16 June Sunday

ആയുഷ്‌മാൻ ഭാരത്‌ - ‘ആരോഗ്യം’ കൊടുക്കാത്ത ആരോഗ്യപദ്ധതി

അഭിവാദ്‌Updated: Sunday Feb 17, 2019

ന്യൂഡൽഹി
ബിജെപി സർക്കാർ ഏറ്റവും കൊട്ടിഘോഷിച്ച പദ്ധതിയാണ്‌ ‘ആയുഷ്‌മാൻ ഭാരത്‌’ ദേശീയ ആരോഗ്യസുരക്ഷാ പദ്ധതി. എന്നാൽ, ഇത‌് പ്രഖ്യാപിച്ച 2018ലെ ബജറ്റിൽ 2400 കോടി രൂപമാത്രമാണ് വകയിരുത്തിയത്. അഞ്ചു ലക്ഷം രൂപവരെ ആരോഗ്യ ഇൻഷുറൻസ്‌ പരിരക്ഷ നൽകാൻ കുറഞ്ഞത് 8000 രൂപയെങ്കിലും ഓരോ കുടുംബത്തിനും പ്രീമിയം വേണ്ടിവരും. അതായത്‌, പദ്ധതി നടപ്പാക്കാൻ 80,000 കോടിയെങ്കിലും ചെലവ്‌ വരുമെന്നിരിക്കെയാണ്‌ 2400 കോടിമാത്രം വകയിരുത്തി കണ്ണിൽ പൊടിയിടൽ. ചെലവിന്റെ 40 ശതമാനം സംസ്ഥാനങ്ങളാണ് വഹിക്കേണ്ടതെന്ന്‌ കേന്ദ്രസർക്കാർ പിന്നീട് വിശദമാക്കി. എങ്കിലും കേന്ദ്രസർക്കാരിന്‌ കുറഞ്ഞത്‌ 48,000 കോടി മുടക്കേണ്ടിവരും. ഇത്തവണത്തെ ബജറ്റിലും കേവലം 6400 കോടിമാത്രം.

കുറഞ്ഞ പ്രീമിയം, കൂടുതൽ പരിരക്ഷ?
ആയുഷ്‌മാൻ ഭാരതിൽ അഞ്ച‌് ലക്ഷം രൂപ ഇൻഷുറൻസ്‌ പരിരക്ഷ ലഭ്യമാക്കാൻ കേന്ദ്രസർക്കാർ നൽകുന്ന പ്രീമിയം കുടുംബത്തിന്‌ 1100 രൂപയാണ്‌. നിലവിൽ കിടത്തിച്ചികിത്സയ്‌ക്കുമാത്രം 30,000 രൂപ ഇൻഷുറൻസ്‌ പരിരക്ഷ ലഭിക്കുന്ന ആർഎസ്‌ബിവൈ പദ്ധതിക്ക്‌ 1250 രൂപ പ്രീമിയം നൽകേണ്ടി വരുമ്പോൾ അഞ്ചുലക്ഷം രൂപ പരിരക്ഷ ലഭിക്കുന്ന ആയുഷ്‌മാൻ ഭാരതിന്‌ 1100 മാത്രം! പ്രഖ്യാപിച്ച ഗുണഫലം അർഹർക്ക്‌ ലഭ്യമാകണമെങ്കിൽ 8000 രൂപയോളം പ്രീമിയം നൽകേണ്ടിവരും. ഇതിന്റെ ഭാരം മുഴുവൻ സംസ്ഥാനങ്ങൾ ഏറ്റെടുക്കേണ്ട സ്ഥിതിയാണ‌്. സംസ്ഥാന സർക്കാരുകൾക്കുള്ള വിഹിതം ഇതിനനുസരിച്ച്‌ വർധിപ്പിക്കുന്നുമില്ല. ഭൂരിഭാഗം ചെലവും സംസ്ഥാനം വഹിക്കേണ്ടിവരുമ്പോൾ അർഹതാ മാനദണ്ഡത്തിലോ നടത്തിപ്പിലോ സംസ്ഥാന സർക്കാരുകളുടെ താൽപ്പര്യം പരിഗണിക്കുന്നുമില്ല.

കേരളമടക്കം പല സംസ്ഥാനങ്ങളിലും നിലവിലുള്ള ആരോഗ്യസുരക്ഷാ പദ്ധതികളുടെ ഗുണഭോക്താക്കൾക്ക്‌ നിലവിലെ ആനുകൂല്യംകൂടി നിഷേധിക്കുന്നതാകും പദ്ധതിയെന്നും വിമർശനമുയർന്നു. ഡൽഹി, തെലങ്കാന, ഒഡിഷ, കർണാടകം, പഞ്ചാബ്‌, പശ്ചിമബംഗാൾ, ഛത്തീസ്‌ഗഢ‌് എന്നീ സംസ്ഥാനങ്ങൾ പദ്ധതി നടപ്പാക്കേണ്ടെന്ന്‌ തീരുമാനിച്ചു. കേരളവും സംസ്ഥാനത്തിന്‌ അനുയോജ്യമായ രീതിയിൽ പരിഷ്‌കരിച്ചുമാത്രമേ നടപ്പാക്കാനാകൂ എന്ന നിലപാടിലാണ്‌.

