03 March Wednesday

ബ്രിട്ടന്‍ യൂറോപ്പില്‍ നിന്നും 'സ്വാതന്ത്ര്യം' നേടുമ്പോൾ

തോമസ്‌ പുത്തിരിUpdated: Monday Jan 4, 2021

ബ്രെക്സിറ്റ് ഉടമ്പടി നിലവിൽ വന്നതോടെ ബ്രിട്ടൻ യൂറോപ്യൻ യൂണിയനു പുറത്തായി. എന്നാൽ ബ്രെക്സിറ്റ് ബ്രിട്ടന്റെ പ്രശ്‌നങ്ങൾക്ക്‌ പരിഹാരമാകുമോ ?...ലണ്ടനിൽനിന്ന്‌ തോമസ്‌ പുത്തിരി എഴുതുന്ന പരമ്പര: ബ്രെക്‌സിറ്റിന്റെ കാണാപ്പുറങ്ങള്‍ ആദ്യഭാഗം

2020 ന്റെ അവസാനദിനത്തില്‍ രാത്രി കൃത്യം 11 മണിക്ക്  പാര്‌ലമെന്റ്റ് മന്ദിരത്തിലെ പടുകൂറ്റന്‍ ഘടികാരം , 'ബിഗ്‌ബെന്‍', മുഴക്കിക്കൊണ്ട് ബ്രിട്ടന്‍ യൂറോപ്പിനോട് വിടപറഞ്ഞു. 48 വർഷം നീണ്ടു നിന്ന ബാന്ധവത്തിന്റെ അന്ത്യം. ക്രിസ്മസ് രാത്രിയില്‍ 12 .25  ന് എലിസബത്ത്‌ രാജ്ഞി ബ്രെക്സിറ്റ് ഉടമ്പടി നിയമത്തില്‍ ഒപ്പുവച്ചതോടെ ഒരു കാലത്ത് സൂര്യന്‍ അസ്തമിക്കാത്ത സാമ്രാജ്യം എന്നറിയപ്പെട്ടിരുന്ന രാജ്യം യൂറോപ്പില്‍ നിന്നും 'സ്വാതന്ത്ര്യം' നേടി.

ബ്രെക്സിറ്റ് ഉടമ്പടി ഉയര്‍ത്തിപ്പിടിച്ചു കൊണ്ട്  ബ്രിട്ടന്റെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍, " ബ്രിട്ടന്‍ യൂറോപ്പില്‍ നിന്നും സ്വതന്ത്രമായെന്നും തങ്ങളുടെ നിയമരൂപീകരണം യൂറോപ്പിന്റെ സ്വാധീനമില്ലാതെ ബ്രിട്ടന് നടപ്പാക്കാന്‍ കഴിയുമെന്നും" പ്രസ്താവിച്ചു. പക്ഷെ  അത് കേട്ടു വലിയ ആഘോഷമോ കരഘോഷങ്ങളോ ഉണ്ടായില്ല.

ഫിനാന്‍സ് മൂലധനവും കമ്പോളവും ഈ ലോകത്തെ മുഴുവന്‍   ഒരു കുടക്കീഴിലേക്ക്  ചുരുക്കി കൊണ്ടുവരുന്ന കാലഘട്ടത്തില്‍  ബ്രിട്ടന്‍  തുടങ്ങുന്ന ഈ സ്വാത ന്ത്ര്യത്തിന്റെ മണിമുഴക്കം ബ്രിട്ടീഷുകാരുടെ  പാരതന്ത്ര്യത്തിലേക്കുള്ള ആദ്യത്തെ ചുവടുവെയ്പ്പാകുമോ? തങ്ങളോടൊപ്പം സഞ്ചരിച്ച 27 രാജ്യങ്ങളെയും എതിര്‍പക്ഷത്താക്കി  ഒറ്റയാന്‍ പ്രയാണം തുടങ്ങുന്ന വേളയില്‍ ബിട്ടനിലെ ജനങ്ങള്‍ക്ക്‌ ആശങ്കകള്‍ ഏറെയാണ്‌. രാഷ്ട്രീയ രംഗത്ത് ഇതിന്റെ അലയടികള്‍ ഇതിനകം തന്നെ ഉയര്‍ന്നു കഴിഞ്ഞു.

