20 April Tuesday

പാതിവഴിയില്‍ ബ്രെയ്ക്കിട്ട് ബ്രെക്‌സിറ്റ്; കാമറൂണിന് പിറകെ പ്രധാനമന്ത്രിസ്ഥാനം തെറിച്ച് തെരേസ മെയും

തോമസ്‌ പുത്തിരിUpdated: Monday Mar 1, 2021

ബ്രെക്സിറ്റിന് അനുകൂലമായി ഇ യു  റഫറണ്ഡത്തില്‍ ബ്രിട്ടീഷ്‌ ജനത വോട്ടു രേഖപ്പെടുത്തിയതോടെ   ബ്രെക്‌സിറ്റിനെ  എതിർ‍ത്തു പ്രചാരണം നടത്തിയ കാമറൂണ്‍  പ്രധാനമന്ത്രി സ്ഥാനം രാജിവച്ചു.  ഇതേ തുടര്‍ന്ന് അഭ്യന്തരമന്ത്രിയായ തെരേസ മെയ്‌ നേതൃത്വ തിരഞ്ഞെടുപ്പിലൂടെ ടോറി പാര്‍ട്ടി  ലീഡറായും  2016,  ജൂലൈ  13ന്   ബ്രിട്ടീഷ് പ്രധാനമന്ത്രിയായും അധികാരമേറ്റു. മാർഗരറ്റ് താച്ചറിനും ശേഷം   ഒരു വനിത യുകെയില്‍   വീണ്ടും   പ്രധാനമന്ത്രിയായി.

അധികാരത്തിലേറിയ   ഉടന്‍ തന്നെ കാബിനെറ്റ്‌ പദവിയില്‍ ബ്രെക്സിറ്റ് മന്തിസ്ഥാനം രൂപീകരിച്ചു. ടോറി പാര്‍ട്ടിയുടെ മുന്‍ ചെയര്‍മാനും ബ്രെക്സിറ്റ് പ്രചാരണത്തിന് ചുക്കാന്‍ പിടിച്ച മുതിര്‍ന്ന നേതാവുമായ   ഡേവിഡ്   ഡേവിസ്നെ ബ്രെക്സിറ്റ് ചുമതലകള്‍ നല്‍കിയും   ഒപ്പം ബോറിസ് ജോണ്‍സണ്‍ തുടങ്ങ്ങിയ ബ്രെക്സിറ്റ് അനുകൂലികളെ ഉള്‍പ്പെടുത്തിയും  മന്ത്രിസഭ രൂപീകരിച്ചു.

ബ്രിട്ടീഷ് പാര്‍ലമെന്റിനു അകത്തും പുറത്തും കോടതികളിലും നാടകീയമായ ഒരുപാട് മുഹൂര്‍ത്തങ്ങള്‍ക്ക് തെരേസ മെയ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ വഴിവച്ചു. തെരസ മെയ്‌   വ്യക്തിപരമായി  ബ്രെക്‌സിറ്റിന് എതിരായിരുന്നു, എങ്കിലും പ്രധാനമാന്ത്രിയായതോടെ യൂറോപ്യൻ യൂണിയനിൽ നിന്ന്   രാജ്യത്തെ പിന്‍വലിച്ചു ബ്രെക്സിറ്റ് നടപ്പാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തെരേസ് മെയ് ആരംഭിച്ചു.

ഒക്ടോബറില്‍ നടന്ന ടോറി പാര്‍ടി  കോൺഫറൻസില്‍ യൂറോപ്പില്‍ നിന്നും വിട്ടുപോരുന്നതിനുള്ള  ഒരു ‘വലിയ റിപ്പീൽ ബിൽ’ തെരസ മെയ്  പ്രഖ്യാപിച്ചു.   ബ്രെക്സിറ്റിന് ഒഫീഷ്യല്‍ ആയി തുടക്കം കുറിക്കുന്ന ആര്‍ട്ടിക്കിള്‍ 50   2017 മാർച്ച് അവസാനിക്കുന്നതിനുമുമ്പ്   ട്രിഗര്‍  ചെയ്യുമെന്ന്  സ്ഥിരീകരിക്കുകയും  ചെയ്തു.

