20 August Tuesday

‘നിങ്ങളുടെ ചിരിയിൽ കളങ്കമില്ല, പ്രവർത്തനത്തിലും’

ദിലീപ‌് മലയാലപ്പുഴUpdated: Tuesday Mar 19, 2019

തിരുവനന്തപുരം
നവോത്ഥാനത്തിന്റെയും സാമൂഹ്യ പരിഷ‌്കരണത്തിന്റെയും മഹാമനീഷികളുടെ ഭൂമികയിൽ സി ദിവാകരൻ എത്തുമ്പോൾ സൂര്യന്റെ ചൂടും ഉച്ചസ്ഥായിയിൽ എത്തിയിരുന്നു. സാമൂഹ്യനീതിയുടെ കെടാവിളക്കായി നിലകൊള്ളുന്ന ഇടതുപക്ഷത്തിന്റെ പ്രതിനിധിയെ സ്വീകരിക്കാനെത്തിയവർക്ക‌് മീനച്ചൂട‌് ഒരു പ്രശ‌്നമായിരുന്നില്ല. തലസ്ഥാന നഗരിയിൽ ജനിച്ചുവളർന്ന‌് തങ്ങളിലൊരാളായി ജീവിതപേരാട്ടങ്ങൾക്കൊപ്പം നിലകൊള്ളുന്ന സി ദിവാകരന‌് പരിചയപ്പെടുത്തലിന്റെ ആവശ്യമില്ല.  ടെക‌്നോപാർക്കും ബഹിരാകാശകേന്ദ്രവും ഉൾപ്പെടുന്ന കഴക്കൂട്ടത്തു തുടങ്ങി ഭരണസിരാകേന്ദ്രമായ സെക്രട്ടറിയറ്റും വിഴിഞ്ഞവും കടന്ന‌് നാഞ്ചിനാട‌ിനോട‌് ഓരംപറ്റി നിൽക്കുന്ന പാറശാലവരെ നീണ്ടുകിടക്കുന്ന തിരുവനന്തപുരം മണ്ഡലം. ഇതിനോടകം ഒന്നാംവട്ട സന്ദർശനം പൂർത്തിയാക്കിക്കഴിഞ്ഞ സി ദിവാകരന‌് വലിയ ജനപിന്തുണയും പൊതുസമ്മതവുമാണ‌് ലഭിക്കുന്നത‌്.

നവോത്ഥാന നായകനായ ശ്രീനാരായണഗുരുവിന്റെ ജന്മഗൃഹമായ ചെമ്പഴന്തി വയൽവാരം വീട്ടിൽനിന്നാണ‌് സി ദിവാകരൻ തിങ്കളാഴ‌്ച  മണ്ഡലം സന്ദർശനം തുടങ്ങിയത‌്. നട്ടുച്ചയ‌്ക്ക‌് എത്തിയ അദ്ദേഹത്തെ ചെമ്പഴന്തി ഗുരുകുലം കാര്യദർശി സ്വാമി ശുഭാംഗാനന്ദയും മറ്റ‌് ഭാരവാഹികളും ചേർന്ന‌് സ്വീകരിച്ചു. ശ്രീനാരായണ ഗുരുവിന്റെ സമ്പൂർണ കൃതികളുടെ ഒരു കോപ്പി നൽകിയായിരുന്നു സ്വീകരണം. തുടർന്ന‌് വയൽവാരത്ത‌് പുഷ‌്പാർച്ചന. ഗുരുകുലത്തിന്റെ വികസനത്തിനായി എൽഡിഎഫ‌് സർക്കാർ നൽകുന്ന വലിയ പിന്തുണയെപ്പറ്റി സ്വാമി ശുഭാംഗാനന്ദ വിശദീകരിച്ചു. പുതുതായി സ്ഥാപിക്കുന്ന കൺവൻഷൻ സെന്ററടക്കമുള്ള പ്രവർത്തനങ്ങൾക്കായി പത്തുകോടി രൂപയാണ‌് സംസ്ഥാന സർക്കാർ ആദ്യഘട്ടമായി അനുവദിച്ചത‌്. സ്ഥലം എംഎൽഎയും മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തിലാണ‌് വികസനപ്രവർത്തനങ്ങൾക്ക‌് രൂപം നൽകിയത‌്. കൺവൻഷൻ സെന്ററിന്റെ നിർമാണസ്ഥലവും ദിവാകരൻ നടന്നുകണ്ടു. ശേഷം തൊട്ടടുത്തുള്ള അയ്യൻകാളി നഗറിലെത്തുമ്പോൾ സ്വീകരിക്കാൻ സ‌്ത്രീകളടക്കമുള്ളരുടെ വലിയ നിര. അയ്യൻകാളിയുടെ പൂർണകായ പ്രതിമയിൽ പുഷ‌്പാർച്ചന നടത്തി മടക്കം.