ബ്രെക്സിറ്റ് കരാര്‍ നിലവില്‍ വന്ന ഉടനത്തന്നെ  സ്കോട്ട്‌ല‌ൻഡ്‌ ഫസ്റ്റ് മിനിസ്റ്റര്‍ നിക്കോള സര്‍ജന്‍  ബ്രെക്സിറ്റിനെതിരെയുള്ള അവരുടെ    എതിര്‍പ്പ് അതിശക്തമായി രേഖപ്പെടുത്തി. ബ്രിട്ടന്‍ കഴിഞ്ഞാല്‍ യു കെ യിലെ രണ്ടാമത്തെ വലിയ രാജ്യമാണ്  സ്കോട്ട്ലൻഡ്. യൂറോപ്പിനെ സംബോധന ചെയ്തുകൊണ്ടുള്ള അവരുടെ ട്വിട്ടര്‍ കുറിപ്പ് ബ്രിട്ടനുള്ള ഒരു മുന്നറിയിപ്പാണ്.  സ്കോട്ട്‌ല‌ൻഡ്‌  "യൂറോപ്പില്‍ തിരിച്ചെത്തുമെന്നും അതിനുവേണ്ടിയുള്ള വഴിയില്‍ വെളിച്ചം വീശുവാനും" അവര്‍ ആവശ്യപ്പെട്ടു.

ഇതിനര്‍ത്ഥം സ്കോട്ട്‌ല‌ൻഡ്‌  യു കെ യില്‍ നിന്നും വിട്ടു യൂറോപ്യൻ യൂണിയനിൽ സന്നദ്ധമായി  എന്നാണു. പലതവണ അവരിത് പരസ്യമായി പ്രഖ്യാപിച്ചിട്ടും ഉണ്ട്. 2014 ല്‍ യു കെ യില്‍ നിന്നും വിട്ടു ഒരു സ്വതന്ത്ര രാജ്യമായി മാറുവാന്‍   സ്കോട്ട്‌ല‌ൻഡില്‍ ജനഹിത പരിശോധന നടത്തിയിരുന്നു. ആ ഹിതപരിശോധനയില്‍ ബ്രിട്ടന്റെ ഒപ്പം നില്‍ക്കുവാനാണ്   സ്കോട്ട്‌ല‌ൻഡ്‌കാര്‍ തീരുമാനിച്ചത്. അതിന്റെ പ്രധാന കാരണം  സ്കോട്ട്‌ല‌ൻഡ്‌ കൂടി അംഗമായിട്ടുള്ള യു കെ, യൂറോപ്യന്‍ യൂണിയന്റെ ഭാഗമായിരുന്നു എന്നതായിരുന്നു.

എന്നാല്‍  2016 ലെ ബ്രെക്സിറ്റ്  റഫറണ്ടത്തിൽ   ബ്രിട്ടീഷുകാര്‍ ബ്രെക്സിറ്റിനെ അനുകൂലിച്ചപ്പോള്‍ , സ്കോട്ട്‌ല‌ൻഡിൽ വോട്ടുചെയ്തവരിൽ 62% പേരും ബ്രെക്സിറ്റിനു എതിരായാണ് വോട്ടു ചെയ്തത്. വീണ്ടുമൊരു   സ്കോട്ട്‌ല‌ൻഡ്‌ ഹിതപരിശോധന നടത്തിക്കഴിഞ്ഞാല്‍ സ്വാഭാവികമായും ബ്രിട്ടനെ വിട്ടു   സ്കോട്ട്‌ല‌ൻഡ്‌  യൂറോപ്യന്‍ യൂണിയനില്‍ ചേരും. മറ്റൊരു ജനഹിത പരിശോധനക്കുള്ള ആവശ്യം ഇതിനകം തന്നെ സ്കോട്ട്‌ല‌ൻഡ്‌  ഉയര്‍ത്തിക്കഴിഞ്ഞു. സ്കോട്ട്‌ല‌ൻഡ്‌  യു കെ യില്‍ നിന്ന് വിട്ടുപ്പോയാല്‍ ലോക രാജങ്ങള്‍ക്ക് മുമ്പില്‍ ബ്രിട്ടന്റെ വിലപേശല്‍ ശക്തി വീണ്ടും ഇടിയും.  യു കെ യിലെ   മറ്റു രാജ്യങ്ങളായ വടക്കന്‍ അയര്‍ലണ്ടും വെയില്‍സും ഈ വഴിയില്‍ നീങ്ങിയാല്‍, ബ്രിട്ടന്‍ യൂറോപ്പില്‍ തികച്ചും ഒറ്റപ്പെടും.


