25 January Tuesday

ഈണങ്ങളിലെ ആഘോഷം

അനു പാപ്പച്ചൻUpdated: Saturday Nov 27, 2021


‘ഓലത്തുമ്പത്തിരുന്നൂയലാടും ചെല്ലപൈങ്കിളീ..’  ഈ  പാട്ടുകേൾക്കുമ്പോഴുള്ള ഓമനത്തംപോലെ, ഏറെ സ്നേഹം തോന്നുന്ന പേരാണ് ബിച്ചു. ഔദ്യോഗിക പേരിനെക്കാൾ ചേതസുള്ളത്‌. ആ ചെല്ലപ്പേരുപോലെ യൗവനയുക്തവും ഊർജസ്വലവുമായിരുന്നു അദ്ദേഹത്തിന്റെ പാട്ടുകൾ. ഈണത്തിനനുസരിച്ച് വ്യത്യസ്തമായ എഴുതുന്നതിലെ അപൂർവ മിടുക്ക് മലയാള ഗാനശാഖയെ വേണ്ടുവോളം പുഷ്ടിപ്പെടുത്തി. കാലത്തിനനുസരിച്ച്‌ ഭാവുകത്വമാറ്റം  ഉൾക്കൊള്ളുന്ന ഗാനരചയിതാവ് എന്നും  മുതൽക്കൂട്ടാണ്.

1970കൾ മുതലുള്ള അഞ്ചു പതിറ്റാണ്ട് അദ്ദേഹം ഴുതിയ ആയിരത്തോളം പാട്ടുകൾ വൈവിധ്യങ്ങളുടെ ഗാനമാലയാണ്. ഭാഷയിലെയും ശൈലിയിലെയും  ട്രെൻഡുകൾ "ഗാനങ്ങൾ ബിച്ചു തിരുമല’എന്ന ട്രേഡ് മാർക്കായി അടയാളപ്പെട്ടു. കാവ്യഭംഗിയും  ഇമേജറികളും  ആ ഗാനങ്ങളിൽ ലാവണ്യത്തോടെ വിരിയുന്നുണ്ട്. വാകപ്പൂമരം ചൂടും വാരിളം പൂങ്കുലയ്ക്കുള്ളിൽ, ശ്രുതിയിൽ നിന്നുയരും നാദശലഭങ്ങളേ.. എന്നീ വരികളുടെ ആന്തരസൗന്ദര്യം അപാരമാണ്‌. "മൈനാകം കടലില്‍ നിന്നുയരുന്നുവോ’ കേട്ട് കുട്ടിക്കാലത്ത് മൈനാകം എന്തെന്ന് അന്വേഷിച്ചിട്ടുണ്ട്‌.ഒറ്റക്കമ്പി നാദം മാത്രം മൂളും വീണാഗാനം, ഏഴുസ്വരങ്ങളും തഴുകി വരുന്നൊരു ഗാനം‐ ഇങ്ങനെ സംഗീതാനുബന്ധിയായി വർണനകൾ നിറയുന്ന മനോഹര ഗാനങ്ങളും.

"നീർപളുങ്കുകൾ ചിതറി വീഴുമീ,തേനും വയമ്പും, ഒളിക്കുന്നുവോ മിഴിക്കുമ്പിളിൽ, ഓർമയിലൊരു ശിശിരം, പൂങ്കാറ്റിനോടും കിളികളോടും,ആലാപനം തേടും തായ്മനം, കണ്ണീർക്കായലിലേതോ, പഴം തമിഴ് പാട്ടിഴയും‐ഇങ്ങനെ ഏവരും ഇഷ്ടത്തോടെ  കേൾക്കുന്ന പൊതുവായ പാട്ടുകളും ബിച്ചുവിന്റേതായുണ്ട്. ഈണത്തിലും രാഗത്തിലും ലയത്തിലും വാക്കുകൾ അലിഞ്ഞപോലെ ചേർന്നിരിക്കുന്നവ. ആയിരക്കണക്കിന് പാട്ടുകളുടെ ശേഖരത്തിൽനിന്ന് അനിതരസാധാരണമായ ഒട്ടേറെ  വാക് പ്രയോഗങ്ങൾ കണ്ടെടുക്കാനാവും. പലതരം  വാക്കുകൂട്ടങ്ങളുടെ രസകരമായ ചേർച്ച പുതുമയോടെ നിൽക്കുന്നു. ‘യോദ്ധ'യിലെ "പടകാളി’ ഒരിക്കലെങ്കിലും പാടാത്തവരുണ്ടോ? ഗാനമേളകളിൽ മാത്രമല്ല, ബസിലും കുളിമുറിയിലും കൂട്ടുസദസിലും അന്താക്ഷരിയിലും ആ പാട്ടു കഷണങ്ങൾ മലയാളിയുടെ നാവിൻതുമ്പത്ത് നിഷ്‌പ്രയാസം  ഓടിവരുന്നു.

