19 January Sunday

കമീൽ ലപാഷ്‌: ലെൻസിൽ പുരണ്ട ചോര; വംശഹത്യയും കലാപവും അതിജീവിച്ചവരുടെ കഥ

സി അർച്ചന carchana07@gmail.comUpdated: Sunday Dec 15, 2019

കമീൽ എന്ന ചിത്രത്തിൽനിന്ന്‌

മധ്യ ആഫ്രിക്കൻ റിപ്പബ്ലിക്കിലെ ഒരു ഉൾനാടൻ ഗ്രാമത്തിൽ ഫ്രഞ്ച്‌ പട്ടാളത്തിന്റെ പട്രോളിങ്ങിനിടെയാണ്‌ കമീൽ ലപാഷ്‌ എന്ന ഫ്രഞ്ച്‌ ഫോട്ടോഗ്രാഫറുടെ മൃതദേഹം കണ്ടെത്തുന്നത്‌. മധ്യ ആഫ്രിക്കയിലെ വിമത സംഘങ്ങളുടെ ഏറ്റുമുട്ടലിനിടെ 2014 മെയ്‌ 13നാണ്‌ അവിടത്തെ രാഷ്ട്രീയ സാഹചര്യം ലോകത്തെ അറിയിക്കാൻ 25–-ാം വയസ്സിൽ ഇറങ്ങിപ്പുറപ്പെട്ട ഫോട്ടോ ജേണലിസ്റ്റ്‌ കമീൽ കൊല്ലപ്പെടുന്നത്‌.
 
സൈനിക സർക്കാരും ഇസ്‌ലാമിക്‌ വിമത സംഘമായ സലീക്കയും ക്രിസ്‌ത്യൻ വിമത സംഘമായ ആന്റി –- ബലാക്കയും തമ്മിലുള്ള സംഘർഷത്തിനും വംശഹത്യക്കുമിടയിൽ ജനങ്ങളുടെ പോരാട്ടം ലോകത്തിനുമുന്നിൽ വെളിപ്പെടുത്തുന്നതായിരുന്നു കമീലിന്റെ ഫ്രെയ്‌മുകൾ. സംഘർഷത്തിന്റെ വേര്‌ ഫ്രഞ്ച്‌ അധിനിവേശത്തിലാണെന്ന തിരിച്ചറിവ്‌ കമീലിനെ മധ്യ ആഫ്രിക്കയുമായി കൂടുതൽ അടുപ്പിച്ചു. ഫ്രാൻസിനെക്കാൾ താൻ ചേർന്നുനിൽക്കുന്നത്‌ തന്റെ രാജ്യം പിടിച്ചടക്കിയ അതിന്റെ തിക്‌തഫലങ്ങൾ ഇന്നും പേറുന്ന ജനതയോടൊപ്പമാണെന്ന്‌ കമീൽ പലപ്പോഴും വെളിപ്പെടുത്തി.
 
പഠനത്തിനുശേഷം 2013ലാണ്‌ കമീൽ ആഫ്രിക്കയിലേക്ക്‌ തിരിക്കുന്നത്‌. ആദ്യം സുഡാനിലും പിന്നീട്‌ സിഎആറിലും  ജോലിചെയ്‌തു. മുഖ്യധാരാ മാധ്യമങ്ങൾ തിരിഞ്ഞുനോക്കാത്ത ദക്ഷിണാർധഗോളത്തിൽ കമീലിന്റെ ക്യാമറ സഞ്ചരിച്ചു. എന്നാൽ, കമീലിന്റെ ഫോട്ടോകൾ പ്രസിദ്ധീകരിക്കാതിരിക്കാൻ ബിബിസി, ന്യൂയോർക്ക്‌ ടൈംസ്‌, അൽജസീറ, ലിബറേഷൻ തുടങ്ങിയ അന്താരാഷ്‌ട്ര മാധ്യമങ്ങൾക്കാകുമായിരുന്നില്ല.
 
ഇതിലൂടെ ദിനംപ്രതി ആയിരങ്ങൾ കൊല്ലപ്പെടുകയും ലക്ഷക്കണക്കിന്‌ പേർ പലായനം ചെയ്യാനുമിടയാക്കിയ കലാപത്തിലേക്ക്‌ ലോകശ്രദ്ധ ക്ഷണിക്കാൻ കമീലിനായി.
ചിത്രങ്ങൾ ചർച്ചയായതോടെ മധ്യആഫ്രിക്കയിൽ ഫ്രഞ്ച്‌ സൈന്യം ഇടപ്പെട്ടു. ഇതോടെ എല്ലാ പ്രശ്‌നത്തിനും പരിഹാരമായെന്ന മുഖ്യധാരാ മാധ്യമങ്ങളുടെ നുണയ്‌ക്കുമുന്നിൽ വീണ്ടും വീണ്ടും സത്യം വെളിപ്പെടുത്തിക്കൊണ്ട്‌ തന്റെ അവസാനശ്വാസംവരെ കമീൽ മധ്യആഫ്രിക്കൻ ജനതയ്‌ക്കൊപ്പം നിലകൊണ്ടു. 
 
കമീൽ ലപാഷ്‌

കമീൽ ലപാഷ്‌

മരിച്ചുകൊണ്ടിരിക്കുന്ന യാഥാർഥ മാധ്യമപ്രവർത്തനത്തിന്റെ രക്തസാക്ഷ്യമാണ്‌ കമീൽ ലപാഷ്‌. മരണത്തിന്‌ ഒരാഴ്‌ച മുമ്പ്‌ സലീക്ക റിബലുകൾ 150 പേരെ കൊലപ്പെടുത്തിയ അമാദ ഗാസ എന്ന ഗ്രാമത്തിലേക്ക്‌ ആന്റി ബലാക്ക സംഘത്തോടൊപ്പം ചെക്‌പോയിന്റുകൾ ഒഴിവാക്കി എട്ടു മണിക്കൂർ ബൈക്ക്‌ യാത്ര ചെയ്‌ത് എത്തിയതായി കമീൽ സാമൂഹ്യ മാധ്യമങ്ങളിൽ കുറിച്ചു.
 
ഫ്രഞ്ച്‌  സംവിധായകൻ ബോറിസ്‌ ലോയ്‌കിൻ കമീൽ ലപാഷിന്റെ സാഹസിക ജീവിതം പ്രമേയമാക്കി നിർമിച്ച കമീൽ എന്ന ചിത്രം 2019ൽ പുറത്തിറങ്ങി.
 
വംശഹത്യയും കലാപവും അതിജീവിച്ച മധ്യ ആഫ്രിക്കയിലെ ജനങ്ങൾ കഥാപാത്രങ്ങളായി എത്തുന്ന സിനിമയിൽ നിന മോറിസാണ്‌ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്‌. 24–-ാമത്‌ കേരള അന്താരാഷ്‌ട്ര ചലച്ചിത്രമേളയിലടക്കം പ്രദർശിപ്പിച്ച സിനിമയിലൂടെ കമീലിന്റെ ഫോട്ടോഗ്രാഫുകൾ ലോകത്തോട്‌ സംവാദം തുടരുകയാണ്‌.
പ്രധാന വാർത്തകൾ
 Top