05 April Sunday

ഓസ്ട്രേലിയയില്‍ കാട് കത്തുമ്പോൾ

ഡോ. എ ബിജുകുമാര്‍Updated: Thursday Jan 16, 2020

വര: സനൽ

വര: സനൽ


ആമസോൺ, ഓസ്ട്രേലിയ കാടുകൾ വ്യാപകമായി കത്തുകയാണ്. ഓസ്ട്രേലിയയിൽ സമീപകാലത്ത് ഉണ്ടായ ഏറ്റവും  രൂക്ഷവും വ്യാപകവുമായ  കാട്ടുതീയിൽ  ഇതുവരെ കത്തിയമർന്നത്  അമ്പത്‌ കോടിയോളം  ജീവികളും മുപ്പത്‌ മനുഷ്യരും. മൂവായിരത്തോളം വീടുകൾ  ചാമ്പലായി. പൊള്ളലേറ്റ്‌ ജീവച്ഛവങ്ങളായി തീർന്ന മൃഗങ്ങളും പക്ഷികളും പതിനായിരങ്ങളാണ്‌.  പതിനയ്യായിരത്തോളം കുടുംബങ്ങളെയാണ്‌ ഒഴിപ്പിച്ചത്‌. ഏതാണ്ട് 25  ദശലക്ഷം ഏക്കർ കാടുകൾ കത്തിയമർന്നു. ആമസോൺ മേഖലയിൽ ഉണ്ടായതിന്റെ ആറിരട്ടിയാണിത്‌.  ഓസ്‌ട്രേലിയ നീങ്ങുന്നത്‌ അസാധാരണമായ  പാരിസ്ഥിതിക  പ്രശ്‌നങ്ങളിലേക്കാണ്‌.

വർധിച്ചു വരുന്ന കാട്ടുതീ ലോകമെമ്പാടും സൃഷ്‌ടിക്കുന്ന പ്രശ്നങ്ങൾ ഓസ്ട്രേലിയയുടെ പശ്ചാത്തലത്തിൽ ഗൗരവമായി പരിശോധിക്കേണ്ട സന്ദർഭം കൂടിയാണിത്‌.

 

 

കാട്ടുതീ: എന്ത്? എങ്ങനെ? എന്തുകൊണ്ട്?
വനപ്രദേശങ്ങളിൽ എളുപ്പം തീപിടിക്കുന്ന സസ്യജാലം  നിയന്ത്രിക്കാനാവാത്ത രീതിയിൽ കത്തിയമരുന്നതാണ് കാട്ടുതീ.  ഉണ്ടാകുന്ന പ്രദേശത്തിനും ആവാസവ്യവസ്ഥയ്‌ക്കും അനുസരിച്ച് ഇതിന് വ്യത്യസ്‌തമായ പേരുകൾ ഉണ്ടാകാം. ഓസ്ട്രേലിയയിലെ പൊന്തകളിൽ (കുറ്റിക്കാട്‌) ഉണ്ടായ കാട്ടുതീ ബുഷ്‌ ഫയർ (bushfire) എന്ന പേരിലാണ് അറിയപ്പെടുന്നത്. 

