04 June Thursday
ഇന്ന്‌ സി കേശവന്റെ 50–-ാം ചരമവാർഷികം

പുന്നപ്ര‐വയലാറിലെ സി കേശവൻ

ലെനി ജോസഫ്‌Updated: Sunday Jul 7, 2019

കേരള രാഷ്ട്രീയത്തിലെ നിർഭയ രാഷ്‌ട്രീയ വ്യക്തിത്വമായിരുന്ന സി കേശവന്‌ പുന്നപ്ര വയലാർ സമരവുമായി ബന്ധമുണ്ടായിരുന്നെന്നു പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസമാകും. എന്നാൽ, ചേർത്തലയിലെ പൊരുതുന്ന തൊഴിലാളികളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച അദ്ദേഹം കമ്യൂണിസ്‌റ്റുകാരുടെ യോഗങ്ങളിലും പങ്കെടുത്തിരുന്നു. പിൽക്കാലത്ത്‌ തിരു‐ കൊച്ചി മുഖ്യമന്ത്രിയായ സി കേശവന‌് പുന്നപ്ര വയലാർ സമരവുമായി  ഉണ്ടായിരുന്ന ബന്ധം അടിവരയിട്ടത്‌ കമ്യൂണിസ്‌റ്റ‌് നേതാവായിരുന്ന സി കെ ചന്ദ്രപ്പനാണ്‌. സി കെ ചന്ദ്രപ്പൻ ആത്മകഥയായ ‘എന്റെ ഇന്നലെകളിൽ’ വെളിപ്പെടുത്തുന്നത്‌ തന്റെ  വീട്ടിൽ ചേർന്ന യോഗത്തിലും സി കേശവൻ പങ്കെടുത്തിരുന്നുവെന്നാണ്‌.

പുന്നപ്ര വയലാർ ആക‌്ഷൻ എപ്പോൾ തുടങ്ങണമെന്ന‌് ആലോചിക്കാൻ ആലപ്പുഴയിൽ കൂടിയ യോഗത്തിലേക്ക്  തിരുവിതാംകൂർ സ്‌റ്റേറ്റ്‌ കോൺഗ്രസ്‌ നേതാക്കളായ സി കേശവനും കുമ്പളത്തു ശങ്കുപ്പിള്ളയും കടന്നുവന്നു പറഞ്ഞു:  ‘തൊഴിലാളികളും കമ്യൂണിസ്റ്റുകാരും മാത്രമായി ഈ സമരത്തിലേക്ക് എടുത്തുചാടരുത്. ഞങ്ങളുംകൂടി വരാം. പക്ഷേ, ഞങ്ങൾ വരാൻ അൽപ്പം താമസിക്കും. കാരണം പട്ടം താണുപിള്ളയൊക്കെ സമരത്തിന് എതിരാണ്. അതെന്തായാലും ഒരഭിപ്രായ ഐക്യത്തിന്‌ ശ്രമിച്ചശേഷം ഞങ്ങൾകൂടി പങ്കെടുക്കാം. കോൺഗ്രസും കമ്യൂണിസ്റ്റും ഒന്നിച്ചു ദിവാൻ സി പി രാമസ്വാമി അയ്യർക്ക് എതിരായ മുന്നേറ്റമാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. അതുവരെ കാത്തിരിക്കണം’.  ടി വി തോമസ്‌ അധ്യക്ഷനായിരുന്ന യോഗം ആ അഭ്യർഥന അംഗീകരിച്ചെന്നാണ്‌ ചന്ദ്രപ്പൻ വെളിപ്പെടുത്തുന്നത്‌.
സി പിയുടെ സ്വതന്ത്ര തിരുവിതാംകൂർ വാദത്തിനെതിരായ മുദ്രാവാക്യവും ഉയർത്തിയ പുന്നപ്ര  വയലാർ സമരത്തെ ഉത്തരവാദ പ്രക്ഷോഭത്തിലെ പ്രോജ്ജ്വല നക്ഷത്രമായ സി കേശവൻ പിന്തുണയ്‌ക്കുന്നത്‌ സ്വാഭാവികം. സമരസേനാനികളെ നിരുപാധികം വിട്ടയക്കണമെന്ന്‌ അദ്ദേഹം പരസ്യമായി ആവശ്യപ്പെടുകയുമുണ്ടായി.

