26 September Tuesday

അന്ന് രണ്ടാമൻ ഇന്ന് ഒന്നാമൻ

എം കെ ബിജു മുഹമ്മദ് bijumuhammedkarunagappally@gmail.comUpdated: Sunday Jun 11, 2023

കേരള സംഗീതനാടക അക്കാദമിയുടെ ഏറ്റവും നല്ല നടനുള്ള പുരസ്‌കാരം വൈപ്പിൻ പള്ളിപ്പുറം സ്വദേശി ബിജു ജയാനന്ദൻ നേടിയത് ആത്മസമർപ്പണത്തിന്റെ കനൽവഴികൾ താണ്ടി. കഴിഞ്ഞവർഷം ഏറ്റവും മികച്ച രണ്ടാമത്തെ നടനുള്ള പുരസ്കാരത്തിൽനിന്നാണ് ഇത്തവണ ഒന്നാമത് എത്തിയത്. ഈ അപൂർവനേട്ടം ബിജുവിനുമാത്രം സ്വന്തം. ഹേമന്ദ് കുമാർ രചിച്ച് രാജേഷ് ഇരുളം സംവിധാനംചെയ്ത രണ്ട് നക്ഷത്രങ്ങൾ എന്ന നാടകത്തിലെ സത്യപ്രതാപൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് ബിജു ജയാനന്ദൻ മികച്ച നടനായത്‌. ഏറ്റവും മികച്ച നാടകവും രണ്ടു നക്ഷത്രങ്ങൾ തന്നെ.  കൂടാതെ ഏറ്റവും മികച്ച സംവിധായകനുള്ള അവാർഡ് രാജേഷ് ഇരുളത്തിനും ഏറ്റവും മികച്ച രണ്ടാമത്തെ നാടകരചനയ്ക്കുള്ള അവാർഡ് ഹേമന്ദ് കുമാറും നേടി. 

നാടകക്കാരുരെയും രചയിതാക്കളെയും സംഭാവന ചെയ്ത മണ്ണ്‌. 1939ൽ പി ജെ ചെറിയാന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പറുദീസ നഷ്ടം എന്ന നാടകത്തിൽ ഓച്ചിറ വേലുക്കുട്ടി, സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞു ഭാഗവതർ, യേശുദാസിന്റെ പിതാവ് അഗസ്റ്റിൻ ജോസഫ് എന്നിവർ അഭിനയിച്ചിരുന്നു. പിൻതലമുറയിൽപ്പെട്ട ശങ്കരാടി, ഞാറയ്ക്കൽ ശ്രീനി, ബാലൻ അയ്യംപിള്ളി, ജേക്കബ് ഞാറയ്ക്കൽ, ബെന്നി പി നായരമ്പലം, ചെറായി സുരേഷ് എന്നിവരൊക്കെ വൈപ്പിൻകരയിലെ നാടക ചരിത്രത്തെ ദീപ്തമാക്കിയവരാണ്.

ചെറായി, പള്ളിപ്പുറം ഗ്രാമത്തിൽ യുവശക്തി ക്ലബ് സംഘടിപ്പിച്ച സി എൽ ജോസിന്റെ നാടകത്തിൽ അഭിനയിച്ചുകൊണ്ടാണ് ബിജു തന്റെ അഭിനയ യാത്രയ്‌ക്ക് നാന്ദികുറിച്ചത്. പിന്നീട് ആലുവ ശാരികയുടെ സരയു സാക്ഷിയിൽ.

ബിജു ജയാനന്ദൻ

ബിജു ജയാനന്ദൻ

മറ്റൊരാൾക്ക് പകരക്കാരനായി എത്തി. ശാരികയിൽ അഭിനയിക്കാൻ ഒരാളെ തേടുന്നുണ്ടന്ന വിവരം പറഞ്ഞത് ബിജുവിന്റെ മാതൃസഹോദരനും പ്രശസ്ത നടനുമായ സലിംകുമാർ ആയിരുന്നു. മുരുകനായിരുന്നു സംവിധായകൻ. ബിജുവിന് അഭിനയത്തിന്റെ ബാലപാഠങ്ങൾ പറഞ്ഞുകൊടുത്തതും മുരുകൻതന്നെ. ബാലൻ അയ്യൻ പള്ളിയുടെ രചനയിൽ നിരവധി നാടകം. തുടർന്ന് കൊച്ചിൻ ഭരതിൽ എത്തുന്നു. 