ബ്രെക്സിറ്റിനു വേണ്ടി ജീവന്‍ മരണ പോരാട്ടത്തില്‍ ഏര്‍പ്പിട്ടിരുന്നവര്‍ പോലും  ബോറിസ് ജോണ്‍സന്റെ സ്വാതന്ത്ര്യ പ്രഖ്യാപനത്തില്‍   കാര്യമായ  ആഹ്ലാദപ്രകടനം  നടത്തിയില്ല. രാജ്യമെങ്ങും അലയടിച്ചത് ഒരുതരത്തിലുള്ള നിസ്സംഗതയും ! ബ്രിട്ടന്റെ മേലുള്ള യൂറോപ്പിന്റെ അധികാരത്തിനു ഇപ്പോഴും കാര്യമായ കോട്ടമൊന്നും തട്ടിയിട്ടില്ല, എന്നാല്‍ ബ്രിട്ടന് യൂറോപ്യന്‍ യൂണിയന്റെ നയ രൂപീകരണത്തില്‍ ഇതുവരെ   ഉണ്ടായിരുന്ന എല്ലാ അവകാശങ്ങളും അവസാനിക്കുകയും ചെയ്തു.  ഈ  തിരിച്ചറിവാണ്‌ നിര്‍വികാരതക്ക് പിറകിലുള്ളത്.   

യൂറോപ്യന്‍ യൂണിയനിലെ  27 രാജ്യങ്ങള്‍ ഒറ്റക്കെട്ടായി ഒരു ഭാഗത്തും ബ്രിട്ടന്‍ ഒറ്റയ്ക്ക് മറുഭാഗത്തും ആയുള്ള ബ്രെക്സിറ്റ് ചര്‍ച്ചയില്‍ യൂറോപ്യന്‍ യൂണിയന്റെ  അപ്രമാദിത്വം തുടക്കം മുതല്‍ക്കേ ബ്രിട്ടീഷ്‌ ജനതക്ക് ബോധ്യപ്പെട്ടിരുന്നു.    ഈ ആധിപത്യം ഊട്ടി ഉറപ്പിക്കുന്ന തരത്തില്‍ തന്നെയാണ് ബ്രെക്സിറ്റ് ഉടമ്പടിയും  ഉണ്ടായിരിക്കുന്നത്.

"ബ്രിട്ടന്റെ നാലതിരുകള്‍ ബ്രിട്ടന് സ്വന്തം ആയിരിക്കും,  മത്സ്യബന്ധന വ്യവസായത്തിന്റെ പരമാധികാരം സംരക്ഷിക്കും" എന്നുമാണ് ബ്രെക്സിറ്റിനു തുടക്കമിട്ടു കൊണ്ട്  ബ്രിട്ടന്റെ മുന്‍ പ്രധാനമന്ത്രി  ഡേവിഡ് കാമറൂണ്‍ അടക്കമുള്ള ടോറി പാര്‍ടി നയിക്കുന്ന ദേശീയ വാദികള്‍ അവകാശപ്പെട്ടുകൊണ്ടിരുന്നത്. എന്നാല്‍ ബ്രെക്സിറ്റ്  നടപ്പിലാക്കിയത്  നേരെ വിപരീത ഫലമാണ്. നാലതിരുകളും സമുദ്രത്താല്‍ ചുറ്റപെട്ടു കിടക്കുന്നതിനാല്‍ ബ്രിട്ടനെ സംബധിച്ചിടത്തോളം അതിരുകള്‍ എന്നാല്‍ തങ്ങള്‍ക്കു ചുറ്റുമുള്ള കടലുകളില്‍ ഉള്ള അവകാശം എന്ന് കൂടി  തന്നെയാണ്.  

പക്ഷെ ഈ പരമാധികാരം ബ്രെക്സിറ്റ്    ഉടമ്പടിയോടെ ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന് അടിയറവു വച്ചു എന്നതാണ് ബ്രിട്ടീഷ്‌ ജനത നേരിട്ട   ഒരുവലിയ തിരിച്ചടി. ഈ വസ്തുത ശരി വയ്ക്കുന്നതാണ്  ബ്രെക്സിറ്റില്‍ ഉള്ള  മത്സ്യബന്ധനകരാര്‍. ബ്രിട്ടന് യൂറോപ്യന്‍ യൂണിയന്റെ 6 മൈല്‍ ദൂരത്തു മാത്രം മത്സ്യബന്ധനത്തിന് അവകാശമുള്ളപ്പോള്‍ ഈ യു വിനു ബ്രിട്ടന്റെ 12 മൈല്‍  വരെ  മത്സ്യബന്ധനം നടത്താന്‍ കഴിയും .

