20 March Wednesday

ഒരു മാര്‍ക്സിസ്റ്റിന്റെ സിനിമോട്ടോഗ്രാഫ്‌ ഒഴിയാബാധകള്‍

ജി പി രാമചന്ദ്രന്‍Updated: Tuesday Nov 27, 2018

ഒരു പെയിന്റർ ചിത്രകലയിൽത്തന്നെ ജീവിക്കുകയും ഭക്ഷിക്കുകയും ഉറങ്ങുകയും ചെയ്യുന്നതുപോലെ, സിനിമയിൽത്തന്നെ ജീവിക്കാനും അതിനുവേണ്ടി മാത്രമായി ജീവിക്കാനും  സിനിമോട്ടോഗ്രാഫിക്കായി ചിന്തിക്കാനും ഭക്ഷിക്കാനും ഉറങ്ങാനും കഴിയുന്ന ഒരു കാലത്തെയായിരുന്നു ബെർണാർഡോ ബെർത്തലൂച്ചി സ്വപ്നം കണ്ടത്. പാർമ എന്ന ഇറ്റാലിയൻ നഗരത്തിൽ 1940 മാർച്ച് 16നാണ്  ബെർത്തലൂച്ചി ജനിച്ചത്. കവിയും കലാചരിത്രകാരനും ചലച്ചിത്രനിരൂപകനുമായിരുന്ന അത്തീലിയോയായിരുന്നു പിതാവ്. ഇറ്റാലിയൻ മാസ്റ്ററായ പിയറെ പൗലോ പസോളിനിയുടെ അസിസ്റ്റന്റായി അക്കത്തോണി(1961)ൽ പ്രവർത്തിച്ചുകൊണ്ടാണ‌് ബെർണാർഡോ  സിനിമാരംഗത്തെത്തിയത‌്. അ‍ഞ്ചുപതിറ്റാണ്ടിലധികം സിനിമാരംഗത്ത‌് നിറഞ്ഞുനിന്നു, മൂന്നു തലമുറയിൽപെട്ട ചലച്ചിത്രകാരന്മാർക്കൊപ്പം പ്രവർത്തിച്ചു. നാലു ഭൂഖണ്ഡങ്ങളിൽ നിരവധി സിനിമാ വ്യവസായമണ്ഡലങ്ങളിൽ സാന്നിധ്യം എത്തിച്ചേർന്നു. എല്ലാംകൊണ്ടും നിറഞ്ഞുകവിഞ്ഞ ഒരു ചലച്ചിത്രജീവിതമായിരുന്നു അദ്ദേഹത്തിന്റേത്.

അ‍ഞ്ചു പതിറ്റാണ്ടിലധികം സിനിമയില്‍ നിറഞ്ഞു നിന്ന ബെര്‍ത്തലൂച്ചി, മൂന്നു തലമുറയിലെ ചലച്ചിത്രകാരന്മാര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു. നാലു ഭൂഖണ്ഡങ്ങളിലെ സിനിമാ വ്യവസായമണ്ഡലങ്ങളില്‍ സാന്നിധ്യമായി

മാർക്സിസ്റ്റ് പ്രത്യയശാസ്ത്രത്തോട് തികഞ്ഞ പ്രതിബദ്ധത പുലർത്തിയ കലാകാരനായ ബെർത്തലൂച്ചിയുടെ സിനിമകൾ മിക്കതും ആത്മകഥാപരവും വിവാദാത്മകവുമായിരുന്നു. ചരിത്രത്തെ പുനർനിർണയിച്ചെടുക്കുന്നതിന് മറ്റുള്ളവരെ പ്രേരിപ്പിക്കുന്നവയായിരുന്നു അദ്ദേഹത്തിന്റെ നിലപാടുകളും ആഖ്യാനങ്ങളും. ആധുനിക മനുഷ്യർ ഏതുകാലത്തും ഉത്തരം തേടിക്കൊണ്ടിരിക്കുന്ന നിരവധി പ്രതിഭാസങ്ങളാണ് സിനിമകളിൽ കടന്നുവരുന്നത്. ചാരിത്ര്യം, ഏകപതിപത്നീ സമ്പ്രദായം, പ്രണയം, മരണം, വിവാഹം, സ്വത്വബോധം, സ്വപ്നങ്ങൾ, വിഷാദം, ആഹ്ളാദം, ലൈംഗികത, മതം, സമൂഹം, സ്വാതന്ത്ര്യം, ഒഴിയാബാധകൾ എന്നിങ്ങനെ മൗലികമായ പ്രശ്നങ്ങളൊക്കെയും നിർവചനങ്ങൾക്കും വ്യാഖ്യാനങ്ങൾക്കും അന്തിമമായി വഴങ്ങാതെ നമ്മെ അലട്ടിക്കൊണ്ടിരിക്കുന്നതെങ്ങനെ എന്നാണ് ബെർത്തലൂച്ചി പരിശോധിച്ചത്.