എന്നാല്‍  ആര്‍ട്ടിക്കിള്‍ 50 നടപ്പിലാക്കുവാന്‍  സര്‍ക്കാരിനു നിലവിലെ നിയമ പ്രകാരം  അധികാരമില്ല  എന്ന് വാദിച്ചുകൊണ്ട്‌ ഹൈക്കോടതിയില്‍ ആര്‍ മില്ലര്‍ ഒരു കേസ് ഫയല്‍ ചെയ്തു. കോടതി മില്ലറിന്റെ വാദത്തെ അംഗീകരിച്ചു. ഇതിനെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി. സുപ്രീം കോടതി 2016 ഡിസംബർ 5  മുതല്‍  8 വരെ അപ്പീൽ പരിഗണിക്കുകയും  ഹൈക്കോടതി വിധി അംഗീകരിക്കുകയും ചെയ്തു.

ആർട്ടിക്കിൾ 50 പ്രാവർത്തികമാക്കാൻ പാർലമെന്റിന്റെ അംഗീകാരം ആവശ്യമാണെന്ന് 8–3 ഭൂരിപക്ഷത്തോടെ വിധിച്ച സു   പ്രീം കോടതി,  ഈ വിഷയത്തിന്    ഭരണഘടനാപരമായ പ്രാധാന്യമുണ്ടെന്നും കണ്ടെത്തി.  പാര്‍ലമെന്റിന്റെ അംഗീകാരമില്ലാതെ ബ്രെക്സിറ്റ് നടപ്പാക്കാനുള്ള നടപടികള്‍ക്ക് തുടക്കം കുറിക്കാന്‍ സര്‍ക്കാരിന്  അധികാരമില്ലെന്ന്  പരമോന്നത കോടതിയായ സുപ്രീം കോടതിയും   പറഞ്ഞു. മാത്രവുമല്ല  സ്കോട്ട്ല‌ൻ‌‌ഡ്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിലെ  നിയമസഭകൾക്ക് ഈ നിയമം വീറ്റോ ചെയ്യാൻ നിയമപരമായ അവകാശമില്ലെന്നും സുപ്രീം കോടതി വിധിച്ചു.  

ബ്രെക്സിറ്റ് നാള്‍വഴികള്‍ തെരേസ മേയുടെ കാലത്ത്

26 ജനുവരി 2017: സുപ്രീം കോടതി വിധിയെ തുടര്‍ന്ന് തെരേസ മെയ്   യൂറോപ്യൻ യൂണിയനിൽ നിന്ന് ബ്രിട്ടന് വിട്ടു പോരുവാന്‍ അനുവദിക്കുന്ന നിയമത്തിന്റെ  ഒരു കരട് ബിൽ പ്രസിദ്ധീകരിച്ചു.   

13  മാര്‍ച്ച്‌   2017:  ആർട്ടിക്കിൾ 50 (2)  ഉടമ്പടി പ്രകാരം  യൂറോപ്പില്‍ നിന്നും വിട്ടു പോരുവാനുള്ള ഉദ്ദേശ്യം ഇ യു വിനെ അറിയിക്കുവാന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയെ ചുമതലപ്പെടുത്തുന്ന യൂറോപ്യൻ യൂണിയൻ നോട്ടിഫികേഷന്‍ ഓഫ് വിത്ത്‌ഡ്രോവല്‍ ബില്‍ (നിയമം) ബ്രിട്ടീഷ് പാര്‍ലമെന്റ് പാസ്സാക്കി.

