23 November Monday

കാര്യംകാണാൻ ഉണരും നീതിബോധം

എം പ്രശാന്ത‌്Updated: Sunday Oct 11, 2020


2008 ജൂലൈ

ആണവകരാറുമായി മുന്നോട്ടുപോകുമെന്ന മൻമോഹൻ സിങ്ങിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച്‌ 61 എംപിമാരുള്ള ഇടതുപക്ഷം പിന്തുണ പിൻവലിച്ചു. ഒന്നാം യുപിഎ സർക്കാർ ലോക്‌സഭയിൽ ന്യൂനപക്ഷമായി. സർക്കാർ വീഴുമെന്ന ഘട്ടം. എന്നാല്‍, 39 അംഗങ്ങളുള്ള മുലായംസിങ്‌ യാദവിന്റെ സമാജ്‌വാദി പാർടി പിന്തുണച്ചെത്തി. ജൂലൈ 22ന്‌ വിശ്വാസവോട്ടെടുപ്പില്‍ എസ്‌പി പിന്തുണയിൽ 256 നെതിരെ 275 വോട്ടിന് മന്‍മോഹന്‍ ഭരണം നിലനിർത്തി.

നന്ദി പറയേണ്ടത്‌ സിബിഐയോട്‌

ഒന്നാം യുപിഎ സർക്കാർ നിലവിൽ വന്നപ്പോൾ മുന്നണിയുടെ ഭാഗമാകാൻ മുലായം ഏറെ ആഗ്രഹിച്ചിരുന്നു. കോൺഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധിക്ക്‌ താൽപ്പര്യമുണ്ടായില്ല. യുപിഎ കക്ഷി യോഗത്തിലേക്ക്‌ സിപിഐ എം ജനറൽ സെക്രട്ടറിയായിരുന്ന ഹർകിഷൻ സിങ്‌ സുർജിത്തിനൊപ്പം മുലായം എത്തിയെങ്കിലും സോണിയ ഗൗനിച്ചില്ല. എല്ലാ പിണക്കവും മറന്ന് മുലായം സഹായിച്ചതിന് കോണ്‍​ഗ്രസ്‌ നന്ദി പറയേണ്ടത് സിബിഐയോട്.സുപ്രീംകോടതി നിർദേശപ്രകാരം 2007ല്‍ മുലായത്തിനും കുടുംബത്തിനുമെതിരെ സിബിഐ അനധികൃത സ്വത്തുസമ്പാദനത്തിന് കേസെടുത്തിരുന്നു. 2008ലെ വിശ്വാസവോട്ടിന്‌ എട്ടുദിവസം മുമ്പ്‌ മുലായത്തിന്റെ മകൻ അഖിലേഷിന്റെ ഭാര്യ ഡിമ്പിൾ കേസിന്റെകാര്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക്‌ കത്തയച്ചു. വിശ്വാസവോട്ടിന്‌ പിന്നാലെ 2008 ഡിസംബറിൽ സോളിസിറ്റർ ജനറലിന്റെ ‘ഉപദേശ’പ്രകാരം കേസ്‌ പിൻവലിക്കാൻ സിബിഐ അപേക്ഷ നല്‍കി. സിബിഐ കണ്ടെത്തിയ 2.6 കോടിയുടെ അനധികൃത സമ്പാദ്യം വളരെപ്പെട്ടെന്ന്‌ സാധുവായ സമ്പാദ്യമായി.

കോൺഗ്രസും പിന്നാലെ‌ മോഡിയും സിബിഐയുടെ സ്വത്തുസമ്പാദന കേസ്‌ എടുത്തുകാട്ടി മുലായം കുടുംബത്തെയും സമാജ്‌വാദി പാർടിയെയും താളത്തിനൊത്ത്‌ തുള്ളിച്ചത് പലതവണ. ഒടുവിൽ എങ്ങുമെത്താതെ കേസന്വേഷണം സിബിഐ അവസാനിച്ചു.