പൊതുജനാരോഗ്യമേഖലയെ തകർത്തു
പൊതുമേഖലയെ തകർത്ത‌് പൊതുപണം സ്വകാര്യമേഖലയിലെത്തിക്കുകയാണ്‌ ‘മോഡി കെയർ’. പൊതുജനാരോഗ്യമേഖലയിലെ ഫണ്ട്‌ വെട്ടിച്ചുരുക്കിയാണ്‌ ആയുഷ്‌മാൻ ഭാരതുപോലുള്ള ഇൻഷുറൻസ്‌ പദ്ധതികൾക്ക്‌  പണം കണ്ടെത്തുന്നത്‌. നാഷണൽ ഹെൽത്ത്‌ മിഷന്റെ (എൻഎച്ച്‌എം) ബജറ്റ്‌ വിഹിതം ബിജെപി ഭരണത്തിൽ 10 ശതമാനം കുറച്ചു. 2014–-15ൽ ആരോഗ്യ ബജറ്റിന്റെ 60 ശതമാനം വിഹിതം എൻഎച്ച്‌എമ്മിനായിരുന്നെങ്കിൽ പിയൂഷ്‌ ഗോയൽ അവതരിപ്പിച്ച ഇടക്കാല ബജറ്റിൽ ഇത്‌ 50 ശതമാനം.

സ്വകാര്യ ആശുപത്രികളെ ‘വ്യവസായ’മായി പരിഗണിച്ച്‌ ഭൂമിയും ധനസഹായവും നൽകുമെന്ന കേന്ദ്രസർക്കാർ പ്രഖ്യാപനവും ഇതിനോട്‌ ചേർത്ത്‌ വായിക്കണം. ആയുഷ്‌മാൻ ഭാരത്‌ സിഇഒ ഡോ. ഇന്ദുഭൂഷൺ തന്റെ ട്വീറ്റിൽ പദ്ധതി സ്വകാര്യ ആശുപത്രികൾക്ക്‌ നൽകുന്ന ബിസിനസ്‌ അവസരത്തെക്കുറിച്ച്‌ വാചാലനായിരുന്നു. യോഗ്യരായ സ്വകാര്യ ആശുപത്രികൾ ആയുഷ്‌മാൻ ഭാരത്‌ പദ്ധതിക്കായി രജിസ്റ്റർ ചെയ്യണമെന്നും 50 കോടി ജനങ്ങളുടെ ബിസിനസാണ്‌ വാഗ്‌ദാനം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. രോഗപ്രതിരോധ പ്രവർത്തനങ്ങൾക്കും ഗ്രാമീണമേഖലയിലടക്കം പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലൂടെ സാർവത്രിക ആരോഗ്യസേവനങ്ങൾ ലഭ്യമാക്കുന്നതിനും ഉപയോഗിക്കുന്ന തുക വെട്ടിക്കുറച്ചാണ്‌ ഇൻഷുറൻസ്‌ കമ്പനികൾക്കും സ്വകാര്യ ആശുപത്രികൾക്കും തടിച്ചുകൊഴുക്കാൻ വഴിയൊരുക്കുന്നത്‌.

ദേശീയ ആരോഗ്യ നയത്തിൽനിന്ന്‌ പിന്നോട്ട്‌
ജിഡിപിയുടെ 0.31 ശതമാനം മാത്രമാണ്‌ നിലവിൽ ആരോഗ്യമേഖലയ്‌ക്കായി ചെലവഴിക്കുന്നത‌്. പത്തുകൊല്ലംമുമ്പ‌് ചെലവഴിച്ചിരുന്നതിലും വളരെ കുറവാണിത്‌. 2017ലെ ദേശീയ ആരോഗ്യനയം അനുസരിച്ച്‌ 2025ൽ പൊതുജനാരോഗ്യ രംഗത്ത്‌ ചെലവിടുന്ന തുക ജിഡിപിയുടെ 2.5 ശതമാനമായി ഉയർത്തുകയാണ്‌ ലക്ഷ്യം. വരുംവർഷങ്ങളിൽ നിലവിലെ ആരോഗ്യ ബജറ്റിന്റെ 30 ശതമാനംവീതം വർധിപ്പിക്കാതെ ഈ ലക്ഷ്യം കൈവരിക്കാനാകില്ല.