29 മാർച്ച് 2017:   തെരേസ മെയ്  യൂറോപ്യൻ കൗൺസിലില്‍ പ്രസിഡന്റ്‌  ഡൊണാൾഡ് ടസ്കിന് കത്തെഴുതി,  
യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്തുപോകാനുള്ള യുകെയുടെ തീരുമാനം നിയമപരമായി അറിയിച്ചു.  ഇതേ തുടര്‍ന്ന്  വേര്‍പിരിയല്‍ ചര്‍ച്ചകള്‍ക്കുള്ള    കരട്  മാർഗ്ഗനിർദ്ദേശങ്ങൾ  യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ്  യുകെ ഒഴികെയുള്ള 27  ഇ യു  അംഗരാജ്യങ്ങൾക്കുമായി  പ്രസിദ്ധീകരിച്ചു.
 
ഇതോടുകൂടി തെരേസ മെയുടെ ആത്മവിശ്വാസം വര്‍ദ്ധിച്ചു. പാര്‍ടിക്കകത്തും പുറത്തും തന്റെ അധികാരം അരക്കിട്ടുറപ്പിക്കാനുളള പ്രവര്‍ത്തനങ്ങള്‍ക്ക്   തെരേസ മെയ്‌ തുടക്കം കുറിച്ചു. തെരേസ മെയ് പ്രധാനമന്ത്രിയായത് പാര്‍ടിയുടെ ആഭ്യന്തര തിരഞ്ഞെടുപ്പിലൂടെയാണ്.  ബ്രിട്ടീഷ് ജനത തിരഞ്ഞെടുത്തതല്ല എന്ന വിമര്‍ശനം ഒഴിവാക്കുക എന്നത് കൂടി പരിഗണിച്ചു അവര്‍ ബ്രിട്ടനില്‍ ആവശ്യമില്ലെങ്കിലും ജൂണ്‍ 8 ന് ഇടക്കാല  പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു.

19 ഏപ്രില്‍  2017: ഇടക്കാല തിരഞ്ഞെടുപ്പിനെ, ഭരണപ്രതിപക്ഷ ഭേദമില്ലാതെ  13 നെതിരെ  522 വോട്ടുകളുമായി   ഭൂരിപക്ഷം  എം പി മാരും  അംഗീകരിച്ചു.  ബ്രെക്സിറ്റിന്റെ പേരില്‍ മറ്റൊരു തിരഞ്ഞെടുപ്പ് മാമാങ്കത്തിന് തുടക്കമിട്ട്  3  മേയ് 2017   രാവിലെ  00:01 മണിക്ക്  പാര്‍ലമെന്റ് പിരിച്ചുവിട്ടു.

8 ജൂണ്‍ 2017: ഇടക്കാല  പൊതു തിരഞ്ഞെടുപ്പും അനന്തരഫലങ്ങളും:
ഈ അവസരത്തില്‍  ബ്രിട്ടീഷ്‌ രാഷ്ട്രീയത്തില്‍ കാര്യമായ ചില മാറ്റങ്ങള്‍ നടന്നുകൊണ്ടിരുന്നു.  ഡേവിഡ്‌ കാമറൂണ്‍  ഭരണത്തിന്റെ അഞ്ചു വര്‍ഷത്തെ ജനവിരുദ്ധ തൊഴിലായി വിരുദ്ധ നയത്തില്‍ അസംതൃപ്തരായ തൊഴിലാളി   വര്‍ഗം ശക്തമായ  വര്‍ഗസമരം നടത്തികൊണ്ടിരുന്നത് ബ്രിട്ടീഷ്‌ രാഷ്ട്രീയത്തിലും പ്രതിഫലിച്ചു. ടോണി ബ്ലയറിന്റെ നേതൃത്വത്തില്‍ ഇടതുപക്ഷ നയങ്ങളില്‍ നിന്നും ലേബര്‍ പാര്‍ടി  വഴിമാറിയതാണ്  പാര്‍ട്ടിയുടെ പരാജയത്തിനു കാരണമെന്നുള്ള വിലയിരുത്തലുകള്‍ ശക്തമായി. തെരഞ്ഞെടുപ്പു പരാജയത്തെ തുടര്‍ന്നുണ്ടായ നേതൃത്വ തെരഞ്ഞെടുപ്പില്‍ കടുത്ത സോഷ്യലിസ്റ്റ്‌ വാദിയും  സാമ്രാജ്യത്വ  വിരുദ്ധ നായകനുമായ ജെറെമി  കൊര്‍ബിന്‍  ലേബര്‍ പാര്‍ട്ടിയുടെ ലീഡറായി. ഇദ്ദേഹത്തിന്റെ കീഴില്‍ ലേബര്‍ പാര്‍ടി സടകുടെഞ്ഞഴെന്നേറ്റു. ബ്രിട്ടീഷ്‌ രാഷ്ട്രീയത്തില്‍ സജീവമായി ഇടപെടാതെ മാറിനിന്ന യുവജനങ്ങള്‍ കോര്ബിനോപ്പം സോഷ്യലിസ്റ്റ്‌ ആശയങ്ങക്കുവേണ്ടി ഒപ്പം ചേര്‍ന്ന് പോരാടി.

