01 March Monday

പക്ഷിപ്പനിക്കാലം ജാഗ്രതയോടെ

ഡോ. എന്‍ അജയന്‍Updated: Thursday Jan 14, 2021


രാജ്യത്തിന്റെ പലഭാഗങ്ങളിൽ നിന്നും  ഇപ്പോൾ പക്ഷിപ്പനി റിപ്പോർട്ടു ചെയ്യുകയാണ്‌.  കേരളത്തിനുപുറമെ ഹിമാചൽപ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാൻ, ഉത്തർപ്രദേശ്, ഡൽഹി, മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, ഉത്തരാഖണ്ഡ്‌, ഹരിയാന,ഗുജറാത്ത്‌ എന്നിവിടങ്ങളിലാണ് പക്ഷിപ്പനി എത്തിയിരിക്കുന്നത്. ജമ്മു കശ്മീരിലും ഗുജറാത്തിലും ഉത്തർപ്രദേശിലുമൊക്കെ കാക്കകൾ ചത്തുവീഴുന്നു. ഹരിയാനയിൽ നാല്‌ ലക്ഷത്തോളം പക്ഷികൾ ചത്തതായാണ്‌ കണക്ക്‌. രാജ്യത്തെ ഏറ്റവും വലിയ പക്ഷിമാർക്കറ്റായ ഗാസിപുർ താൽക്കാലികമായി അടച്ചുകഴിഞ്ഞു. ദേശാടനപ്പക്ഷികളുടെ വരവാണ്‌  രോഗവ്യാപനത്തിന്‌ കാരണമായിരിക്കുന്നത്‌.

നവംബർ മുതൽ മാർച്ചുവരെ നമ്മുടെ തണ്ണീർത്തടങ്ങളിൽ എന്നും അവയുണ്ടാകും. കേരളത്തിൽ ഇക്കുറി പക്ഷിപ്പനി ആദ്യം കണ്ടെത്തിയത് ആലപ്പുഴ ജില്ലയിലെ നെടുമുടി, തകഴി, പള്ളിപ്പാട്, കരുവാറ്റ പഞ്ചായത്തുകളിലും കോട്ടയം ജില്ലയിലെ നീണ്ടൂരിലുമാണ്. സർക്കാർ സംവിധാനങ്ങൾ അതീവ ജാഗ്രത പുലർത്തിയതിനാൽ രോഗവ്യാപനത്തോത്‌ കുറയ്‌ക്കാനായി.  പക്ഷിപ്പനിയെ ഒരു സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. മൃഗസംരക്ഷണ വകുപ്പിന്റെ ദ്രുതകർമസേനയും മറ്റ് സന്നാഹങ്ങളും യുദ്ധകാലാടിസ്ഥാനത്തിൽ കർമനിരതരായി. രോഗപ്രഭവകേന്ദ്രത്തിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ വളർത്തുപക്ഷികളെയും നശിപ്പിച്ചു. പത്ത്‌ കിലോമീറ്റർ ചുറ്റളവിൽ മൂന്ന് മാസത്തേയ്ക്ക് കർശന നിരീക്ഷണവുമേർപ്പെടുത്തി.

ആദ്യം ഇറ്റലിയിൽ
പക്ഷിപ്പനി ഒരു പുതിയ രോഗമല്ല. നൂറ്റാണ്ടുകൾക്ക് മുമ്പ് ഇറ്റലിയിലാണ് ഈ രോഗം ആദ്യമായി പ്രത്യക്ഷപ്പെട്ടത്. പക്ഷികളെമാത്രം ബാധിച്ചിരുന്ന രോഗം 97 ൽ ഹോങ്കോങ്ങിൽ മനുഷ്യനും പിടിപെട്ടതോടെ ഒരു ജന്തുജന്യരോഗമെന്ന നിലയിൽ ശ്രദ്ധ നേടി. 2006 ലാണ് പക്ഷിപ്പനി ആദ്യമായി ഇന്ത്യയിലെത്തുന്നത്. മഹാരാഷ്ട്രയിലെ നന്ദൂർബാൻ, ഇൻഗാവ് ജില്ലകളിലും ഗുജറാത്തിൽ സൂറത്തിലും മധ്യപ്രദേശിലെ ബുർഹാർപുരിലും പിന്നീട് കൽക്കട്ടയിലും കർണാടകയിലെ ഹസൻഘട്ടയിലും അന്ന് രോഗമെത്തി.