എസ്‌പി മാത്രമല്ല ബിഎസ്‌പിയും

രണ്ടാം യുപിഎയുടെ കാലത്ത്‌ 2012 സെപ്‌തംബറിലും സമാന സ്ഥിതിയുണ്ടായി. ചില്ലറവ്യാപാര മേഖലയിൽ എഫ്‌ഡിഐ അനുവദിച്ചതിൽ പ്രതിഷേധിച്ച്‌ 19 അംഗങ്ങളുള്ള തൃണമൂൽ പിന്തുണ പിൻവലിച്ചു. അപ്പോഴും സിബിഐ ‘രക്ഷയ്‌ക്കെത്തി’. അനധികൃത സ്വത്ത് കേസുകളിൽ അന്വേഷണം നേരിട്ടിരുന്ന മുലായവും മായാവതിയും ഒരേപോലെ സഹായഹസ്‌തം നീട്ടി. പാർലമെന്റിൽ എസ്‌പിയും ബിഎസ്‌പിയും ഒരേ നിലപാട്‌ സ്വീകരിക്കുന്നത് അത്യപൂർ‌വം. ബിൽ ‌സഭയിൽ വോട്ടിനിട്ടപ്പോള്‍ എസ്‌പിയും ബിഎസ്‌പിയും ഇറങ്ങിപ്പോക്ക്‌ നടത്തി സർക്കാരിനെ സഹായിച്ചു. ഇവരുടെ അഭാവത്തില്‍ സര്‍ക്കാരിന് ബില്‍ പാസാക്കാനായി. ബിജെപിയുമായി 2003ൽ  തെറ്റിപ്പിരിഞ്ഞപ്പോഴാണ്‌ മായാവതിക്കെതിരെ സിബിഐ കേസുകൾ വന്നത്‌. താജ്‌ കൊറിഡോർ അഴിമതി കേസും അനധികൃത സ്വത്ത് കേസും എടുത്തത് വാജ്‌പേയ്‌ സർക്കാരിന്റെ നിര്‍ദേശത്തില്‍. രണ്ട്‌ കേസും എങ്ങുമെത്തിയില്ല. സഹായം ആവശ്യമായപ്പോഴെല്ലാം മായാവതി‌ക്കെതിരായി കോൺഗ്രസും ബിജെപിയും ഒരുപോലെ സിബിഐ ‘വാൾ’ പ്രയോഗിച്ചു.

ഇരകളാക്കപ്പെട്ട നേതാക്കൾ നിരവധി

ആർജെഡി നേതാവ്‌ ലാലുപ്രസാദ്‌ യാദവ്‌, ടിഡിപി നേതാവ്‌ ചന്ദ്രബാബു നായിഡു, വൈഎസ്‌ആർസിപി നേതാവ്‌ ജഗൻമോഹൻ റെഡ്ഡി, ജെഎംഎം നേതാവ്‌ ഷിബു സൊറൻ തുടങ്ങി സിബിഐയെ ഉപയോ​ഗിച്ച് കേന്ദ്രംഭരിക്കുന്നവര്‍ വരുതിയിലാക്കിയ നേതാക്കള്‍ നിരവധി. ഒമ്പതുവർഷം യുപിഎയുടെ ഭാഗമായ ഡിഎംകെ മുന്നണി വിട്ടതോടെ സിബിഐ രംഗത്തെത്തി. 2013 മാർച്ചിൽ പിന്തുണ പിൻവലിച്ച്‌ ദിവസങ്ങൾക്കകം ഡിഎംകെ നേതാവ്‌ എം കെ സ്‌റ്റാലിന്റെ വസതിയിൽ സിബിഐ റെയ്‌ഡിനെത്തി. വിവാദമായപ്പോള്‍ മാപ്പ് പറയാന്‍ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്‌ രം​ഗത്തുവരേണ്ടിവന്നു.

മോഡികാലത്ത്‌ സിബിഐക്ക്‌ ‘മൂർച്ചയേറി’

മോഡിസർക്കാരിന്‌ ഭൂരിപക്ഷപ്പേടി ഇല്ലാത്തതിനാല്‍ തെരഞ്ഞെടുപ്പ്‌ ഘട്ടങ്ങളിലാണ്‌‌ സിബിഐ രംഗപ്രവേശം ചെയ്‌തത്‌. 2019 ജനുവരിയിൽ ഹരിയാനയിലെ ജിണ്ടിലെ നിർണായക ഉപതെരഞ്ഞെടുപ്പ്‌ വേളയിലാണ്‌ മുൻമുഖ്യമന്ത്രി ഭൂപീന്ദർ സിങ്‌ ഹൂഡയ്‌ക്കെതിരായി സിബിഐ ഭൂമിഇടപാടിന്റെ പേരില്‍ കേസെടുത്തത്. തെരഞ്ഞെടുപ്പ്‌‌ കഴിഞ്ഞതോടെ കേസ്‌ തണുത്തു.

2019 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ യുപിയിൽ എസ്‌പിയും ബിഎസ്‌പിയും കൈകോർത്തതോടെ സംസ്ഥാനത്തെമ്പാടും സിബിഐ റെയ്ഡിനിറങ്ങി. തെരഞ്ഞെടുപ്പിനു‌ശേഷം ഒന്നും സംഭവിച്ചില്ല. ഒഡിഷയില്‍  2017ലെ തദ്ദേശതെരഞ്ഞെടുപ്പിന്‌ മുമ്പായി ബിജെഡി നേതാക്കളുടെ വസതികളിലും ഓഫീസുകളിലും വ്യാപകറെയ്‌ഡ്‌ നടത്തി. ഉത്തരാഖണ്ഡിൽ ഹരീഷ്‌ റാവത്ത്‌ സർക്കാർ 2016ൽ വിശ്വാസവോട്ടിനെ നേരിട്ട ഘട്ടത്തിലും സിബിഐ ഇടപെട്ടു. എംഎൽഎമാർക്ക്‌ മുഖ്യമന്ത്രി കോഴ വാഗ്‌ദാനം ചെയ്‌തെന്ന ആരോപണത്തിന്റെ പേരില്‍ റാവത്തിനെ സിബിഐ ചോദ്യംചെയ്‌തു. വിശ്വാസവോട്ടിന്‌ പിന്നാലെ ഈ കേസും സിബിഐ ഉപേക്ഷിച്ചു. ‌

