22 September Tuesday

ആ 130 കോടിയിൽ ഞാനില്ല ; രാമക്ഷേത്രത്തിന്‌ ശിലയിട്ടതിൽ അഭിമാനം കൊള്ളുന്ന നരേന്ദ്രമോഡിയുടെ വാക്കുകൾക്കെതിരെ നടന്ന സാമൂഹ്യ മാധ്യമ പ്രചാരണം വൈറൽ

വെബ് ഡെസ്‌ക്‌Updated: Friday Aug 7, 2020

തിരുവനന്തപുരം
അയോധ്യയിൽ രാമക്ഷേത്രത്തിന്‌ ശിലയിട്ടതിൽ ഇന്ത്യയിലെ 130 കോടി ജനങ്ങൾക്കും അഭിമാനമെന്നു പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രസംഗത്തിനെതിരെ സാമൂഹ്യമാധ്യമങ്ങളിൽ വലിയ പ്രചാരണം. ശിലയിട്ട ബുധനാഴ്‌ച വൈകിട്ട്‌ തുടങ്ങിയ പ്രചാരണം വലിയതോതിൽ വൈറലായി.

‘ബാബ്‌റി മസ്‌ജിദ്‌ പൊളിച്ച സ്ഥലത്ത്‌ രാമക്ഷേത്രം പണിയുന്നതിൽ അഭിമാനംകൊള്ളുന്നവരെന്ന്‌ നരേന്ദ്ര മോഡി പറഞ്ഞ ആ 130 കോടി ജനങ്ങളിൽ ഞാനില്ല’ എന്ന പ്രസ്‌താവനയാണ്‌ വൈറലായത്‌. കറുത്ത ഫ്രെയ്‌മിൽ ഇംഗ്ലീഷിലും മലയാളത്തിലും തയ്യാറാക്കിയ ഇമേജ്‌ ഫെയ്‌സ്‌ബുക്കിലും വാട്‌സാപ്പിലും ആയിരങ്ങൾ സ്റ്റാറ്റസാക്കി. ട്രോൾ ഗ്രൂപ്പുകളും സമാനമായ ആഘോഷം നടത്തി. കോൺഗ്രസിന്റെ സംഘപരിവാർ നിലപാടും അതിനു കീഴടങ്ങിയ മുസ്ലിംലീഗിന്റെ ഗതികേടും ട്രോളായും അല്ലാതെയും പറപറന്നു.


 

സാക്ഷാൾ ശ്രീരാമൻതന്നെ ‘130 കോടിയിൽ ഞാനില്ല’ എന്ന വാചകവുമായി എത്തി.രാമക്ഷേത്രത്തിലേക്ക്‌ കുട്ടിയായ ശ്രീരാമനെ കൈയുംപിടിച്ച്‌ കൊണ്ടുപോകുന്ന മോഡിയുടെ ചിത്രവും ആർഎസ്‌എസുകാർ വ്യാപകമായി സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നു. ഇതിനു ബദലായി, അംബേദ്‌കർ പാഠപുസ്‌തകമേന്തിയ പെൺകുട്ടിയുടെ കൈയും പിടിച്ച്‌ നടന്നുപോകുന്ന ചിത്രവും വൈറലായി. അംബേദ്‌കറുടെ മറ്റേ കൈയിൽ ഭരണഘടനയുമുണ്ട്‌. രണ്ട്‌ മനുഷ്യർ, രണ്ട്‌ പ്രത്യയശാസ്‌ത്രങ്ങൾ എന്ന ക്യാപ്‌ഷനിലാണ്‌ ഈ ചിത്രം പ്രചരിച്ചത്‌.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top