ഏവിഎൻ ഇൻഫ്ളുവൻസ, ഏവിഎൻ ഫ്ളൂ, ബേർഡ് ഫ്ളൂ എന്നീ പേരുകളിലൊക്കെ അറിയപ്പെടുന്ന പക്ഷിപ്പനി ഒരു വൈറസ് രോഗമാണ്. മനുഷ്യന് ജലദോഷമുണ്ടാക്കുന്ന ഇൻഫ്ളുവൻസാ വൈറസിന്റെ വകഭേദമായ എ വിഭാഗമാണ് രോഗഹേതു. (ഓർത്തോമിക്സോ വൈറിഡേ കുടുംബം)  ഇതിലെ ഹീമാഗ്ലൂസിനിൻ (എച്ച്‌) ന്യൂറാമിനിഡേസ് (എൻ ) എന്നീ രണ്ട് ഗ്ലൈക്കോപ്രോട്ടീൻ ഘടകങ്ങളാണ് പലപ്പോഴും പക്ഷിപ്പനിയുടെ നാമകരണത്തിനാധാരം. എച്ചിന്റെ 16 ഉപവിഭാഗങ്ങളിൽ എച്ച് 5, എച്ച് 7, എച്ച്9 എന്നിവയാണ് ഏറെ അപകടകാരികൾ. എൻ ന്‌  9 ഉപവിഭാഗങ്ങളാണുള്ളത്. ഉഗ്രപ്രതായിയായ എച്ച്‌5എൻ 1 മനുഷ്യനും പക്ഷികൾക്കും അപകടകാരിയാണ്. കൂടാതെ എച്ച്‌7എൻ3, എച്ച്‌7എൻ9,എച്ച്‌9എൻ2, എച്ച്‌7എൻ9 എന്നിവയും മനുഷ്യരിൽ രോഗമുണ്ടാക്കാം. ഇപ്പോൾ കേരളത്തിൽ കണ്ടെത്തിയ എച്ച്‌5എൻ8 അത്ര അപകടകാരിയല്ല. 85ലും 87ലും കേരളത്തിൽ നിരണം താറാവ് വളർത്തൽ കേന്ദ്രത്തിലും സമാനമായ പക്ഷിപ്പനി വൈറസിനെ കണ്ടെത്തിയിരുന്നു.
ലോകത്തിന്റെ പലഭാഗത്തും
ലോകരാജ്യങ്ങളിൽ പലയിടത്തും പക്ഷിപ്പനി വൈറസുകൾ എത്തിയിട്ടുണ്ട്. എച്ച്‌5എൻ1 ബംഗ്ലാദേശ്, ചൈന, ഈജിപ്‌ത്‌, ഇന്തോനേഷ്യ, വിയറ്റ്നാം എന്നിവിടങ്ങളിലെ പേടിസ്വപ്നമാണ്. കഴിഞ്ഞ വർഷം ഓസ്ട്രേലിയ, ബൾഗേറിയ, ചൈന, ജർമനി, ഹംഗറി, ഇന്ത്യ, ഇറാഖ്, ഇസ്രയേൽ, കസാഖിസ്ഥാൻ, മെക്സിക്കോ, നൈജീരിയ, ഫിലിപ്പൈൻസ്, പോളണ്ട്, റൊമാനിയ, റഷ്യ, സൗദിഅറേബ്യ, ചെക്കോസ്ലോവാക്യ, തെക്കേ ആഫ്രിക്ക, അമേരിക്ക, വിയറ്റ്നാം എന്നിവിടങ്ങളിലെല്ലാം പക്ഷിപ്പനി വ്യാപനം ഉണ്ടായി. ഇവിടങ്ങളിലേറെയും കണ്ടെത്തിയ പക്ഷിപ്പനി വൈറസ് വിഭാഗം കേരളത്തിൽ കണ്ടെത്തിയഎച്ച്‌5എൻ8 തന്നെയായിരുന്നുവെന്നതാണ് ഏറെ കൗതുകകരം.