"സുന്ദരി... സുന്ദരി ഒന്നൊരുങ്ങി വാ.... എന്നു പാടാത്ത കുട്ടിക്കാലമില്ല. ‘നിറ'ത്തിലെ ‘പ്രായം നമ്മില്‍ മോഹം നല്‍കി’ ടീനേജ് ഹരമായിരുന്നു.‘വിയറ്റ്‌നാം കോളനി'യിലെ "താംതകതോം തതോം തതോം/തകധിമി താളമേളം പാട്ടും കൂത്തും... വരികളിലെ ചടുലത പാട്ടുകാരല്ലാത്തവരും ആഘോഷിക്കാറുണ്ട്. "രാപ്പാടി പക്ഷിക്കൂട്ടം’ മറ്റൊരു  ഹിറ്റ്‌. പെൺകുട്ടിക്കൂട്ടങ്ങളിലും വിനോദയാത്രകളിലും ഇപ്പോഴും കേൾക്കുന്നവ."മഞ്ഞണിക്കൊമ്പിൽ ഒരു കിങ്ങിണിത്തുമ്പിൽ‐ - വാക്കിന്റെ പ്രാസച്ചേർച്ച ഈണത്തിൽ ഭദ്രം. ‘മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ' ഗാനങ്ങൾ മലയാളിയുടെ എക്കാലത്തെയും ശേഖരത്തിൽ അരുമയോടെ ചേരുമ്പോൾ അതിലെ താരങ്ങളെക്കൂടി ഹൃദയത്തിലെത്തിച്ചു.*ബിച്ചു തിരുമല‐ -ശ്യാം കൂട്ടുകെട്ട് നൽകിയ ജനപ്രിയത ചെറുതല്ല. ഒരു മധുരക്കിനാവിൻ ലഹരിയിൽ, കണ്ണും കണ്ണും‐ തുടങ്ങി നിരവധി ഉദാഹരണങ്ങൾ. എടി ഉമ്മർ-‐ബിച്ചു - എസ്‌ ജാനകി കൂട്ടുകെട്ടിലെ, ‘രാകേന്ദു കിരണങ്ങൾ ഒളിവീശിയില്ല..’ ‘അവളുടെ രാവുകൾ' സിനിമയുടെ എക്കാലത്തെയും അടയാളപ്പെടുത്തലായ പാട്ട്‌. നർമസന്ദർഭപ്പാട്ടുകളുമുണ്ട്‌‐ റാംജിറാവുവിലെ അവനവൻ കുരുക്കുന്ന കുഴികളിൽ, കളിക്കളം ഇതു കളിക്കളം, ഗോഡ്ഫാദറിലെ ആനപ്പാറേലച്ചമ്മക്കും കൊച്ചമ്മയ്ക്കും കാവല്‍പ്പട്ടാളം.  തൊണ്ണൂറുകളിലെ ഹാസ്യതരംഗത്തിന്  ബിച്ചു ശക്തമായ പിന്തുണനൽകി. ഇൻഹരിഹർ നഗറിലെ ‘ഉന്നം മറന്ന് തെന്നിപ്പറന്ന’യും മാന്നാർ മത്തായിലെ ‘മച്ചാനെ വാ എൻ മച്ചാനെ’യും  കിലുക്കത്തിലെ ഊട്ടിപ്പട്ടണവും ഉൾപ്പെടെ കുസൃതിപ്പാട്ടുകൾ ഏറെ."ഉണ്ണികളേ ഒരു കഥ പറയാം "ഔസേപ്പച്ചന്റെ  ഈണത്തിനിണങ്ങിയ ഹിറ്റ് പാട്ടായി. എൻപൂവേ പൊൻപൂവേ, കിലുകിൽ പമ്പരം, കൊഞ്ചി കൊഞ്ചി,ലല്ലലം ചൊല്ലുന്ന, മകളേ പാതി മലരേ‐ എന്നിങ്ങനെ കൊഞ്ചിച്ചും ലാളിച്ചും ഉത്സാഹപൂർവം വാക്ക്  നെഞ്ചോട് ചേരും സന്ദർഭങ്ങളും ബിച്ചുവിന്റെ ഗാനങ്ങളിലുണ്ട്.

കാവ്യഭാവനകളുടെ ഗാംഭിര്യവും ലാളിത്യവും ഒരുപോലെ വഴങ്ങിയ തൂലികയായിരുന്നു അത്. "ഒറ്റക്കമ്പി "യിൽ മന്ദ്രസ്ഥായിയിൽ നിൽക്കുംപോലെ,"പാൽനിലാവിനും ഒരു നൊമ്പരം എന്നു തുടങ്ങി.. മണ്ണിനു മരങ്ങൾ ഭാരം.. എന്നു ഉച്ചസ്ഥായിയിലും ആ വരികൾ ഉയർന്നു പോകും. ഗായകർക്കും സംഗീത സംവിധായകർക്കും ഏതറ്റംവരെയും പോകാനുള്ള പരീക്ഷണങ്ങൾക്ക്‌  ആ വരികൾ സാധ്യത നൽകി.

പാട്ടിനെ സിനിമ വാണിജ്യത്തിന്‌മാത്രം ഉപയോഗിച്ചപ്പോഴും യുവതയുടെ ലാഘവത്തവും ഉത്സാഹവും നിറഞ്ഞ, ജീവിതത്തെ അടയാളപ്പെടുത്താൻ അർഥമില്ലാത്ത വാക്കുകളും ശബ്ദങ്ങളും കൊണ്ടുപോലും അർഥവും താളവുമുണ്ടാക്കിയ രചയിതാവായിരുന്നു ബിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top