04 July Saturday

‘‘ദയവായി കുറച്ചു പണം അയച്ചുതരണം. ഞങ്ങളുടെ കൈവശം ഒന്നുമില്ല. വിശപ്പും ദാഹവും കാരണം ഞങ്ങൾ മരിക്കും

വെബ് ഡെസ്‌ക്‌Updated: Monday May 11, 2020


ന്യൂഡൽഹി
‘‘ദയവായി കുറച്ചു പണം അയച്ചുതരണം. ഞങ്ങളുടെ കൈവശം ഒന്നുമില്ല. കരാറുകാരൻ കൂലികുടിശ്ശിക പോലും നൽകുന്നില്ല. വിശപ്പും ദാഹവും കാരണം ഞങ്ങൾ മരിക്കും’’–-കൃഷ്‌ണവതി സിങ്ങിനോട്‌ ഭർത്താവ്‌ ഫോണിൽ അവസാനമായി പറഞ്ഞത്‌ ഇതാണ്‌. പിറ്റേന്ന്‌ കൃഷ്‌ണവതി അറിയുന്നത്‌ ഭർത്താവ്‌ അടക്കം 16 പേർ ദാരുണമായി ട്രെയിൻകയറി കൊല്ലപ്പെട്ടതാണ്‌‌. സ്വന്തം നാട്ടിൽ പട്ടിണി അകറ്റാൻ വഴിയില്ലാതായപ്പോഴാണ്‌ അവർ തൊഴിൽതേടി മറുനാട്ടിൽ പോയത്‌.  അന്നന്നത്തെ ആഹാരത്തിന്‌  വകയില്ലാത്ത തങ്ങൾ എന്ത്‌ അയച്ചുകൊടുക്കാനാണെന്ന്‌ കൃഷ്‌ണവതി പരിതപിക്കുന്നു.

മഹാരാഷ്ട്രയിൽ ഔറംഗബാദിലെ ജൽനയിലുള്ള ഉരുക്ക്‌ ഫാക്ടറിയിലാണ്‌  കൃഷ്‌ണവതിയുടെ ഭർത്താവും കൂട്ടരും ജോലിചെയ്‌തിരുന്നത്‌. മധ്യപ്രദേശിലെ ഉമാരിയയാണ്‌ ഇവരുടെ സ്വദേശം. രണ്ട്‌‌‌‌ മാസത്തെ വേതനം കുടിശ്ശിക നിർത്തിയാണ്‌ ഫാക്ടറി പൂട്ടിയത്‌. അടച്ചുപൂട്ടൽ നീണ്ടപ്പോൾ പ്രതീക്ഷ നഷ്ടപ്പെട്ട തൊഴിലാളികൾ നാട്ടിലേ‌ക്ക്‌ മടങ്ങാൻ നിശ്ചയിച്ചു. ഇതിനായി സഹായം തേടി കരാറുകാരനെ സമീപിച്ചെങ്കിലും ഒഴിവ്‌കഴിവ്‌പറഞ്ഞ്‌ അയാൾ മുങ്ങി. ഇതോടെയാണ്‌ 800 കിലോമീറ്റർ അകലെയുള്ള ജന്മനാട്ടിലേ‌ക്ക്‌ നടന്നുപോകാൻ തീരുമാനിച്ചത്‌.


 

പകൽ നടക്കുകയും രാത്രി വിശ്രമിക്കുകയും ചെയ്‌ത്‌ അവർ കുറെ ദൂരം താണ്ടി. ട്രെയിനുകൾ ഓടുന്നില്ലെന്ന്‌ അറിഞ്ഞാണ്‌ അവർ പാളത്തിൽ തലചായ്‌ച്ചത്‌. ക്ഷീണവും വിശപ്പും അവരെ അഗാധ നിദ്രയിലേക്ക്‌ കൊണ്ടുപോയി. പുലർച്ചെ 5.15നു പാഞ്ഞുവന്ന ചരക്കുട്രെയിൻ ഇവരിൽ 16 പേരുടെ ജീവനും കൊണ്ടുപോയി.
അതിഥിത്തൊഴിലാളികളും കുടുംബാംഗങ്ങളുമായ 383 പേരുടെ ജീവനാണ്‌‌ അടച്ചുപൂട്ടൽ കാലത്ത്‌ വഴിവക്കിൽ പൊലിഞ്ഞത്‌. റോഡിലും റെയിൽപാളങ്ങളിലും അപകടത്തിൽ മാത്രമല്ല പട്ടിണിയും രോഗങ്ങളും തൊഴിലാളികളുടെ ജീവനെടുത്തു. ജീവിതം വഴിമുട്ടിയതോടെ ജീവനൊടുക്കിയവരും ഉണ്ട്‌. സ്വന്തം ഗ്രാമത്തിൽ എത്തിയശേഷം തളർന്നുവീണ്‌ മരിച്ചവരുമുണ്ട്‌.

മഹാരാഷ്ട്രയിൽനിന്ന്‌ ഉത്തരേന്ത്യൻസംസ്ഥാനങ്ങളിലേ‌ക്ക്‌ 10 ലക്ഷം പേരെങ്കിലും മാർച്ച്‌  22നുശേഷം പലായനം ചെയ്‌തിട്ടുണ്ട്‌. ഉത്തർപ്രദേശ്‌, രാജസ്ഥാൻ, ജാർഖണ്ഡ്‌, ഒഡിഷ, മധ്യപ്രദേശ്‌ സംസ്ഥാനങ്ങളിലെ ഗ്രാമങ്ങളിലേ‌ക്കാണ്‌ ഈ പ്രയാണം.  പണം കൈവശം ഉണ്ടായിരുന്നവർക്ക്‌  ട്രക്കുകളിലും ഇതരവാഹനങ്ങളിലും കയറിപ്പോകാൻ കഴിഞ്ഞു. തീരെ ഗതിയില്ലാത്തവർ നടക്കുകയാണ്‌. 1,200 കിലോമീറ്റർ വരെ അകലെയാണ്‌  പലരുടെയും ലക്ഷ്യസ്ഥാനം.


പ്രധാന വാർത്തകൾ
 Top