ഇങ്ങ്‌ കേരളത്തിലുമുണ്ട്‌, സിബിഐയുടെ കളികൾ

■തലശേരി ഫസൽ കേസ്‌  
സിബിഐയെ ഉപയോഗിച്ചുള്ള രാഷ‌്ട്രീയവേട്ടയുടെ ഒന്നാംതരം ഉദാഹരണമാണ‌് തലശേരി ഫസൽ വധകേസ‌്. രാഷ‌്ട്രീയ യജമാനന്മാരുടെ തിരക്കഥയിലും വ്യാജതെളിവുകളിലുമാണ‌് സിപിഐ എം നേതാക്കളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും പാർടി പ്രവർത്തകരും പ്രതിചേർക്കപ്പെട്ടത‌്. കൊല നടത്തിയ ആർഎസ്‌എസ്‌ പ്രവർത്തകർ കുറ്റം ഏറ്റുപറഞ്ഞിട്ടും പുനരന്വേഷണമില്ല.  2006 ഒക്ടോബർ 22നാണ‌് എൻഡിഎഫ‌്  പ്രവർത്തകൻ ഫസൽ കൊല്ലപ്പെട്ടത‌്. കൊല നടത്തിയത്‌ആർഎസ്‌എസ്സുകാരാണെന്ന്‌ തുടക്കത്തിൽ എൻഡിഎഫ്‌  പറഞ്ഞിരുന്നു. ഉന്നത രാഷ്‌ട്രീയ ഇടപെടലിലൂടെ‌ കേസ്‌ വഴിതിരിച്ച്‌‌ സിപിഐ എമ്മിന്റെ തലയിലിട്ടു‌‌. കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രനടക്കം ചൂണ്ടിക്കാട്ടിയ വഴിയിലൂടെയാണ്‌ സിബിഐ സഞ്ചരിച്ചതെന്ന്‌ ആരോപണമുയർന്നു. 14 വർഷം പൂർത്തിയാവുമ്പോഴും ഈ കേസിൽ നീതി അകലെയാണ‌്.

■കതിരൂർ മനോജ‌്
ആർഎസ‌്എസ‌് കണ്ണൂർ ജില്ലാ ശാരീരിക‌് ശിക്ഷൺ പ്രമുഖ്‌ എളന്തോടത്ത‌് മനോജ‌് കൊല്ലപ്പെട്ടപ്പോൾ യുഡിഎഫും ബിജെപിയും ഒത്തുകളിച്ചാണ്സിബിഐ യെ കൊണ്ടുവന്നത്‌.  2014 സെപ‌്തംബർ ഒന്നിനാണ്‌ മനോജ‌് കൊല്ലപ്പെട്ടത‌്. ആഭ്യന്തരമന്ത്രിയായിരുന്ന രമേശ്‌ ചെന്നിത്തലയുടെ നിർദേശപ്രകാരം തുടക്കത്തിലേ യുഎപിഎ വകുപ്പുകൾ ചേർത്തു. മനോജിന്റെ വീട്‌ സന്ദശിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌ സിങ്‌ സിബിഐ അന്വേഷണം പ്രഖ്യാപിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറിയായിരുന്ന പി ജയരാജനെയും മറ്റു നേതാക്കളെയും കേസിൽ കുടുക്കാൻ ആസൂത്രിത നീക്കം നടന്നു. ജാമ്യഹരജി പരിഗണിച്ച  തലശേരി സെഷൻസ‌് കോടതിക്ക്‌  തെളിവ‌് എവിടെയെന്ന‌് ചോദിക്കേണ്ട അവസ്ഥയുണ്ടായി. 

