06 October Thursday

"സഞ്ചി മാത്രമേ സംസ്ഥാനത്തിന്റെ വകയായുള്ളൂ, അതിനകത്തുള്ളതെല്ലാം കേന്ദ്രത്തിന്റെ വക'; ബിജെപിയ്‌ക്ക്‌ ട്രോൾ മഴ

വെബ് ഡെസ്‌ക്‌Updated: Wednesday Jun 23, 2021

കൊടകര കുഴൽപണ കേസിൽ സ്ഥിരമായി "എയറിൽ' ആണ്‌ ബിജെപിയും നേതാക്കളും. സംസ്ഥാന പ്രസിഡന്റ്‌ മുതൽ പഞ്ചായത്ത്‌ ഭാരവാഹികൾവരെയാണ്‌ കുഴൽപണ കേസിൽ സംശയനിഴലിലുള്ളത്‌. ലോക്‌ഡൗണിൽ ട്രോളൻമാർക്ക്‌ ചാകരയായിരുന്നു വിഷയം. ഇപ്പോൾ സി കെ ജാനുവിന് 25 ലക്ഷം രൂപ നല്‍കിയത് ആര്‍എസ്എസ് അറിവോടെയെന്ന് വ്യക്തമാക്കുന്ന ശബ്‌ദ‌രേഖ പ്രസീത അഴീക്കോട് പുറത്തുവിട്ടതോടെയാണ്‌ വീണ്ടും ട്രോളന്മാർ ബിജെപിയെ സിനിമയിലെടുത്തത്‌. പതിവുപോലെ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ തന്നെയാണ്‌ നായകൻ.

"സഞ്ചി മാത്രമേ സംസ്ഥാനത്തിന്റെ വകയായുള്ളൂ. അതിനകത്തുള്ളതെല്ലാം കേന്ദ്രത്തിന്റെ വകയാണെന്നു സംഘികൾ പറഞ്ഞപ്പോൾ ഇത്രയ്ക്കും കരുതിയില്ല..' - ഫെയ്‌സ്‌ബുക്കിൽ കെ ടി സുരേഷ്‌ കുമാർ ചെയ്‌ത കമന്റാണ്‌ ഇന്നത്തെ ഹിറ്റ്‌ ട്രോളായി മാറിയത്‌. പണം കൊണ്ടുവന്ന സഞ്ചിയുടെ മുകളിൽ പഴവും പൂജാസാധനങ്ങളും വച്ചതിനെയാണ്‌ കണക്കിന്‌ ട്രോളുന്നത്‌.

"സഞ്ചിയുടെ മുകളില്‍ ചെറുപഴമായിരുന്നു. പൂജ കഴിച്ച സാധനങ്ങളാണെന്നാണു ചോദിച്ചപ്പോള്‍ പറഞ്ഞത്. സ്ഥാനാര്‍ഥിക്കു കൊടുക്കാനാണെന്നും സൂചിപ്പിച്ചു. അതില്‍ നിന്നൊരു ചെറുപഴം ഞങ്ങളുടെ സെക്രട്ടറി ചോദിച്ചപ്പോള്‍ സ്ഥാനാര്‍ഥിക്കു വേണ്ടി കഴിപ്പിച്ച പൂജയാണെന്നാണു പറഞ്ഞത്. അവരെടുത്തിട്ടു നിങ്ങള്‍ക്കു തരുമെന്നും പ്രതികരിച്ചു. അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോള്‍ ജാനു വരികയും സഞ്ചി വാങ്ങുകയുമായിരുന്നു'- പ്രസീതയുടെ ഫോൺരേഖയിൽ പറയുന്നു.

സംഭവത്തെ ട്രോളിക്കൊണ്ട്‌ ദീപക്‌ രാജു "വാഴക്കൊല' എന്നൊരു പാട്ടുതന്നെ എഴുതി:

വാഴക്കൊല

ഹാൻസു സുരേന്ദ്രനാ ബാഗിന്റെയുള്ളില്,
നോട്ടിന്റെ മേൽ വാഴക്കായ വച്ചു
മനതാരിലാശയിൽ മുഖ്യൻ സുരയെങ്കിൽ
ജാനുവും അത്ര പുറകിലല്ല  
ഭാരതമാതാവ് മക്കളെയെന്നപോൽ
ജാനുവാ ബാഗിനെയോമനിച്ചു
വോട്ടെല്ലാമെണ്ണീപ്പോ താമര വാടീപ്പോ
ബാഗിന്റെ കാര്യവും നാടറിഞ്ഞു
ഗുണമൊത്ത മുട്ടകൾ രണ്ടെണ്ണം തന്നോരോ
കുഴലു സുരയെന്ന് പേരുമിട്ടു
ഇതിയിനിടെയാരാണ് തിന്നതാ വാഴക്ക,
ഉത്തരമില്ലിന്നുമതിന് മാത്രം
ബാഗ് പുറത്തേറ്റി പ്രതിമ പോലങ്ങനെ
ഉള്ളിയാ മുറ്റത്തു നിന്നുപോയി.
ഒരുവിധം ഗദ്ഗദം ഞെക്കിഞെരുക്കിയ
കുറെയക്ഷരങ്ങൾ തെറിപ്പു കാറ്റില് :
"കരയാതെ ജാന്വേച്ചീ ..... പൊക്കീല്ലേ ... നാട്ടുകാർ ...
ഒരുകായ വേറെ ...ഞാൻ കൊണ്ടുപോട്ടെ !"

സംസ്ഥാന സർക്കാർ നൽകുന്ന ഭക്ഷ്യകിറ്റ്‌ കേന്ദ്ര സർക്കാർ നൽകുന്നതാണ്‌, സഞ്ചി മാത്രമേ കേരളത്തിന്റെ ഉള്ളൂ എന്ന ബിജെപിയുടെ വ്യാജ വാദത്തിനെയാണ്‌ തിരിച്ചടിച്ച്‌ ട്രോളുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top