മിന്നൽ, അഗ്നിപർവതസ്ഫോടനം തുടങ്ങിയ പ്രകൃതിജന്യമായ കാരണങ്ങൾ കാട്ടുതീക്ക് കാരണമാകാറുണ്ടെങ്കിലും അടുത്ത കാലത്ത് മനുഷ്യകേന്ദ്രീകൃതമായ പ്രവർത്തനങ്ങളാണ് ഇതിനു പ്രധാന കാരണം. പലയിടത്തും വൈദ്യുതിക്കമ്പികളും സംവിധാനങ്ങളും അവയിൽ നിന്ന് ഉണ്ടാകുന്ന തീപ്പൊരിയും തീപിടിത്തത്തിന് കാരണമായിട്ടുണ്ട്. കാടിനുള്ളിൽ അനധികൃതമായി കടന്നുകയറാനും കൃഷിചെയ്യാനും  കാലിവളർത്താനും അനധികൃതമായി വിഭവങ്ങൾ ശേഖരിക്കാനും വേട്ടയ്‌ക്കും മറ്റ് ലക്ഷ്യങ്ങൾക്കുമായി  മനുഷ്യൻ തന്നെ ബോധപൂർവം തീവയ്ക്കുന്നത് വളരെയധികം വർധിച്ചിട്ടുണ്ട്. ആഗോളതാപനത്തിന്റെ  ഫലമായി ചൂട് കൂടി വരുമ്പോൾ, കാട്ടുതീ ഉണ്ടാകാനുള്ള സാധ്യതയും വർധിച്ചുവരുന്നു.

കാട്ടുതീയുടെ അളവിൽ ആമസോൺ ഭാഗത്ത്‌ 2018-ൽ 85 ശതമാനം വർധനയാണ് ഉണ്ടായത്; ഏതാണ്ട് 70,000 കാട്ടുതീ 2019-ൽ മാത്രം ഉണ്ടായി. ലോകത്തെ ഏറ്റവും വലിയ മഴക്കാടുകൾ ഉള്ള ഈ പ്രദേശമാണ് സമുദ്രത്തിലെ സസ്യപ്ലവകങ്ങൾ കഴിഞ്ഞാൽ അന്തരീക്ഷത്തിൽ നിന്ന് ഏറ്റവുമധികം കാര്‍ബണ്‍ഡയോക്സൈഡിനെ വലിച്ചെടുത്ത്‌ ആഗോള താപനം തടയാൻ പ്രധാന പങ്ക്‌ വഹിക്കുന്നത് എന്നും ഓർക്കണം. ഇന്ത്യയിൽ കഴിഞ്ഞ 16 വർഷങ്ങളിൽ 46 ശതമാനം വർധനയാണ് കാട്ടുതീയിൽ ഉണ്ടായിരിക്കുന്നത്. 2015 നും 2017 നും ഇടയിൽ ഇത് 15,937 –ൽ നിന്ന് 35,888 എണ്ണം ആയി, ഏതാണ്ട് 125 മടങ്ങ് വർധന. കാലാവസ്ഥാമാറ്റം കൊണ്ട് ചൂട് കൂടിയതും മഴയുടെ കുറവും ആണ് ഇതിന് പ്രധാന കാരണം.


 

ഓസ്ട്രേലിയയിലെ പൊന്തതീ (ബുഷ്‌ ഫയർ)
ഡിസംബർ–-  ജനുവരി ഓസ്ട്രേലിയയിൽ കാട്ടുതീയുടെ കാലം ആണ്. ഇപ്പോഴുണ്ടായിരിക്കുന്ന  ബുഷ്‌ ഫയറി  (പൊന്തതീ)ൽ  പക്ഷികളും  മൃഗങ്ങളും ഉരഗങ്ങളുമടക്കം അമ്പതുകോടിയോളം ജീവികൾ ചാമ്പലായി എന്നാണ്‌ പ്രാഥമിക കണക്ക്‌.  സസ്യങ്ങൾക്കും മണ്ണിനും വസ്തുവകകൾക്കും ഉണ്ടായ നാശം ഇതിന് പുറമെയാണ്! പുകപടലങ്ങൾ കടൽ കടന്ന്‌ മറ്റിടങ്ങളിലും എത്തി. പണ്ടുകാലത്തും തദ്ദേശീയരായ ആദിവാസികൾ വേട്ടയ്‌ക്കും മറ്റുമായി നിയന്ത്രിതമായി കാട്ടിൽ തീയിട്ടിരുന്നു. എന്നാൽ അക്കാലത്ത്‌  മഴ കൂടുതൽ ഉണ്ടായിരുന്നു. യൂറോപ്യൻമാരുടെ കടന്നുവരവോടെ  അനിയന്ത്രിതമായ കാടുവെട്ടും  അശാസ്‌ത്രീയ കൃഷിരീതിയും വ്യാപകമായി.