ത്രിമൂർത്തികൾ: ടി എം വർഗീസ്‌, പട്ടം  താണുപിള്ള, സി കേശവൻ എന്നിവർ

ത്രിമൂർത്തികൾ: ടി എം വർഗീസ്‌, പട്ടം താണുപിള്ള, സി കേശവൻ എന്നിവർ

 

‘ഭഗവാൻ മാർക്‌സ്‌’ എന്ന പ്രസിദ്ധമായ പ്രയോഗം നടത്തിയ വക്കത്തെ സ്വീകരണയോഗത്തിൽ അദ്ദേഹം ചേർത്തലയിലെ തൊഴിലാളികളുടെ പേരിൽ അഭിമാനം കൊള്ളുന്നുവെന്ന‌് പറഞ്ഞത്‌ നിലയ്‌ക്കാത്ത കൈയടികൾക്കിടയിലാണ്‌.  ‘ക്രിസ്‌ത്യാനി ജന്മിമാരും നായർ ജന്മിമാരും വർഗം ഒന്നാണ്‌. ജന്മിവർഗം, അവർ വർഗത്തിന്റെ പേരിൽ  ഒരു ഐക്യമുന്നണി സൃഷ്ടിച്ചു. അങ്ങനെയിരിക്കുമ്പോഴാണ്‌ തൊഴിലാളി സംഘടനകളും സ്റ്റേറ്റ്‌ കോൺഗ്രസും തമ്മിൽ യോജിക്കാനുള്ള ലക്ഷണം കണ്ടത്‌. ഇതുതന്നെ അവസരമെന്ന‌് കരുതി ഗവൺമെന്റ്‌ അരയുംതലയും മുറുക്കി. ചേർത്തല ജന്മിമാർ ഗുണ്ടകളെ സംഘടിപ്പിച്ച്‌ പാവങ്ങളെ രായ്‌ക്കുരാമാനം കുടിയിറക്കാനൊരുങ്ങി. ഈ പരിതഃസ്ഥിതിയിൽ ഭഗവാൻ കാൾ മാർക്സിന്റെ  സന്ദേശം മാത്രമേ തൊഴിലാളികൾക്ക്‌ ആശയുടെ നേരിയ ഒരു കതിര‌് നൽകിയുള്ളൂ. തൊഴിലാളികളെ സംഘടിക്കുവിൻ!  ഇങ്ങനെ പോയി  അന്നത്തെ അദ്ദേഹത്തിന്റെ പ്രസംഗം. ഇതൊക്കെയാണെങ്കിലും പുന്നപ്ര‐ വയലാർ സമരകാലത്തും അതിനുശേഷവും പിന്തിരിപ്പൻ നിലപാടായിരുന്നു സ്‌റ്റേറ്റ്‌ കോൺഗ്രസ്‌ സ്വീകരിച്ചതെന്ന യാഥാർഥ്യം അവശേഷിക്കുന്നു. സമരം പൊളിക്കുന്നതിനും നേതാക്കളെ ഒറ്റു കൊടുക്കുന്നതിനുമൊക്കെ  സ്‌റ്റേറ്റ്‌ കോൺഗ്രസുകാർ ഒളിഞ്ഞും തെളിഞ്ഞും ശ്രമിച്ചു എന്നതാണ്‌ സത്യം. ഇതിനെയൊന്നും സി കേശവൻ എവിടെയും എതിർത്തതായോ തള്ളിപ്പറഞ്ഞതായോ ചരിത്രത്തിൽ എവിടെയും രേഖപ്പെടുത്തിയിട്ടില്ല.