രണ്ട‌് മഹാപ്രതിഭകളുടെ സംഗമവേദിയായ അണിയൂർ ക്ഷേത്രത്തിലേക്ക‌്. കൊല്ലവർഷം 1053ൽ ചട്ടമ്പിസ്വാമിയും  ശ്രീനാരായണ ഗുരുവും ആദ്യമായി കണ്ടുമുട്ടിയത‌് ഇവിടെവച്ചായിരുന്നു. സാമൂഹ്യ അസമത്വങ്ങൾക്കെതിരെ ചാട്ടുളിയായി മാറിയ ഇരുവരുടെയും പ്രവർത്തനങ്ങൾക്ക‌് വഴിത്തിരിവായ സംഗമവേദിയിൽ പുഷ‌്പാർച്ചന നടത്തി. മാറ്റുവിൻ ചട്ടങ്ങളെ എന്ന‌ു പ്രഖ്യാപിച്ച കുമാരനാശാന്റെ സ‌്മരണ ഇരമ്പുന്ന തോന്നയ‌്ക്കൽ ആശാൻ സ‌്മാരകത്തിലെത്തുമ്പോൾ അപ്രതീക്ഷിതമായി ഒരു അതിഥി. ശിൽപ്പി കാനായി കുഞ്ഞിരാമൻ. സി ദിവാകരന‌് വിജയാശംസകൾ നേർന്നു അദ്ദേഹം. ‘നിങ്ങളുടെ ചിരിയിൽ കളങ്കമില്ല, പ്രവർത്തനത്തിലും’–- കാനായി പറഞ്ഞു.

മൂന്ന‌ു തവണ എംഎൽഎ, ഒരു തവണ മന്ത്രി എന്ന നിലയിൽ മികവ‌് കാട്ടിയ ദിവാകരന‌് സംശുദ്ധ പൊതുപ്രവർത്തനത്തിന്റെ അരനൂറ്റാണ്ടുകൂടിയാണ‌് കരുത്താകുന്നത‌്. കരുനാഗപ്പള്ളിയിൽനിന്ന‌് രണ്ടുതവണ ജയിച്ച അദ്ദേഹം നിലവിൽ നെടുമങ്ങാട‌് എംഎൽഎ ആണ‌്. ക്ഷീര, ഭക്ഷ്യ മന്ത്രി എന്ന നിലയിൽ മാതൃകാപരമായ പ്രവർത്തനം കാഴ‌്ചവച്ച അദ്ദേഹം ഏവരുടെയും പ്രശംസ പിടിച്ചുപറ്റി. അധ്യാപകനായും ട്രേഡ‌് യൂണിയൻ നേതാവായും പൊതു പ്രവർത്തകനായും എംഎൽഎ ആയും മന്ത്രിയായും എല്ലാം മികവു തെളിയിച്ച അദ്ദേഹം തിരുവനന്തപുരം മണ്ഡലത്തിൽ പുതു ചരിത്രം രചിക്കാൻ ഒരുങ്ങുകയാണ‌്... മത്സരിച്ചിടത്തെല്ലാം ജയിച്ച ചരിത്രം ആവർത്തിക്കാൻ.


പ്രധാന വാർത്തകൾ
 Top