അതുവരെ ടോറി പാര്‍ട്ടിയുടെ നയങ്ങള്‍ തുടര്‍ന്നുവന്ന   ലേബര്‍ പാര്‍ടി ജനക്ഷേമ പധതികള്‍ക്ക് ഊന്നല്‍ കൊടുത്തുകൊണ്ടുള്ള  നയങ്ങള്‍ രൂപീകരിച്ചു പ്രചാരണം നടത്തി. ജനങ്ങള്‍ക്ക്‌ മുമ്പില്‍ സത്യങ്ങള്‍ വസ്തുനിഷ്ടമായി അവതരിപ്പിക്കുന്നതില്‍ കൊര്‍ബിന്‍    വിജയം നേടി.  ടോറി പാര്‍ടി ചീട്ടു കൊട്ടാരം പോലെ പണിതുയര്‍ത്തിയ നുണകള്‍ ഒന്നൊന്നായി കൊഴിഞ്ഞു വീണു. ബ്രെക്സിറ്റ്  പ്രചാരണം    കെട്ടിച്ചമച്ച ഒരുപാട് നുണകളുടെ കൂമ്പാരം മാത്രമായിരുന്നുവെന്ന്  ബ്രിട്ടീഷ്‌ ജനതയ്ക്ക് ബോധ്യപ്പെട്ടു തുടങ്ങി.

തെരഞ്ഞെടുപ്പു ഫലം വന്നപ്പോള്‍ ടോറി  പാര്‍ട്ടിക്ക് നിരവധി സീറ്റുകള്‍ നഷ്ട്ടപ്പെട്ടു,  ഒറ്റയ്ക്ക് ഭരിക്കാന്‍ ഉണ്ടായിരുന്ന ഭൂരിപക്ഷവും  നഷ്ടമായി; തെരേസ  മെയ് പാര്‍ടിക്കുള്ളില്‍ അനഭിമതിയും അശക്തയും ആയി മാറി. എങ്കിലും തികച്ചും വിരുദ്ധ താല്പര്യമുള്ള വടക്കന്‍ അയര്‍ലന്റില്‍  നിന്നുള്ള ഡി യു പി പാര്‍ടിക്കുള്ള 10 എം പി മാരുടെ പിന്തുണയോടെ അ ധികാരത്തില്‍ തുടര്‍ന്നു.

