24 February Monday

തിളങ്ങി, അതിഷി

വെബ് ഡെസ്‌ക്‌Updated: Wednesday Feb 12, 2020


ന്യൂഡൽഹി
ആം ആദ്‌മി നേതാവ്‌ അതിഷി മാർലെനയുടെ തിളക്കമാർന്ന ജയം ബിജെപിക്കുള്ള ചുട്ടമറുപടി. കൽക്കാജി മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥി ധരംബീർസിങ്ങിനെ 11,000 ത്തിലേറെ വോട്ടുകൾക്കാണ്‌ അതിഷി പരാജയപ്പെടുത്തിയത്‌.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ക്രിക്കറ്റ്‌ താരം ഗൗതംഗംഭീറിനെതിരെ കിഴക്കൻ ഡൽഹിയിൽ മത്സരിച്ച അതിഷിക്ക്‌ ബിജെപി നേതാക്കളിൽനിന്ന്‌ ക്രൂരമായ വ്യക്തിഹത്യ നേരിടേണ്ടിവന്നു. സങ്കരസന്താനമാണ്‌ അതിഷിയെന്നും അവരുടെ പേരിന്‌ ഒപ്പമുള്ള ‘വാൽ’ അതിനുള്ള തെളിവാണെന്നും മറ്റും ആക്ഷേപിച്ചുള്ള ലഘുലേഖകൾ  വിതരണം ചെയ്‌തിരുന്നു.  

കാൾമാർക്‌സിന്റെയും ലെനിനിന്റെയും ഓർമയ്‌ക്കായാണ്‌ അതിഷിയുടെ മാതാപിതാക്കൾ മകളുടെ പേരിനൊപ്പം ‘മാർലെന’ എന്ന്‌ ചേർത്തത്‌. എന്നാൽ, ആ പേര്‌ ആയുധമാക്കി അധിക്ഷേപിക്കുന്ന നിലയിലേക്ക്‌ എതിരാളികൾ അധഃപതിച്ചു.

ഡൽഹി സർവകലാശാലയിലെ പ്രൊഫസർമാരായ വിജയ്‌സിങ്ങിന്റെയും തൃപ്‌താവാഹിയുടെയും മകളായ അതിഷി പ്രമുഖ വിദ്യാഭ്യാസപ്രവർത്തകയാണ്‌. ഡൽഹി സ്‌പ്രിങ് ഡെയ്‌ൽസ്‌ സ്‌കൂളിൽനിന്ന്‌ സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ അതിഷി സെന്റ്‌സ്‌റ്റീഫൻസ്‌ കോളേജിൽനിന്ന്‌ ചരിത്രത്തിൽ ബിരുദം നേടി. ഓക്‌സ്‌ഫെഡ്‌ സർവകലാശാലയിൽനിന്ന്‌ സ്‌കോളർഷിപ്പോടെ ബിരുദാനന്തരബിരുദം നേടി. ഓക്‌സ്‌ഫെഡിൽ ഗവേഷകയായും പ്രവർത്തിച്ചു. ഡൽഹി വിദ്യാഭ്യാസമന്ത്രി മനീഷ്‌ സിസോദിയയുടെ മുഖ്യഉപദേഷ്ടാവെന്ന നിലയിൽ മികച്ച പ്രവർത്തനമാണ്‌ കാഴ്‌ചവച്ചത്‌.


പ്രധാന വാർത്തകൾ
 Top