കോഴഞ്ചേരി പ്രസംഗം
സി കേശവന്റെ കോഴഞ്ചേരി പ്രസംഗത്തെ ആധുനിക കേരളത്തിന്റെ മാനിഫെസ്‌റ്റോ എന്ന്‌ വിശേഷിപ്പിക്കാവുന്നതായിരുന്നു. സർ സി പി രാമസ്വാമി അയ്യർ സമഗ്രാധിപത്യവാഴ്‌ച നടത്തിയ കാലഘട്ടത്തിൽ ‘സർ സി പി എന്ന ജന്തുവിനെ നമുക്കാവശ്യമില്ല' എന്ന‌് പ്രഖ്യാപിച്ച ധീരമായ പ്രസംഗം 1935 മെയ് 13നായിരുന്നു. അറസ്‌റ്റും കൽത്തുറുങ്കുമൊക്കെ പ്രതീക്ഷിച്ചുതന്നെയായിരുന്നു ആ വിഖ്യാതപ്രസംഗം. ടി എം വർഗീസ്, 40 ലക്ഷത്തോളം വരുന്ന തിരുവിതാംകൂറുകാരുടെ കിരീടം വയ‌്ക്കാത്ത രാജാവ് എന്ന് വിശേഷിപ്പിച്ച സി കേശവന്റെ അന്നത്തെ പ്രസംഗം സാമൂഹികജീവിതത്തിൽനിന്നും സർക്കാർ ഉദ്യോഗങ്ങളിൽനിന്നുമൊക്കെ മാറ്റിനിർത്തപ്പെട്ടവർക്ക്‌ മനുഷ്യരായി ജീവിക്കാനുള്ള അവകാശപ്രഖ്യാപനം കൂടിയായി. സവർണാധിപത്യത്തിന്റെ ചരടുകളിൽ കോർത്തതാകരുത്‌ ജന്മംകൊള്ളാൻ പോകുന്ന ഐക്യ കേരളമെന്നും സമഭാവനയുടെ സന്ദേശമാകണം അതിനെ നയിക്കേണ്ടതെന്നുമുള്ള ഉറച്ച ബോധ്യത്തിന്റെ ബഹിസ്‌ഫുരണമായിരുന്നു അത്‌. ‘അന്ധകാരമയമായ' ഈ സമയത്ത് എന്ന‌ു പറഞ്ഞുകൊണ്ട്‌ ആരംഭിച്ച പ്രസംഗം തിരുവിതാംകൂറിൽ അലയടിക്കാൻ പോകുന്ന പ്രക്ഷോഭക്കൊടുങ്കാറ്റിന്റെ നാന്ദിയായി. 

ഒരമ്പലം നശിച്ചാൽ അത്രയും അന്ധവിശ്വാസം നശിച്ചെന്നു പറഞ്ഞ സി കേശവന്റെ ജീവിതത്തിൽ സമാന സംഭവങ്ങൾ വേറെയുമുണ്ട്‌. ശാസ്‌താംകോവിലിൽ പള്ളിക്കൂടം പണിയാൻ ആൽമരം മാന്തേണ്ടിവന്നു. മാന്താൻ തുടങ്ങിയതോടെ ‘പൂജിക്കേണ്ട ആൽ പള്ളിക്കൂടം പണിയാൻ വെട്ടുന്നോ എന്നുചോദിച്ച്‌ ഒരുപറ്റം യുവാക്കൾ എതിർപ്പുമായി വന്നു. വിവരമറിഞ്ഞ്‌ സി കേശവനെത്തി ആൽ വെട്ടുന്നതിന്‌ നേതൃത്വം കൊടുത്തു