തെരേസ  മെയുടെ നേത്രത്വത്തില്‍ ബ്രെസ്കിറ്റ് ചര്‍ച്ചകള്‍ തകൃതിയായി നടന്നു. കുടിയേറ്റം പൂര്‍ണമായും നിയന്ത്രിക്കും   യൂ റോപ്യന്‍ കോടതിയില്‍ നിന്നും വിമുക്തമാക്കി ബ്രിട്ടന് സ്വന്തം രാജ്യത്തിലെ നിയമങ്ങള്‍ മാത്രം  ബാധകമാക്കും, യൂറോപ്യന്‍ യൂണിയനില്‍ നിന്നും വിട്ടു പോന്നാലും അവരുമായി സ്വന്ത്രമായ ബിസ്നസ് കരാര്‍, കൂടാതെ വര്ഷം തോറും  ഇ യു വിനു കൊടുക്കുന്ന വാര്‍ഷിക വരിസംഖ്യ കൊടുക്കാതിരിക്കല്‍ ഇതൊക്കെ ആയിരുന്നു ബ്രെസ്കിറ്റിന്റെ പ്രധാന മുദ്രാവാക്യങ്ങള്‍. പക്ഷെ ചര്‍ച്ചകള്‍ തുടരും തോറും ഇതൊക്കെ വെറും വ്യാമോഹങ്ങള്‍ മാത്രമായി മാറി.
 
12 ഡിസംബര്‍ 2018: അധികാരമേറ്റു രണ്ടു വര്ഷം കഴിഞ്ഞെങ്കിലും പൊതുവേ സ്വീകാര്യമായ ഒരു ബ്രെക്സിറ്റ് കരാര്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നും നേടിയെടുക്കന്നതില്‍ തെരേസ മെയ്‌ പരാജയപ്പെട്ടു.  ഇതേ തുടര്‍ന്ന് പാര്‍ട്ടിയിലെ ഒരു വിഭാഗം എം പി മാര്‍  ഇവരെ പാര്‍ടിയുടെ നേതൃ സ്ഥാനത്തു നിന്നും നീക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. 2016 ലെ ബ്രെക്സിറ്റ്  റഫറണ്ഡത്തെ മാനിച്ചില്ല എന്ന്  ആരോപിച്ചു 48 എം പി മാര്‍ ആശ്യപ്പെട്ടതിനെ തുടര്‍ന്ന് പാര്‍ടി തെരേസ മെയ്ക്കെതിരെ  പാര്ടിക്കുള്ളില്‍ അവിശ്വാസ വോട്ടെടുപ്പ് നടത്തി. 83 പേരുടെ ഭൂരിപക്ഷവുമായി തെരേസ മെയ്‌ സ്വന്തം പാര്ടിക്കുള്ളിലെ അവിശ്വാസ വോട്ടെടുപ്പിനെ മറികടന്നു.  

15  ജനുവരി 2019:    തെരസ മെയ്‌ യൂറോപ്യന്‍ യൂണിയനുമായി ഉണ്ടാക്കിയ കരാറില്‍  പാർലമെന്റ് വോട്ടെടുപ്പ്. സ്വന്തം പാര്‍ടിയില്‍ ഉള്ളവര്‍  പോലും കരാറിനെതിരെ വോട്ടു ചെയ്തു.    202 നെതിരെ 432 വോട്ടുകളുമായി ബ്രെക്സിറ്റ് കരാര്‍ ദയനീയ പരാജയം ഏറ്റുവാങ്ങി. ആധുനിക ബ്രിട്ടന്റെ ചരിത്രത്തില്‍    അധികാരത്തില്‍ ഇരിക്കുന്ന പാര്‍ടി നേരിട്ട ഏറ്റവും വലിയ പാര്ലമെന്റ്റ് പരാജയമായിരുന്നു ഇത്.  