വൈറസുകളുടെ ജനിതക ഭാവത്തിന് അനുനിമിഷം ജനിതകമാറ്റം (മ്യൂട്ടേഷൻ) സംഭവിക്കുന്നതിനാൽ രോഗലക്ഷണങ്ങൾക്കും വ്യത്യസ്തതയുണ്ടാകും. ഇപ്പോൾ കണ്ടെത്തിയിട്ടുള്ള എച്ച്‌5എൻ8 വിഭാഗം സാധാരണ ഗതിയിൽ മനുഷ്യന് പകരില്ല. ജനിതകമാറ്റം വന്ന മനുഷ്യ–-പക്ഷി ഇൻഫ്ളുവൻസാ വൈറസുകൾ ഉണ്ടാക്കാവുന്ന രോഗം സാർസിനേക്കാൾ ഭയാനകമായിരിക്കുമെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു. പന്നികളാവട്ടെ പക്ഷികളിലും മനുഷ്യരിലും പക്ഷിപ്പനിയുണ്ടാക്കുന്ന വൈറസ് വിഭാഗങ്ങളുടെ ഒരു മിശ്രിതപാത്രമായി (മിക്സിങ് വെസ്സൽ) വർത്തിക്കാനിടയുണ്ട്.

മറ്റ്‌ രോഗവാഹകർ
ദേശാടനപ്പക്ഷികളെപ്പോലെ രോഗവാഹകരും രോഗകാരികളുമാണ് കാട്ടുതാറാവുകളും വാട്ടർഫൗളുകളുമെല്ലാം. വളർത്തുപക്ഷികളിൽ താറാവുകൾ, കോഴികൾ, ടർക്കികൾ എന്നിവയെയാണ് സാധാരണ ബാധിക്കുന്നത്. ഈയിടെ കാക്കകൾ കൂട്ടമായി ചത്തൊടുങ്ങിയതായിരുന്നു രാജസ്ഥാനിലും മധ്യപ്രദേശിലും ഡൽഹിയിലും പക്ഷിപ്പനിയുടെ സൂചന നൽകിയത് . പക്ഷികളെക്കൂടാതെ പന്നി, കുതിര, നീർനായ, തിമിംഗലം, മുയൽ, കടൽസിംഹം എന്നിവയെല്ലാം വൈറസിനു പഥ്യം തന്നെ ! 
പകരുന്ന വിധം
രോഗബാധയേറ്റ പക്ഷിയുടെ വിസർജ്യങ്ങളിലും മൂക്കിലെയും വായിലെയും സ്രവങ്ങളിലും രോഗാണു കലർന്നിരിക്കും. ഈ പക്ഷികളുമായി അടുത്തിടപഴകുന്നവർക്ക് രോഗസാധ്യതയേറും. പ്രത്യേകിച്ച്, കോഴിഫാമുകളിലെ രോഗാണു കലർന്ന വെള്ളം, കാഷ്ഠം, തീറ്റ, ഉപകരണങ്ങൾ, വസ്ത്രങ്ങൾ എന്നിവയുമായുള്ള സമ്പർക്കം. ശ്വസനത്തിലൂടേയും രോഗം പകരാം. ഹാച്ചറികളിൽ ഇൻകുബേറ്ററിൽ വിരിയുന്ന കോഴിക്കുഞ്ഞിന് പൊട്ടലുള്ള മുട്ടത്തോടിലൂടെയും രോഗപകർച്ചയ്ക്ക് സാധ്യതയുണ്ട്. രോഗബാധിത പ്രദേശങ്ങളിൽ നിന്നെത്തുന്ന താറാവുകളും/കോഴികളും വാഹനങ്ങളും ഉപകരണങ്ങളും മുട്ടയും മുട്ടപാത്രങ്ങളും കോഴിവളവുമെല്ലാം രോഗം ദൂരെ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു.

രോഗലക്ഷണങ്ങൾ

മനുഷ്യരിൽ പെട്ടെന്നുള്ള കടുത്ത പനി, തലവേദന, ശരീരവേദന, തൊണ്ടവേദന, കടുത്ത ചുമ, കഫത്തിൽ രക്തം, ന്യൂമോണിയയുടെ ലക്ഷണങ്ങൾ, ശ്വാസതടസ്സം എന്നിവ പ്രധാന ലക്ഷണങ്ങളാണ്. ചിലപ്പോൾ ഛർദിയും വയറിളക്കവും ഉണ്ടാകാം.