അതുകൊണ്ടാണ്  സൗത്ത് വെസ്റ്റ് ഫിഷ് പ്രൊഡ്യൂസേഴ്‌സ് ഓർഗനൈസേഷന്റെ ചീഫ് എക്‌സിക്യൂട്ടീവ്  ആയ   ജിം പോർട്ടസ് ബ്രെക്‌സിറ്റിനെതിരെ രൂക്ഷമായി   പ്രതികരിച്ചത്.   "ബ്രെക്‌സിറ്റ് വ്യാപാര കരാർ തകർന്ന വാഗ്ദാനങ്ങളെക്കുറിച്ച്  ഒരു പാഠമാണ്  നൽകിയത്.  ബ്രെക്സിറ്റില്‍ ബ്രിട്ടന്‍  അത്ഭുതകരമായ  വിജയം നേടുമെന്ന് ഞാൻ കരുതി, പക്ഷേ  ബ്രെക്സിറ്റിനെ പറ്റി പറഞ്ഞ പല വാഗ്ദാനങ്ങളും കരാറില്‍ നടപ്പാക്കിയില്ല.  മത്സ്യബന്ധനസമയത്ത്  വസ്ത്രം അഴുക്ക് പിടിക്കാതിരിക്കാന്‍ ധരിക്കുന്ന തങ്ങളുടെ  മേല്‍വസ്ത്രത്തിന്റെ നൂലിഴകളാല്‍ തങ്ങളെ യൂറോപ്യന്‍ യൂണിയനുമായി ബന്ധനത്തില്‍ ആക്കിയിരിക്കുന്നു,  ഞങ്ങൾ ഒരു സ്വതന്ത്ര തീരദേശ രാജ്യമായില്ല".

ഈ പ്രതികൂല സാഹചര്യം തന്നെയാണ്  ഫിനാന്‍സ് സര്‍വീസസ് രംഗത്തും ബ്രിട്ടന്‍  നേരിടാന്‍ പോകുന്നത്. മറ്റേതൊരു വ്യവസായത്തെക്കാളും വലുതാണ്‌ യു കെ യുടെ ഫിനാന്‍ഷ്യല്‍ സെക്ടര്‍  എന്ന് മാത്രമല്ല വിദേശ നാണയ വിനിമയത്തില്‍ ഏറ്റവും കൂടുതല്‍ മിച്ചം കൈവരിക്കുന്നതും ഈ മേഖല തന്നെയാണ്. കഴിഞ്ഞ വര്ഷം യൂറോപ്പുമായുള്ള വ്യാപാരം 79 ബില്ല്യന്‍ പൌണ്ടാണ്. ( ഇന്ത്യന്‍ രൂപയില്‍ പറഞ്ഞാല്‍ 7,90,000 കോടി രൂപ.) ഫിനാന്‍സ് സെക്ടറില്‍   ബ്രിട്ടന്  ഇത്രയും വലിയ സാമ്പത്തീക നേട്ടം കൈവരിക്കാന്‍ കഴിഞ്ഞതിന്റെ ഒരു  പ്രധാന കാരണം യൂറോപ്പിന്റെ സാമ്പത്തീക കേന്ദ്രമായി ലണ്ടന്‍ പ്രവര്‍ത്തിരിചിരുന്നതുകൊണ്ടായിരുന്നു. എന്നാല്‍ ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന് പുറത്തായതോടെ ലണ്ടന്‍ യൂറോപ്പിന്റെ സാമ്പത്തിക പരിധിക്കു പുറത്താവുകയും ഇതുവരെ ഉണ്ടായിരുന്ന വിനിമയങ്ങള്‍ ലണ്ടന് പുറത്തേക്ക് പുനസ്ഥാപിക്കപ്പെടുകയും ചെയ്യും.