29 മാർച്ച് 2019: ആര്‍ട്ടിക്കിള്‍ 50 ട്രിഗര്‍ ചെയ്തു രണ്ടുവര്‍ഷം തികയുന്ന ദിവസം. ഒരിക്കല്‍ ട്രിഗര്‍ ചെയ്‌താല്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ ഇ യു വുമായി ഒരു കരാറില്‍ എത്തിയാലും ഇല്ലെങ്കിലും ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന്  പുറത്താകുമെന്നാണ്  ആര്‍ട്ടിക്കിള്‍ 50 ന്റെ ഒരു സവിശേഷത. കരാറില്ലാതെ യൂറോപ്യന്‍ യൂണിയനില്‍ നിന്നും വിട്ടുപോകാതിരിക്കാന്‍ വേണ്ടി ഈ തിയതി നീട്ടിവാങ്ങുവാന്‍ ഇ യു വുമായി ബ്രിട്ടന്‍  ധാരണയില്‍ എത്തി.

ബ്രിട്ടന്‍  ഔദ്യോധികമായി ഇ യു വില്‍ നിന്നും പുറത്താകുന്നതിനു മുമ്പ്  ബ്രെക്സിറ്റ് ഉടമ്പടി ഒപ്പ് വയ്ക്കുന്നതിനുള്ള  സമ്മര്‍ദ്ദം പ്രധാനമന്ത്രിക്കു മേല്‍  രൂക്ഷമായി. ബ്രെക്സിറ്റിന്റെ പേരില്‍ ഇതിനകം തന്നെ രണ്ടായി പിരിഞ്ഞ ടോറി പാര്‍ടിയില്‍ തമ്മിലടി രൂക്ഷമായി.    വിദേശകാര്യമന്ത്രി ബോറിസ് ജോണ്‍സന്‍, ബ്രെക്സിറ്റ് മന്ത്രി ഡേവിഡ്  അടക്കമുള്ള  നിരവധി മന്ത്രിമാര്‍ ബ്രെക്സിറ്റ് ചര്‍ച്ചകള്‍ പുരോഗമിക്കുന്ന വേളകളില്‍  രാജിവച്ചു; തെരേസ മേയ്ക്കെതിരെ രൂക്ഷമായ ആരോപണങ്ങള്‍  അഴിച്ചുവിട്ടു.

ഡേവിസിന്റെ രാജിയെ തുടര്‍ന്ന് ഡോമിനിക് റാബിനെ പുതിയ   ബ്രെക്സിറ്റ് മന്ത്രിയായി നിയമിച്ചെങ്കിലും കരാര്‍ ചര്‍ച്ചകളുടെ ഉള്ളടക്കവും   നിയന്ത്രണവും   തെരേസ മേയ് സ്വന്തം കൈപ്പിടിയില്‍ തന്നെ ഒതുക്കി. സ്വന്തം പാര്‍ടിക്കാര്‍ക്ക് പോലും  സ്വീകാര്യമല്ലാത്ത  നിബന്ധനകളുമായി    യൂറോപ്യന്‍ യൂണിയനുമായി  കരാറിന്റെ   കരടുരേഖ തയ്യാറാക്കി. തെരേസ മേയുടെ നടപടികളില്‍ പ്രധിക്ഷേധിച്ചു ബ്രെസ്കിറ്റ് മന്ത്രി ടോനിമിക് റാബ് ഉള്‍പ്പെടെ ഏഴു മന്ത്രിമാര്‍ രാജിവച്ചു !

ബ്രെക്സിറ്റ് റഫറണ്ഡം 2016  ല്‍  കഴിഞ്ഞതാണെങ്കിലും 2019 ആയിട്ടും    ഇ യു വുമായുള്ള ഒരു കരാര്‍ അംഗീകരിക്കുന്നതിനു ബ്രിട്ടീഷ് പാര്‍ലമെന്റില്‍ സമവാക്യം ഉണ്ടായില്ല.  ഭൂരിപക്ഷം എംപിമാരുടെയും പിന്തുണ നേടുന്ന ഒരു ബ്രെക്സിറ്റ് പദ്ധതി കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ ഭരണപ്രതിപക്ഷ ഭേധമെന്യേ അവതരിപ്പിച്ച എല്ലാ    ഓപ്ഷനുകളും പരാജയപ്പെട്ടു. ഈ ലക്ഷ്യത്തോടെ പ്രധാനമന്ത്രി അവതരിപ്പിച്ച  'അർത്ഥവത്തായ വോട്ട് 3'  ഉം  പാസ്സാക്കാനാകാതെ  തെരേസ മെയ് പൂര്‍ണമായും  പരാജയപ്പെട്ടു.  