നാഷണൽ ഹെൽത്ത്‌ മിഷന്‌ പണമില്ല
പൊതുജനാരോഗ്യ സംവിധാനത്തെ പാടേ അവഗണിക്കുന്ന ബിജെപി നയത്തിന്റെ പ്രതിഫലനമാണ്‌ നാഷണൽ ഹെൽത്ത്‌ മിഷന് (എൻഎച്ച്‌എം) തുച്ഛമായ വിഹിതംമാത്രം നൽകുന്ന ബജറ്റുകൾ. 2016‐17ൽ ബിജെപി സർക്കാർ എൻഎച്ച്‌എമ്മിനായി നീക്കിവച്ചത്‌ 19,437 കോടി രൂപ. ജിഡിപിയുടെ 1.18 ശതമാനംമാത്രം. ഈവർഷത്തെ ബജറ്റിലാകട്ടെ എൻഎച്ച്‌എം ഫണ്ട്‌ 30,683 കോടിയിൽനിന്ന‌് 31,745 കോടിയായി ഉയർത്തി. എന്നാൽ, 2017‐18ൽത്തന്നെ എൻഎച്ച്‌എമ്മിന്റെ ചെലവ്‌ ഇത്രത്തോളമുണ്ടായിരുന്നു.

ഒന്നാം യുപിഎ സർക്കാരിന്റെ കാലത്ത‌് വലിയ വിജയമായ നാഷണൽ റൂറൽ ഹെൽത്ത്‌ മിഷൻ(എൻആർഎച്ച്‌എം) പദ്ധതിയുടെ വിപുലീകരിച്ച രൂപമാണ്‌ എൻഎച്ച്‌എം. എൻഎച്ച്‌എമ്മിനായി കൂടുതൽ തുക അനുവദിക്കണമെന്നത‌് ആരോഗ്യരംഗത്തെ വിദഗ്‌ധരടങ്ങിയ ഉന്നതതല സമിതിയുടെ ദീർഘകാലത്തെ ആവശ്യമാണ്‌. രാജ്യത്ത്‌ ഭൂരിഭാഗം പ്രദേശങ്ങളിലും സൗജന്യ രോഗനിർണയവും ചികിത്സയും നൽകാൻ പര്യാപ്തമായ പൊതുജനാരോഗ്യ സംവിധാനം നിലവിലില്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. ജനറിക്‌ മരുന്നുകളുടെ ദൗർലഭ്യം, ആരോഗ്യമേഖലയിലെ സ്ഥിരം നിയമനങ്ങളിലെ ഇടിവ്‌, തൊഴിലിന്റെ കരാർവൽക്കരണം തുടങ്ങി അടിയന്തര ശ്രദ്ധ പതിയേണ്ട മറ്റ്‌ പ്രശ്‌നങ്ങളുമുണ്ട്‌. മാതൃ–-ശിശു ആരോഗ്യം, പോഷകാഹാരക്കുറവ്‌ എന്നിവ പരിഹരിക്കാനും മതിയായ വിഹിതം ബജറ്റ്‌ വകയിരുത്തിയിട്ടില്ല.

ഇത്തവണ എൻഎച്ച്‌എമ്മിന്റെ ബജറ്റ്‌ തുക കഴിഞ്ഞതിനേക്കാൾ കൂടുതലാണെന്ന്‌ സർക്കാരിന്‌ അവകാശപ്പെടാമെങ്കിലും അധികം ലഭിച്ചത്‌ 1062 കോടിമാത്രം. ആകെ ആരോഗ്യ ബജറ്റിന്റെ 55 ശതമാനമായിരുന്നു 2018 ബജറ്റിൽ എൻഎച്ച്എമ്മിന്‌ അനുവദിച്ചതെങ്കിൽ ഇക്കുറി അത്‌ 50 ശതമാനമായി കുറഞ്ഞു. പണപ്പെരുപ്പംകൂടി കണക്കിലെടുത്താൽ അധികമായി ഒന്നും ലഭിക്കാത്തതിനു തുല്യം.


സാർവത്രിക ആരോഗ്യ സുരക്ഷയിലേക്ക‌് കേരളം
കേരളത്തിൽ ആയുഷ്‌മാൻ ഭാരത്‌ പദ്ധതിയുടെ ആനുകൂല്യത്തിനായി കേന്ദ്രസർക്കാർ തെരഞ്ഞെടുത്തിരിക്കുന്നത്‌ 18 ലക്ഷത്തോളം കുടുംബങ്ങളെമാത്രമാണ്‌. തെരഞ്ഞെടുക്കാൻ സംസ്ഥാന സർക്കാരുമായി കേന്ദ്രം കൂടിയാലോചിച്ചില്ല. നിലവിൽ ആർഎസ്‌ബിവൈ ആനുകൂല്യം ലഭിക്കുന്നവരിൽ വലിയ വിഭാഗം ഒഴിവാക്കപ്പെടും.