കാലിത്തീറ്റയായി ഗാംബാ പുല്ല് ഇറക്കുമതിചെയ്തു വ്യാപകമായി കൃഷി ചെയാൻ തുടങ്ങിയതും വരണ്ട കാലത്ത് തീ എളുപ്പത്തിൽ പടർന്നുപിടിക്കാൻ ഇടയാക്കി.  യൂക്കാലിപ്റ്റസിന്റെ നാടാണ് ഓസ്ട്രേലിയ. വലിയമരങ്ങളിൽ ഉയർന്ന അളവിൽ കാണപ്പെടുന്ന എണ്ണ തീകത്തുന്നതിന് ആക്കം കൂട്ടും. ഒപ്പം കാലാവസ്ഥാവ്യതിയാനം കൂടി ആയപ്പോൾ കാട്ടുതീയുടെ അളവും വ്യാപ്തിയും  വർധിച്ചു. കൊടും ചൂടും വരണ്ട കാലാവസ്ഥയും ശക്തമായ കാറ്റുമാണ് ഇത്തവണ പ്രശ്നങ്ങൾ കൂടുതൽ സങ്കീർണമാക്കിയത്. ഓസ്ട്രേലിയയിൽ 1950കളുമായി താരതമ്യം ചെയ്യുമ്പോൾ ചൂട് 1.5 ഡിഗ്രി അധികമായിട്ടുണ്ട്, തെക്കൻ മേഖലകളിൽ ഇത് 2.7 ഡിഗ്രി വരെ കൂടും.   ജീവജാലങ്ങളുടെ സർവനാശത്തിലേക്ക്‌ വഴിവയ്‌ക്കും വിധമാണ്‌ തീപടരുന്നത്‌. പല ജീവജാലങ്ങളും കണ്ടുപിടിക്കപ്പെടുന്നതിനുമുമ്പ് തന്നെ നഷ്ടപ്പെട്ടുപോയിരിക്കാമെന്ന് ശാസ്ത്രസമൂഹം ഭയപ്പെടുന്നു.  ഉഷ്ണകാലം ആരംഭിച്ചതിനാൽ  കാട്ടുതീ തടയാൻ കൂടുതൽ സമയം ആവശ്യമായി വരും.
 

ജൈവവൈവിധ്യത്തിന്റെ കലവറ
ആഗോളതലത്തിൽ തന്നെ ഓസ്ട്രേലിയയിലെ ജൈവവൈവിധ്യം പ്രശസ്തമാണ്. ലോകത്തെ ജൈവവൈവിധ്യത്തിന്റെ ഏറിയപങ്കും ഇവിടെയുണ്ട്‌.  മാത്രമല്ല, വൻകരയിൽ നിന്ന് ദശലക്ഷക്കണക്കിനുവർഷം മുമ്പ് വേർപെട്ടതിനാൽ  ദേശ്യജാതികളുടെ (ഒരു പ്രദേശത്ത് മാത്രം കാണുന്ന ജീവികൾ) എണ്ണവും ഏറെയുണ്ട്‌. ഇവിടെ കരയിൽ കാണുന്ന 1350 ഇനം നട്ടെല്ലുള്ള ജീവികൾ ഇവിടെ മാത്രം കാണുന്നതാണ്, 305 സസ്തനികളിൽ 258 (85%) ഇനവും. ലോകത്തെ സഞ്ചിമൃഗങ്ങളിൽ 50% ഇവിടെ മാത്രം നിവസിക്കുന്നു. ലോകത്തെ തത്തകളിൽ 17% ഓസ്ട്രേലിയയിൽ മാത്രം കാണുന്നു.  ഇത് കൂടാതെ ഉരഗജീവികളിൽ 89%, തവളകളിൽ 94%, 17580 പുഷ്പിത സസ്യങ്ങളിൽ 91% എന്നിവ ദേശ്യജാതികളാണ്. 16 സസ്യകുടുംബങ്ങൾ ഓസ്ട്രേലിയയിൽ മാത്രം കാണുന്നവ.  ലോകത്തെ ഏറ്റവും വലിയ പവിഴപ്പുറ്റ് ആവാസവ്യവസ്ഥയായ ഗ്രേറ്റ്‌ ബാരിയർ റീഫ് ഓസ്ട്രേലിയൻ തീരത്താണ്.


