14 August Friday

സി രൈരു നായർ : കമ്യൂണിസ‌ം മനസ്സിൽ പ്രതിഷ‌്ഠിച്ച ദേശീയവാദി

വെബ് ഡെസ്‌ക്‌Updated: Saturday Jul 4, 2020


ധർമടം
ഗാന്ധിജിക്കൊപ്പം കമ്യൂണിസ‌ത്തെയും മനസ്സിൽ പ്രതിഷ‌്ഠിച്ച ദേശീയവാദിയായിരുന്നു വെള്ളിയാഴ്‌ച അന്തരിച്ച സി രൈരു നായർ. പതിനാറാം വയസ്സിൽ ഗാന്ധിജിയെ കാണാൻ വാർധ സേവാഗ്രാമിലെത്തിയതാണ‌് അദ്ദേഹത്തിന്റെ ജീവിതത്തിലെ വഴിത്തിരിവ‌്. സുഭാഷ‌്ചന്ദ്രബോസ‌് ഉൾപ്പെടെയുള്ള ദേശീയ നേതാക്കളുമായുള്ള ബന്ധം സ്ഥാപിച്ചത്‌ ആശ്രമ ജീവിതകാലത്താണ‌്.

ഗാന്ധിജി പകർന്നു നൽകിയ സഹജീവി സ‌്നേഹം ജീവിതാന്ത്യംവരെ കാത്തുസൂക്ഷിച്ചു. സുഭാഷ‌്ചന്ദ്രബോസ‌് സ‌്നേഹത്തോടെ നൽകിയ ചിത്രപ്പണിയുള്ള മൺകൂജ മേലൂർ പുറത്തലത്ത‌് തറവാട്ടിൽ സേവാഗ്രാം ഓർമയ്‌ക്കായി സൂക്ഷിച്ചു.    സ്വാതന്ത്ര്യസമരത്തിന്റെ ഉൾവിളി കേട്ടാണ‌് രൈരു നായർ വാർധയിലേക്ക‌് കള്ള വണ്ടികയറുന്നത‌്. വീട്ടുകാരെ അറിയിക്കാതെയുള്ള ആ ഒളിച്ചോട്ടത്തിനിടെ ആദ്യമെത്തിയത‌് അലഹബാദിലെ നെഹ‌്റുവിന്റെ ആനന്ദഭവനിൽ. 1938 ഒക‌്ടോബറിൽ സേവാഗ്രാമിലെത്തുമ്പോൾ എം എൻ ഗോവിന്ദൻനായർ അവിടെ അന്തേവാസിയായിരുന്നു. മലബാറിൽനിന്നെത്തിയ കുട്ടിയോട‌് ഗാന്ധിജി ചിരിച്ചുകൊണ്ട‌് സംസാരിച്ചു. വയർ നിറയെ ഭക്ഷണം നൽകി.

ഗാന്ധിജിയുടെ നിർദേശപ്രകാരം, രാജ്യത്തിന്റെ പലഭാഗത്തുനിന്നുള്ള കുട്ടികൾക്കെപ്പം മഗൻവാടിയിൽ ഒരു വർഷം താമസിച്ച‌് കുടിൽവ്യവസായം പഠിച്ചു. കുമാരനാശാന്റെ കവിത ഗാന്ധിജിയുടെമുന്നിൽ ചൊല്ലി. ഗാന്ധിജി തലയിൽ കൈവച്ച‌് അനുഗ്രഹിച്ചു. സുഭാഷ‌് ചന്ദ്രബോസിനോട‌് വല്ലാത്തൊരു ആരാധനയായിരുന്നു. ബോസ‌് നൽകിയ മുപ്പത‌് രൂപക്ക‌് തുണിവാങ്ങിയത‌് എന്നും പറയുമായിരുന്നു.

കമ്യൂണിസ‌്റ്റ‌് പാർടിയുടെ പരസ്യപ്രവർത്തനം വിളംബരംചെയ‌്ത പാറപ്രം സമ്മേളനം നടന്ന വർഷമാണ രൈരു നായർ വാർധയിൽനിന്ന‌് മടങ്ങിയെത്തിയത‌്. നല്ലളം സൊസൈറ്റി സെക്രട്ടറിയായ കാലത്താണ‌് കമ്യൂണിസ‌്റ്റ‌് നേതാക്കളുമായി അടുക്കുന്നത‌്. 1936ലെ കർഷക ജാഥക്കിടെ എ കെ ജിയെ കണ്ടിരുന്നു. പി കൃഷ‌്ണപിള്ളയെ അടുത്ത‌് പരിചയപ്പെടുന്നത‌് കോഴിക്കോട്ടെ കോളേജ‌് പഠനകാലത്താണ‌്. സി എച്ച‌് കണാരൻ, ഇ എം എസ‌് തുടങ്ങി ഒട്ടുമിക്ക നേതാക്കളുമായി അടുത്ത ബന്ധമായിരുന്നു.

പഠനശേഷം ജ്യേഷ്ഠനും ഐഎൻഎ പ്രവർത്തകനുമായിരുന്ന കെ പി എൻ നായർക്കൊപ്പം മലേഷ്യയിലേക്ക‌് പോയി. അവിടെയും ഐഎൻഎ പ്രവർത്തനവുമായി ബന്ധപ്പെട്ടു. 1955 മുതൽ അഞ്ച‌് വർഷം മലേഷ്യയിൽ എൽഐസി ഏജന്റായിരുന്നു. കോഴിക്കോട‌് താലൂക്ക‌് റേഷനിങ്‌ ഓഫീസിൽ എൻക്വയറി ഓഫീസറായും നല്ലളം പിസിസി സൊസൈറ്റി സെക്രട്ടറിയായും പ്രവർത്തിച്ചു. 1961–-ൽ നാട്ടിലെത്തി കോഴിക്കോട്ട്‌ ‌ കലിക്കറ്റ‌് മെഡിക്കൽ ഹാൾ എന്ന സ്ഥാപനം തുടങ്ങി. കോഴിക്കോട്ടെ ജീവിതത്തിനിടയിലാണ‌് കമ്യൂണിസ്റ്റ് പാർട്ടിയുമായി ബന്ധപ്പെട്ട‌് പ്രവർത്തിച്ചത‌്.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top