06 October Thursday

ജൈവ ഘടികാരമെന്ന അത്ഭുതം

ഡോ. മിഥിലാ പത്‌മൻUpdated: Sunday Jul 31, 2022

ജൈവഘടികാരത്തെ പറ്റിയുള്ള പഠനഗവേഷണങ്ങൾ  കൗതുകകരമാണ്‌. ആരോഗ്യമേഖലയിലെ ഗവേഷണങ്ങൾക്ക്‌ ഏറെ കരുത്തു പകരുന്ന ഗവേഷണങ്ങളാണിവ. ബയോളജിക്കൽ ക്ലോക്ക് (Biological clock), ജീൻ ക്ലോക്ക് (Gene clock), സിർകാഡിയൻ ക്ലോക്ക് (Circadian clock) എന്നിങ്ങനെയാണ് ഈ ‘അത്ഭുത ഘടികാര’ത്തിന്‌ ശാസ്ത്രം നൽകിയിരിക്കുന്ന പേര്. പാരമ്പര്യം എന്ന് വിളിക്കുന്ന ഡിഎൻഎ  തന്മാത്രകളിൽ ഒളിഞ്ഞിരിക്കുന്ന വിവരങ്ങളാണ് ഇത്തരത്തിലുള്ള ക്ലോക്കിനെ നിയന്ത്രിക്കുന്നതും പ്രവർത്തിപ്പിക്കുന്നതും. ജീനുകൾ നൽകുന്ന വിവരങ്ങൾക്കനുസരിച്ചാണ് ശരീരത്തിൽ മാംസ്യം (protein) നിർമിക്കപ്പെടുന്നത്.

ആർഎൻഎ നിർമിക്കുന്ന പ്രോട്ടീൻ രൂപപ്പെടുന്നതിനനുസരിച്ചാണ് ഓരോ മനുഷ്യന്റെയും (അല്ലെങ്കിൽ ഓരോ ജീവജാലങ്ങളുടെയും) ശരീരം  പ്രവർത്തിക്കുന്നതും പ്രതികരിക്കുന്നതും. ഉദാഹരണത്തിന് ജീൻ നൽകുന്ന വിവരമനുസരിച്ച്‌ നിർമിക്കപ്പെടുന്ന മെലാടോണിൻ (melatonin) എന്ന ഹോർമോണാണ് നാം ഉറങ്ങുന്നതും ഉറക്കമുണരുന്നതും നിയന്ത്രിക്കുന്നത്. സൂര്യനസ്‌തമിച്ചാൽ ഈ ഹോർമോണിന്റെ അളവ് ഉയരുകയും, തന്മൂലം  ഉറക്കം ലഭിക്കുകയും, സൂര്യൻ  ഉദിച്ചാൽ  മെലാടോണിൻ അളവ് കുറയുകയും  ഉറക്കത്തിൽനിന്ന് ഉണരുകയും ചെയ്യുന്നു. വിശപ്പിനെ നിയന്ത്രിക്കുന്നതും രോഗപ്രതിരോധശേഷി നൽകുന്നതും വൈകാരികസ്ഥിതി കൈകാര്യം ചെയ്യുന്നതും ശരീര താപനില നിയന്ത്രിക്കുന്നതുമെല്ലാം ഇത്തരത്തിലുള്ള ജനിതക -ജൈവപ്രക്രിയയിലൂടെയാണ്.

ഡിഎൻഎ തന്മാത്രകളിലൂടെ ശരീരപ്രക്രിയകൾ നടക്കുന്നത്  സമയബന്ധിതമായ  ഒരു താളത്തിലാണ്. അതുകൊണ്ടുതന്നെ ജനിതക ഘടികാരത്തിന് ഒരു  താളവുമുണ്ടത്രേ! ഉറക്കം വരിക, ഉറക്കമുണരുക, വിശപ്പ് തോന്നുക തുടങ്ങിയ ശരീരപ്രക്രിയകളെല്ലാം ഈ താളത്തിനനുസരിച്ചാണ്. ഈ താളത്തിനെ സിർകാഡിയൻ റിഥം (circadian rhythm) എന്ന്‌ പറയും. ഇതാണ്‌ ബയോളജിക്കൽ ക്ലോക്ക് എന്ന്  വിശേഷിപ്പിക്കുന്ന ജനിതക ക്ലോക്ക്.

ക്ലോക്കിന്റെ  താളം തെറ്റിക്കാനും ക്ലോക്കിനനുസൃതമായി ജീവിക്കാനും മനുഷ്യന്‌  കഴിയും  എന്നതും അത്ഭുതമാണ്‌. പുകവലി, മദ്യപാനം, തെറ്റായ ഭക്ഷണരീതി, അമിത ഉൽക്കണ്ഠ തുടങ്ങിയ ജീവിതശൈലി വ്യതിയാനങ്ങളുമെല്ലാം ഈ  ക്ലോക്കിന്റെ താളം തെറ്റിക്കുന്നു. മാനസിക സമ്മർദം കൂട്ടുന്ന കോർട്ടിസോൾ  ഹോർമോൺ നിർമാണം രാത്രികാലങ്ങളിൽ  കുറഞ്ഞ അളവിലായിരിക്കും.  അതുകൊണ്ടുതന്നെ ഒന്നുറങ്ങിയാൽ നമ്മുടെ ഒരുവിധത്തിലുള്ള ശാരീരിക- മാനസിക  പ്രശ്നങ്ങളെല്ലാം അവസാനിക്കുന്നു.  എന്നാൽ ഉറക്കമില്ലായ്മ, മാനസിക സമ്മർദം തുടങ്ങിയ പ്രശ്നങ്ങൾ കോർട്ടിസോൾ നിർമാണത്തിനെ പ്രതികൂലമായി ബാധിക്കും.

മനുഷ്യന്റെ ഡിഎൻഎയിൽ വരുന്ന മാറ്റങ്ങളാണ് വാർധക്യത്തിന് കാരണമാകുന്നതെന്ന്‌  സോമാറ്റിക് മ്യൂട്ടേഷൻ തിയറി പറയുന്നു. ജനിതക ഘടനയെ മാറ്റിമറിക്കുന്ന ഏതുതരം വ്യതിയാനങ്ങളും കോശങ്ങളുടെ സ്വഭാവത്തിൽ മാറ്റം വരുത്തുകയും കോശങ്ങളുടെ മരണത്തിന് കാരണമായിത്തീരുകയും ചെയ്യുന്നു എന്നും  ഈ സിദ്ധാന്തം വിശദീകരിക്കുന്നു. പെസ്റ്റിസൈഡ്, ഫെർട്ടിലൈസറുകൾ, മറ്റു കെമിക്കലുകൾ, വിഷപദാർഥങ്ങൾ  എന്നിവയ്‌ക്കെല്ലാം ഡിഎൻഎയിൽ  മാറ്റങ്ങൾ വരുത്താനുള്ള  ശേഷിയുണ്ട്  എന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്‌. സ്‌റ്റെം സെൽ തെറാപ്പി  (stem cell therapy) എന്ന ജനിതക വിദ്യയിൽ  മൂലകോശങ്ങളെ ഉപയോഗപ്പെടുത്തി  കോശങ്ങൾക്ക്  മാറ്റം വരുത്താനാകും.  പുതിയ കോശങ്ങൾ സൃഷ്‌ടിക്കാനും രോഗങ്ങൾ ഇല്ലാതാക്കാനും കോശങ്ങളുടെ  തെറ്റായ മാറ്റങ്ങളെ തടുത്തുനിർത്താനും കഴിയും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top