1972ൽ ലാസ്റ്റ് ടാംഗോ ഇൻ പാരീസ് ഇറങ്ങിയപ്പോൾ സദാചാരവാദികളെയും പരിശുദ്ധവാദികളെയും അത് സംഭ്രമിപ്പിച്ചു. വികാരങ്ങൾക്ക് സ്ഥാനമില്ലാത്തതും കേവലം ലൈംഗികവുമായ ബന്ധത്തിൽ അപരിചിതരായ പുരുഷനും സ്ത്രീയും ഏർപ്പെടുന്നതിനെക്കുറിച്ചുള്ള നീണ്ട ഒരു ആഖ്യാനമാണ് പാരീസിലെ അന്ത്യനൃത്തത്തിൽ ബെർത്തലൂച്ചി നടത്തുന്നത്. ഹോളിവുഡിലെ സൂപ്പർ താരമായ മർലൻ ബ്രാന്റോ ആണ് നായകനായ പോളിനെ അവതരിപ്പിച്ചതെങ്കിൽ പുതുമുഖനടിയായ മറിയ ഷ്ണീഡർ ആണ് നായികയായ ജീനായി അഭിനയിച്ചത്. ബെർത്തലൂച്ചിയും ബ്രാന്റോയും ചേർന്ന് സിനിമ എന്ന കലാരൂപത്തിന്റെ മുഖമുദ്രതന്നെ മാറ്റിമറിച്ചു എന്നാണ് പ്രസിദ്ധനിരൂപകയായ പോളിൻ കീൽ അഭിപ്രായപ്പെട്ടത്.

സ്വപ്നജീവികൾ (ഡ്രീമേഴ്സ് –-2003) ഒരേസമയം തീവ്രവും ശിഥിലവുമാണ്; പരുപരുത്തതും മൃദുലവുമാണ്; ലൈംഗികപ്രധാനവും ബാലിശവുമാണ്; വൈകാരികവും കൃത്രിമസ്പർശമുള്ളതുമാണ്; പ്രബോധനപരവും തീർച്ചയായ ഉത്തരത്തിലെത്താത്തതുമാണ്. ബർത്തലൂച്ചി വിപ്ലവത്തെയും ചരിത്രത്തെയും സ്നേഹത്തെയും കാമത്തെയും സിനിമയെയും എല്ലാം കൂട്ടിക്കുഴയ‌്ക്കുന്ന വിസ്മയകരമായ ഒരു രൂപശിൽപ്പം മെനഞ്ഞെടുക്കുകയായിരുന്നു. ഹെൻറി ലാംഗ്ലോയിസിന്റെ ഫ്രാങ്കെയിസ് എന്ന സിനിമാത്തെക്ക് ഭരണകൂടം അടച്ചുപൂട്ടുകയും ലാംഗ്ലോയിസിനെ തടവിലിടുകയുംചെയ്യുമ്പോൾ ത്രൂഫോ, ഗൊദാർദ്, റിവെ, റോമർ, ഷാബ്രോൾ എന്നിവർ മാത്രമല്ല, ചാപ്ലിനും റോസ്സല്ലിനിയും ഫ്രിറ്റ്സ് ലാംഗും കാൾ ഡ്രെയറും ഓർസൺ വെൽസും വരെ പ്രതിഷേധത്തോടൊപ്പംചേർന്നു.