വഴിത്തിരിവായത് ഞാറയ്ക്കൽ ശ്രീനി

കൊച്ചിൻ സിദ്ധാർഥയിൽ ഞാറയ്ക്കൽ ശ്രീനിയുടെ സംവിധാനത്തിലും  ബെന്നി പി നായരമ്പലത്തിന്റെ രചനയിലും ദൈവം കോപിക്കാറില്ല, ഇവൾ എന്റെ മണവാട്ടി, മഹാനായ മത്തായി,അപ്പുപ്പന് 100 വയസ്സ്, സ്വർഗത്തേക്കാൾ സുന്ദരം, മഴവിൽ കിനാവ് തുടങ്ങിയ നാടകങ്ങളിലും ശ്രദ്ധേയമായ വേഷങ്ങളിൽ ബിജു തിളങ്ങി. മൈക്കിനു മുന്നിൽ വന്ന് മസിൽ പിടിച്ച് ഘടാഘടിയൻ ഡയലോഗ് പറയുന്നതല്ല അഭിനയമെന്നും ജീവിതത്തിന്റെ റിയാലിറ്റി, സ്വാഭാവികതയൊക്കെയാണ് നടന്റെ അടിസ്ഥാന ഗുണങ്ങൾ എന്നും കഥാപാത്രത്തെ തന്നിലേക്ക് ലയിപ്പിക്കുന്നവനാണ് നടനെന്നും ഞാറയ്ക്കൽ ശ്രീനിയിൽനിന്നും പഠിച്ചു. അതിനുശേഷം  മാതൃസഹോദരൻ നടൻ സലിംകുമാറിന്റെ കൊച്ചിൻ ആരതിയുടെ ദുബായ്‌ കത്ത്, അമ്മ തറവാട്, അവൻ അടുക്കളയിലേക്ക് തുടങ്ങിയ നാടകങ്ങളിൽ നല്ല കഥാപാത്രങ്ങൾ ചെയ്യാൻ അവസരംകിട്ടി. ഹേമന്ദ് കുമാർ / രാജേഷ് ഇരുളം ടീം ഒരുക്കിയ സാമൂഹ്യപാഠം നാടകത്തിൽ ബിജു അവതരിപ്പിച്ച ഷോബി എന്ന കഥാപാത്രത്തെ പ്രേക്ഷകർക്ക് മറക്കാൻ കഴിയില്ല. പാലാ കമ്യൂണിക്കേഷൻസിന്റെ ഫെയ്‌സ്ബുക്കിൽ കണ്ട മുഖം എന്ന നാടകത്തിലും  ബിജു ഉണ്ടായിരുന്നു. ചില നേരങ്ങളിൽ ചിലർ, വെയിൽ എന്നീ നാടകങ്ങളിലെ കഥാപാത്രങ്ങൾ ബിജുവിന്റെ അഭിനയ ജീവിതത്തിൽ അവിസ്മരണീയമായിരുന്നു. അഞ്ചുവർഷംമുമ്പ് വെയിൽ നാടകത്തിൽ തലനാരിഴയ്‌ക്കാണ് മികച്ച നടനുള്ള പുരസ്കാരം നഷ്ടപ്പെട്ടത്. 

ഓട്ടോറിക്ഷാ തൊഴിലാളി, പൊതുപ്രവർത്തകൻ, വായനക്കാരൻ... അഭിനയ തികവുകൊണ്ട് അരങ്ങിനെ വിസ്മയിപ്പിക്കുന്ന ബിജു പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് മുൻ മെമ്പറാണ്. ഇപ്പോൾ സിപിഐ എം  പള്ളിപ്പുറം ലോക്കൽ കമ്മിറ്റി അംഗമാണ്‌. നാടകമില്ലാത്തപ്പോൾ സ്വന്തമായി വാങ്ങിയ ഓട്ടോ റിക്ഷയോടിച്ച് ജീവിതത്തിന്റെ വഴി കണ്ടെത്തുന്നു. ഒഴിവ് സമയങ്ങളിൽ പുസ്തകവായനയാണ്  ഹോബി. വായന തന്റെ അഭിനയ ജീവിതത്തിന് കരുത്തുനൽകുന്നതായി ബിജു പറഞ്ഞു.

അമ്മ ഉണ്ടായിരുന്നെങ്കിൽ

തന്റെ ഈ നേട്ടങ്ങളൊന്നും കാണാൻ അമ്മയില്ലാതെ പോയത് ബിജുവിന്റെ സ്വകാര്യ സങ്കടമാണ്. അമ്മ സരോജ ബിജുവിന് 11 വയസ്സുള്ളപ്പോൾ മരിച്ചു. അച്ഛൻ: ജയാനന്ദൻ. സഹോദരി: ബിന്ദു. ഭാര്യ: ഷാലിമ. മക്കൾ: ഭരത് കൃഷ്ണ ,ശ്വേത.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top