■അരിയിൽ ഷുക്കൂർ കേസ‌്
2012 ഫെബ്രുവരി 20നാണ‌് മുസ്ലിംലീഗ്‌ പ്രവർത്തകനായിരുന്ന അരിയിൽ ഷുക്കൂർ കൊല്ലപ്പെട്ടത‌്. സംഭവസ്ഥലത്തെങ്ങുമില്ലാത്ത സിപിഐ എം ജില്ലാ സെക്രട്ടറി പി ജയരാജനെയും ടി വി രാജേഷ്‌ എംഎൽഎയെയും കേസിൽപ്പെടുത്തണമെന്നത്‌ ഉമ്മൻചാണ്ടി സർക്കാരിന്റെ വാശിയായിരുന്നു. എന്നാൽ, ഇവർക്കെതിരെ തെളിവു ലഭിച്ചില്ല. ഒടുവിൽ കള്ളസാക്ഷികളെ സൃഷ്ടിച്ച്,‌ മുൻകൂട്ടി അറിഞ്ഞിട്ടും തടഞ്ഞില്ലെന്ന വകുപ്പിൽ ഇരുവരെയും പ്രതിചേർത്തു.   ഹൈക്കോടതി ഉത്തരവിൽ അന്വേഷണത്തിനെത്തിയസിബിഐ പുതുതായി ഒരു തെളിവും കണ്ടെത്താൻ കഴിയാതെ കേരള പൊലീസിന്റെ കുറ്റപത്രം അതേപടി പകർത്തി. 

■ദിനേശൻ വധക്കേസ‌്
സിബിഐ ഏറ്റെടുത്താൽ ഏത‌് കേസും നിഷ‌്പ്രയാസം തെളിയിക്കുമെന്ന‌് കരുതുന്നവർക്കുള്ള മറുപടിയാണ‌് സ്വർണവ്യാപാരിയായ തലശേരിയിലെ ദിനേശൻ കൊല്ലപ്പെട്ട കേസ‌്. തലശേരി മെയിൻറോഡിലെ സവിത ജ്വല്ലറി ഉടമ ചക്യത്ത‌്മുക്ക‌് സ‌്നേഹയിൽ പി കെ ദിനേശൻ 2014 ഡിസംബർ 23ന‌് രാത്രിയാണ‌് കൊല്ലപ്പെട്ടത‌്. 2016 ഒക്ടോബർ 12നാണ‌് സിബിഐ അന്വേഷണത്തിന‌് ഹൈക്കോടതി ഉത്തരവിട്ടത‌്. നാലു‌ വർഷമായിട്ടും ഒരു തുമ്പും കണ്ടെത്താനാവാതെ ഇരുട്ടിൽ തപ്പുകയാണ്‌ സിബിഐ.

സിബിഐ എന്ന അടിമ

സിബിഐ സ്വതന്ത്രമല്ലെന്നും അങ്ങേയറ്റം കേന്ദ്ര സർക്കാർ ആശ്രയത്തിൽ കഴിയുന്ന സംഘടനയാണെന്നും മുൻ സിബിഐ ഡയറക്ടർ ജൊഗീന്ദർ ശർമ്മ. അന്വേഷണം തുടങ്ങുന്നതു‌മുതൽ കോടതി നടപടികളിലേക്ക്‌ കടക്കുംവരെ ഓരോ ഘട്ടത്തിലും സിബിഐക്ക്‌ കേന്ദ്രത്തിന്റെ അനുമതി വാങ്ങേണ്ടതുണ്ട്‌. സിബിഐയെ സ്വതന്ത്രമാക്കാനോ നിയന്ത്രണം വിട്ടുകളയാനോ ഒരു സർക്കാരും താൽപ്പര്യപ്പെടില്ല–- ശർമ്മ പറഞ്ഞു.

സർക്കാർ ഇടപെടൽ കൂടാതെയുള്ള കേസന്വേഷണം സാധ്യമാകണമെങ്കിൽ സിബിഐയെ ഒരു സ്വതന്ത്ര സമിതിക്ക്‌ കീഴിലാക്കണമെന്ന്‌ സുപ്രീംകോടതി അഭിഭാഷകനും അഴിമതിവിരുദ്ധ പ്രവർത്തകനുമായ പ്രശാന്ത്‌ ഭൂഷൺ പറഞ്ഞു. കേന്ദ്രം ഭരിക്കുന്നവരുടെ താൽപ്പര്യപ്രകാരമാണ്‌ സിബിഐയുടെ പ്രവർത്തനം. സിബിഐ ചെയ്യുന്നതും ചെയ്യാത്തതുമെല്ലാം നിരീക്ഷിച്ചാൽ ഇത്‌ ബോധ്യപ്പെടും. മുലായത്തിന്റെയും മായാവതിയുടെയും കേസുകൾ ഉദാഹരണം. എപ്പോഴൊക്കെ അവരെ സമ്മർദത്തിലാക്കാൻ സർക്കാർ താൽപ്പര്യപ്പെടുന്നുവോ അപ്പോഴെല്ലാം സിബിഐയെ ഉപയോഗിക്കും. ഇപ്പോഴത്തെ സർക്കാരാകട്ടെ ജുഡീഷ്യറിക്ക്‌ മേലും സമ്മർദം ചെലുത്തുകയാണ്‌–- ഭൂഷൺ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top