 

ഓസ്ട്രേലിയയിലെ ചില അസാധാരണ ജീവികൾ
വോയിലി (Woylie) : ഓസ്ട്രേലിയയിൽ മാത്രം കാണുന്ന സഞ്ചിമൃഗം. ഒരുകാലത്ത് രാജ്യത്തുടനീളം  കാണപ്പെട്ടിരുന്നു. കുറുക്കന്മാർ, പൂച്ച എന്നിവയെ രാജ്യത്ത് ഇറക്കുമതി ചെയ്തതോടെ വംശനാശത്തിന്റെ  വക്കിൽ ആയി. ഇപ്പോൾ കൂടുതലും തെക്കൻ ഓസ്ട്രേലിയയിൽ മാത്രമായി ചുരുങ്ങുകയാണ്‌.

കോയ്‌ല (Koala):   ഇവയും സഞ്ചിമൃഗങ്ങളുടെ വിഭാഗത്തിൽ പെടുന്നവയാണ്. വാലില്ലാത്ത മരംകയറികളായ ഇവ യൂക്കാലിപ്റ്റസ് കാടുകളിൽ ആണ് കാണപ്പെടുന്നത്. കുഞ്ഞു കോയ്‌ലകൾ (ജോയികൾ) ജനിച്ചുകഴിഞ്ഞാൽ ആദ്യ ആറുമാസം അമ്മയുടെ ശരീരത്തിലെ സഞ്ചിക്കുള്ളിൽ ജീവിക്കും, പിന്നീട് ആറുമാസം അമ്മയുടെ മുതുകിൽ കയറിയാവും യാത്ര.

കങ്കാരുവും ബന്ധുക്കളും
കങ്കാരു എന്ന സഞ്ചിമൃഗം ഓസ്ട്രേലിയയിൽ മാത്രം കാണപ്പെടുന്നവയാണ്. നിലവിൽ നാല് ഇനത്തിൽ (സ്പീഷീസ്) പെട്ട കങ്കാരുക്കളാണ് ഓസ്ട്രേലിയയിലുള്ളത്‌.
കങ്കാരുവിന്റെ  അടുത്ത ബന്ധുക്കളായ വല്ലാബി (Wallaby) (11 സ്പീഷീസുകൾ), ട്രീ-കങ്കാരു (Tree-kangaroo), വല്ലാരൂ (Wallaroo) എന്നിവയും ഓസ്ട്രേലിയയിൽ കാണപ്പെടുന്ന സഞ്ചിമൃഗങ്ങൾ ആണ്.