മാത്രവുമല്ല,  ജനുവരി 1 മുതൽ യു‌കെ ആസ്ഥാനമായുള്ള ധനകാര്യ സ്ഥാപനങ്ങൾക്ക് യൂറോപ്യൻ യൂണിയന്റെ പൊതു വിപണിയുമായുള്ള  സ്വാഭാവികമായ   ക്രയവിക്രയാധികാരം നഷ്ട്ടപ്പെട്ടു.  ഇനിമുതല്‍  യൂറോപ്യൻ യൂണിയനിൽ ഉപഭോക്താക്കളെ സേവിക്കുന്നതിന്, യു‌കെ ആസ്ഥാനമായുള്ള സ്ഥാപനങ്ങൾക്ക് തുല്യതാ അവകാശങ്ങൾ ലഭിക്കെണ്ടതായി വരും. അത്തരത്തിലുള്ള ഒരു കരാര്‍ ബ്രെക്സിറ്റില്‍ പൂര്‍ണമായി ഉള്‍പ്പെടുത്തിയിട്ടില്ല. അങ്ങനെ ഒരു കരാര്‍ ഉണ്ടായാല്‍ പോലും ഒരു  ഹ്രസ്വകാല നോട്ടിസ് നല്‍കി ഈ യു വിനു ഈ  തുല്യതാ അവകാശങ്ങൾ പിൻവലിക്കാം.  

അതുകൊണ്ടാണ് അമേരിക്കയിലെ പ്രധാന  ബിസിനസ്സ്   പത്രമായ  വാൾസ്‌ട്രീറ്റ് ജേണൽ പറഞ്ഞത് , " യു‌കെക്ക് ഇനിയും വളരെയധികം നഷ്ടപ്പെടാനുണ്ട്, യൂറോപ്യൻ യൂണിയന് നേടാനും".

ശരിയാണ്, കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ബ്രിട്ടീഷ്‌ ജനത ബ്രെക്സിറ്റിന്റെ പേരില്‍ രണ്ടായി പിരിഞ്ഞപ്പോള്‍ അവര്‍ക്ക് നഷ്ടപ്പെട്ടത്  ഇതുവരെ കൈവരിച്ച  ജനാധിപത്യ മൂല്യങ്ങള്‍ തന്നെയാണ്.  ലോകത്തില്‍ തന്നെ ഏറ്റവും പുരാതനവും മികച്ചതുമായ ജനാധിപത്യ വ്യവസ്ഥയുള്ള ബ്രിട്ടന്റെ പാര്‍ലമെന്റിനെ ബ്രെക്സിറ്റിന്റെ പേരില്‍ വെറും റബ്ബര്‍ സ്റ്റാമ്പ്‌ ആക്കി ബോറിസ് ജോണ്‍സന്‍  മാറ്റി.

ആരോഗ്യ രംഗത്തും, സാമ്പത്തിക രംഗത്തും, വിദ്യാഭ്യാസ രംഗത്തും മാത്രമല്ല   തൊഴിലിടങ്ങളില്‍ അവര്‍ അനുഭവിച്ചിരുന്ന നേട്ടങ്ങളും ഒന്നൊന്നായി ബ്രെക്സിറ്റ് യാത്രയില്‍   അവര്‍ക്ക് നഷ്ടമായി.  അതിനു കാരണം ബ്രെക്സിറ്റ് ആയിരുന്നില്ല. മറിച്ച് ബ്രെക്റ്റിന്റെ മറവില്‍    ജനങ്ങളെ വിഭജിച്ചു ഭരിച്ചു അവരുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുകയും, ഇപ്പോഴും അത് തുടര്‍ന്ന് കൊണ്ടിരിക്കുയും ചെയ്യുന്ന തീവ്രവലതുപക്ഷ ടോറി സര്‍ക്കാരും, ഇപ്പോള്‍ ആ ഭരണത്തിനു നേതൃത്വം നല്‍കുന്ന ബ്രിടന്റെ പ്രധാനമന്തി ബോറിസ് ജോണ്സന്റെ  ജനവിരുദ്ധ പ്രവര്‍ത്തനങ്ങളുമാണ്.
          
യാഥാര്‍ത്ഥ്യം ഇങ്ങനെയൊക്കെ ആയിരിക്കെ എന്തുകൊണ്ടാണ്  ഭൂരിപക്ഷം ബ്രിട്ടീഷുകാരും ഇപ്പോഴും ബ്രെക്സിറ്റിനെ അനുകൂലിക്കുന്നത്?  അതേക്കുറിച്ചറിയാന്‍   ബ്രിട്ടന്റെ  തീവ്രവലതുപക്ഷ രാഷ്ട്രീയത്തെയും  2016ലെ   തിരഞ്ഞെടുപ്പിലും അതിനു ശേഷവും ടോറി പാര്‍ടിയും സര്‍ക്കാരും കോർപ്പറേറ്റ് മാധ്യമങ്ങളെ  കൂട്ടി  നടത്തിയ   കള്ളപ്രചാരണത്തെക്കുറിച്ച്  പറയേണ്ടതുണ്ട് . 
(തുടരും)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top