23 March Saturday

ഭാഗ്യശ്രീ: കലൈഞ്ജറുടെ പ്രിയ ‘മേരി’

വി കെ അനുശ്രീUpdated: Thursday Aug 9, 2018

തിരുവനന്തപുരം
ആൾക്കൂട്ടത്തിൽ കടന്നുപോയ മുഖങ്ങളും ഒരിക്കലെങ്കിലും കേട്ട ശബ്ദവും കൃത്യമായി ഓർത്തുവയ്ക്കുന്ന അസാധാരണ പാടവം. അടുത്ത പരിചയക്കാരെപോലും അത്ഭുതം കൊള്ളിച്ചിരുന്ന നിരവധി ‘കലൈഞ്ജർ മാജിക്കു’കളിൽ ഒന്ന‌്. തന്റെ തൂലികയിൽ പിറന്ന നായികാ കഥാപാത്രത്തെ അഭ്രപാളിയിൽ അവിസ്മരണീയമാക്കിയ നടിയെ യാദൃച്ഛികമായി കണ്ടപ്പോൾ തലയിൽ കൈവച്ച‌് കലൈഞ്ജർ നൽകിയ അനുഗ്രഹം ഏറ്റവും വലിയ ഭാഗ്യമായി കരുതുന്നെന്ന‌് പറയുന്നു നടി ഭാഗ്യശ്രീ.

1983ൽ പതിമൂന്നാം വയസ്സിൽ ‘ദേവിയിൻ തിരുവിളൈയാടലി’ലൂടെയാണ‌് മലയാളിയായ ഭാഗ്യശ്രീയുടെ സിനിമാ അരങ്ങേറ്റം. ‘കുങ്കുമം’ ആഴ്ചപ്പതിപ്പിൽ പരമ്പരയായി പ്രസിദ്ധീകരിച്ച‌്, പിന്നീട‌് നാടകമായി തമിഴകത്തുടനീളം അരങ്ങേറിയ ‘ഒരേ രത്തം’ സിനിമയാക്കാൻ കലൈഞ്ജർ തീരുമാനിക്കുമ്പോൾ തമിഴകത്തെ തിരക്കേറിയ നായികമാരിൽ ഒരാളായിരുന്നു അവർ. ജാതിവെറിയെ ചോദ്യംചെയ്യുന്ന കഥയിലെ ധീരനായികാ വേഷത്തിന‌് ഭാഗ്യശ്രീയെ തെരഞ്ഞെടുത്തതും കരുണാനിധി തന്നെ. തന്റെ ഭാവനയിൽ വിരിഞ്ഞ ചെറുവേഷത്തിനെങ്കിലും കാത്തുനിന്ന മുൻനിരതാരങ്ങളെ തഴഞ്ഞായിരുന്നു കാസ്റ്റിങ‌് ചുമതല സ്വയംഏറ്റെടുത്ത കഥാകൃത്ത‌് ഭാഗ്യശ്രീയിൽ തന്റെ ‘മേരി’യെ കണ്ടെത്തിയത‌്.

ശിവഗംഗ ജില്ലയിലെ കാരൈക്കുടിയിൽ ഡിഎംകെയുടെ ആദ്യകാല നേതാവ‌ു കൂടിയായിരുന്ന മുത്തച്ഛൻ ഗോവിന്ദനിൽനിന്ന‌് കലൈഞ്ജർ കഥകൾ കേട്ടുവളർന്ന നടി പാക്കപ‌് വരെയും തലൈവരെ കാണാൻ കാത്തിരുന്നു. എന്നാൽ, ‘ഒരേ രത്ത’ത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച മകൻ എം കെ സ്റ്റാലിന്റെ പ്രകടനം കാണാൻപോലും കരുണാനിധി ലൊക്കേഷനിൽ എത്തിയില്ല. എഴുത്ത‌് പൂർത്തിയാകുന്നതോടെ രചയിതാവിന്റെ റോൾ കഴിഞ്ഞെന്നും ആവിഷ്കാരം സംവിധായകന്റെ സ്വാതന്ത്ര്യമാണെന്നുമുള്ള ഉറച്ച വിശ്വാസമായിരുന്നു ആ വിട്ടുനിൽക്കലിനു കാരണം.

സിനിമയുടെ വിജയാഘോഷത്തിൽപോലും പങ്കെടുക്കാത്ത എഴുത്തുകാരനെ നായിക ആദ്യമായി നേരിൽ കാണുന്നത‌് ഒരു വർഷത്തിനിപ്പുറം, ആകസ‌്മികമായി  ഒരു പൊതുപരിപാടിയിലാണ‌്. മിണ്ടാൻ മടിച്ചുനിന്ന ‘മേരി’യെ അത്ഭുതപ്പെടുത്തി അടുത്തേക്ക‌് വന്ന‌് പരിചയപ്പെട്ടു. ‘‘നാൻ നെനൈച്ചതെ വിടെ നല്ലാ പണ്ണീരുന്തേ പാപ്പാ. പെരിയ നടികയാ വരുവായ‌്’’ (ഞാൻ വിചാരിച്ചതിനേക്കാൾ നന്നായി ചെയ്തു. വലിയ നടിയാകും) എന്ന‌് തലയിൽ കൈവച്ച‌് അനുഗ്രഹിച്ച‌് സ്വന്തം ഇരിപ്പിടത്തിലേക്ക‌് മടങ്ങിയ തലൈവരെക്കുറിച്ച‌് നടിക്ക‌് പറയാൻ ഒന്നേയുള്ളൂ﹣ തികഞ്ഞ കലാകാരൻ.

മലയാളത്തിൽ ഭാഗ്യലക്ഷ‌്മിയായും മറ്റ‌് ദക്ഷിണേന്ത്യൻ ഭാഷകളിൽ ഭാഗ്യശ്രീയായും അമ്പതിലേറെ സിനിമകൾ ചെയ്ത‌് 2000ത്തോടെ സിനിമാരംഗത്തുനിന്ന‌് വിടപറഞ്ഞ മേരിയെ പക്ഷെ കരുണാനിധി മറന്നില്ല. 2015ൽ കലൈഞ്ജർ ടിവിയിൽ കരുണാനിധി എഴുതിയ ‘രാമാനുജം’ സീരിയലിലെ പ്രധാന കഥാപാത്രമാകാൻ അവസരം വന്നപ്പോൾ അതുകൊണ്ടുതന്നെ ആദ്യം  അവർ അമ്പരന്നു. കഥാപാത്രമാകാൻ തന്റെ പഴയ ‘മേരി’ തന്നെ വേണമെന്ന കലൈഞ്ജരുടെ നിർബന്ധം ബഹുമതിയായി സ്വീകരിച്ചു അവർ. അഭിനയം നന്നാകുന്നെന്ന‌് സംവിധായകൻ വഴി അടിക്കടി അറിയിക്കാനും കരുണാനിധി മറന്നില്ല.

സുഖം പ്രാപിച്ച‌് വീട്ടിലെത്തി ‘‘നല്ലാ പണ്ണീരുന്തേ’’ എന്ന വാക്കുകൾ വീണ്ടും കേൾക്കാനാകുമെന്ന നടിയുടെ പ്രതീക്ഷ കൂടിയാണ‌് ദ്രാവിഡ സൂര്യനൊപ്പം അസ്തമിച്ചത‌്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top