15 August Monday

ബിർസ മുണ്ഡ ; ഗോത്ര പ്രതിരോധത്തിന്റെ പെരുമ

വെബ് ഡെസ്‌ക്‌Updated: Saturday Aug 6, 2022

ബിർസ മുണ്ഡയുടെ 
പോരാട്ടമാണ്‌ 
ആദിവാസികളുടെ ജീവനും ജീവിതവും സംരക്ഷിക്കുന്ന 
നിയമനിർമാണത്തിന്‌ 
വഴിതെളിച്ചത്‌

ബ്രിട്ടീഷുകാരുടെ അധികാരവാഴ്‌ചയ്‌ക്കെതിരെ ഗോത്രവിഭാഗങ്ങൾ നടത്തിയ ഏറ്റവും ശക്തമായ സമരങ്ങളിലൊന്നാണ്‌ മുണ്ഡ പ്രക്ഷോഭം. തങ്ങളുടെ ജീവിതം ദുസ്സഹമാക്കിയ ബ്രിട്ടീഷ്‌ കടന്നുകയറ്റത്തിനെതിരെ ആയുധമെടുക്കാൻ ഇന്നത്തെ ജാർഖണ്ഡ്‌ ഉൾപ്പെടുന്ന അന്നത്തെ ബംഗാൾ പ്രവിശ്യയിലെ ആദിവാസി ജനതയായ മുണ്ഡവിഭാഗം തീരുമാനിച്ചു. ഇവരുടെ നായകനായിരുന്നു ബിർസ മുണ്ഡ. മുണ്ഡ, ഒറോൺ ഗോത്രവിഭാഗങ്ങളെ അണിനിരത്തി ഗറില്ലാ യുദ്ധരീതി പിൻപറ്റിയായിരുന്നു പോരാട്ടം. 

ആദിവാസിമേഖലയിൽ നടപ്പാക്കിയ ഫ്യൂഡൽ ജമീന്ദാരി സമ്പ്രദായമടക്കമുള്ളവ ആദിവാസികളുടെ ജീവിതം തകർക്കുന്നവയായിരുന്നു. കുടിയേറ്റക്കാരും സെമീന്ദാർമാരും പണമിടപാടുകാരും മിഷണറിമാരും ബ്രിട്ടീഷുകാർക്കു പിന്നിൽ അണിനിരന്നു. വനവിഭവങ്ങളും അവിടങ്ങളിലെ ഖനിജങ്ങളുമായിരുന്നു ബ്രിട്ടീഷുകാരുടെ ലക്ഷ്യം. മതപരിവർത്തനത്തിനായാണ്‌ മിഷണറിമാർ എത്തിയത്. ജാർഖണ്ഡിലെ ഗോത്രവിഭാഗക്കാരെ മതംമാറ്റത്തിന് പ്രേരിപ്പിച്ചു. ചെറുപ്രായത്തിൽ ബിർസ മുണ്ഡയും ക്രിസ്തുമതം സ്വീകരിച്ചു. എന്നാൽ, മതംമാറ്റം ആദിവാസികളുടെ സ്വത്വവും പൈതൃകവും നശിപ്പിക്കുമെന്ന തിരിച്ചറിവിൽ ബിർസ മുണ്ഡ ക്രിസ്തുമതം ഉപേക്ഷിച്ചു. മുണ്ഡ വിഭാഗങ്ങളുടെ ആചാരാനുഷ്ഠാനങ്ങളും ജീവിതരീതിയും വിശ്വാസപ്രമാണങ്ങളും സംരക്ഷിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഏറ്റെടുത്തു.

1886-–-1890ൽ ജാർഖണ്ഡിലെ ചൈബാസ കേന്ദ്രീകരിച്ച്‌ ആദിവാസികൾക്കുനേരെയുള്ള നീക്കങ്ങളെ പ്രതിരോധിച്ചു. ഒപ്പം ഗോത്രവിഭാഗങ്ങളുടെ ആഭ്യന്തര നവീകരണത്തിനും തുടക്കമിട്ടു. ‘ബ്രിട്ടീഷ് രാജ്ഞിയുടെ സാമ്രാജ്യം തകരട്ടെ, നമ്മുടെ സാമ്രാജ്യം ഉയരട്ടെ' എന്ന ബിർസ മുണ്ടയുടെ ആഹ്വാനം മേഖലയാകെ അലയടിച്ചു. ഉൽഗുലാൻ എന്ന പേരിൽ അറിയപ്പെട്ട ബിർസയുടെ പോരാട്ടം കരുത്താർജിച്ചു. അമ്പും വില്ലും ഉപയോഗിച്ചായിരുന്നു പോരാട്ടം. ബ്രിട്ടീഷുകാരെ വിറളിപിടിപ്പിച്ച പോരാട്ടം നയിച്ച ബിർസ 25–-ാം വയസ്സിൽ രക്തസാക്ഷിത്വം വരിച്ചു. 1900 മാർച്ച് മൂന്നി-ന് അറസ്റ്റിലായി. തുടർന്ന്‌ റാഞ്ചി ജയിലിലടച്ചു. ജൂൺ ഒമ്പതി-ന് ജയിലിൽ മരിച്ചു. മുണ്ഡയുടെ മരണശേഷം പ്രക്ഷോഭത്തിന്റെ കരുത്ത്‌ കുറഞ്ഞു. സമരത്തെ ബ്രിട്ടീഷുകാർ അടിച്ചമർത്തി.

ബിർസ മുണ്ഡയുടെ പോരാട്ടം വെറുതയായില്ലെന്ന്‌ കാലം തെളിയിച്ചു. ആദിവാസികളുടെ ജീവനും ജീവിതവും സംരക്ഷിക്കുന്ന നിയമനിർമാണം പിന്നീട്‌ നടന്നു. 1908ൽ നിലവിൽ വന്ന ഛോട്ടാനാഗ്പുർ കുടിയാൻ നിയമമായിരുന്നു പ്രധാനം. ഇതു പ്രകാരം ആദിവാസികളുടെ ഭൂമി ആദിവാസികളല്ലാത്തവർക്ക് കൈമാറ്റം ചെയ്യാനാകില്ല. അതിനു പിന്നാലെ ആദിവാസി അവകാശങ്ങൾ സംരക്ഷിക്കുന്നതിന് നാഴികക്കല്ലുകളായി തീർന്ന നിരവധി നിയമനിർമാണങ്ങളും ഉണ്ടായി. ഇന്ത്യൻ പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ അദ്ദേഹത്തിന്റെ ഛായാചിത്രം സ്ഥാപിച്ചിട്ടുണ്ട്‌. ഇങ്ങനെ ആദരിക്കപ്പെട്ട ഒരേയൊരു ആദിവാസി നേതാവും ബിർസയാണ്‌. ജ്ഞാനപീഠ ജേതാവായ മഹാശ്വേതാ ദേവിക്ക്‌ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം നേടിക്കൊടുത്ത "ആരണ്യേ അധികാർ’ എന്ന നോവലിലെ കേന്ദ്ര കഥാപാത്രവും ബിർസ മുണ്ഡയാണ്‌. അതേസമയം, ബ്രിട്ടീഷുകാർക്കെതിരെ പടനയിച്ച്‌ ആദിവാസികൾക്കുവേണ്ടി ബിർസ മുണ്ഡ നേടിയെടുത്ത അവകാശങ്ങൾ സ്വാതന്ത്ര്യത്തിന്റെ 75–-ാം വർഷികവേളയിൽ വൻകിട കോർപറേറ്റുകൾക്ക്‌ തീറെഴുതുകയാണ്‌ കേന്ദ്ര സർക്കാർ.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top