04 July Saturday

കോവിഡ്‌ തിരിച്ചറിയാം, ടിബി മെഷീനിൽ

വെബ് ഡെസ്‌ക്‌Updated: Saturday Apr 25, 2020


തിരുവനന്തപുരം
സംസ്ഥാനത്ത്‌ ക്ഷയരോഗപരിശോധനാ മെഷീൻ ഉപയോഗിച്ചുള്ള കോവിഡ്‌ നിർണയം ആരംഭിച്ചു. ഐസിഎംആർ അംഗീകരിച്ച ജീൻഎക്സ്‌പെർട്ട്‌ സ്രവ പരിശോധനയിലൂടെ 45 മിനിറ്റിൽ രോഗം നിർണയിക്കാം. ക്ഷയരോഗം നിർണയിക്കുന്ന സി ബി നാറ്റ്‌ മെഷീനിൽ കോവിഡ്‌ കാട്രിഡ്‌ജ്‌ ഉപയോഗിച്ചാണ്‌ പരിശോധന.   തിരുവനന്തപുരം, കോഴിക്കോട്‌, എറണാകുളം മെഡിക്കൽ കോളേജുകളിലാണ്‌ സംവിധാനം ഒരുക്കിയത്‌. ആദ്യഘട്ടം അടിയന്തരസ്വഭാവമുള്ള പരിശോധനകളാണ്‌  ഈ രീതിയിൽ നടത്തുക.

സാധാരണ ആർടി പിസിആർ പരിശോധനയിൽ രണ്ട്‌ ഘട്ടമായാണ്‌ കോവിഡ്‌ സ്ഥിരീകരിക്കുന്നത്‌. ആദ്യപടിയായ സ്ക്രീനിങ്‌ ജീൻഎക്സ്‌പെർട്ട്‌ പരിശോധനയിൽ ആവശ്യമില്ല. വേഗത്തിൽ ഫലം ലഭിക്കും. ആകെ 1000  പരിശോധനാ കിറ്റുകളാണ്‌ ഐസിഎംആർ ലഭ്യമാക്കിയത്‌‌. തിരുവനന്തപുരം മെഡിക്കൽ കോളേജിന്‌ 280ഉം മറ്റ്‌ രണ്ടിടങ്ങളിൽ 360 വീതവും കിറ്റുകൾ ലഭിച്ചു‌.


 

കോവിഡ്‌ സംശയിക്കുന്നവർ അടിയന്തര ശസ്ത്രക്രിയക്ക്‌ വിധേയരാകേണ്ടി വരുമ്പോൾ ജീൻഎക്സ്‌പെർട്ട്‌ പരിശോധന നടത്താം. കോവിഡ്‌ ബാധിതരെ ചികിത്സിച്ചതിലൂടെ രോഗപ്പകർച്ച സംശയിക്കുന്ന ആരോഗ്യപ്രവർത്തകർ, ശ്വസനസംബന്ധ ഗുരുതരരോഗമുള്ളവർ എന്നിവരിലും ഈ രീതിയിൽ പരിശോധന നടത്താം. കോവിഡ്‌ സംശയിക്കുന്ന ഒരാൾ മരിച്ചാൽ അനന്തര നടപടി ത്വരിതപ്പെടുത്താനും ഇത്‌ ഉപകരിക്കും. അടിയന്തര സ്വഭാവമില്ലാത്ത  രോഗികളുടെ സാമ്പിൾ സാധാരണ ആർടി പിസിആർ പരിശോധനയ്‌ക്ക്‌ വിധേയമാക്കും.

കൂടുതൽ കാട്രിഡ്‌ജുകൾ ലഭ്യമായാൽ ജില്ലാ ആശുപത്രികളിലും  കോവിഡ്‌ പരിശോധന സാധ്യമാകും. സ്വകാര്യ ലാബുകളും ആശുപത്രികളും ജീൻഎക്സ്‌പേർട്ട്‌/ ട്രൂനാറ്റ്‌ പരിശോധന നടത്താൻ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്‌.

 

മലമ്പനിമരുന്നിന്‌ പാർശ്വഫലങ്ങളുണ്ടെന്ന്‌ ഇയു
പരീക്ഷണാടിസ്ഥാനത്തിൽ കോവിഡ്‌ പ്രതിരോധത്തിനായി മലമ്പനിമരുന്നുകൾ ഉപയോഗിക്കുന്നത്‌ പാർശ്വഫലങ്ങളുണ്ടാക്കുമെന്ന്‌ മുന്നറിയിപ്പ്‌. യൂറോപ്യൻ യൂണിയന്റെ (ഇയു) മരുന്ന്‌ നിയന്ത്രണ ഏജൻസിയാണ്‌ മുന്നറിയിപ്പ്‌ നൽകിയത്‌. രോഗം മൂർച്ഛിക്കുന്നതിനും  ഹൃദയസംബന്ധമായ രോഗങ്ങളുണ്ടാകുന്നതിനും ഇത്‌ കാരണമാകുമെന്നാണ്‌ കണ്ടെത്തൽ.

അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപടക്കം ചിലർ കോവിഡ്‌ ചികിത്സയ്ക്ക്‌ ശുപാർശചെയ്യുന്ന മരുന്നാണിത്‌. മറ്റു മരുന്നുകളോടൊപ്പം ഹൈഡ്രോക്‌സി ക്ല്വോറോക്വിൻ നൽകിയാൽ ഹൃദയസംബന്ധമായ രോഗങ്ങൾ, കരൾരോഗം, വൃക്കരോഗം, ചുഴലി, പ്രമേഹം എന്നിവ ഉണ്ടാകുമെന്നാണ്‌ മുന്നറിയിപ്പ്‌. ബ്രസീലിൽ മലമ്പനിമരുന്നുകൾ അമിതമായി കഴിച്ചവർക്ക്‌ ഹൃദയമിടിപ്പ്‌ കൂടിയതായി കണ്ടെത്തിയിരുന്നു. കൂടുതൽ ഗവേഷണത്തിനുശേഷം മാത്രമേ ഗുളികകൾ വിതരണംചെയ്യാവൂ എന്നാണ്‌ നിർദേശം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top