പ്രീമിയം തുകയായി നിശ്ചയിച്ചിരിക്കുന്ന 1100 രൂപയിൽ 660 രൂപയാണ്‌ കേന്ദ്രം നൽകുക. ബാക്കി സംസ്ഥാന സർക്കാർ വഹിക്കണം. എന്നാൽ, ഈ പ്രീമിയം തുകയ്‌ക്ക്‌ അഞ്ചുലക്ഷത്തിന്റെ ചികിത്സാ പരിരക്ഷ നൽകാൻ ഒരു ഇൻഷുറൻസ്‌ കമ്പനിയും തയ്യാറാകില്ല. കുറഞ്ഞത്‌ 8000 രൂപ പ്രീമിയമായി നൽകണം. അധികമായി നൽകേണ്ടിവരുന്ന പ്രീമിയം തുകയും സംസ്ഥാന സർക്കാർ വഹിക്കേണ്ടിവരും.

ആയുഷ്‌മാൻ ഭാരതിനായി കേന്ദ്രം നൽകുന്ന പണംകൂടി ഉപയോഗപ്പെടുത്തി കേരളത്തിലെ മുഴുവൻ കുടുംബങ്ങളെയും ഉൾക്കൊള്ളുന്ന ‘കാരുണ്യ സാർവത്രിക ആരോഗ്യ സുരക്ഷാ പദ്ധതി’യാണ്‌ സംസ്ഥാനത്ത്‌ നടപ്പാക്കാൻ പോകുന്നത്‌. ആർഎസ്ബിവൈ ആനുകൂല്യം ലഭിക്കുന്ന 45 ലക്ഷം കുടുംബങ്ങൾക്കെങ്കിലും പുതിയ പദ്ധതിയുടെ ഗുണം ലഭിക്കും. മറ്റ്‌ ആരോഗ്യ ഇൻഷുറൻസുള്ള വിഭാഗങ്ങളെ ഒഴിവാക്കിയാലും ബാക്കി വരുന്ന 20 ലക്ഷം കുടുംബങ്ങൾക്കും സ്വന്തം ചെലവിൽ പ്രീമിയം അടച്ച് പദ്ധതിയിൽ അംഗത്വം എടുക്കാം. ഏപ്രിൽമുതൽ പദ്ധതി നടപ്പാക്കാൻ ധാരണപത്രം ഒപ്പുവച്ചു.

കേന്ദ്രം നിശ്ചയിച്ച 1100 രൂപ പ്രീമിയത്തിന്‌ ഇൻഷുറൻസ്‌ കമ്പനികളിൽനിന്ന്‌ പരമാവധി ലഭിക്കാവുന്ന ഒന്നോ രണ്ടോ ലക്ഷം രൂപയുടെ പരിരക്ഷ ലഭ്യമാക്കിയശേഷം അധികം വരുന്ന ചികിത്സാ ചെലവ്‌ സംസ്ഥാന സർക്കാർ നേരിട്ട്‌ ആശുപത്രികൾക്ക്‌ നൽകാനാണ്‌ ഉദ്ദേശിക്കുന്നതെന്ന്‌ ധനമന്ത്രി തോമസ്‌ ഐസക് വ്യക്തമാക്കി. മറ്റ്‌ പല സംസ്ഥാനങ്ങളും ഇതേ മാതൃകയാണ്‌ പിന്തുടരുന്നത്‌. ഇതിനായി പരമാവധി 1000 കോടിവരെ ചെലവാക്കാമെന്ന്‌ സംസ്ഥാന ബജറ്റിൽ പറയുന്നു. പദ്ധതിക്കായി സംസ്ഥാനത്തിന്‌ ലഭിക്കുന്ന കേന്ദ്രവിഹിതം 120 കോടി രൂപയിൽ താഴെ മാത്രമാണ്‌. ചെലവിന്റെ സിംഹഭാഗവും സംസ്ഥാനം വഹിക്കുമ്പോൾ ഏകപക്ഷീയമായി ഗുണഭോക്താക്കളെ നിശ്ചയിച്ച്‌ തെരഞ്ഞെടുപ്പ്‌ പ്രഖ്യാപനത്തിനുമുമ്പ‌് നേരിട്ട്‌ കത്തയച്ച്‌ പദ്ധതിയുടെ ക്രെഡിറ്റ്‌ തട്ടാനാണ്‌ കേന്ദ്രസർക്കാരിന്‌ വ്യഗ്രത.


പ്രധാന വാർത്തകൾ
 Top