കാട്ടുതീയും പരിസ്ഥിതിയും
അമൂല്യങ്ങളായ ജൈവവൈവിധ്യത്തിന്റെ  നാശമാണ് കാട്ടുതീ ഉണ്ടാക്കുന്ന പ്രധാന പ്രശ്നം. തീ കത്തുമ്പോൾ വൻതോതിൽ പുറത്തുവരുന്ന സൂക്ഷ്മ പദാർഥങ്ങൾ, കാർബൺഡയോക്സൈഡ്, നൈട്രജൻ ഓക്സൈഡുകൾ, മീഥൈൻ അല്ലാത്ത ജൈവസംയുക്തങ്ങൾ എന്നിവ വീണ്ടും ആഗോളതാപനത്തിന് ആക്കം കൂട്ടും. തീപിടിത്തത്തിന് ശേഷം ഓസ്ട്രേലിയൻ നഗരങ്ങളിൽ അന്തരീക്ഷ മലിനീകരണത്തിന്റെ  അളവ് പത്ത്‌ ഇരട്ടി വർധിച്ചു. ആമസോൺ മഴക്കാടുകളിലെ മഴയുടെ നല്ലൊരുഭാഗം അവിടെ നിന്ന് തന്നെ ഉണ്ടാകുന്നതാണ്. മഴ കുറയുമ്പോൾ കൂടുതൽ ചെടികൾ ഉണങ്ങുകയും തീപിടിക്കാനുള്ള സാധ്യത വീണ്ടും കൂടുകയും ചെയ്യും. ഇത് ഒരു ചക്രമായി തുടരുമ്പോൾ കാര്യങ്ങൾ കൂടുതൽ വഷളാകും. കാടിന്റെ വിഭവങ്ങളെ ആശ്രയിച്ചുജീവിക്കുന്ന സമൂഹങ്ങളെ ഇത് കാര്യമായി ബാധിക്കും. കൂടാതെ ഇന്ത്യ, ബ്രസീൽ പോലുള്ള  മൂന്നാം ലോക രാജ്യങ്ങളിൽ സമ്പദ് വ്യവസ്ഥയെ പരിപോഷിപ്പിക്കുന്ന ഒരു പ്രധാന ഘടകം വനവിഭവങ്ങളും അവയിൽ നിന്ന് ഉണ്ടാക്കിയെടുക്കുന്ന മരുന്നുകളും മറ്റുൽപ്പന്നങ്ങളുമാണ്. 

കാട്ടുതീയും സമുദ്രകാലാവസ്ഥയും
ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഉണ്ടായിരിക്കുന്ന ഇന്ത്യന്‍  എല്‍നിനോ (ഇന്ത്യന്‍ ഓഷ്യന്‍ ഡൈപോള്‍) എന്ന കാലാവസ്ഥാ പ്രതിഭാസമാണ് ഓസ്ട്രേലിയയില്‍ കാട്ടുതീ  രൂക്ഷമാകാന്‍ കാരണമെന്നാണ്‌  വിലയിരുത്തൽ. സമുദ്രോപരിതലത്തില്‍ ചൂടിന് വലിയ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകുമ്പോള്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ ചൂട് വളരെ കൂടുകയും കിഴക്ക്‌ ചൂട് കുറയുകയും ചെയ്യുന്നു. സമീപകാലത്ത് കണ്ട ഏറ്റവും ശക്തമായ ഇന്ത്യന്‍ ഓഷ്യന്‍ ഡൈപോള്‍ ചൂടും വരള്‍ച്ചയും ക്രമാതീതമായി കൂടാനും മഴ കുറയാനും ഇടയാക്കി. ഇതൊക്കെ കാട്ടുതീയുടെ വിളയാട്ടം കൂടുതല്‍ രൂക്ഷമാക്കി.

ഇന്ത്യന്‍ എല്‍നിനോയുടെ സ്വാധീനം വരും മാസങ്ങളില്‍ കുറയുമെന്നാണ്‌ നിഗമനം. ഇത് കേരളത്തിലെ കാലാവസ്ഥയ്‌ക്കും ഗുണകരമായി വരും. എന്നാല്‍ കാട് കത്തിയമര്‍ന്നപ്പോള്‍ പുറത്ത് വന്ന 9 മില്യൺ ടൺ കാര്‍ബണ്‍ഡയോക്സൈഡ് കാലാവസ്ഥയില്‍ ഉണ്ടാക്കാന്‍ ഇടയുള്ള സ്വാധീനം ആശങ്ക ഉണ്ടാക്കുന്നതാണ്.
 


പ്രധാന വാർത്തകൾ
 Top