യുക്തിവാദിയായ ഗുരുഭക്തൻ
മാർക്‌സും ഗാന്ധിജിയും ശ്രീനാരായണഗുരുവും വിവേകാനന്ദ കൃതികളും ഫ്രഞ്ച്‌ വിപ്ലവവും ഒക്ടോബർ വിപ്ലവവുമെല്ലാം അദ്ദേഹത്തിന്റെ പ്രസംഗത്തെയും പ്രവർത്തനങ്ങളെയും സ്വാധീനിച്ചിരുന്നു. തികഞ്ഞ യുക്തിവാദിയായ സി കേശവൻ ശ്രീനാരായണഗുരുവിന്റെ സന്ദേശങ്ങളെയും ജീവിതത്തെയും ദർശിച്ചത്‌ വേറിട്ട രീതിയിലായിരുന്നു. ഗുരുവിനെപ്പോലൊരു യുക്തിവാദിയെയും സ്വതന്ത്രചിന്തകനെയും അടുത്ത നൂറ്റാണ്ടുകളിലെങ്ങും ഈ ലോകം കണ്ടിട്ടില്ലെന്നാണ്‌ സി കേശവൻ പറഞ്ഞത്‌. 

സി പിയുടെ  സ്വതന്ത്ര തിരുവിതാംകൂറിനെ അനുകൂലിച്ച എസ്എൻഡിപി യോഗം നേതാവായിരുന്ന ആർ ശങ്കറിനെ അദ്ദേഹം  മൂർച്ചയേറിയ വിമർശന ശരംകൊണ്ടാണ്‌ നേരിട്ടത്‌. സർ സി പി സ്വതന്ത്ര തിരുവിതാംകൂർ സൃഷ്ടിക്കുമെന്നു പ്രഖ്യാപിച്ചപ്പോൾ  ശങ്കർ ‘സ്വതന്ത്ര തിരുവിതാംകൂർ സിന്ദാബാദ്‌'എന്ന്‌ ആർത്തുവിളിച്ചു. പലരും അതിനെ ഏറ്റുപാടുകയും കോൺഗ്രസിനെ ഞെരിച്ചുകളയുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന്‌ അദ്ദേഹം പ്രസംഗത്തിൽ തുറന്നടിച്ചു. ഒരു കൊട്ടാരത്തിന്റെ മുകളിൽ ചെന്നിരുന്ന്‌ കൊട്ടാരം തകർത്തുകളയുമെന്ന്‌ വീമ്പിളക്കിയ ഭൂമികുലുക്കിപ്പക്ഷിയോടാണ്‌ സി കേശവൻ ശങ്കറിനെ ഉപമിച്ചത്‌. 
ആലിനെയല്ല, വിദ്യയെ പൂജിക്കണം

ഒരമ്പലം നശിച്ചാൽ അത്രയും അന്ധവിശ്വാസം നശിച്ചെന്നു പറഞ്ഞ സി കേശവന്റെ ജീവിതത്തിൽ സമാന സംഭവങ്ങൾ വേറെയുമുണ്ട്‌. ശാസ്‌താംകോവിലിൽ പള്ളിക്കൂടം പണിയാൻ ആൽമരം മാന്തേണ്ടിവന്നു. മാന്താൻ തുടങ്ങിയതോടെ ‘പൂജിക്കേണ്ട ആൽ പള്ളിക്കൂടം പണിയാൻ വെട്ടുന്നോ എന്നുചോദിച്ച്‌ ഒരുപറ്റം യുവാക്കൾ എതിർപ്പുമായി വന്നു. വിവരമറിഞ്ഞ്‌ സി കേശവനെത്തി ആൽ വെട്ടുന്നതിന്‌ നേതൃത്വം കൊടുത്തു’. കാക്കക്കാഷ്ഠത്തിൽ കുരുത്ത ആലിനേക്കാൾ കുട്ടികൾ വിദ്യയെ പൂജിക്കേണ്ടതാണ്‌ ആവശ്യമെന്നാണ്‌ അദ്ദേഹം  യുവാക്കളോടു പറഞ്ഞത്‌.


പ്രധാന വാർത്തകൾ
 Top