പൊലീസ് ലാത്തിച്ചാർജിൽ ഗൊദാർദിനടക്കം പലർക്കും പരിക്ക‌് പറ്റി. 1968 ഫെബ്രുവരിയിൽ പാരീസിൽ നടന്ന ഈ സംഭവത്തെ ആധാരമാക്കി ബ്രിട്ടീഷ് എഴുത്തുകാരനായ ഗിൽബർട്ട് അഡെയർ രചിച്ച വിശുദ്ധ നിരപരാധികൾ(ഹോളി ഇന്നസന്റ്സ്–-1988) എന്ന നോവലിനെ ആസ്പദമാക്കിയാണ് ഡ്രീമേഴ്സ് പൂർത്തിയാക്കിയത്. സിനിമയോടും സാഹിത്യത്തോടും ബെർത്തലൂച്ചിക്കുള്ള ആത്മബന്ധം വിശദീകരിക്കുന്ന ഇതിവൃത്തത്തിന്റെയും ആഖ്യാനത്തിന്റെയും സൂക്ഷ്മഘടകങ്ങൾ ശ്രദ്ധേയമാണ്. കഥാപാത്രങ്ങളുടെ ചേഷ്ടകളും ഭാവനകളും സംഭാഷണങ്ങളും സ്വപ്നങ്ങളും മിക്കപ്പോഴും സിനിമാചരിത്രത്തിലെ സമാനസീക്വൻസുകളോട് ചേർത്തുവയ‌്ക്കുന്ന രീതി വിസ്മയകരമാണ്. തിളച്ചുമറിയുന്ന വിപ്ലവത്തിന്റെ തെരുവുകളിൽത്തന്നെയുള്ള അപ്പാർട്ട‌്മെന്റുകളിൽ സ്നേഹം, കാമം, സ്വപ്നം, സിനിമ എന്നിവയെ ഭാവനചെയ്തും പ്രയോഗിച്ചും കേളികളിലാറാടിയും 1968ലെ യുവാക്കൾക്ക് പലായനംചെയ്യാനാകുമോ എന്നായിരിക്കണം ബെർത്തലൂച്ചി അന്വേഷിക്കുന്നത്.

പൈശാചികമായ ഒരു ഭരണകൂടത്തോട് പടവെട്ടി തടവനുഭവിക്കുന്ന പോരാളിയായ ഭർത്താവാണോ അതോ അയാളെ വിട്ടുകിട്ടുന്നതിനായി തന്റെ പ്രിയപ്പെട്ട പിയാനോവരെ വിൽക്കുന്ന സംഗീതജ്ഞനായ കാമുകനാണോ യഥാർഥത്തിൽ തന്റെ സ്നേഹം അർഹിക്കുന്നതെന്ന പ്രശ്നമാണ് ബിസീജ്ഡിലെ(ഉപരോധിക്കപ്പെട്ടവൾ) നായികയായ ഷന്ദൂറായിയുടെ ഹൃദയത്തെ പിളർക്കുന്നത്. വിപരീതങ്ങളുടെ സംയോഗമായി ജീവിതയാഥാർഥ്യത്തെയും കലാസങ്കൽപ്പത്തെയും അവതരിപ്പിക്കാനുള്ള സംവിധായകന്റെ ആഗ്രഹമായി ബിസീജ്ഡിനെ വായിച്ചെടുക്കുന്നതാകും യുക്തം. വീട്ടുടമസ്ഥന് മുകൾനിലയിലും വേലക്കാരിക്ക് കീഴ്നിലയിലുമായി താമസിക്കാനാകുന്ന വലിയ വീട്, അവർക്ക് ഇടയിലുള്ള ചുറ്റുഗോവണികൾ, ആഫ്രിക്കൻ അഭയാർഥിയുടെയും ബ്രിട്ടീഷ് കലാകാരന്റെയും ഇറ്റലി, അതിന്റെ സാംസ്ക്കാരിക രാഷ്ട്രീയ സന്ദിഗ‌്ധതകൾ, പാശ്ചാത്യസംഗീതത്തിന്റെ സ്വരസഞ്ചാരങ്ങളും ആഫ്രിക്കൻ സംഗീതത്തിന്റെ ചടുലതാളങ്ങളും, വംശീയവും വർണപരവുമായ വൈജാത്യങ്ങൾ, ആഫ്രിക്കൻ വെളിമ്പ്രദേശങ്ങളുടെ ചൂടും ഇറ്റാലിയൻ അകത്തളങ്ങളുടെ തണുപ്പും, കൊളോണിയൽ വികാര മരവിപ്പും അധിനിവേശിക്കപ്പെട്ട രാജ്യത്തെ സ്വാതന്ത്ര്യവാഞ്ഛയും എന്നിങ്ങനെ സമകാലിക ലോകയാഥാർഥ്യത്തെ യുദ്ധതന്ത്രങ്ങൾക്കുപകരം സ്നേഹാസക്തിയുടെ ചലനനിയമങ്ങൾവച്ച് ആഖ്യാനംചെയ്യാനുള്ള ശ്രമമാണ് ബെർത്തലൂച്ചി നടത്തിയത് എന്നു കരുതാം.
കൺഫേമിസ്റ്റ്, 1900, ദ ഷെൽട്ടറിങ‌് സ്കൈ, ലാസ്റ്റ് എമ്പറർ, ലിറ്റിൽ ബുദ്ധ എന്നിവ അദ്ദേഹത്തിന്റെ പ്രസിദ്ധമായ മറ്റു സിനിമകൾ.


പ്രധാന വാർത്തകൾ
 Top