കോഴി/താറാവുകളിലാകട്ടെ കടുത്ത ക്ഷീണം, തീറ്റയെടുക്കാതിരിക്കുക, മുട്ടയുല്പാദനം കുറയുക, ചെവിയുടെ ഭാഗങ്ങളിലും കണ്ണിലും രക്തപ്പൊട്ടുകൾ എന്നിവ കാണാം. പൂവും ആടയും വിളറി നീലിമ കലർന്ന നിറമാകും. ഇവയിൽ ദ്രാവകം നിറഞ്ഞ പൊള്ളലുകളും പ്രത്യക്ഷപ്പെടാം. ആടയിൽ നീർക്കെട്ട്, ശ്വാസതടസ്സം, കറക്കം, തലതിരിക്കൽ, ഞെട്ടൽ എന്നിവയും കാണപ്പെടും. ശ്വാസകോശ ദഹനേന്ദ്രിയനാഡീ സംബന്ധിയായ ലക്ഷണങ്ങളാണ് മൊത്തത്തിൽ പ്രത്യക്ഷപ്പെടുന്നത്.

പ്രതിരോധവും ചികിത്സയും
മനുഷ്യനിൽ രോഗപ്രതിരോധത്തിനുള്ള വാക്സിൻ കണ്ടെത്താനുള്ള ശ്രമത്തിന് ഏറെക്കുറെ വിജയം കണ്ടിട്ടുണ്ടെങ്കിലും പ്രയോഗത്തിലായിട്ടില്ല. വൈറസുകളുടെ തുടരെത്തുടരെയുള്ള ജനിതകമാറ്റം (മ്യൂട്ടേഷൻ) ഫലപ്രദമായ വാക്സിനു പ്രതിസന്ധി സൃഷ്ടിക്കുന്നു.

രോഗബാധ ഒഴിവാക്കാം
ദേശാടന പക്ഷികൾ പതിവായി എത്തുന്ന പ്രദേശങ്ങളി്യൽ കൂടുതൽ ജാഗ്രത ഗവണം.വൈറസുകളുടെ ചില പ്രത്യേകതകൾ തിരിച്ചറിയുന്നത് രോഗബാധ ഒഴിവാക്കുന്നതിന് സഹായകമാണ്. 59 ഡിഗ്രി സെന്റിഗ്രേഡ് ചൂടിൽ 3 മണിക്കൂർ കൊണ്ടും 60 ഡിഗ്രി സെന്റിഗ്രേഡിൽ 30 മിനിറ്റു കൊണ്ടും 70 ഡിഗ്രിയിൽ 15 മിനിറ്റുകൾക്കകവും ഇൻഫ്ളുവൻസ വൈറസ് നശിക്കും. അതിനാൽ തന്നെ കോഴിയിറച്ചിയും മുട്ടയും നന്നായി വേവിച്ച് (70 ഡിഗ്രി സെന്റിഗ്രേഡിനു മുകളിൽ) കഴിയ്ക്കുക. വാട്ടിയ മുട്ടയും, ബുൾസൈയും ഒഴിവാക്കുക. രോഗം നിർണയിച്ചുകഴിഞ്ഞാൽ മുഴുവൻ താറാവ്/കോഴിപ്പറ്റങ്ങളെയും (3കിലോമീറ്ററിലുള്ളവ) നശിപ്പിച്ച് കത്തിച്ചുകളയുകയോ കുഴിച്ചുമൂടുകയോ ചെയ്യണമെന്നാണ് ലോകാരോഗ്യ സംഘടനയുടെ പ്രോട്ടോക്കോൾ.

കോഴികളുമായി അടുത്തിടപഴകുന്നത് ഒഴിവാക്കണം. സമ്പർക്കപ്പെടുന്നവർ കൈയുറകളും മുഖാവരണവും ധരിക്കണം. കൈകൾ സോപ്പ്, സ്പിരിറ്റ്, സാവലോൺ, ഡെറ്റോൾ ഇവയിലൊന്ന് ഉപയോഗിച്ച് വൃത്തിയാക്കണം. രോഗബാധയുള്ള ഫാമുകളിൽ നിന്ന് മറ്റു ഫാമുകൾ സന്ദർശിക്കാതിരിക്കുക, കോഴി ചന്തകളിലും അതിർത്തികളിലൂടെയുള്ള കോഴികടത്തലിലും അതീവ ജാഗ്രത വേണം.

കുമ്മായം, ബ്ലീച്ചിങ് പൗഡർ എന്നിവ ഫാമുകളിലും മറ്റും പരിസര അണുനശീകരണത്തിന് ഉത്തമമാണ്. പക്ഷികളിൽ രോഗലക്ഷണം കണ്ടാൽ എത്രയും വേഗം  അധികൃതരെ വിവരം അറിയിക്കണം. 

(മൃഗസംരക്ഷണ വകുപ്പ്‌ മുൻ ജോയിന്റ് ഡയറക്ടറാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top