20 January Thursday

"പടകാളി, ചണ്ഡി ചങ്കരി"; വാക്കുകളുടെ ഭാവസൗന്ദര്യം

വെബ് ഡെസ്‌ക്‌Updated: Friday Nov 26, 2021


'യോദ്ധ'ക്കുവേണ്ടി ബിച്ചുതിരുമല എഴുതി എ ആര്‍ റഹ്‌മാന്‍ ഈണമിട്ട പടകാളി, ചണ്ഡി ചങ്കരി മലയാളത്തിലെ മികച്ച  ജനപ്രിയ ഗാനങ്ങളിലൊന്നാണ്. എന്നാല്‍ അവ തെറ്റിച്ചാണ് പലരും പാടുന്നതെന്ന് ബിച്ചു പരിഭവിക്കുകയുണ്ടായി.

സംവിധായകന്‍ സംഗീത് ശിവന്‍ കഥാസന്ദര്‍ഭം വിവരിച്ചപ്പോള്‍ മനസ്സില്‍  തെളിഞ്ഞത് ഭദ്രകാളിയുടെ രൂപമാണ്. രൗദ്രരൂപത്തിലുള്ള ദേവിയെ സ്തുതിക്കുന്ന പടകാളി, പോര്‍ക്കലി, ചണ്ഡി, മാര്‍ഗിനി തുടങ്ങിയ പദങ്ങളാണ് പാട്ടില്‍. പറമേളം, ചെണ്ട, ചേങ്കില, ധിംതുടി മദ്ദളം തുടങ്ങി വാദ്യവും ആരാധനയുമായി ബന്ധപ്പെട്ട പദങ്ങളും. ഹാസ്യമാണെങ്കിലും വാക്കുകള്‍ക്ക് അര്‍ഥമുണ്ടാകണമെന്ന് നിര്‍ബന്ധമുള്ളതിനാല്‍ ശ്രദ്ധാപൂര്‍വമാണ്  അവ ഉപയോഗിച്ചത്. എന്നാല്‍ റിയാലിറ്റി ഷോകളിലും സ്റ്റേജിലും ആ പാട്ട് കേള്‍ക്കുമ്പോള്‍ സന്തോഷമെങ്കിലും നിരാശയും തോന്നിയെന്ന് അദ്ദേഹം പറയുകയുണ്ടായി.

ചണ്ഡി ചങ്കരി കഴിഞ്ഞാല്‍  പോക്കിരി, മാക്കിരി തുടങ്ങി തോന്നിയപോലുള്ള വാക്കുകളാണ് പാടി കേള്‍ക്കാറ്. പോര്‍ക്കലി, മാര്‍ഗിനി തുടങ്ങിയ ദേവിയുടെ പര്യായങ്ങള്‍ അപ്രത്യക്ഷവുമായി. പാട്ടിന്റെ ഈ വിപര്യയം എഴുത്തിലും ആസ്വാദനത്തിലും വന്നുചേര്‍ന്ന താളപ്പിഴകളാണ് ഓര്‍മിപ്പിച്ചത്.

ഇത്തരത്തില്‍ ജനപ്രിയത നേടിയ ചില പാട്ടുകളാണ് ഐ വി ശശി ചിത്രമായ അങ്ങാടിക്കുവേണ്ടി രചിച്ച "പാവാട വേണം മേലാട വേണം പഞ്ചാര പനങ്കിളിക്ക്... 'കാക്കപൂച്ച കൊക്കരക്കോഴി', 'സുന്ദരീ സുന്ദരീ', 'ചെപ്പുകിലുക്കണ ചങ്ങാതി തുടങ്ങിയവ. രാകേന്ദു കിരണങ്ങളും നീലജലാശയവുമെല്ലാം പിറന്ന തൂലികയില്‍നിന്നാണ് ഈ ദ്രുതഗീതികളും ഹാസ്യഗീതങ്ങളും വിരിഞ്ഞതെന്നത് മറക്കാവതല്ല.

ബിച്ചു ചെന്നൈയിലും ഉമ്മര്‍ ആന്ധ്രയിലുമിരുന്ന് തയ്യാറാക്കിയതാണ് അംഗീകാരം എന്ന ചിത്രത്തിലെ നീലജലാശയത്തില്‍ എന്ന സൂപ്പര്‍ ഹിറ്റ് ഗാനം. തിരുവനന്തപുരത്തെ വീട്ടില്‍ എഴുതിവച്ച പാട്ട് ചെന്നൈയിലിരുന്ന് ഫോണില്‍ കേട്ട് വീണ്ടും പകര്‍ത്തിയാണ് ഉമ്മറിന് നല്‍കിയത്. റെക്കോര്‍ഡിങ് കഴിഞ്ഞപ്പോള്‍ ഗംഭീരമെന്ന് എസ് ജാനകി പ്രതികരിച്ചതും ബിച്ചു ഓര്‍മിച്ചിട്ടുണ്ട്.  

1979ലെ ഐ വി ശശിയുടെ 'മനസാ വാചാ കര്‍മണ'യിലെ പ്രഭാതം പൂമരക്കൊമ്പില്‍ തൂവല്‍ കുടഞ്ഞു എന്ന പാട്ടില്‍ ബിച്ചുതിരുമലയുടെ കാവ്യഭാവന പീലവിടര്‍ത്തിനിന്നു.  എ ടി ഉമ്മറിന്റെ ഈണത്തില്‍ എസ് ജാനകി പാടിയ അതില്‍ പുലരിയുടെ സൗന്ദര്യവും പ്രസരിപ്പുമുണ്ട്.

ആസ്വാദകഹൃദയങ്ങളില്‍ പ്രകാശവും പൂമണവും കുളിര്‍കാറ്റും നിറക്കുന്ന അത് മലയാളത്തിലെ എന്നത്തെയും മികച്ച ഗാനങ്ങളിലൊന്ന്. അതേപോലെ 'വെള്ളിച്ചില്ലം വിതറി തുള്ളിത്തുള്ളിയൊഴുകും' എന്ന പാട്ടില്‍ അരുവിയുടെ ഒഴുക്കും കുതിപ്പും കുസൃതിയുമെല്ലാം നോക്കുക. ഇങ്ങനെ ഭാവത്തെ അനുഭവമാക്കുന്ന പദസൗകുമാര്യതയും അനര്‍ഗളതയും ആ തൂലികയുടെ മാസ്മര ഭാവന  വെളിവാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top