ്ഞു. പിന്നെ ആനകളെ വാങ്ങിയില്ല.  

ആനയെ വാങ്ങാൻ കേരളം കടന്ന്‌  ആൻഡമാൻ, ബിഹാർ, അസം ഇവിടങ്ങളിലൊക്കെ പോയിട്ടുണ്ട്‌ ചാമിയാശാൻ. ഡൽഹി ഏഷ്യാഡിന്‌ (1982ൽ) കുട്ടിക്കൃഷ്‌ണൻ എന്ന ആനയുമായി പോയത്‌ സങ്കടകരമായ അനുഭവം. ഒരുമാസം മുമ്പേ ഡൽഹിയിൽ എത്തി. അവിടെ അയ്യപ്പക്ഷേത്രത്തിൽ എഴുന്നള്ളിക്കലുണ്ടായി. എന്നാൽ ആനയ്‌ക്ക്‌ അസുഖം ബാധിച്ചതിനാൽ തിരികെപോരേണ്ടിവന്നു.

‘പത്തിരുപത്‌ കൊല്ലം മുമ്പ്‌ കർണൻ വലിയ വാർത്തയായി.   തൃശൂരിലെ മുളയത്ത് അമ്പലത്തിൽവച്ചാണത്‌.  കർണൻ തിടമ്പ് ഇറക്കുന്ന നേരത്ത്‌ തിരുവമ്പാടി ചന്ദ്രശേഖരനെ തെച്ചിക്കോട്ട്‌കാവ് രാമചന്ദ്രൻ തട്ടിയിട്ട് കുത്തി. ദേഹമാകെ മുറിവായി. ഞങ്ങളൊക്കെ ഓടി രക്ഷപ്പെട്ടു. കർണൻ എന്റെ പിന്നാലെ ഒപ്പം ഓടി വരികയായിരുന്നു. തൃശൂർ പൂരം, തൃപ്രയാർ, നെന്മാറ–-വല്ലങ്ങി, കോഴിക്കോട്‌ മുതൽ തൃപ്രയാർവരെ എത്ര ദേശങ്ങളിൽ പൂരങ്ങൾ, വേലകൾ. ആ കാലം ഇനി തിരിച്ചുകിട്ടില്ലല്ലോ_’ ചാമിയാശാൻ പറഞ്ഞു.

പാപ്പാൻ ഫാമിലി

ചാമിയാശാൻ ആനകളെ വാങ്ങാൻ തുടങ്ങിയപ്പോൾ മക്കളും ഈ പണിക്കിറങ്ങി. നാലുമക്കളും ഇപ്പോൾ ഗുരുവായൂർ ആനക്കോട്ടയിൽ. മൂത്തമകൻ രാധാകൃഷ്‌ണൻ ദേവസ്വം പത്മനാഭന്റെ പാപ്പാനാണ്‌ . മക്കളായ മോഹനൻ ( ഗുരുവായൂർ നന്ദന), വാസു (ജൂനിയർ കേശവൻ), മണികണ്‌ഠൻ (ദാമോദരദാസ് ), കൊച്ചുമകൻ ഗോകുൽദാസ്‌, സഹോദരിയുടെ മക്കളായ രാധാകൃഷ്‌ണൻ, മോഹനൻ എന്നിവരും ഗുരുവായൂർ ദേവസ്വത്തിന്‌ കീഴിൽ പാപ്പാന്മാരായുണ്ട്‌.

നൂറ് പറഞ്ഞ് ആറ് ഓങ്ങി ഒന്നേ അടിക്കാവൂ

‘1955 –-56 കാലത്ത്‌ തുടങ്ങിയതാ ആനപ്പണി. ഒരാന നമ്മളെ വിശ്വസിക്കാൻ ഒരു വേനലും വർഷവുംകൂടെ വേണം. നാലുദിവസം കൂടെ നടന്നാൽ പാപ്പാനാകില്ല. എന്റടുത്ത്‌ ഒരാനയും കാര്യായി ഇന്നേവരെ ഇടഞ്ഞിട്ടില്ല. നമ്മടെ മക്കളെപ്പോലെ കാണണം.  മക്കളെ നമ്മൾ ശിക്ഷിക്കില്ലല്ലോ. ശാസിക്കയാ ചെയ്യാ. അതും സ്‌നേഹവാത്സല്യത്തോടെ. ഈ നാൽക്കാലികളോടും അതാ കാട്ടേണ്ടത്‌. ആനകളെ   തല്ലുന്നതിനേ ഞാൻ എതിരാ. നൂറ് പറഞ്ഞ് ആറ് ഓങ്ങി ഒന്നേ അടിക്കുക. അതാണ്‌ നല്ല പാപ്പാന്റെ രീതി. എന്നുവച്ചാൽ ആനയോട് നൂറ് തവണ ഉറക്കെ പറഞ്ഞിട്ട്, പിന്നെയും കേട്ടില്ലേൽ പിന്നെ ആറ് തവണ ഓങ്ങി പേടിപ്പിക്കണം, എന്നിട്ടും കുറുമ്പ് കാണിച്ചാലേ ഒരടിയടിക്കാവൂ. കുറുമ്പിന്‌  ചിലപ്പം  ഒരു അടിയൊക്കെ കൊടുക്കേണ്ടിവരും. പക്ഷെ പിന്നാലെ അവനെ സ്നേഹിക്കണം. കർണനെയൊക്കെ  ഒന്ന് തല്ലിയാൽ പിന്നെ ഇനി തല്ലില്ലാട്ടോ എന്നൊക്കെ പറഞ്ഞ് തലോടും. അന്നേരം  അവൻ കണ്ണ് കുറുക്കി തിരിച്ച് സ്നേഹം കാട്ടും. ശരിക്കും കണ്ണ്‌ നിറയുമന്നേരം നമ്മക്ക്‌. ഇന്നിപ്പം വല്ലാത്ത പ്രാകൃതരീതികളൊക്കെ കേൾക്കുന്നുണ്ട്‌. ക്രൂരമായ മർദനത്തെക്കുറിച്ചുള്ള കഥകൾ. അങ്ങനെ ഒരാനയേയും അനുസരിപ്പിക്കാനാകില്ല. ഓരോന്നിനും ഓരോ സ്വഭാവാ. ഇടയും മുമ്പ്‌ പാപ്പാന്‌ തിരിച്ചറിയാനാകും.ചെവി വട്ടം പിടിക്കും ചിലപ്പം. വാല്‌ വളയുന്നത്‌, പീലിവാല്‌ നെലത്ത്‌ മുട്ടുന്നത്‌ ഒക്കെ ഓരോ ലക്ഷണങ്ങളാ. എണ്ണമുള്ളോൻ കാട്ട്യാൽ, കണ്ണുള്ളോൻ പഠിക്കണം’, ചാമിയാശാൻ പറയുന്നു.   ഭാര്യ ഭാർഗവിക്കൊപ്പം  ഏറ്റവുമധികം നെല്ലുൽപ്പാദിപ്പിച്ച്‌ കോങ്ങാട്‌ കൃഷിഭവന്റെ ആദരവ്‌ സ്വന്തമാക്കിയതിന്റെ  ആഹ്ലാദത്തിൽക്കൂടിയാണ്‌ ചാമിയാശാൻ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top