ഇ യു വുമായി ഒരു കരാറിന്റെ കരടു രേഖ തെരേസ മെയ് നേടിയെടുത്തുവെങ്കിലും ഇത്  പാര്‍ലിമെന്റില്‍ അവതരിപ്പിക്കപ്പെട്ടപ്പോള്‍ പ്രതിപക്ഷത്തോടൊപ്പം   ചേര്‍ന്ന്  ടോറി പാര്‍ടി എം പി മാരും തെരേസ മേയ്ക്കെതിരെ വോട്ടു ചെയ്തു.  ബ്രെക്സിറ്റ്   ആശയങ്ങള്‍ക്ക്   വിരുദ്ധമായുള്ള  രാജ്യദ്രോഹകരാര്‍ അംഗീകരിക്കാന്‍ ആവില്ലെന്ന് സ്വന്തം പാര്‍ട്ടിയിലെ എം പി മാരും, ബ്രെക്സിറ്റ് കരാര്‍  " അന്ധകാരത്തിലേക്കുള്ള എടുത്തു ചാട്ടമാണെന്ന്" പ്രതിപക്ഷ നേതാവ്  ജെറെമി  കൊര്‍ബിനും  പ്രസ്താവിച്ചു. അതോടൊപ്പം ഭൂരിപക്ഷമില്ലാത്ത സര്‍ക്കാരിനെ തങ്ങളുടെ 10 എം പി മാരുടെ പിന്തുണയോടെ താങ്ങിനിര്‍ത്തുന്ന വടക്കന്‍ അയര്‍ലണ്ട് പാര്‍ട്ടി  ഡി യു പി കൂടി  കരാറിനെ എതിര്‍ത്തു പരസ്യമായി രംഗത്ത് വന്നതോടെ  തെരേസ മെയ്കുള്ള  കുരുക്ക് വീണ്ടും ശക്തമായി. നിരവധി എം പി മാര്‍ പ്രധാനമന്ത്രിയെ  മാറ്റണമെന്ന് പാര്‍ടി കമ്മിറ്റിയോട് വീണ്ടും  ആവശ്യപ്പെട്ടു.

24 മേയ് 2019:   പാര്‍ലമെന്റില്‍ സംപൂര്‍ണ പരാജയം നേരിട്ട തെരേസ മേയ്  പാർട്ടിയുടെ കടുത്ത സമ്മർദത്തിന് വഴങ്ങി  ജൂണ്‍ 7 ന് സ്ഥാനമൊഴിയുമെന്ന് പ്രഖ്യാപിച്ചു.   രാജവച്ചില്ലെങ്കില്‍ രണ്ടാമതും അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ പാര്‍ടി നിര്‍ബന്ധിതമാകും എന്ന്   ' ടോറി 1922 കമ്മിറ്റി' യുടെ ചെയർമാനാന്‍  ആയ എബ്രഹാം ബ്രാഡി  അറിയിച്ചപ്പോഴാണ്  രാജിവക്കുവാന്‍ തെരേസ മെയ് തെയ്യാറായത്. അങ്ങനെ ബ്രെക്സിറ്റില്‍ രണ്ടാമത്തെ പ്രധാനമന്ത്രിയും അധികാരത്തിനു പുറത്തായി.

ബ്രെക്സിറ്റ് വീണ്ടും പാതിവഴിയില്‍ നിന്നുപോയി.  ടോറി പാര്‍ടിയില്‍ വീണ്ടും നേതൃത്വ തിരഞ്ഞെടുപ്പ്.  (തുടരും)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top